Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

ഇടതു തരംഗത്തിലും അങ്കമാലിയിൽ വീശിയടിച്ചത് കോൺഗ്രസ് കൊടുങ്കാറ്റ്; ജോസ് തെറ്റയിലിന്റെ ബൂത്തിലും ഒന്നാമതെത്തി യുവ നേതാവിന്റെ പടയോട്ടം; യുഡിഎഫിലെ യുവതുർക്കികളിൽ ഭൂരിപക്ഷം ഉയർത്താനായത് റോജി ജോണിന് മാത്രം; രാഹുൽ ഗാന്ധിയുടെ വോട്ടു പിടിത്തം കോൺഗ്രസിനെ തുണച്ച അപൂർവ്വതയുടെ കഥ

ഇടതു തരംഗത്തിലും അങ്കമാലിയിൽ വീശിയടിച്ചത് കോൺഗ്രസ് കൊടുങ്കാറ്റ്; ജോസ് തെറ്റയിലിന്റെ ബൂത്തിലും ഒന്നാമതെത്തി യുവ നേതാവിന്റെ പടയോട്ടം; യുഡിഎഫിലെ യുവതുർക്കികളിൽ ഭൂരിപക്ഷം ഉയർത്താനായത് റോജി ജോണിന് മാത്രം; രാഹുൽ ഗാന്ധിയുടെ വോട്ടു പിടിത്തം കോൺഗ്രസിനെ തുണച്ച അപൂർവ്വതയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ആഞ്ഞടിച്ച എൽഡിഎഫ് തരംഗത്തിലും യുഡിഎഫിലെ യുവ എം എൽഎമാരിൽ ലീഡ് ഉയർത്താനായത് അങ്കമാലിയുടെ നായകൻ റോജി.എം.ജോണിന് മാത്രം. തന്റെ കന്നിയങ്കത്തിൽ എൽഡിഎഫിലെ ബെന്നി മൂഞ്ഞേലിക്കെതിരെ 9186 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയെങ്കിൽ ഇത്തവണ ലീഡ് 15929 ആയി വർദ്ധിപ്പിക്കാൻ റോജിക്ക് സാധിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയാകട്ടെ മുൻ മന്ത്രിയും പത്ത് വർഷം അങ്കമാലി എം എൽഎയുമായിരുന്ന ജോസ് തെറ്റയിലും.

കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് റോജി.എം.ജോൺ വോട്ടഭ്യർത്ഥിച്ചത്.പ്രളയാനന്തര പുനർ നിർമ്മാണത്തിൽ റോജി അവതരിപ്പിച്ച 'അതിജീവന ' മോഡൽ ഏറെ മാതൃകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം രാഷ്ട്രീയത്തിനതീതമായി നിൽക്കാനും സാധിച്ചു.എൻ.എസ്.യു ഐ മുൻ ദേശീയ അദ്ധ്യക്ഷൻ കൂടിയായ റോജിക്കായി വോട്ടഭ്യർത്ഥിച്ച് രാഹുൽ ഗാന്ധിയും മണ്ഡലത്തിൽ എത്തിയിരുന്നു. രാഹുലിന്റെ വോട്ടഭ്യർത്ഥനയിൽ കാര്യമായ നേട്ടമുണ്ടാക്കിയ ചുരുക്കം നേതാക്കളിൽ ഒരാളാണ് റോജി.

റോജി എം.ജോൺ സ്വന്തം തട്ടകത്തിലും മുഖ്യ എതിരാളി എൽഡിഎഫിലെ ജോസ് തെറ്റയിലിന്റെ തട്ടകത്തിലും ലീഡ് നേടി എന്നതും കൗതുകമായി. കോതകുളങ്ങര 84ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത റോജി 183 വോട്ടിന്റെ ലീഡ് നേടി. റോജിക്ക് 618 വോട്ട്. ജോസ് തെറ്റയിൽ വോട്ട് ചെയ്ത അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 85ാം നമ്പർ ബൂത്തിൽ 212 വോട്ടിന്റെ ലീഡാണു റോജി നേടിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും ആധികാരികമാണ് റോജിയുടെ വിജയം.

2001 ൽ കെഎസ്‌യുവിലെത്തി 2014 ൽ എൻഎസ്‌യു ദേശീയ പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് 2016 ലെ തിരഞ്ഞെടുപ്പിൽ റോജി യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയ്‌ക്കെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നതും വിജയം ആവർത്തിക്കുന്നതിനു സഹായിച്ചു എന്നാണ് വിലയിരുത്തൽ. ഇഎംഎസ് സർക്കാരിന്റെ കാലത്തെ വിമോചന സമരവും വെടിവയ്‌പ്പും കൊണ്ടു വിവാദമായ അങ്കമാലിയിൽ അസംബ്ലി മണ്ഡലം രൂപീകരിച്ചത് 1965 ലാണ്. മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ സി. പാത്താടനായിരുന്നു ജയമെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ ചേർന്നില്ല.

മത്തായി മാഞ്ഞൂരാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി പി.കെ. ഇബ്രാഹിംകുട്ടി നാലാം സ്ഥാനത്തെത്തി. ഇതേ മണ്ണിൽ 1967 മുതൽ 80 വരെ എ.പി. കുര്യൻ എന്ന തൊഴിലാളി നേതാവ് നാലു തിരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി നാട്ടി. ഇന്നേവരെ ആരും ആ റെക്കോർഡ് ഭേദിച്ചിട്ടില്ല. എ.സി. ജോർജ്, ഗർവാസിസ് അറയ്ക്കൽ, പി.പി. തങ്കച്ചൻ, ജനതാപാർട്ടി പ്രതിനിധിയായി പി.ജെ. ജോയ് എന്നിവരായിരുന്നു എതിരാളികൾ. എന്നാൽ കേരള കോൺഗ്രസ് പ്രതിനിധിയായി എം വി മാണി മത്സരിക്കാൻ വന്നപ്പോൾ കുര്യൻ തോറ്റു.

1987ൽ എം.സി. ജോസഫൈനെ തോൽപ്പിച്ച് എം വി മാണി വിജയം ആവർത്തിച്ചു. എന്നാൽ 1991ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച പി.ജെ. ജോയ്. എം വി മാണിയുടെ കുതിപ്പിനു കടിഞ്ഞാണിട്ടു. 96 ലും ജോയി മാണിയെ തോൽപ്പിച്ചു. 2001 ൽ ഇടതു സ്വതന്ത്രനായ വി.ജെ. പാപ്പുവായിരുന്നു ജോയിക്ക് എതിരാളി. ജയം ജോയിക്കൊപ്പം. 2006 ൽ ജോസ് തെറ്റയിൽ വരേണ്ടിവന്നു പി.ജെ. ജോയിയെ തോൽപ്പിക്കാൻ. 2011 ൽ മൂവാറ്റുപുഴയിൽനിന്നു ജോണി നെല്ലൂർ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയെങ്കിലും വിജയം ജോസ് തെറ്റയിലിനു തന്നെ ലഭിച്ചു. 2016 ൽ റോജി എം. ജോണും ബെന്നി മൂഞ്ഞേലിയും തമ്മിലെ മത്സരത്തിൽ വിജയം റോജിയുടെ കൂടെ നിന്നു.

അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ നിലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും ചേർന്നതാണ് അങ്കമാലി മണ്ഡലം. ഇതിൽ അയ്യമ്പുഴയും മഞ്ഞപ്രയും മാത്രമാണ് എൽഡിഎഫ് ഭരണത്തിലുള്ളത്. ഇതിന് പിന്നിലും റോജിയുടെ പ്രവർത്തനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP