Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

കണ്ണൂരിൽ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം; ജോസ് കെ മാണി വിളിച്ചു ചേർത്ത യോഗം പി ടി ജോസ് അനുകൂലികൾ ബഹിഷ്‌കരിച്ചു; പി.ടി ജോസ് പാർട്ടി വിട്ടത് പത്രങ്ങളിൽ വായിച്ച അറിവേ തനിക്കുള്ളുവെന്ന് ജോസ് കെ മാണി

കണ്ണൂരിൽ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം; ജോസ് കെ മാണി വിളിച്ചു ചേർത്ത യോഗം പി ടി ജോസ് അനുകൂലികൾ ബഹിഷ്‌കരിച്ചു; പി.ടി ജോസ് പാർട്ടി വിട്ടത് പത്രങ്ങളിൽ വായിച്ച അറിവേ തനിക്കുള്ളുവെന്ന് ജോസ് കെ മാണി

അനീഷ് കുമാർ

കണ്ണുർ: കണ്ണൂരിൽ എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കി ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എമ്മിലെ ഗ്രൂപ്പ് പോര് . ഇതോടെ കണ്ണൂർ ജില്ലയിൽ രണ്ടിലയിൽ വിള്ളൽ വീണിരിക്കുകയാണ്. ജോസ് കെ.മാണി വിളിച്ചു ചേർത്ത ജില്ലാ നേതൃയോഗം ഒരു വിഭാഗം നേതാക്കൾ ബഹിഷ്‌കരിച്ചതോടെയാണ് സംഘടനയ്ക്കുള്ളിൽ പ്രതിസന്ധി മൂർച്ഛിച്ചത്.

കണ്ണൂരുകാരനായ മാണി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ജോസിനെ അനുകൂലിക്കുന്നവരാണ് ജില്ലാ നേതൃയോഗം ബഹിഷ്‌കരിച്ചത്. 120 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ വലിയൊരു വിഭാഗവും ബുധനാഴ്‌ച്ച നടന്ന നേതൃയോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തില്ല. ഇതോടെ കേരളാ കോൺഗ്രസ് മാണി വിഭാഗം പിളർപ്പിന്റെ വക്കിലെത്തിയെരിക്കുകയാണ്.

എന്നാൽ പാർട്ടിയിൽ വിഭാഗീയത മൂർച്ഛിക്കുമ്പോഴും തുറന്ന പോരിന് താനില്ലെന്ന നിലപാടിലാണ് പി.ടി ജോസ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ഒതുക്കി നിർത്തുന്നത് സ്ഥാപക നേതാവ് കെ.എം മാണിയോടുള്ള അനാദരവാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
പാർട്ടി ചെയർമാന്റെ അവഗണനയിൽ മനം മടുത്ത് താൻ കേരളാ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് പി.ടി ജോസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലെ വീട്ടിലുണ്ടായിട്ടും അദ്ദേഹം ജില്ലാ നേതൃയോഗത്തിലെത്തിയിരുന്നില്ല. പാർട്ടി സ്ഥാപനത്തിൽ വഴി കാട്ടിയും, കെ.എം മാണിയുടെ നിഴൽ പോലെ നടക്കുകയും മലബാറിൽ പാർട്ടി വളർത്തുകയും ചെയ്ത നേതാവാണ് പി.ടി ജോസ്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പി.ടി ജോസിന് നൽകുമെന്ന് കെ.എം മണി ജീവിച്ചിരുന്ന അവസാന നാളുകളിൽ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ കെ.എം മാണിയുടെ വിയോഗത്തോടെ കാര്യങ്ങൾ തകിടം മറിയുകയുകയായിരുന്നു. പിന്നീട് പാർട്ടി ചെയർമാനായ ജോസ് കെ മാണി
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലയിൽ മത്സരിക്കുകയും മാണി സി കാപ്പനോട് ദയനീയമായി തോൽക്കുകയും ചെയ്തു. ഇതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ ജോസ് കെ.മാണി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മലബാർ മേഖലയിലെ ഏഴു ബിഷപ്പുമാർ പി.ടി ജോസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് നൽകണമെന്നാവശ്യപ്പെട്ടിട്ടും ജോസ് കെ മാണി തയ്യാറായില്ല.ഇതോടെയാണ് വ്രണിത ഹൃദയനായ പിടി ജോസ് യുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

കെ.എം മാണിയോടും ജില്ലയിലെ പാർട്ടി പ്രവർത്തകരോടും ഏറെ വൈകാരികമായ ബന്ധം പുലർത്തിയിരുന്ന നേതാക്കളിലൊരാളാണ് പി.ടി ജോസ്. യു.ഡി എഫിലിരിക്കെ മലയോര മേഖലയിൽ കോൺഗ്രസിനോട് പോരടിച്ചാണ് അദ്ദേഹം പാർട്ടിക്ക് അസ്ഥിവാരമിട്ടത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എസ്.എഫ്.ഇ യുടെ ചെയർമാൻ പദവി ലഭിച്ചതല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും അദ്ദേഹത്തിന് 56 വർഷത്തെ സുദീർഘമായ രാഷ്ട്രീയ ജീവിതത്തിനിടയിൽ ലഭിച്ചിട്ടില്ല.

പി.ടി ജോസിനോട് പാർട്ടി ചെയർമാൻ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾ വിട്ടുനിന്നതാണെന്നാണ് സൂചന. പി.ടി ജോസിന് പകരം ജോസഫ് ഗ്രൂപ്പിൽ നിന്നും കൂറുമാറി വന്ന മാത്യു കുന്നപ്പള്ളിയെ പകരം നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്.

പി.ടി ജോസ് പാർട്ടി വിട്ടുവെന്നത് പത്രങ്ങളിൽ വായിച്ച അറിവേ തനിക്കുള്ളുവെന്നാണ് ജോസ് കെ.മാണി ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിൽ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയായിട്ടാണ് കേരള കോൺഗ്രസിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്താറുള്ളത്.

കണ്ണുരിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇതിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ്്. കേരളാ കോൺഗ്രസ് എമ്മിൽ ഉരുണ്ടു കൂടിയിരുന്ന പ്രശ്‌നങ്ങൾ മുതലെടുക്കാൻ മറ്റു പാർട്ടികളും അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പി.ടി ജോസ് ചേരിമാറാതെ തന്നെ തങ്ങളുടെ കൂടെ നിർത്താൻ സി.പിഎം അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഇതിനോട് പിടി ജോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.ഡി.എഫ് വിട്ടു പോയ ജോസ്. കെ.മാണിക്ക് ശക്തമായ തിരിച്ചടി നൽകാൻ പി.ടി ജോസിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. കെ പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂർ ഡി.സി സി ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നാണ് സൂചന. പി.ടി ജോസിനെയും കൂട്ടരെയും തങ്ങളുടെ കൂടെ കൂട്ടാൻ ബിജെപിയും കേരളാ കോൺഗ്രസ് - ജേക്കബ്ബ് - ജോസഫ് വിഭാഗങ്ങളും ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP