Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായ എം ടി രമേശിന് കടുത്ത നിരാശ; കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിയായി തുടരാൻ താൽപ്പര്യമില്ല; സമാന നിലപാടുള്ള എ എൻ രാധാകൃഷ്ണനും നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; എല്ലാവരും തന്റെ ടീമിൽ ഉണ്ടാകുമെന്ന് പറഞ്ഞ് സമവായ ലൈനിൽ സുരേന്ദ്രനും; കുമ്മനം രാജശേഖരന് അർഹമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി ആർഎസ്എസും; 'കേരളത്തിൽ സർക്കാർ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം'; ട്രോളുകൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായ എം ടി രമേശിന് കടുത്ത നിരാശ; കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിയായി തുടരാൻ താൽപ്പര്യമില്ല; സമാന നിലപാടുള്ള എ എൻ രാധാകൃഷ്ണനും നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; എല്ലാവരും തന്റെ ടീമിൽ ഉണ്ടാകുമെന്ന് പറഞ്ഞ് സമവായ ലൈനിൽ സുരേന്ദ്രനും; കുമ്മനം രാജശേഖരന് അർഹമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി ആർഎസ്എസും; 'കേരളത്തിൽ സർക്കാർ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം'; ട്രോളുകൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ നിയമിതനായത് ഇന്നലെയാണ്. അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രനൊപ്പം ഉയർന്നു കേട്ട പേരുകാരനായിരുന്നു എം ടി രമേശ്. എന്നാൽ രമേശിനേക്കാൾ ജനപ്രീതിയിൽ മുമ്പിലുള്ള സുരേന്ദ്രനാണ് അധ്യക്ഷ പദവി ലഭിച്ചത്. എന്നാൽ പാർട്ടിക്കുള്ളി വി മുരളീധരൻ പക്ഷത്തെ നേതാവായി അറിയപ്പെടുന്ന സുരേന്ദ്രന് പാർട്ടിയെ മുന്നോട്ടു നയിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. ബിജെപിക്കുള്ളിൽ ഗ്രൂപ്പുകൾക്ക് അതീതനായി നേതാവായി നിലകൊള്ളുക എന്നതാകും അദ്ദേഹം നേരിടുന്ന കടുത്ത വെല്ലുവിളി. വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്താണ് ബിജെപിക്ക് കേരളത്തിൽ ഏറ്റവും വളർച്ച ഉണ്ടായത്. അതുകൊണ്ട് തന്നെ ആ ശൈലിയിൽ പാർട്ടിയെ കൂടുതൽ ജനകീയമാക്കുക എന്നതാണ് സുരേന്ദ്രൻ നേരിടുന്ന വെല്ലുവിളി.

അതേസമയം അധ്യക്ഷ പദവി കൊതിച്ചിരുന്ന ജനറൽ സെക്രട്ടറിമാരിൽ പലരും സുരേന്ദ്രനുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ്. പുതിയ ടീമിനെ കണ്ടെത്തിയാലും ഗ്രൂപ്പ് പോര് അതിജീവിക്കുക പ്രയാസമാകുമെന്നാണു പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. പ്രസിഡന്റ് പദത്തിലേക്കു പരിഗണിക്കപ്പെട്ടിരുന്ന നിലവിലെ ജനറൽ സെക്രട്ടറിമാരായ എം ടി.രമേശും എ.എൻ.രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. സുരേന്ദ്രന്റെ കമ്മിറ്റിയിൽ സഹകരിക്കില്ലെന്ന നിലപാടിലാണു സീനിയർ നേതാക്കളായ രമേശും രാധാകൃഷ്ണനും. ശോഭ ദേശീയ രാഷ്്ട്രീയത്തിലേക്കു ചുവടുമാറ്റാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സുരേന്ദ്രനു പുതിയ സംഘത്തെ കണ്ടെത്തേണ്ടി വരും.

ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എഎൻ രാധാകൃഷ്ണനും എംടി രമേശും കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരില്ലെന്ന സൂചന നൽകിയിട്ടുണ്ട്. താല്പര്യമില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിക്കും. ശോഭാ സുരേന്ദ്രന് കൃത്യമായ ഗ്രൂപ്പില്ലെങ്കിലും സുരേന്ദ്രനുമായി നല്ല നിലപാടിലാണ്. സംഘടനാ അഴിച്ചുപണിയിൽ നിർണ്ണായക പങ്കാണ് സംസ്ഥാന അധ്യക്ഷനുള്ളത്. അഴിച്ചുപണി തുടങ്ങും മുമ്പ് കൃഷ്ണദാസ് പക്ഷത്തെ രണ്ടുനേതാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ശോഭാ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാറ്റാനുള്ള സാധ്യത മുന്നിൽകണ്ടുള്ള നീക്കമായും വ്യാഖ്യാനിക്കാമെങ്കിലും കൃഷണ്ദാസ് പക്ഷം അതൃപ്തരാണ്. സുരേന്ദ്രൻ പ്രസിഡണ്ടായാൽ, രമേശിന് പകരം മറ്റെന്തെങ്കിലും പദവിയെന്ന ഗ്രൂപ്പിന്റെ ബദൽ നിർദ്ദേശം കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.

മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയായി ശോഭാ സുരേന്ദ്രനെ പരിഗണിക്കുമെന്ന സൂചനകൾ നേരത്തെയുണ്ട്. പാർട്ടിയിൽ പിടിമുറുക്കിയ മുരളീധരപക്ഷം സി കൃഷ്ണകുമാർ, പി സുധീർ, രഘുനാഥ് അടക്കമുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കൃഷ്ണദാസ് പക്ഷത്തുനിന്ന് ബി ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറെയാണ്. ആർഎസ്എസ്സിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും പുനഃസംഘടന. അതിനിടെ കുമ്മനം രാജശേഖരന്റെ സ്ഥാനനിർണയം വൈകുന്നതിൽ ആർഎസ്എസ്സിനും അതൃപ്തിയുണ്ട്. കുമ്മനത്തിന് കേന്ദ്രത്തിൽ സ്ഥാനം നൽകിയേക്കും എന്നാണ് സൂചനകൾ. നിലവിലെ വൈസ് പ്രസിഡന്റുമാരിൽ കെ.പി.ശ്രീശനെ ജനറൽ സെക്രട്ടറി പദത്തിലേക്കു കൊണ്ടുവരാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ വി.വി.രാജേഷിനെ ജനറൽ സെക്രട്ടറിയാക്കി തിരുവനന്തപുരത്തു പുതിയ ജില്ലാ പ്രസിഡന്റിനെ കണ്ടെത്താനും സുരേന്ദ്രൻ ശ്രമിച്ചേക്കുമെന്നാണ് സൂചന. തൃശൂരിൽ നിന്നുള്ള എം.എസ്.സമ്പൂർണ സംസ്ഥാന ഭാരവാഹികളിലെ വനിതാ പ്രതിനിധിയാകും. തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെയും സംസ്ഥാന ഭാരവാഹികളിൽ ഉൾപ്പെടുത്തിയേക്കും. പ്രസിഡന്റിനെ പ്രഖ്യാപിച്ചിട്ടില്ലാത്ത നാലു ജില്ലകളിൽ സുരേന്ദ്രനു സ്വന്തം പ്രസിഡന്റുമാരെ നിയമിക്കാനാകും. യുവമോർച്ച, മഹിളമോർച്ച തുടങ്ങി പോഷക സംഘടനകളിലും അഴിച്ചുപണിക്കു സാധ്യതയുണ്ട്. ഇടഞ്ഞു നിൽക്കുന്ന എം ടി.രമേശിനെ ദേശീയ നിർവാഹക സമിതി അംഗമാക്കിയേക്കും. എ.എൻ.രാധാകൃഷ്ണനെ അനുനയിപ്പിച്ചു ജനറൽ സെക്രട്ടറി പദത്തിൽ നിലനിർത്താനായാൽ ഗ്രൂപ്പ് സമവാക്യം തൽക്കാലം ശരിയാക്കി നിർത്താം. ഇതിനകം സംഘടിപ്പിക്കപ്പെട്ട ജില്ലാ കമ്മിറ്റികളിൽ ഭൂരിഭാഗവും കൃഷ്ണദാസ് പക്ഷത്തിനൊപ്പമാണെന്നതും സുരേന്ദ്രനു വെല്ലുവിളിയാണ്.

അതേസമയം എം ടി.രമേശും ശോഭ സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകുമെന്ന് ബിിജെപി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. നയങ്ങൾ ചർച്ച ചെയ്യുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ സഹപ്രവർത്തകരെല്ലാം ഒപ്പമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് സുരേന്ദ്രൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർട്ടിയിൽ പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ല. ടീമാണ് എല്ലാം ചെയ്യുന്നത്. അധ്യക്ഷപദവിയിലേക്ക് പല പേരുകൾ വന്നത് ശുഭസൂചനയാണ്.

പൊലീസിലെ അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫിസാണ്. സംഭവിച്ചത് രാഷ്ട്രീയ അഴിമതിയാണ്. രമേശ് ചെന്നിത്തലയുടെ കാലത്തും പൊലീസിൽ വൻ അഴിമതി നടന്നു. മാവോയിസ്റ്റ് ഭീഷണിയുടെ മറവിൽ പൊലീസിന്റെ പണം ദുരുപയോഗിച്ചതിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരും. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹൈന്ദവരെ കേന്ദ്രീകരിച്ചു മാത്രമല്ല ബിജെപി പ്രവർത്തിക്കുന്നത്. കേരളത്തിൽ സർക്കാർ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം. എ.പി.അബ്ദുല്ലക്കുട്ടിയും എ.കെ.നസീറുമെല്ലാം പറയുന്നത് മുസ്‌ലിം സമൂഹം കേൾക്കുന്നുണ്ട്. അതു തടയാൻ ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ ഇരുമുന്നണികളും ഒരുവശത്തും ബിജെപി മറുവശത്തും നിൽക്കുന്ന അസാധാരണ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരും പൊതുപ്രവർത്തകരും ഭാഷാപ്രയോഗത്തിൽ ശ്രദ്ധിക്കണം. പോരായ്മകളുണ്ടെങ്കിൽ തിരുത്തും. ട്രോളുകൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP