Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തലയുടെ പത്ത് ചോദ്യത്തിനും ഉത്തരം എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ; മറുപടി നൽകുന്നത് ജനമനസ്സുകളിലെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി; തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാനെന്നും മുഖ്യമന്ത്രി

ചെന്നിത്തലയുടെ പത്ത് ചോദ്യത്തിനും ഉത്തരം എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ; മറുപടി നൽകുന്നത് ജനമനസ്സുകളിലെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി; തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാനെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദ്യുതി ബോർഡ് കിഫ്ബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ നിർമ്മാണ കരാറുകൾ വൻകിട കമ്പനികൾക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. പത്ത് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇവയിൽ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കം ഇല്ലെന്നും തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ മറുപടി പ്രസ്താവന..

പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ചോദ്യങ്ങളിൽ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളിൽ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാൻ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ സിഎജി ഓഡിറ്റ്-ട്രാൻസ്ഗ്രിഡ് കാര്യങ്ങളിൽ ഇദ്ദേഹത്തിന് ആക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. സിഎജി ഓഡിറ്റിന്റെ കാര്യത്തിൽ നിലപാട് ജനങ്ങൾക്കാകെ ബോധ്യപ്പെടുംവിധം വിശദീകരിച്ചശേഷവും അസത്യം ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി ചിലരെങ്കിലും കരുതിക്കൊള്ളും എന്ന പ്രതീക്ഷയിൽ ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം സിഎജി ഓഡിറ്റിന് വിധേയമല്ല കിഫ്ബി എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന വേളയിൽ തന്നെ കിഫ്ബിയുടെ അക്കൗണ്ടുകൾ സിഎജി ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് സത്യം. ഇത്തരം സത്യങ്ങളുടെ സൂര്യവെളിച്ചത്തെ മറച്ചുപിടിക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തുന്ന ആരോപണങ്ങളുടെ മുറം മതിയാകില്ല. യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലെയുള്ള അഴിമതികൾ ജനങ്ങൾക്കു ബോധ്യപ്പെടും വിധം പുറത്തുവരികയും ഉത്തരവാദികളായ യുഡിഎഫ് നേതാക്കളോട് ജനങ്ങൾ നേരിട്ടുതന്നെ ചോദ്യം ചോദിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടമാണ്.

ഇത്തരമൊരു ഘട്ടത്തിൽ എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീർത്ത് രക്ഷപ്പെടാം എന്ന് കരുതുന്നുണ്ടാവണം പ്രതിപക്ഷം. അതാവണം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കാൻ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ചോദ്യങ്ങളിലേക്കും അവയ്ക്കുള്ള ഉത്തരങ്ങളിലേക്കും കടക്കാം.

ചോദ്യം 1. ടെൻഡർ നടപടിയിൽ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തുശതമാനത്തിൽ കൂടുതലാണെങ്കിൽ അത് റീടെൻഡർ ചെയ്യണമെന്നും അതിനുശേഷവും ഇതുതന്നെ സംഭവിക്കുകയാണെങ്കിൽ എസ്റ്റിമേറ്റ് തുക പുതുക്കണമെന്നും വ്യവസ്ഥയില്ലേ?

ഉത്തരം: ടെൻഡറിനുവേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാൾ കൂടുതലാണ് ടെന്റർ തുകയെങ്കിൽ ഈ ടെൻഡർ അംഗീകരിക്കണോ വേണ്ടയോ എന്നത് പരിശോധിക്കാൻ സർക്കാർ സെക്രട്ടറിതല സമിതിക്കും ക്യാബിനറ്റിനും അധികാരമുണ്ട്. ഓരോ തലത്തിലും ടെൻഡർ എക്‌സസ് നൽകാവുന്നതിന് പരിധിയും നിർണയിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടെൻഡർ സ്വീകരിക്കുക. പത്തുശതമാനത്തിലേറെ തുക ക്വോട്ട് ചെയ്തുകൊണ്ട് മാത്രം ടെൻഡർ അസാധുവാക്കപ്പെടണമെന്നില്ല. കെഎസ്ഇബിയിൽ ഇത്തരത്തിലുള്ള പരിശോധനയും അംഗീകാരവും നൽകാനുള്ള പൂർണ അധികാരം ഫുൾ ബോർഡിനാണ്. ഇത് സർക്കാരിന്റെ പരിഗണനക്ക് വരികയേ ഇല്ല. ഇത് ഇപ്പോൾ മാത്രമല്ല, മുമ്പും ഇങ്ങനെ തന്നെയാണ്. ലൈൻ നിർമ്മാണ ജോലികളുടെ ലേബർ ഡേറ്റയിൽ തൊഴിലാളിക്ക് കൂലി 450-500 രൂപയാണ്. എന്നാൽ, പ്രായോഗികതലത്തിൽ ഒരു തൊഴിലാളിയെ ഇത്തരം വൈദഗ്ധ്യം ആവശ്യമുള്ള പണിക്ക് കിട്ടണമെങ്കിൽ അതിന്റെ ഇരട്ടിയോ അതിലധികമോ കൂലി കൊടുക്കേണ്ടിവരും. ഇതാണ് ലേബർ ടെൻഡർ നിരക്ക് വലിയതോതിൽ കൂടാൻ ഇടയാക്കുന്നത്. പൊതുവേ ലേബർ ഇന്റൻസീവായ ജോലികളാണ് പ്രസരണ ലൈൻ നിർമ്മാണവും മറ്റും. അതിനാൽ തന്നെ മെറ്റീരിയലും ലേബറും ചേർത്ത് 60 ശതമാനത്തിലേറെ ഉയർന്ന നിരക്കാണ് ഈ രംഗത്ത് ക്വോട്ട് ചെയ്യപ്പെടാറ്. കെഎസ്ഇബിയുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഉത്തരവുകൾ അങ്ങനെതന്നെ നടപ്പാക്കുന്ന രീതി ഇല്ലാത്തതിന്റെ പശ്ചാത്തലം ഇതാണ്. അഡോപ്റ്റ് ചെയ്യാവുന്ന സർക്കാർ ഉത്തരവുകൾ മാത്രം അഡോപ്റ്റ് ചെയ്യുന്ന നടപടിക്രമം മാത്രമാണ് അവിടെയുള്ളത്. ഇത് പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല.

ചോദ്യം 2: കിഫ്ബിയിൽനിന്ന് ട്രാൻസ്ഗ്രിഡ് പദ്ധതിക്കായി ഏർപ്പെടുത്തിയ ലോൺ എഗ്രിമെന്റ് ലഭ്യമാക്കാമോ?

ഉത്തരം: ട്രാൻസ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത് കിഫ്ബി, പവർ ഡിപ്പാർട്ട്‌മെന്റ്, കെഎസ്ഇബി ലിമിറ്റഡ് എന്നിവ ചേർന്നു വെച്ചിട്ടുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇത് പൊതുമണ്ഡലത്തിലുള്ള രേഖയാണ്. രഹസ്യമല്ല. പ്രതിപക്ഷ നേതാവിന് എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതിന് സന്നദ്ധനാവുകയാണ് വേണ്ടത്. പലിശ ഒഴിവാക്കി വായ്പ നൽകാൻ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കാം എന്നാണ് കെഎസ്ഇബി-കിഫ്ബി ചർച്ചകളിൽ ഉയർന്ന അഭിപ്രായം. എല്ലായിടത്തും വൈദ്യുതിലഭ്യത ഉറപ്പുവരുത്തുക എന്നത് സാമൂഹ്യപ്രാധാന്യമുള്ള കാര്യമായതിനാലാണ് മസാലാബോണ്ട് അടക്കമുള്ള മാർഗങ്ങളിലൂടെ കിഫ്ബി സ്വരൂപിക്കുന്ന തുകക്ക് പത്തുശതമാനം പലിശ ഈടാക്കുന്നതാകും ഉചിതം എന്നു നിശ്ചയിച്ചശേഷം എട്ട്, ഒമ്പത് ശതമാനം പലിശക്ക് വായ്പ നൽകാമെന്ന് ആലോചിക്കുന്നത്.

ചോദ്യം 3: സർക്കാർ കമ്പനികൾ പിഡബ്ല്യുഡി നിരക്കിലാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കേണ്ടത് എന്നിരിക്കെ ഡെൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് അംഗീകരിച്ച് നടപ്പിലാക്കുന്നത് അംഗീകരിക്കുന്നുണ്ടോ?

ഉത്തരം: സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് രാജ്യമെമ്പാടും സ്വീകരിക്കുന്ന പ്രധാനപ്പെട്ട ഡാറ്റയാണ് ഡെൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്. 2013 മുതൽ സംസ്ഥാന പിഡബ്ല്യുഡിയും ഡെൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ചാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നത്. പ്രതിപക്ഷ നേതാവ് ഈ വസ്തുത അറിയാത്തതോ അറിഞ്ഞില്ലെന്നു നടിക്കുന്നതോ? പ്രസരണ ലൈൻ ഒരു ഇലക്ട്രിക്കൽ നിർമ്മാണമാണ്. പക്ഷെ, അതിലെ ടവർ നിർമ്മാണം, ലൈൻ വലിക്കൽ എന്നിവയെല്ലാം സിവിൽ ജോലികൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം നിർമ്മാണപ്രവർത്തനങ്ങളിൽ സിവിൽ വർക്ക്, ഇലക്ട്രിക്കൽ വർക്ക് എന്നിങ്ങനെ വ്യത്യസ്ത ഷെഡ്യൂൾ വെച്ചല്ല എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഡാറ്റ ലഭ്യമായ ജോലികൾക്കെല്ലാം ഡിഎസ്ആർ ഉപയോഗിക്കുകയും ലഭ്യമല്ലാത്തവയ്ക്ക് ലഭ്യമായ ലേബർ ഡേറ്റ ഉപയോഗിക്കുകയും ചെയ്ത് ലഭ്യമായ ക്വട്ടേഷനുകൾ ഉപയോഗപ്പെടുത്തി ഷെഡ്യൂൾ ഉണ്ടാക്കുക. ഇതാണ് കെഎസ്ഇബിയിൽ ചെയ്യുന്നത്. ഇങ്ങനെ ഡേറ്റ രൂപീകരിക്കേണ്ടിവരുമ്പോൾ ആവശ്യമായ പരിശോധനകൾ നടത്തി നിയമാനുസൃതം ഷെഡ്യൂളിന് അംഗീകാരം നൽകുകയും ചെയ്യും. 20 ശതമാനത്തോളം സിവിൽ വർക്കും 80 ശതമാനത്തോളം ഇലക്ട്രിക്കൽ വർക്കും വരുന്ന പദ്ധതിയിൽ ഡിഎസ്ആർ അംഗീകരിച്ചത് എങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് ഇക്കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്.

ചോദ്യം 4: കടബാധ്യതയിൽ പെട്ടുനിൽക്കുന്ന കെഎസ്ഇബി എങ്ങനെ തുക തിരിച്ചടക്കും?

ഉത്തരം: കേരളത്തിന്റെ വൈദ്യുതി ആവശ്യകത വർധിച്ചുവരികയാണ്. അത് നിറവേറ്റാൻ ആവശ്യാനുസരണം പ്രസരണശേഷി ഉണ്ടാകണം. മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യത ഉണ്ടാകണം. ഇതിനൊക്കെ ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയിലൂടെ ഉണ്ടാകുന്നത്. അതുണ്ടാകുമ്പോൾ വൈദ്യുതി ഉപഭോഗം വർധിക്കുമെന്നും പ്രസരണനഷ്ടം കുറയുമെന്നും ഇതിനൊക്കെ അനുസൃതമായി വരുമാനം വർധിക്കുമെന്നും ആർക്കാണ് അറിയാത്തത്. കടബാധ്യതയുടെ പേരിൽ വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാതിരിക്കലല്ല, മറിച്ച് വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് കടബാധ്യത ക്ലിയർ ചെയ്യാവുന്ന സാഹചര്യമൊരുക്കലാണ്, അങ്ങനെ സാമ്പത്തികശേഷി വർധിപ്പിക്കലാണ് ഭാവനയുള്ള ഏതു സർക്കാരും ചെയ്യേണ്ടത്. അതാണ് ഈ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചാൽ കടബാധ്യത അതേപടി തുടരും. കെഎസ്ഇബി സ്വന്തമായി ലാഭമുണ്ടാക്കി അതുപയോഗിച്ച് മാത്രം പുതിയ നിക്ഷേപങ്ങൾ ഉൽപാദന വിതരണ പ്രസരണ മേഖലകളിൽ നടത്തണമെന്ന് പറയുന്നത് തികച്ചും അപ്രായോഗികമാണ്. ഈ നിലപാടെടുത്താൽ വൈദ്യുതി ഉൽപാദനമോ അടിസ്ഥാനവികസനമോ പ്രസരണനഷ്ടം കുറയലോ ഒന്നും ഉണ്ടാകില്ല. ലാഭത്തെക്കുറിച്ച് പിന്നെ ചിന്തിക്കുകയേ വേണ്ട. ലാഭമുണ്ടാകാത്ത സാഹചര്യത്തിൽ കടം തിരിച്ചടവിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.

ചോദ്യം 5: കിഫ്ബി വഴിയുള്ള കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളേക്കാൾ 60 ശതമാനത്തിലും ഉയർന്ന നിരക്കിലാണ്.

ഉത്തരം: ഇത് സത്യമല്ല. ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് കെഎസ്ഇബി മറ്റു പദ്ധതികളിലെല്ലാം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അതേ നിരക്കും ഷെഡ്യൂളും പ്രകാരമാണ്. 60 ശതമാനം ഉയർന്ന നിരക്കിലാണ് എന്നത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. ട്രാൻസ്ഗ്രിഡ് പദ്ധതികൾക്കായി നടത്തുന്ന എസ്റ്റിമേറ്റുകൾ ഒരു ഉദ്യോഗസ്ഥന്റെ മാത്രം മേൽനോട്ടത്തിലുള്ളതാണ് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഇതും സത്യമല്ല. ഇത് രാഷ്ട്രീയമായ ഒരു ദുർവ്യാഖ്യാനമാണ്. പതിനായിരം കോടിയോളം രൂപ മുതൽമുടക്കുവരുന്ന പദ്ധതി എന്ന നിലയിൽ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒരു വ്യക്തിയെ അല്ല ഒരു പ്രത്യേക വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമാനസാഹചര്യത്തിൽ മുമ്പൊക്കെ ഇങ്ങനെ പ്രത്യേക വിങ് ഉണ്ടാക്കിയാണ് പ്രവർത്തനം മുമ്പോട്ടുകൊണ്ടുപോയിട്ടുള്ളത്. അസിസ്റ്റന്റ് എൻജിനീയർ മുതൽ ചീഫ് എൻജിനീയർ വരെ വിവിധ ഓഫീസർമാരുള്ള ഒരു സംവിധാനമാണ് ട്രാൻസ്ഗ്രിഡിനുള്ളത്. ബോർഡിൽ സാധാരണ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന രീതിയിലുള്ള എല്ലാ തലങ്ങളിലെയും പരിശോധനകൾ പൂർത്തിയാക്കിയാണ് ഇവിടെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതും അംഗീകരിക്കുന്നതും. കിഫ്ബിയിൽനിന്നുള്ള ധനസഹായം സ്വീകരിക്കുന്നതിന്റെ ഭാഗമായി ബില്ലുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളെല്ലാം ഓൺലൈനായി നടത്തേണ്ടതുണ്ട്. ഇക്കാര്യം ഏകോപിപ്പിക്കുന്നതിന് സംവിധാനം വേണ്ടതുണ്ട് എന്നതുകൊണ്ടാണ് ട്രാൻസ്ഗ്രിഡിന് പ്രത്യേക ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഒരു വ്യക്തിയെ ഏൽപിക്കലല്ല.

ചോദ്യം 6: വിജിലൻസ് ക്വിക്ക് വെരിഫിക്കേഷന്റെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു?

ഉത്തരം: ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിജിലൻസ് കേസും ഉണ്ടായിട്ടില്ല. 2016ൽ ഏതോ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ വിജിലൻസ് വിഭാഗം ചില ഓഫീസർമാരോട് വിവരങ്ങൾ തിരക്കിയത് തെറ്റായി മനസ്സിലാക്കിയാവണം പ്രതിപക്ഷ നേതാവ് ഈ ചോദ്യം ചോദിക്കുന്നത്. ആ പരിശോധനകളിൽ ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയിട്ടില്ല. വിജിലൻസ് കേസ് ഉണ്ടായിട്ടുമില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ ഇല്ലാത്ത കണ്ടെത്തലുകളെക്കുറിച്ച് പറയാൻ നിർവാഹമില്ല.

ചോദ്യം 7: രണ്ട് മുൻ കെഎസ്ഇബി ചെയർമാാർക്ക് സ്ഥാനഭ്രംശം നേരിട്ടിട്ടുണ്ടോ?

ഉത്തരം: ഭരണപരമായ കാരണങ്ങളാൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളല്ലാതെ ബോർഡ് സിഎംഡി പദവിയിൽനിന്ന് ഒരാളും ഈ കാലഘട്ടത്തിൽ സ്ഥാനഭ്രഷ്ടനായിട്ടില്ല. കെഎസ്ഇബി സിഎംഡിയായിരുന്ന ശ്രീ. ശിവശങ്കറിന്റെയും ശ്രീ. പോൾ ആന്റണിയുടെയും കാര്യമാവാം പ്രതിപക്ഷ നേതാവ് ഉദ്ദേശിച്ചത്. ശ്രീ. ശിവശങ്കർ 2016ൽ ഈ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനാവുകയായിരുന്നു. അതേത്തുടർന്നാണ് പോൾ ആന്റണിക്ക് സിഎംഡി സ്ഥാനം നൽകിയത്. ഒട്ടേറെ വകുപ്പുകളുടെ ഭാരം അദ്ദേഹത്തിനുണ്ടായ സാഹചര്യത്തിലാണ് സിഎംഡി സ്ഥാനം ശ്രീ. ഇളങ്കോവനെ ഏൽപിച്ചത്. അദ്ദേഹം വ്യവസായവകുപ്പ് സെക്രട്ടറിയായി മാറിയപ്പോഴാണ് ആ ചുമതലയിൽനിന്നു മാറിയത്. ഇതൊക്കെ ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ടതല്ല, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട സ്വാഭാവിക മാറ്റങ്ങളാണ്. 2016 മെയിലാണ് ശിവശങ്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാവുന്നത്. അതിനെ ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ട മാറ്റമായി വ്യാഖ്യാനിക്കണമെങ്കിൽ ഭ്രാന്തമായ ഭാവന ഉണ്ടായേ മതിയാവൂ.

ചോദ്യം 8: കേരളത്തിലെ ദിവസക്കൂലി ഉയർന്നതോതിലാണ് എന്ന അനുമാനത്തിൽ എസ്റ്റിമേറ്റുകളിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു.

ഉത്തരം: വൈദ്യുതി മേഖലയിലെ ലൈൻ നിർമ്മാണജോലികളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നിലവിൽ കിട്ടുന്ന കൂലി എത്രയാണ് എന്ന് അന്വേഷിച്ചിരുന്നെങ്കിൽ അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുമായിരുന്നില്ല.

ചോദ്യം 9: ചിത്തിരപുരം യാർഡിൽ തറ നിർമ്മാണത്തിന് 11 ലക്ഷം രൂപയുടെ ഐറ്റം ജോലി 1100 ലക്ഷം രൂപയുടേതാക്കി മാറ്റിയതെങ്ങനെ?

ഉത്തരം: ഈ തറ നിർമ്മാണത്തിന് 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഒരിക്കലും ആരും ഉണ്ടാക്കിയിട്ടില്ല. 11 കോടി 18 ലക്ഷം രൂപയ്ക്കാണ് യാർഡ് ലെവലിങ് ജോലിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി നൽകിയത്. ടെൻഡറിൽ 8.25 കോടിക്കാണ് ലോവസ്റ്റ് ബിഡ് ലഭിച്ചത്. ഈ തുകയ്ക്കാണ് ടെൻഡർ ഉറപ്പിച്ചതും പണി പൂർത്തിയാക്കിയതും.

ചോദ്യം 10: പ്രീ ക്വാളിഫൈയിങ് നിബന്ധനകളിൽ എന്തിനാണ് മാറ്റം വരുത്തിയത്?

ഉത്തരം: ടെൻഡറുകളിൽ 500 കോടി രൂപയുടെ ടേൺഓവർ ഉള്ള കമ്പനികൾക്ക് പങ്കെടുക്കാം എന്നതായിരുന്നു ആദ്യ സാമ്പത്തിക നിബന്ധന. മത്സരം വർധിക്കുന്നതിന് 300 കോടി രൂപയായി ഇതു കുറയ്ക്കുന്നത് ഗുണകരമാവുമെന്നു കണ്ടെത്തി. സാങ്കേതിക നിബന്ധനകളിലാകട്ടെ ഒരു മാറ്റവും വരുത്തിയതുമില്ല. ടെൻഡർ ലഭിച്ചിട്ടുള്ള കമ്പനികളുടെ ടേൺഓവറാകെ പ്രതിപക്ഷ നേതാവിന് പരിശോധിക്കാവുന്നതേയുള്ളു. എല്ലാം 500 കോടിയിൽ മേലെ തന്നെയാണ്. തുക കുറച്ച് ഏതെങ്കിലും കമ്പനിയെ പങ്കെടുപ്പിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിൽ ഇതാവില്ലല്ലോ സ്ഥിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP