Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല; ആകെയുള്ളത് 22,816 രൂപയുടെ ആസ്തികളും 12,816 രൂപയും നാലുഗ്രാം സ്വർണ്ണവും; ജീവിച്ച് പോകുന്നത് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കിട്ടുന്ന ശമ്പളം കൊണ്ട്; അമ്മക്ക് രണ്ടു പവൻ സ്വർണ്ണവും 20 സെന്റ് സ്ഥലവും 1000 ചതുരശ്ര അടി വീടും; ഒന്നുമില്ലായ്മയുടെ പര്യായമായി രമ്യാ ഹരിദാസിന്റെ സ്വത്തുക്കളുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന വളർച്ചയുടെ പേരിൽ ഭാവിയിൽ അധിക്ഷേപങ്ങൾ ഉണ്ടാവാതിരിക്കട്ടേയെന്ന് ആശംസിച്ച് സോഷ്യൽ മീഡിയ

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല; ആകെയുള്ളത് 22,816 രൂപയുടെ ആസ്തികളും 12,816 രൂപയും നാലുഗ്രാം സ്വർണ്ണവും; ജീവിച്ച് പോകുന്നത് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കിട്ടുന്ന ശമ്പളം കൊണ്ട്; അമ്മക്ക് രണ്ടു പവൻ സ്വർണ്ണവും 20 സെന്റ് സ്ഥലവും 1000 ചതുരശ്ര അടി വീടും; ഒന്നുമില്ലായ്മയുടെ പര്യായമായി രമ്യാ ഹരിദാസിന്റെ സ്വത്തുക്കളുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന വളർച്ചയുടെ പേരിൽ ഭാവിയിൽ അധിക്ഷേപങ്ങൾ ഉണ്ടാവാതിരിക്കട്ടേയെന്ന് ആശംസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളത്തിൽ രമ്യാ ഹരിദാസ് എന്ന ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേപത്രികയിലെ വരുമാന കണക്ക് കണ്ട് ഞെട്ടുകയാണ് മലയാളികൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിട്ടും അവരുടെ കൈയിൽ ഒന്നുമില്ല. രമ്യ ഹരിദാസിന്റെ പേരിൽ ആകെ 22,816 രൂപയുടെ സ്വത്താണുള്ളത്. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന 4 ഗ്രാം സ്വർണവുമുണ്ട്.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യയ്ക്ക് ശമ്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണു വാർഷിക വരുമാനം. കൃഷിഭൂമി, കാർഷികേതര ഭൂമി, വാണിജ്യാശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല. അങ്ങനെ ആദർശ ധീരതയെ ആലത്തൂരിൽ സ്ഥാനാർത്ഥിയായി കിട്ടിയതിന്റെ ആവേശത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ ഈ കണക്കുകൾ ഭാവിയിൽ ശതകോടികളിലേക്ക് മാറരുതെന്ന നിർദ്ദേശവും ഉപദേശവുമാണ് രമ്യയ്ക്ക് സോഷ്യൽ മീഡിയ നൽകുന്നത്.


എൽഐസി ഏജന്റായ അമ്മ രാധയുടെ വാർഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വർണമുണ്ട്. പിതാവിന്റെ പേരിൽ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. കോഴിക്കോട് നടക്കാവ് എഡിജിപി ഓഫിസിലേക്ക് മാർച്ച് നടത്തിയതിനും കസബ, മുക്കം പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചതിനും 3 കേസുകൾ രമ്യക്കെതിരെയുണ്ട്. 2002ൽ എസ്എസ്എൽസി പാസായി. 2005ൽ ഫാഷൻ ഡിസൈനിങ് കോഴ്‌സും 2007ൽ പ്രീ പ്രൈമറി ചൈൽഡ് ഹുഡ് എജ്യുക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. ഇതൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രമ്യ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. രമ്യയ്ക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് ഫണ്ട് നൽകണമെന്നത് ചർച്ചയാക്കി നടന്ന സോഷ്യൽ മീഡിയാ കാമ്പൈനിങ്ങിനും മറ്റും കൂടുതൽ പ്രതികരണമുണ്ടാക്കുന്നതാണ് രമ്യ നൽകിയ കണക്കുകൾ. സാധാരണ കൂടുംബത്തിലെ സാധാരണ പെൺകുട്ടിയാണ് രമ്യയെന്ന് ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.

രമ്യയ്ക്ക് രമ്യയാകാനോ കഴിയൂ. അതുകൊണ്ട് തന്നെ രമ്യയുടെ വാക്കുകളിൽ ഒളിച്ചിരിക്കുന്ന ആത്മാർത്ഥ ചർച്ചയാക്കി രമ്യ ഭാവിയിലും സത്യസന്ധതയും അഴിമതിരഹിത രാഷ്ട്രീയവും തുടരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഞാൻ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്ന രമ്യയുടെ വാക്കുകൾ ഇതിനായി ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. . ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ഞാൻ ഒരു ദളിത് കുടംുബത്തിൽ ജനിച്ച ഒരു ആളാണ്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ലെന്നും രമ്യ കുറിച്ചിരുന്നു. രമ്യാ ഹരിദാസിന്റെ ഈ പ്രതികരണത്തെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ എറ്റെടുത്തത്. രമ്യയുടെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ വരുമാനത്തോടെ ഈ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.

കഷ്ടപാടിന്റെ ദുഃഖം തിരിച്ചറിഞ്ഞ നേതാവാണ് ഇവരെന്ന് ഏവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരിയായി വോട്ട് ചോദിക്കുന്നു. ഇതെല്ലാം മാറ്റത്തിന്റെ സൂചനയാണെന്ന് സോഷ്യൽ മീഡിയ വലിയിരുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ രമ്യാ ഹരിദാസിന്റെ സ്വത്തിന്റെ കണക്ക് പുറത്തുവരുമ്പോഴും സോഷ്യൽ മീഡിയയ്ക്ക് ഉപദേശിക്കാനാണുള്ളത്. സാധാരണക്കാരിൽ സാധാരണക്കാരായി എത്തിയ നിരവധി നേതാക്കളെ മലയാളികൾ കണ്ടു. ദാരിദ്രം ചർച്ചയാക്കി അവർ ജയിച്ചു കഴിഞ്ഞു. പിന്നെ അവരിലുണ്ടായത് ശതകോടികളുടെ മാറ്റമാണ്. ഇത് രമ്യാ ഹരിദാസിന്റെ സ്വത്ത് കണക്കിൽ ഭാവിയിൽ ഉണ്ടാകാതിരിക്കട്ടേ എന്നാണ് സോഷ്യൽ മീഡിയയുടെ ആശംസ. ആലത്തൂരിലെ എംപി പികെ ബിജുവും മാവേലിക്കരയിലെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷുമെല്ലാം ആദ്യ അങ്കത്തിനെത്തുമ്പോൾ പറഞ്ഞത് ഇല്ലായ്മയുടെ കഥകളായിരുന്നു. എന്നാൽ ഇന്ന് അതല്ല അവരുടെ സ്ഥിതി. അതിവേഗം അവർ വളർന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സത്യത്തിന്റേയും നീതിയുടേയും നന്മയുടേയും വഴിയേ നടക്കണമെന്ന് രമ്യയെ സോഷ്യൽ മീഡിയ ഉപദേശിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ രമ്യ ഹരിദാസ് അപ്രതീക്ഷിതമായാണ് അമ്മ രാധയെ കണ്ടത്. മകൾ പത്രിക സമർപ്പിക്കുന്നതു കാണാനെത്തിയതായിരുന്നു. അമ്മയ്ക്കു പൂക്കൾ നൽകിയാണ് രമ്യ സന്തോഷം പങ്കുവച്ചത്. പിന്നെ അമ്മയോടും പ്രവർത്തകരോടുമൊപ്പം സെൽഫി പകർത്തി. നേതാക്കളുടെയും നൂറുകണക്കിനു പ്രവർത്തകരുടെയും അകമ്പടിയോടെ രമ്യ പത്രിക നൽകാൻ കലക്ടറേറ്റിലെത്തിയത്. അനിൽ അക്കര എംഎൽഎ, നേതാക്കളായ വി എസ്.വിജയരാഘവൻ, കെ.അച്യുതൻ, വി സി.കബീർ എന്നിവരോടൊപ്പം ജില്ലാ വരണാധികാരി കൂടിയായ കലക്ടർ ഡി.ബാലമുരളിക്കു മുൻപാകെ പത്രിക സമർപ്പിച്ചു. പിന്നീട് ഷാഫി പറമ്പിൽ എംഎൽഎയുമെത്തി. അങ്ങനെ ആവേശം നിറച്ചായിരുന്നു പത്രികാ സമർപ്പണം. ആലത്തൂരിലെ കോൺഗ്രസുകാരെല്ലാം ഒറ്റക്കെട്ടായി രമ്യയ്ക്ക് പിന്നിലുണ്ട്. അവരെല്ലാം സോഷ്യൽ മീഡിയയിൽ രമ്യയുടെ വരുമാനവും ആസ്തിയും ചർച്ചയാക്കുകായണ്. പൊതു പ്രവർത്തനത്തിലെ തീർത്തും വ്യത്യസ്തമായ മുഖമാണ് രമ്യയെന്നാണ് ഇവരുടെ പ്രചരണം. ഇവിടെയാണ് തെറ്റിന്റെ വഴിയേ നടക്കാത്ത രാഷ്ട്രീയ പ്രവർത്തകയായി രമ്യാ മാറട്ടേയെന്ന ആശംസ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത്.

ഇടതു കോട്ടയായ ആലത്തൂർ പിടിക്കാനാണ് യുഡിഎഫ് രമ്യാ ഹരിദാസിനെ രംഗത്തിറക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്ന് വന്നത്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രൂപീകരിച്ചതുമുതൽ സിപിഎമ്മിന്റെ പികെ ബിജുവാണ് ആലത്തൂരിന്റെ എംപി. ആലത്തൂരിൽ ഇക്കുറിയും പികെ ബിജുവിനെ തന്നെയാണ് ഇടതുമുന്നണി ഇറക്കുന്നത്.

ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ പൊതുപ്രവർത്തനത്തിൽ കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്‌യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവർത്തക ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പാർട്ടി തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം കൂടുതൽ ഊർജ്ജം നൽകുന്നവെന്നാണ് രമ്യയുടെ പ്രതികരണം. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ ജീവിതാനുഭവങ്ങളും പാർട്ടിയുമാണ് തനിക്ക് കരുത്തേകുന്നതെന്ന് രമ്യ പറയുന്നു. കലാരംഗത്തും തിളങ്ങി പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP