Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്

ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർ്ഥികളാകാൻ മോഹിക്കുന്നവർക്ക് മുന്നറിയുപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് കെപിസിസി. നിർവാഹക സമിതി യോഗത്തിൽ ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി. നേതൃത്വത്തിൽ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും സ്ഥാനാർത്ഥികളാകാൻ ആരും പ്രമേയം ഇറക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് മേൽനോട്ട സമിതി യോഗത്തിൽ പറഞ്ഞിരിക്കുന്നത് വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ ഘടകം എന്നാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. അതിനാൽ രമേശ് ചെന്നിത്തലയുടെ പ്രസ്താവന പ്രവർത്തകർക്കുള്ള വലിയ സന്ദേശമായാണ് കണക്കാക്കേണ്ടത്.

എ.ഐ.സി.സി. നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു കെപിസിസി. നിർവാഹക യോഗം ഇന്ന് നടന്നത്. യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. നിരീക്ഷകനുമായ അശോക് ഗെഹ്ലോത്തും കെപിസിസി. പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. തുടർന്നാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ചെന്നിത്തല സംസാരിക്കാൻ തുടങ്ങിയതോടെ മാധ്യമങ്ങളെ യോഗത്തിൽനിന്ന് പുറത്തിറക്കി.

പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചെന്നിത്തല സംസാരിച്ചത്. സൗജന്യ കിറ്റ് കൊടുത്തതുകൊണ്ടു മാത്രമല്ല എൽ.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയത്. മറിച്ച് അവർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഇതിനെ താഴെത്തട്ടിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. അത് പരാജയത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിറ്റിനൊപ്പം ഇടതുപക്ഷം വ്യാജ പ്രചാരണവും നടത്തി. താഴേത്തട്ടിൽ ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് ആയില്ലെന്നും ചെന്നിത്തല തുറന്നു പറഞ്ഞു. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

കഴിഞ്ഞ അഞ്ച് വർഷക്കാലം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റി എന്നുള്ള ആത്മവിശ്വാസമാണ് ഉള്ളതെന്ന് ചെന്നിത്തല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പ്രതിപക്ഷത്ത് വരുമ്പോൾ എല്ലാത്തിനേയും കണ്ണടച്ച് എതിർക്കുകയും സംസ്ഥാന താത്പര്യങ്ങളെ സമുചിതമായ രാഷ്ട്രീയതാത്പര്യങ്ങൾക്ക് വേണ്ടി തുരങ്കം വെക്കുകയും ചെയ്ത നടപടികളാണ് കേരളം പണ്ട് കണ്ടിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാനും പ്രതിപക്ഷ അംഗങ്ങളും ഒരിക്കലും ആ നടപടികൾ സ്വീകരിച്ചിട്ടില്ല. ഗവർമെന്റുമായി യോജിക്കേണ്ട സന്ദർഭങ്ങളിൽ ജനതാത്പര്യത്തെ മുൻനിർത്തി യോജിച്ചു. സർക്കാരിന്റെ അഴിമതികൾക്കും കൊള്ളകൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പാത സ്വീകരിക്കുകയും ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം തിരുവനന്തപുരത്ത് ചേർന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.

തിരുവനന്തപുരം എം പി ശശി തരൂരിന് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല നൽകാൻ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേരളത്തിലെ അഞ്ചു ജില്ലകളിൽ ശശി തരൂർ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂർ ചർച്ച നടത്തും. യു.ഡി.എഫുമായി ഇടഞ്ഞു നിൽക്കുന്നവരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം പ്രകടനപത്രികയുമായി ബന്ധപ്പെട്ട് ഇവരുടെ നിർദ്ദേശങ്ങളും തരൂർ കേൾക്കും.

യുവാക്കളെയും ടെക്കികൾ അടക്കമുള്ളവരെയും യു.ഡി.എഫിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും തരൂരിനെ മുൻനിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃതലത്തിൽ സജീവമല്ലാത്ത ശശി തരൂരിനെ ഹൈക്കമാൻഡ് ഇടപെട്ടാണ് പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP