Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202222Saturday

അസാധുവോട്ടിൽ നേതാവിനെ ശാസിച്ച് മുഖ്യമന്ത്രി; കൈയബദ്ധമെങ്കിലും ഗുരുതര വീഴ്ചയെന്ന വിലയിരുത്തൽ; മാണിയുടെ മകന് വോട്ട് ചെയ്യാൻ കൈ വിറച്ചതിന് പിന്നിൽ കോട്ടയത്തെ രാഷ്ട്രീയ പകയോ? മധ്യകേരളത്തിലെ മുതിർന്ന നേതാവിന്റെ പേര് സിപിഎം പുറത്തു പറയില്ല

അസാധുവോട്ടിൽ നേതാവിനെ ശാസിച്ച് മുഖ്യമന്ത്രി; കൈയബദ്ധമെങ്കിലും ഗുരുതര വീഴ്ചയെന്ന വിലയിരുത്തൽ; മാണിയുടെ മകന് വോട്ട് ചെയ്യാൻ കൈ വിറച്ചതിന് പിന്നിൽ കോട്ടയത്തെ രാഷ്ട്രീയ പകയോ? മധ്യകേരളത്തിലെ മുതിർന്ന നേതാവിന്റെ പേര് സിപിഎം പുറത്തു പറയില്ല

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ചെയ്ത വോട്ട് അസാധുവായത് കൈയബദ്ധമല്ലെന്ന ചർച്ചകളും സിപിഎമ്മിൽ സജീവം. സിപിഎം- കേരളാ കോൺഗ്രസ് എം ബന്ധത്തിൽ കല്ലുകടിയായ പ്രവർത്തി ഉണ്ടായത് ഒരു മുതിർന്ന നേതാവിൽ നിന്നായത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മന്ത്രിക്കാണ് അബദ്ധം പറ്റിയതെന്ന് മനോരമ വാർത്തയും നൽകി. ഏതായാലും അബദ്ധം പറ്റിയ നേതാവിന്റെ പേര് സിപിഎം പരസ്യമാക്കില്ല.

കെഎം മാണിക്കെതിരായ സമരങ്ങളിൽ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന നേതാവിന് കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടിയതിൽ തുടക്കം മുതൽ തന്നെ അതൃപ്തി ഉണ്ടായിരുന്നു. മാത്രമല്ല യുഡിഎഫിൽ നിന്നും എൽഡിഎഫിലേയ്ക്ക് വന്നപ്പോൾ രാജ്യസഭാ അംഗത്വം രാജിവച്ച ജോസ് കെ മാണിക്ക് നിയമസഭാ സീറ്റ് നൽകിയത് കൂടാതെ ഒഴിവ് വന്ന രാജ്യസഭാ സീറ്റും താലത്തിൽ വച്ചുനീട്ടിയതിൽ സിപിഎമ്മിനുള്ളിൽ തന്നെ അരിശമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്നലത്തെ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന സംശയവും സജീവമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റാണെങ്കിലും പാർട്ടിക്ക് വിപ്പ് നൽകാം. ബാലറ്റ് പേപ്പർ പോളിങ്‌ ഏജന്റിനെ കാണിച്ച ശേഷമാണ് ബാലറ്റ് പെട്ടിയിൽ ഇടുന്നത്. അതുകൊണ്ട്തന്നെ ആർക്കാണ് അബദ്ധം സംഭവിച്ചതെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായി അറിയാം. കോട്ടയത്തെ രാഷ്ട്രീയത്തെ പേര് പുറത്തു വന്നാൽ സ്വാധീനം ചെലുത്തുമെന്നുള്ളതു കൊണ്ട് തന്നെ അബദ്ധം പറ്റിയ എംഎൽഎയുടെ പേര് പുറത്തു പറയില്ല. മാണി വികാരമുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ച നേതാവിനാണ് അബദ്ധം പറ്റിയതെന്നാണ് സൂചന.

വോട്ടിങിന് ശേഷം വോട്ട് തെറ്റിച്ച കാര്യം മുതിർന്ന നേതാവ് ചില സഹപ്രവർത്തകരോട് പങ്ക് വച്ചിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ആ വോട്ട് അസാധുവായാലും ജോസിന് ജയിക്കാം. എന്നാൽ മുന്നണി തീരുമാനത്തിനെതിരെ വോട്ട് ചെയ്തത് ഗൗരവകരമായ അച്ചടക്കലംഘനമായാണ് സിപിഎം കണക്കാക്കുന്നത്. മാണി സി. കാപ്പന്റെ സിറ്റിങ് മണ്ഡലമായിരുന്ന പാല ജോസിന് നൽകാനുള്ള തീരുമാനത്തിലും ഈ നേതാവിന് വിരുദ്ധാഭിപ്രായമുണ്ടായിരുന്നു.

കേരളാ കോൺഗ്രസ് എം എൽഡിഎഫിലെത്തിയെങ്കിലും കോട്ടയത്തും പാലായിലുമുള്ള സിപിഎം പ്രവർത്തകർക്കും പ്രാദേശിക നേതാക്കൾക്കും ജോസ് കെ മാണിയെ മുന്നണി നേതാവായി അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ആ വികാരത്തിനൊപ്പമാണ് താനെന്ന് പലപ്പോഴും പറയാതെ പറഞ്ഞിട്ടുള്ള നേതാവിനാണ് അബദ്ധം പറ്റിയതെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ പേര് സിപിഎം പുറത്തു പറയില്ല. ഫലത്തെ ഈ അസാധുവോട്ട് സ്വാധീനിക്കാത്തതു കൊണ്ട് തന്നെ ന്യായം പറഞ്ഞ് എല്ലാ ചർച്ചകളേയും അപ്രസക്തമാക്കും.

അസാധു വോട്ടിന്റെ പേരിൽ വോട്ടെണ്ണൽ വേളയിൽ കടുത്ത വാദപ്രതിവാദവുമുണ്ടായി. ബാലറ്റിൽ വോട്ടു ചെയ്യുന്നവരുടെ നേർക്ക് '1' എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഒരു വോട്ടിൽ '1' വ്യക്തമല്ലായിരുന്നു. ആദ്യം ടിക് ഇട്ട ശേഷം അത് '1' ആയി മാറ്റിയ രീതിയിലായിരുന്നു ബാലറ്റ്. ഇതോടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായ മാത്യു കുഴൽനാടനും എൻ.ഷംസുദ്ദീനും തർക്കം ഉന്നയിച്ചു.

ജോസ് കെ.മാണിക്കു വോട്ടു ചെയ്യാനുള്ള അംഗത്തിന്റെ ഉദ്ദേശ്യം ബാലറ്റിൽ വ്യക്തമാണെന്നും വോട്ട് സാധുവാണെന്നും ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രനും ആർ.രാജഗോപാലനും വാദിച്ചു. കേരള കോൺഗ്രസ് (എം) പോളിങ് ഏജന്റുമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നു ശഠിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും വ്യവസ്ഥകളും മാത്യു കുഴൽനാടൻ ഹാജരാക്കി. ഏതെങ്കിലും ഒരാളുടെ വോട്ട് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്നു വന്നാൽ അത് സാധുവല്ലെന്ന വ്യവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വരണാധികാരി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ നിയമ പ്രശ്നങ്ങൾക്ക് അതു കാരണമാകാമെന്നു വന്നതോടെ ആ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ 97 വോട്ട് ലഭിക്കേണ്ട ജോസിന് ലഭിച്ച വോട്ടുകളുടെ എണ്ണം 96 ആയി ചുരുങ്ങുകയായിരുന്നു. മൂന്ന് എൽഡിഎഫ് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അവർ മുൻകൂട്ടി അറിയിച്ചിരുന്നു. ജോസിനോടുള്ള അതൃപ്തി മുമ്പ് തന്നെ പാർട്ടിവേദികളിൽ പ്രകടിപ്പിച്ചിട്ടുള്ള നേതാവ് പരസ്യമായി പാർട്ടി തീരുമാനത്തിന് എതിരായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

അതിനാൽ നടപടി ഒഴിവാക്കണമെന്ന വാദവും സിപിഎമ്മിനുള്ളിൽ ശക്തമാണ്. എന്തായാലും കേരളാ കോൺഗ്രസുമായുള്ള ബാന്ധവം സിപിഎമ്മിലെ മുൻനിര നേതാക്കൾക്ക് പോലും ഇതുവരെയും പൂർണമായും ദഹിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP