Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

കോൺഗ്രസിന്റെ നയങ്ങളാണ് കർഷക ആത്മഹത്യകൾക്ക് തുടക്കം കുറിച്ചത്; കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ; ട്രാക്ടർ ഓടിച്ചും കടലിൽ നീന്തിയും കേരളത്തോട് താൽപര്യം കാണിക്കുന്ന രാഹുൽ കർഷകരോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

കോൺഗ്രസിന്റെ നയങ്ങളാണ് കർഷക ആത്മഹത്യകൾക്ക് തുടക്കം കുറിച്ചത്; കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ;  ട്രാക്ടർ ഓടിച്ചും കടലിൽ നീന്തിയും കേരളത്തോട് താൽപര്യം കാണിക്കുന്ന രാഹുൽ കർഷകരോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ സമരവേദിയിൽ അൻപതോളം പേർ മരിച്ചിട്ടുണ്ടെന്നും എന്നാൽ കർഷകസമരത്തെ അവഗണിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ നൽകുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

1990 കളിൽ കോൺഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങളെത്തുടർന്നാണ് ലോകത്തെ ഞെട്ടിച്ച രീതിയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു രാഹുൽ ഗാന്ധി കേരളത്തിൽ വരികയും അസാധാരണമായ ഇടപെടലുകൾ നടത്തുകയും ചെയ്യുകയാണ്. കർഷകർക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താൽപര്യത്തിൽ നന്ദിയുണ്ട്.

ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതതു പ്രകാരം ഡെൽഹിയിലെ കർഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കർഷകർ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കർഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്,രാഹുൽഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്‌കത പ്രശംസനീയമാണ്.

1990കളോടെ നടപ്പിലാക്കിയ നവഉദാരവൽക്കരണ നയങ്ങളെത്തുടർന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിൻവലിച്ചു കൊണ്ടും കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവിൽ ഏകദേശം മൂന്നുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോൺഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്‌കാരങ്ങളുമാണ്.

അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിൽ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികൾ എങ്ങനെയാണ് തകർന്നടിഞ്ഞത്? ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവർത്തകൻ പി സായ്‌നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്റെ ആദ്യ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളിൽ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കർഷകരും കർഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തിൽ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളിൽ കർഷകർക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയില്ല.

കോൺഗ്രസ് തുടങ്ങിവെച്ച നിർദ്ദയം നടപ്പാക്കിയ കർഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങൾ ഓർക്കണം. ഈ പാതകങ്ങൾക്ക് കർഷകരോട് രാഹുൽഗാന്ധി കോൺഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങൾ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആർജവം അദ്ദേഹത്തിൽ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുൽ മാത്രമല്ല, കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കേരളത്തിൽ വന്ന് കുറെ കാര്യങ്ങൾ പറഞ്ഞു. കേരളം എല്ലാകാര്യത്തിലും പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇവിടം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെന്നാണ് അദ്ദേഹത്തിന്റെയൊരു കണ്ടെത്തൽ. രാഹുലും അത് മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്. കേരളം പോലെ സാക്ഷരരും സാംസ്‌കാരിക സമ്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്ന് പറയുന്നവർ ഈ നാടിനെപ്പറ്റി മനസിലാക്കിയിട്ടില്ല എന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP