Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിയമവിദ്യാർത്ഥി; ദേശീയ സെക്രട്ടറിയായി അബിൻ ഉയരുന്നത് സ്വാശ്രയസമര തീച്ചൂളയിൽ നിന്ന്; രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തുന്നതും സംഘടനാ മികവ് പരിഗണിച്ചു തന്നെ; എൻ എസ് യു നേതാക്കൾ പെട്ടിയെടുപ്പുകാരെന്നത് ഗ്രൂപ്പ് മാനേജർമാരുടെ പ്രചരണമോ? രാഹുൽ ഗാന്ധി നൽകുന്നത് കെപിസിസി പ്രസിഡന്റും ഗ്രൂപ്പുകൾക്ക് അതീതനാകുമെന്ന സന്ദേശം

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിയമവിദ്യാർത്ഥി; ദേശീയ സെക്രട്ടറിയായി അബിൻ ഉയരുന്നത് സ്വാശ്രയസമര തീച്ചൂളയിൽ നിന്ന്; രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തുന്നതും സംഘടനാ മികവ് പരിഗണിച്ചു തന്നെ; എൻ എസ് യു നേതാക്കൾ പെട്ടിയെടുപ്പുകാരെന്നത് ഗ്രൂപ്പ് മാനേജർമാരുടെ പ്രചരണമോ? രാഹുൽ ഗാന്ധി നൽകുന്നത് കെപിസിസി പ്രസിഡന്റും ഗ്രൂപ്പുകൾക്ക് അതീതനാകുമെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്ക് യുവതുർക്കികളെ കേരളം സമ്മാനിക്കുമ്പോൾ അത് വിദ്യാർത്ഥി സംഘടനയിൽ പൊട്ടിത്തെറികൾക്ക് കാരണമാകുന്നു. കോൺഗ്രസിന്റെ ദേശീയ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു (ഐ) ഭാരവാഹികളായാണ് മൂന്ന് മലയാളികൾ പട്ടികയിൽ ഇടം പിടിച്ചത്. ഇത് ചില നേതാക്കളുടെ പിന്തുണയോടെയാണെന്ന വാദം സംഘടനയിൽ സജീവമാക്കുകയാണ് ചിലർ. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുമെന്നുമാണ് നേതൃസ്ഥാനത്ത് എത്തുന്നവരുടെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്തടക്കം ഗ്രൂപ്പ് പരിഗണനകൾ വച്ചൊരു നിയമനം ഉണ്ടാകില്ലെന്ന സൂചനയാണ് എൻ എസ് യു ഭാരവാഹി പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകുന്നത്.

എറണാകുളം കോലഞ്ചേരി സ്വദേശി അബിൻ വർക്കി കോടിയാട്ട്, പത്തനംതിട്ട അടൂർ സ്വദേശി രാഹുൽ മാങ്കൂട്ടത്തിൽ, എന്നിവർ സെക്രട്ടറിമാരും തിരുവനന്തപുരം സ്വദേശി എറിക് കോ-ഓർഡിനേറ്ററായും ഇടം പിടിച്ചു. ഇവർ ചില നേതാക്കളുടെ ശിങ്കടിയാണെന്ന മട്ടിലാണ് പ്രചരണം. എന്നാൽ ഇത് മറുവിഭാഗം തള്ളിക്കളയുകയാണ്. അബിൻ വർക്കി കോടിയാട്ട് കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ദേശീയ നിർവ്വാഹക സമിതി അംഗമായി തെരഞ്ഞെടുത്തതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പഠനത്തിലും സംഘടനാ പ്രവർത്തനത്തിലും കഴിവ് തെളിയിച്ച വ്യക്തിത്വം. ഇത്തരത്തിലൊരു നേതാവിനെയാണ് അർഹതില്ലെന്ന് പറഞ്ഞ് ചിലർ കളിയാക്കുന്നതെന്നതാണ് ഉയരുന്ന വാദം. ഒരു ഗ്രൂപ്പിന്റേയും മുഖമായി മാറാത്തവരാണ് ഇത്തവണ കെ എസ് യുവിന്റെ ദേശീയ ഭാരവാഹികളാകുന്നത്. ഇതാണ് ചിലരെ ചൊടിപ്പിക്കുന്നത്.

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദദാരിയായ അബിൻ നിലവിൽ തിരുവനന്തപുരം ഗവ : നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്. മികച്ച സംഘാടകനായ അബിൻ എൻ.എസ്.യു ദേശീയ പ്രസിഡന്റ് സ്ഥാനത്തിലേക്കുള്ള ചുരുക്കപട്ടികയിൽ ഇടം പിടിച്ച നേതാവാണ്. കേരളത്തിൽ കെ എസ് യുവിന്റെ നേതൃത്വത്തിൽ ആഞ്ഞടിച്ച സ്വാശ്രയ സമരത്തിൽ ഒരാഴ്‌ച്ചക്കാലം ജയിൽവാസം അനുഭവിച്ച നേതാവ്. പിറവം കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന നേതാവ്. ഇതാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണ്ണിൽ അബിനെ എത്തിച്ചത്. ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശങ്ങൾ രാഹുൽ നിരാകരിച്ചപ്പോൾ അബിൻ ദേശീയ നേതൃത്വത്തിൽ പ്രധാനിയായി.

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്, ഗുജുറാത്ത്, കർണാടക തെരഞ്ഞെടുപ്പ്, തമിഴ്‌നാട് സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയും അബിന് ഉണ്ടായിരുന്നു. ഇവിടെയെല്ലാം മികവ് കാട്ടിയാണ് ദേശീയ സെക്രട്ടറിയായി മാറുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന ജന:സെക്രട്ടറി സ്ഥാനത്തു നിന്നാണ് ദേശീയ ഭാരവാഹിയായി മാറുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കെ എസ് യു ജില്ലാ ജന:സെക്രട്ടറി എന്നീ പദവികളിലും രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഗവേഷണ വിദ്യാർത്ഥിയായ രാഹുൽ എൻ.എസ്.യു റിസർച്ച് വിംഗിന്റെ അമരക്കാരനാണ്.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. അങ്ങനെ വിദ്യാഭ്യാസവും സംഘടനാ പരാമ്പര്യവുമുള്ള നേതാവാണ് രാഹുൽ. കേരളത്തിൽ കെ എസ് യുവിലെ തെരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ പലരും വെട്ടിനിരത്തപ്പെട്ടു. അതിൽ നിന്ന് വിഭിന്നമായി പ്രവർത്തിക്കുന്നവരെയാണ് രാഹുൽ കണ്ടെത്തിയതും നേതാക്കളാക്കിയും. അതിൽ വറളി പൂണ്ടവരാണ് ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് മറുഭാഗം ഉയർത്തുന്ന വാദം. കേരളത്തിലും ഗ്രൂപ്പുകൾക്ക് അതീതമായി അർഹതയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ രാഹുൽ തുടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നും അവർ വിശദീകരിക്കുന്നു.

ഒരു തലമുറയെ ആകെ തെറ്റിദ്ധരിപ്പിച്ച് വർഗ്ഗീയതയുടെ വക്താക്കന്മാരാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ,രാജ്യത്തെ ഭരണഘടന ഉൾപ്പടെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവിദ്യാർത്ഥിസംഘടനയെന്ന നിലയിൽഭരണഘടനയുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് മുന്നോട്ടു പോകുമെന്നും അബിനും രാഹുലും മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എറിക് സ്റ്റീഫൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് ദേശീയ കോ- ഓർഡിനേറ്ററാകുന്നത്. ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എറിക് സ്റ്റീഫൻ അവതരിപ്പിച്ച ഏകതാ പദ്ധതി (വീൽചെയർ ഫ്രണ്ട് ലി ക്യാമ്പസ് ) പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവിൽ തിരുവനന്തപുരം നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്.

കെപിസിസി അധ്യക്ഷനെ നിയമിക്കാനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാണ്ടിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് എൻ എസ് യു ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. കെപിസിസി അധ്യക്ഷനായി എ-ഐ ഗ്രൂപ്പുകൾ മുന്നോട്ട് വയ്ക്കുന്ന ആരേയും രാഹുൽ ഗാന്ധി നിയോഗിക്കാൻ ഇടയില്ല. ഇതിന്റെ സൂചനയാണ് ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശങ്ങളെ എൻ എസ് യു ഭാരവാഹി പ്രഖ്യാപനത്തിൽ തള്ളിക്കളഞ്ഞ നടപടിയിലും നിഴലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP