Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

സ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണം

സ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്മുടെ ശത്രു നമ്മൾ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്ന് കരുതരുതെന്നും കെ.സുധാകരന് രമേശ് ചെന്നിത്തല ഇന്ന് മുന്നറിയിപ്പ് നൽകിയത് സ്വന്തം അനുഭവത്തിൽ നിന്നാണ്. മുമ്പിൽ വന്ന് പുകഴ്‌ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും അദ്ദേഹം പറഞ്ഞത് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ അപ്രതീക്ഷിതമായി തള്ളി മാറ്റിയതിന്റെ മുറിവ് കൊണ്ടാണെന്ന് വ്യക്തമാണ്. ഏതായാലും ചെന്നിത്തലയെ ഒറ്റപ്പെടുത്താൻ ഹൈക്കമാൻഡ് തയ്യാറല്ല.

ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടിരിക്കുകയാണ്. ചെന്നിത്തലയോട് 18 ന് ഡൽഹിയിലെത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ ഹൈക്കമാൻഡ് നിയമിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് തന്നോട് ആലോചിച്ചില്ലെന്നും, ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ സ്ഥാനം ഒഴിയാൻ തയ്യാറായിരുന്നുവെന്നും രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതൃപദവിയിൽ നിന്നും താൻ പോകുന്നത് മുറിവേറ്റാണെന്നും, പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ലെന്നും ചെന്നിത്തല സൂചിപ്പിച്ചിരുന്നു. ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് പ്രതിനിധികളോട് അഭിപ്രായം പറയാനും കൂട്ടാക്കിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ രാഹുൽഗാന്ധി ഇടപെടുന്നത്. ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗം തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രൂപ്പുകളുടെ താൽപ്പര്യം മാനിക്കാതെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് പദവികളിൽ നിയമനം നടത്തിയതിൽ ഉമ്മൻ ചാണ്ടിക്കും അതൃപ്തിയുണ്ട്.

തോൽവിക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മുതിർന്ന നേതാക്കളെ ചെന്നിത്തല അറിയിച്ചിരുന്നതായി അദ്ദേഹത്തിന്റെ പക്ഷം ചൂണ്ടികാട്ടുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളാകട്ടെ എല്ലാവരുംകൂടി മാറേണ്ട, രമേശ് തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.

എ ഗ്രൂപ്പ് രമേശിനെ പിന്തുണയ്ക്കാൻ പൊതുവായ നിലപാടെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ലാത്തതിനാൽ രമേശ് സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചു. എംഎ‍ൽഎ.മാരുടെ മനസ്സറിയാൻ മല്ലികാർജുന ഖാർഗെയും വൈദ്യലിംഗവും വന്നപ്പോൾ ആദ്യം രമേശ് കണ്ടു. ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെക്കുറിച്ച് ആരാഞ്ഞു. ഹൈക്കമാൻഡിന് തുറന്ന മനസ്സാണെന്നായിരുന്നു മറുപടി. എന്നാൽ എംഎ‍ൽഎ. മാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടപ്പോൾ സ്ഥിതി മാറി. ഭൂരിപക്ഷം എം. എൽ.എ.മാരും എംപി.മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റംവേണമെന്ന നിലപാടെടുത്തു. എന്നാൽ ഇത് സംബന്ധിച്ചൊരു സൂചനയും രമേശിന് ഹൈക്കമാൻഡ് നൽകിയില്ല.

എന്നാൽ ദിവസങ്ങൾ പോകവെ കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയപ്പോൾ രമേശ് എംഎ‍ൽഎ. സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചു. അത് ആത്മഹത്യാപരമാണെന്നും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും തിരിച്ചറിഞ്ഞ് അദേഹം പിന്തിരിയുകയായിരുന്നു.ഏതായാലും ഹൈക്കമൻഡ് ഒടുവിൽ മുറിവുണക്കാൻ ഇടപെട്ടിരിക്കുകയാണ്.

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുമോ?

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വലിയ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃത്വസ്ഥാനവും യു ഡി എഫ് ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു. പിന്നീടാണ് ഉമ്മൻ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിക്കുന്നതും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നതും. ഇതുപോലെ ചെന്നിത്തലയേയും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനാണ് ഹൈക്കമാൻഡിന് താത്പര്യം.കേരളത്തിൽ നിന്ന് രാഹുൽഗാന്ധിയേയും കൂട്ടി നാല് പേരാണ് പ്രവർത്തകസമിതിയിലുള്ളത്. വയനാട്ടിൽ നിന്നുള്ള എം പി എന്ന നിലയ്ക്കാണ് രാഹുൽ ഗാന്ധിയെ കേരളത്തിൽ നിന്നുള്ള ആളായി കണക്കാക്കുന്നത്. രമേശ് ചെന്നിത്തലയെ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിൽ നിന്നുള്ള വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. അത്തരം ഒരു നീക്കം ഹൈക്കമാൻഡ് നടത്തില്ലെന്നാണ് വിവരം.

ഇതോടെ രമേശ് ചെന്നിത്തലയെ പ്രവർത്തക സമിതിയിലേക്ക് എടുക്കുന്ന സ്ഥിതി വന്നാൽ, കേരളത്തിൽ നിന്ന് മറ്റൊരാളെ ഒഴിവാക്കേണ്ടി വരും എന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ അത് ഉമ്മൻ ചാണ്ടി ആകാനാണ് സാദ്ധ്യത കൂടുതൽ. എ കെ ആന്റണിയും കെ സി വേണുഗോപാലും പ്രവർത്തക സമിതിയിൽ തുടരും.രമേശ് ചെന്നിത്തലയെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയാൽ, കേരളത്തിൽ കോൺഗ്രസിന്റെ സമവാക്യങ്ങൾ തന്നെ മാറിമറിയും. ഏതായാലും രാഹുലിന്റെ മനസ്ലിൽ എന്തെന്ന് വൈകാതെ അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP