Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂലിക്കുറവ് കാരണം പച്ചമീൻ വാങ്ങാതെ ഉണക്കമീനാണ് വാങ്ങിക്കുന്നത്; തേയില നുള്ളുന്നതിന് 400 രൂപയെങ്കിലും കിട്ടാതെ എങ്ങനെ ജീവിക്കും? വീട് വയ്ക്കാനോ കുട്ടികളുടെ പഠിപ്പിനോ ആരുംസഹായിക്കുന്നില്ല; പരാതികളും പരിഭവങ്ങളും ഏറെയുണ്ടെങ്കിലും രാഹുലിന്റെ വരവിനെ തൊഴിലാളികൾ കാണുന്നത് പ്രതീക്ഷയോടെ; ഒരുദിവസം വയനാടിന് വേണ്ടി മാറ്റി വച്ച് വീണ്ടും വരുമ്പോൾ നഗരങ്ങളിൽ ചെന്ന് വാചകമടിക്കാതെ വയനാട്ടിലെ ഈ പച്ചയായ ജീവിതങ്ങൾ പോയി കാണുമോ രാഹുൽ

കൂലിക്കുറവ് കാരണം പച്ചമീൻ വാങ്ങാതെ ഉണക്കമീനാണ് വാങ്ങിക്കുന്നത്; തേയില നുള്ളുന്നതിന് 400 രൂപയെങ്കിലും കിട്ടാതെ എങ്ങനെ ജീവിക്കും? വീട് വയ്ക്കാനോ കുട്ടികളുടെ പഠിപ്പിനോ ആരുംസഹായിക്കുന്നില്ല; പരാതികളും പരിഭവങ്ങളും ഏറെയുണ്ടെങ്കിലും രാഹുലിന്റെ വരവിനെ തൊഴിലാളികൾ കാണുന്നത് പ്രതീക്ഷയോടെ; ഒരുദിവസം വയനാടിന് വേണ്ടി മാറ്റി വച്ച് വീണ്ടും വരുമ്പോൾ നഗരങ്ങളിൽ ചെന്ന് വാചകമടിക്കാതെ വയനാട്ടിലെ ഈ പച്ചയായ ജീവിതങ്ങൾ പോയി കാണുമോ രാഹുൽ

മറുനാടൻ ഡെസ്‌ക്‌

വയനാട്: മറക്കാറായിട്ടില്ല കൽപ്പറ്റയിലെ റോഡ് ഷോ. പ്രിയങ്കയ്‌ക്കൊപ്പം പത്രിക നൽകാൻ വയനാടൻ ചുരം കയറിയ രാഹുൽ വീണ്ടും വരികയാണ് ഈ മാസം 17 ന് തന്റെ രണ്ടാം മണ്ഡലത്തിലേക്ക. വിവിഐപി സ്ഥാനാർത്ഥി ആയതുകൊണ്ട് തന്നെ മറ്റുസ്ഥാനാർത്ഥികളെ പോലെ എപ്പോഴും വന്നുപോകാനും കഴിയില്ല. ഏറെ മുന്നേറാനുണ്ട് വയനാടിന്. കുറിച്യ സമുദായത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് ജയിച്ചുകയറിയ ശ്രീധന്യ സുരേഷ് അത്ഭുതമാകുന്നതും മറ്റൊന്നും കൊണ്ടല്ല. ഇല്ലായ്മകളിൽ നിന്ന് കെട്ടിപ്പൊക്കിയ വിജയമാണത്. ആദിവാസി പ്രശ്‌നങ്ങൾ, കാർഷിക മേഖലയുടെ ഉണർവ്, പ്രളയപുനരധിവാസം, വികസനം അങ്ങനെ പരിഹാരം കാത്ത് എത്ര വിഷയങ്ങൾ. അമേഠിയിൽ ജയിച്ചുകയറിയാൽ വയനാടിനെ കൈവിടുമോയെന്ന ആശങ്ക മാറ്റി നിർത്തിയാൽ തികഞ്ഞ പ്രതീക്ഷയോടെയാണ് നാട്ടുകാർ രാഹുലിന്റെ വരവിനെ കാണുന്നത്.

റോഡ് ഷോകൾക്കപ്പുറം

17-ന് എത്തുമ്പോൾ മണ്ഡലത്തിൽ പൂർണമായി ചെലവഴിക്കാനാണ് രാഹുൽ ലക്ഷ്യമിടുന്നത്. വിവിധകേന്ദ്രങ്ങളിൽ പ്രചാരണയോഗങ്ങളിൽ സംസാരിക്കും. വയനാട് ജില്ലയിൽ സുൽത്താൻബത്തേരിയിലാവും അദ്ദേഹത്തിന്റെ പൊതുയോഗം. തിരുനെല്ലിക്ഷേത്രവും അദ്ദേഹം സന്ദർശിച്ചേക്കും. കഴിഞ്ഞതവണ ക്ഷേത്രദർശനത്തിന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും എസ്‌പി.ജി. അനുമതി നൽകിയിരുന്നില്ല. മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാമണ്ഡലങ്ങളിൽ നാലിടത്താവും അദ്ദേഹം എത്തുക.

സഹോദരന് വോട്ടുതേടാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി രണ്ടുദിവസം വയനാട് മണ്ഡലത്തിൽ ചെലവഴിക്കും. 20, 21 തീയതികളിലാവും പ്രിയങ്ക എത്തുക. വയനാട് ജില്ലയിൽ മാനന്തവാടിയിലും മലപ്പുറത്തെ ഏറനാടും അവർ പ്രസംഗിക്കും. രാഹുൽ എത്താത്ത സ്ഥലങ്ങളിലാവും പ്രിയങ്കയെത്തുക. ആദിവാസികോളനികൾ സന്ദർശിക്കുന്ന അവർ വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങി വിവിധ തുറകളിലുള്ളവരുമായി സംവദിക്കും. രണ്ടുപേരുടെയും പരിപാടികൾക്ക് എ.ഐ.സി.സി. അന്തിമരൂപം നൽകിയിട്ടില്ല.

രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിക്കാൻ മുതിർന്ന സംസ്ഥാന നേതാക്കളും എംഎ‍ൽഎ.മാരും ബൂത്തുകളിൽ പര്യടനം തുടങ്ങി. സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിക്ക് പകരമായാണിത്. സാധാരണ തിരഞ്ഞെടുപ്പിൽ നടക്കാറുള്ള സ്വാഭാവികമായ കാര്യങ്ങൾക്കപ്പുറം ശേഷം എന്തുണ്ട് കൈയിൽ എന്നാണ് വയനാട്ടിലെ ആദിവാസികളും തോട്ടം തൊഴിലാളികളും കർഷകരും ഒക്കെ ഉറ്റുനോക്കുന്നത്.

തകർന്നുപോയ തോട്ടം മേഖല

തോട്ടം തൊഴിലാളികളെ ഏറ്റവുമധികം അലട്ടുന്നത് തീർച്ചയായും കൂലിപ്രശ്‌നം തന്നെ. രാഹുലിന്റെ വരവിനെ കാണുന്നതും തങ്ങളുടെ കൂലിവർദ്ധന പോലെയുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്. തേയില തോട്ടങ്ങളിൽ 27 കിലോയാണ് ഒരു തൊഴിലാളി നുള്ളിയെടുക്കേണ്ടത്. 332 രൂപയാണ് കൂലി. രണ്ടുമാസത്തേക്ക് 50 രൂപ കൂട്ടിക്കിട്ടി. ഇതുസ്ഥിരമാകുമോ. അതോ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പറ്റിക്കുമോ എന്നൊക്കെയാണ് അറിയേണ്ടത് അവർക്ക്. 400 രൂപയെങ്കിലും കിട്ടണം. അതുപരിഗണിക്കുന്ന സ്ഥാനാർത്ഥിക്ക വോട്ടു ചെയ്യും.

ചിലർ നെഹ്‌റുകുടുംബത്തിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ രാഹുലിന് വോട്ടു ചെയ്യുമെന്ന് പറയുന്നു. എന്നിരുന്നാലും തങ്ങളുടെ ജീവിത നിലവാരം ആരുയർത്തുന്നുവോ അവർക്ക് വോട്ട് ചെയ്യും എന്നാണ് സ്ത്രീ തൊഴിലാളികൾ ഏറെയും പറയുന്നത്. കിട്ടുന്ന കൂലി പച്ചപത്തി വാങ്ങാൻ പോലും തികയുന്നില്ല. അതുകൊണ്ട് ഉണക്കമീൻ വാങ്ങിയാണ് ഊണുകഴിക്കുന്നത്. ഇതൊക്കെ അറിയണമെങ്കിൽ രാഹുൽ താഴേതട്ടിലേക്ക് ഇറങ്ങണം. തോട്ടങ്ങളിലേക്കിറങ്ങണം. പ്രശനങ്ങൾ അറിയണം. തങ്ങൾക്കായി വീടുവയ്ക്കാനുള്ള പദ്ധതി, കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം ഇക്കാര്യങ്ങളിലൊന്നും മാറിമാറി വരുന്ന സർക്കാരുകൾക്ക് ശ്രദ്ധയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. പ്രളയം കൂടി വന്നതോടെ എല്ലാം താറുമാറായി. ഒരുവർഷം പിന്നിടുന്നു. ഇനിയും കരകയറ്റാൻ പ്രത്യേക പദ്ധതികളില്ല.

ആത്മഹത്യാമുനമ്പിലായ കർഷകർ

ഒരുകാലത്ത് കർഷക ആത്മഹത്യകൾ കൊണ്ട് ശ്രദ്ധേയമായ സ്ഥലമായിരുന്നു വയനാട്. ഇവിടുത്തെ കർഷക ആത്മഹത്യകൾ കണ്ടാണ് യുപിഎ സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളിയ തീരുമാനത്തിലേക്ക് വരെ എത്തിയത്. പഴയകാലത്തേതു പോലെ കുരുമുളകിന്റെയും കാപ്പിയുടെയും സ്വന്തം നാടായിരുന്നു വയനാട്. എന്നാൽ, ഇന്ന് സ്ഥിതി മാറി, ടൂറിസം രംഗത്തേക്ക് ചുവടു വെച്ചവർ അനവധിയാണ്.

എം ഐ ഷാനവാസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ആദ്യം വിജയിക്കാൻ കാരണമായതും കാർഷകരുടെ സഹായം കൊണ്ടായിരുന്നു. പല സാമ്പത്തിക പ്രതിസന്ധികൾ മൂലം കാർഷിക മേഖലയും കർഷകരും തകർന്നിരിക്കുന്ന സമയത്ത് ഒന്നാം യുപിഎ സർക്കാർ കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളാൻ തീരുമാനിച്ചത്. ഇത് വോട്ടാക്കി മാറ്റാനും സാധിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസമായി മന്മോഹൻ സിങ് സർക്കാർ കൊണ്ടുവന്ന സമ്പൂർണ്ണ തൊഴിലുറപ്പ് പദ്ധതി ഗുണകരമായി ഭവിച്ചതും വയനാട് ജില്ലയിൽ തന്നെയായിരുന്നു.

രാഹുൽ എത്തുമ്പോൾ എളുപ്പം പരിഹരിക്കുമെന്ന് വയനാട്ടുകാർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രികാല യാത്രാ നിരോധനമാണ്.
കർണാടകത്തിൽ കോൺഗ്രസ് - ദൾ സർക്കാർ ഭരിക്കുമ്പോൾ രാഹുലിന് ഇക്കാര്യം എളുപ്പത്തിൽ നടപ്പിലാക്കാമെന്ന് കരുതുന്നവർ ഏറെയാണ്. ആരോഗ്യ മേഖലയാണ് വയനാടിനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നം. ഒരു മെഡിക്കൽ കോളേജ് ഇല്ലാത്ത നാട്ടിൽ എയിംസ് അടക്കം കൊണ്ടുവരാൻ ഒരുപക്ഷേ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.

പ്രളയാനന്തര വയനാട് ആകെ തകർന്നിരിക്കുകയാണ്. രാത്രിയാത്രാ നിരോധനം നീക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. നഞ്ചൻകോട് നിലമ്പൂർ റെയിൽപാത ഇപ്പോഴും യാഥാർത്ഥ്യമായില്ല. ഇങ്ങനെ ഏറെ മുന്നേറാൻ കാത്തിരിക്കുന്ന പ്രദേശത്തിന്റെ രക്ഷകനാകാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. എന്തായാലും ഇതൊരു സുവർണാവസരം തന്നെയാണെന്ന് വയനാട്ടുകാർ ഒരേസ്വരത്തിൽ തന്നെ പറയുന്നു.

മണ്ഡലം യുഡിഎഫ് കോട്ട

2009 ൽ മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് കോട്ടയായിരുന്നു വയനാട്. മണ്ഡലം നിലവിൽ വന്നതിന് ശേഷം കന്നിമത്സരത്തിൽ എം ഐ ഷാനവാസ് ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. 2014 ൽ ഭൂരിപക്ഷം 20, 870 കുറഞ്ഞത് യുഡിഎഫ് കേന്ദ്രങ്ങളെ ചെറുതൊന്നുമല്ല ആശങ്ക പെടുന്നത്. 10 വർഷത്തോളം മണ്ഡലത്തെ പ്രതിനിധാനം ചെയ്തെങ്കിലും എംപി ഇടപെടൽ പരാജയമായിരുന്നുവെന്ന് ഇടത് കേന്ദ്രങ്ങൾ ആരോപിക്കുന്നു.

രണ്ടാം തവണ മത്സരിച്ചപ്പോൾ ഷാനവാസിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചതുമില്ല. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായി പരന്നുകിടക്കുകയാണു വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

കൽപറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലക്ക് ലഭിച്ച ലോട്ടറിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. രാഹുൽ മത്സരിക്കുന്നത്് എന്തൊക്കെ എതിർപ്പ് പറഞ്ഞാലും വയനാട്ടുകാർക്കും കേരളീയർക്കും തീരുമാനത്തെ പോസീറ്റീവായി കാണാൻ ഏറെ കാര്യങ്ങളുണ്ട്. പൊതുവേ പ്രധാനമന്ത്രി സ്ഥാനാർത്ഥിമാരുടെ മണ്ഡലം ഉത്തരേന്ത്യയാണ്. ഇതിൽ നിന്നും വ്യത്യസ്തമായാണ് രാഹുൽ പിന്നോക്ക മേഖലയിലെ മണ്ഡലം തിരഞ്ഞെടുക്കുന്നത്. രാഹുലിന്റെ പേര് ചർച്ച ചെയ്തു തുടങ്ങിയപ്പോൾ മുതൽ മണ്ഡലത്തെ കുറിച്ചുള്ള ചർച്ചകൾ ദേശീയ തലത്തിലായി. ഇത് ടൂറിസം രംഗത്തിന് അടക്കം ഗുണം ചെയ്യും. കേരളത്തിലെ ഏറ്റവും പിന്നാക്കമായ, ആദിവാസികൾ ഏറെയുള്ള വയനാട് പോലെയുള്ള ഒരു ജില്ലയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കുന്നതിൽ ഒരു ഐക്യപ്പെടൽ കൂടിയാണ്. കിട്ടിയ അവസരം ഉപയോഗിച്ചാൽ വയനാടിന്റെ പൊതുചിത്രം മാറി മറിഞ്ഞേക്കും.

ദക്ഷിണേന്ത്യയിലെ മൂന്നുംകൂടിയ കവലയാണു വയനാട്. മുത്തങ്ങയ്ക്കടുത്തു വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്നിടത്തു ട്രൈജംക്ഷൻ എന്ന പേരിൽ ഒരു സ്ഥലം തന്നെയുണ്ട്. 2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 3 ജില്ലകളിൽ പരന്നുകിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയിൽ തരംഗം തീർക്കാൻ പറ്റിയ മണ്ഡലമാണ് വയനാട്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. എന്നാൽ, റോഡ് ഷോകൾക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതപ്രശ്‌നങ്ങൾ തിരിച്ചറിയുകയാണ് കോൺഗ്രസ് അദ്ധ്യക്ഷനെന്ന നിലയിൽ രാഹുൽ ചെയ്യേണ്ടത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് പറഞ്ഞ മഹാത്മാവിനെയും ഓർക്കാം രാഹുലിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP