Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എകെജി സെന്ററിൽ പടക്കം എറിഞ്ഞെങ്കിലും രാഹുലിന്റെ വരവ് പരമാവധി ആവേശമാക്കി മാറ്റി യുഡിഎഫ്; വയാനാട്ടിലെ റാലിയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ; ബഫർസോണിൽ കടന്നാക്രമണവും ഓഫീസ് ആക്രമിച്ചവരോട് പൊറുത്തും കോൺഗ്രസ് നേതാവിന്റെ മണ്ഡല പര്യടനം; രാഹുൽ തിരിച്ചടിക്കുന്നത് രാഷ്ട്രീയ മര്യാദകൾ പാലിച്ച്

എകെജി സെന്ററിൽ പടക്കം എറിഞ്ഞെങ്കിലും രാഹുലിന്റെ വരവ് പരമാവധി ആവേശമാക്കി മാറ്റി യുഡിഎഫ്; വയാനാട്ടിലെ റാലിയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ; ബഫർസോണിൽ കടന്നാക്രമണവും ഓഫീസ് ആക്രമിച്ചവരോട് പൊറുത്തും കോൺഗ്രസ് നേതാവിന്റെ മണ്ഡല പര്യടനം; രാഹുൽ തിരിച്ചടിക്കുന്നത് രാഷ്ട്രീയ മര്യാദകൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വിമാനം ഇറങ്ങുന്നത് ചാനലുകളിൽ വാർത്ത ആകാതിരിക്കാൻ കാരണമായത് സിപിഎമ്മിന്റെ എകെജി സെന്റർ ആക്രമണമാണ്. ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്ത് ബോംബ് ആക്രമണമുണ്ടായെന്നും പ്രതി ഉടൻ കുടുങ്ങുമെന്നുമുള്ള വാർത്തകളായിരുന്നു ആ സമയം ചർച്ചയിൽ നിറഞ്ഞത്. എന്നാൽ ഇതിന് സിപിഎം ഗൂഢാലോചനയെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധം തീർത്തു. ഉച്ച കഴിഞ്ഞ എസ് എഫ് ഐക്കാർ ആക്രമിച്ച ഓഫീസിൽ രാഹുൽ ഗാന്ധി എത്തി. അക്രമിച്ചവരോട് തനിക്ക് പ്രതികാരമില്ലെന്ന് രാഹുൽ പ്രഖ്യാപിച്ചു. അങ്ങനെ രാഹുൽ മാധ്യമങ്ങളിലേക്ക് എത്തി. അപ്പോഴും എകെജി സെന്ററിലെ പ്രതിയെ കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പൊലീസിന് ആയില്ല. ഇതോടെ വയനാടൻ ആവേശം വീണ്ടും ചർച്ചകളിലേക്ക് എത്തി.

രാഹുൽ എത്തിയത് യുഡിഎഫ് ഏറെ ആവേശകരമാക്കി മാറ്റി. ബഫർസോണും സിപിഎം ആക്രമണവും കോൺഗ്രസ് ചർച്ചകളിൽ നിറച്ചു. ജനവാസമേഖലകളെ കരുതൽമേഖലയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് രാഹുൽഗാന്ധി എംപി. പറഞ്ഞു. കരുതൽമേഖല വിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നയങ്ങൾക്കെതിരേ ബത്തേരിയിൽ യു.ഡി.എഫ്. സംഘടിപ്പിച്ച പടുകൂറ്റൻ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം വയനാട് വന്യജീവി സങ്കേതത്തിന്റെ പരിസരപ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയാക്കാൻ നിർദ്ദേശം വന്നപ്പോൾ ജനങ്ങളുടെ ആശങ്ക പരിഗണിക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 2019-ൽ കേരള മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വിധി. സുപ്രീംകോടതി വിധി വന്നപ്പോൾ അടിയന്തരനടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് ഒരു മാസമായെങ്കിലും എന്തെങ്കിലും നടപടി സ്വീകരിച്ചതായി ഒരു മറുപടിയും കിട്ടിയിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. എന്നാൽ കത്തയച്ചുവെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികരിച്ചു. രാഹുലിന്റെ വയനാടൻ സന്ദർശനത്തിലെ ആവേശം തിരിച്ചറിഞ്ഞായിരുന്നു ഇതും.

ജനവാസമേഖലകളെ കരുതൽമേഖലയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നതാണ് യു.ഡി.എഫ്. നിലപാട്. എൽ.ഡി.എഫും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എന്റെ ഓഫീസ് ആക്രമിച്ചതുകൊണ്ട് ഒരു കാര്യത്തിലും മാറ്റമുണ്ടാവില്ല. കരുതൽമേഖല വിഷയത്തിൽ പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. അദ്ദേഹം ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണം. അക്രമത്തിൽ ഞങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് സമാധാനപരമായിത്തന്നെ നരേന്ദ്ര മോദിയുടെയും കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിന്റെയും തെറ്റായ നടപടികളെ നേരിടും -രാഹുൽഗാന്ധി പറഞ്ഞു.

ഇഡി ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്ന് ബിജെപി കരുതുന്നു. ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. എന്നാൽ എന്റെ നിലപാട് മാറ്റാമെന്ന് ആരും കരുതേണ്ടെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ആദ്യം പറഞ്ഞത്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.പി.എ. കരീം അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.കെ. മുനീർ എം. എൽ.എ., ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും വയനാട് എത്തിയിരുന്നു.

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24 നാണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫർസോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുതകർത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകൾ എസ്എഫ്‌ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP