Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ! നിലമ്പൂരിൽ സിപിഎം പ്രതീക്ഷ ഈ രജനി ഡയലോഗിൽ; സ്വർണ്ണ ഖനനത്തിന് ആഫ്രിക്കയിൽ പോയ നേതാവിന്റെ വാക്ക് വിശ്വസിച്ച് സ്ഥാനാർത്ഥി നിർണ്ണയം; നിലമ്പൂരിനെ ഇടത് കോട്ടയാക്കാൻ അൻവർ എത്തുമെന്ന പ്രതീക്ഷിൽ ഇടതുപക്ഷം; സിറ്റിങ് എംഎൽഎ ആറിന് സിയറാ ലിയോണിൽ നിന്ന് മടങ്ങും

ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ! നിലമ്പൂരിൽ സിപിഎം പ്രതീക്ഷ ഈ രജനി ഡയലോഗിൽ; സ്വർണ്ണ ഖനനത്തിന് ആഫ്രിക്കയിൽ പോയ നേതാവിന്റെ വാക്ക് വിശ്വസിച്ച് സ്ഥാനാർത്ഥി നിർണ്ണയം; നിലമ്പൂരിനെ ഇടത് കോട്ടയാക്കാൻ അൻവർ എത്തുമെന്ന പ്രതീക്ഷിൽ ഇടതുപക്ഷം; സിറ്റിങ് എംഎൽഎ ആറിന് സിയറാ ലിയോണിൽ നിന്ന് മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പിവി അൻവർ എംഎൽഎ കാത്ത് സിപിഎം. നിലമ്പൂരിൽ പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് സിപിഎം. ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവറിന്റെ പേരു മാത്രമാണ് ചർച്ചയ്‌ക്കെത്തിയത്. സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ നിലമ്പൂരിൽ ജയിച്ചത്. ഇത്തവണയും അൻവറിന് മേൽകൈ കിട്ടുമെന്നാണ് സിപിഎം പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 754 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മണ്ഡലം നിലനിർത്താൻ അൻവർ തന്നെ മത്സരിക്കണമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ.

കഴിഞ്ഞ 2 മാസത്തിലേറെയായി നാട്ടിൽ ഇല്ലാത്ത അൻവർ ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ്. നിർണായക സമയത്തെ അസാന്നിധ്യം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കു വഴിയൊരുക്കിയെങ്കിലും പകരംവയ്ക്കാൻ അവിടെ മറ്റൊരാളില്ലെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.സിപിഎം തീരുമാനം എടുത്തെങ്കിലും ആഫ്രിക്കയിൽനിന്നുള്ള അൻവറിന്റെ മടങ്ങിവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൃത്യമായ മറുപടി നൽകാൻ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാലും ക്വാറന്റീൻ കഴിഞ്ഞേ പ്രചാരണത്തിന് ഇറങ്ങാൻ കഴിയൂ. നാമനിർദേശ പത്രിക ഓൺലൈൻ വഴി സമർപ്പിക്കാം. ഇതിന് അൻവർ എത്തുമെന്ന് തന്നെയാണ് സിപിഎം കണക്കുകൂട്ടൽ.

ലേറ്റായി വന്താലും ലേറ്റസ്റ്റായി താൻ വരുവേൻ.. എന്ന രജനികാന്തിന്റെ സിനിമാ ഡയലോഗാണ് ഇപ്പോൾ നിലമ്പൂരിൽ നിറയുന്നത്. എന്തു വന്നാലും അൻവർ എത്തുമെന്നാണ് പ്രതീക്ഷ. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നയിച്ച വികസന മുന്നേറ്റ യാത്ര നിലമ്പൂരിൽ എത്തിയപ്പോൾ അൻവറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മടങ്ങിവരാതായതോടെ പാർട്ടി വീണ്ടും പ്രതിരോധത്തിലായി. ഈ മാസം 6ന് മുൻപ് നാട്ടിലേക്കു തിരിക്കുമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ടെന്നാണ് പഴ്‌സനൽ സ്റ്റാഫ് പറയുന്നത്. ഇതാണ് സിപിഎ വിശ്വസിക്കുന്നതും.

ആഫ്രിക്കയിൽ നിന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഈ ആഴ്ച തന്നെ തിരിച്ചെത്തും എന്ന് സിപിഎമ്മും പറയുന്നു. പാർട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അൻവർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പ്രതികരിച്ചത്. ആഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അൻവർ വിശദീകരിച്ചിരുന്നു. എന്നാൽ അൻവർ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികൾ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ഫേസ്‌ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ മറുപടി നൽകുകയാണ് എംഎൽഎ. ചെയ്തത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവർ മണ്ഡലത്തിൽ തിരിച്ചെത്താത്തത് ചർച്ചയായിരുന്നു. അൻവർ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. എന്നാൽ താൻ സിയറാ ലിയോണിൽ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാർത്ഥം എത്തിയതാണെന്നും കാണിച്ച് എംഎൽഎ. സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും നിലമ്പൂർ എംഎൽഎയെ ആരും കണ്ടില്ല. ഇതാണ് വിവാദങ്ങൾക്ക് കാരണം.

സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിൽ അൻവർ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. മണ്ഡലത്തിലെ അസാന്നിധ്യം ചർച്ചയാകാതിരിക്കാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് എംഎൽഎ. പിണറായി വിജയൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളും പി.സി.ജോർജ്, ഷാഫി പറമ്പിൽ എന്നിവർക്കെതിരെയുള്ള വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന്റെ ഫേസ്‌ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകൾ എംഎൽഎയുടെ ഓഫിസിലെ ജീവനക്കാരുടെ 'പണി' ആണെന്നും 10 ദിവസമായി എംഎൽഎയുമായി ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. മാധ്യമ പ്രവർത്തകരിൽ ചിലർ എംഎൽഎയെ വാട്സാപിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പി.വി.അൻവറിനെ ഫോണിലൂടെയോ വാട്സാപിലൂടെയോ ബന്ധപ്പെടാൻ പ്രയാസമാണെന്നാണ് എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ പറയുന്നത്. അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ സ്റ്റാഫുമായും ബന്ധപ്പെടുന്നത്. ഇന്ത്യൻ സമയത്തേക്കാൾ 6 മണിക്കൂർ പിന്നിലാണ് അവിടുത്തെ പ്രാദേശിക സമയം.

മാർച്ച് ഒന്നിനു രാവിലെ എംഎൽഎ വിളിച്ചിരുന്നെന്നും ഈ മാസം ആറിന് മുൻപായി നാട്ടിലേക്കു തിരിക്കുമെന്നുമാണ് അറിയിച്ചതെന്നും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞു. മാർച്ച് ആറിനുശേഷം പിന്നെ പതിനൊന്നാം തീയതിയാണു സിയറ ലിയോണിൽ നിന്നു വിമാന സർവീസുള്ളത്. സിയറ ലിയോണിൽ നിന്നു നേരെ ഫ്രാൻസിലേക്കാണു വിമാന സർവീസ്. തിരിച്ചെത്തിയാലും പി.വി.അൻവർ പ്രചാരണത്തിന് ഇറങ്ങാൻ വൈകും. ഈയാഴ്ച അവസാനം നാട്ടിൽ തിരിച്ചെത്താനായാലും 14 ദിവസത്തെ ക്വാറന്റീൻ എന്ന വെല്ലുവിളിയാണ് അൻവറിനു മുൻപിലുള്ളത്. അതിനുശേഷം മാർച്ച് 21ന് മാത്രമേ പരസ്യ പ്രചാരണത്തിനായി ഇറങ്ങാനാകൂ.

മാർച്ച് 19 ആണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. ഓൺലൈൻ വഴി പത്രിക സമർപ്പിക്കാൻ അവസരമുള്ളതിനാൽ ഇക്കാര്യത്തിൽ പ്രതിസന്ധിയുണ്ടാകില്ല. അതിനിടെ അൻവറിനെ മാറ്റി മറ്റൊരാളെ നിലമ്പൂരിൽ മത്സരത്തിനിറക്കാൻ സിപിഎമ്മിൽ ആലോചനകൾ സജീവമാണ്. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, മുൻ ജില്ലാ പഞ്ചായത്ത് അംഗം വി എം.ഷൗക്കത്ത് എന്നിവരെയാണു സാധ്യതാ പട്ടികയിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP