Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ച് ഡയലോഗുകൾ അടിക്കുന്ന കെ.എം.ഷാജിയെ കാണാനില്ല; യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവ്വറലി തങ്ങളിന്റെയും പി.കെ.ഫിറോസിന്റെയും പൊടിപോലുമില്ല; തിരുത്തൽ ശക്തിയാവേണ്ട യൂത്ത് ലീഗ് നേതാക്കൾക്ക് എസി മുറിയിൽ മുതിർന്ന നേതാക്കളുടെ പുറം ചൊറിയാൻ മാത്രം താൽപര്യമെന്ന് അടക്കി പിടിച്ച ചർച്ച; എസ്ഡിപിഐയുമായുള്ള ചർച്ചയും വെൽഫയർ പാർട്ടിയുടെയും പിന്തുണയും: മുസ്ലിം ലീഗ് പ്രവർത്തകരുടെ മുറുമുറുപ്പ് പൊട്ടിത്തെറിയായി മാറുന്നു

പഞ്ച് ഡയലോഗുകൾ അടിക്കുന്ന കെ.എം.ഷാജിയെ കാണാനില്ല; യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവ്വറലി തങ്ങളിന്റെയും പി.കെ.ഫിറോസിന്റെയും പൊടിപോലുമില്ല; തിരുത്തൽ ശക്തിയാവേണ്ട യൂത്ത് ലീഗ് നേതാക്കൾക്ക് എസി മുറിയിൽ മുതിർന്ന നേതാക്കളുടെ പുറം ചൊറിയാൻ മാത്രം താൽപര്യമെന്ന് അടക്കി പിടിച്ച ചർച്ച; എസ്ഡിപിഐയുമായുള്ള ചർച്ചയും വെൽഫയർ പാർട്ടിയുടെയും പിന്തുണയും: മുസ്ലിം ലീഗ് പ്രവർത്തകരുടെ മുറുമുറുപ്പ് പൊട്ടിത്തെറിയായി മാറുന്നു

ടി.പി.ഹബീബ്

കോഴിക്കോട്: വടകര ലോക്‌സഭയിൽ നിയോജക മണ്ഡലം തല യു.ഡി.എഫ്.കൺവൻഷൻ നടക്കുന്നു. സ്ഥലം പേരാമ്പ്ര. ആരും ക്ഷണിക്കാതെ അതിഥിയായി വെൽഫയർ പാർട്ടിയുടെ നേതാവ് സ്ഥലത്തെത്തി. വെൽഫയർ പാർട്ടിയുടെ നേതാവ് വന്നതിന്റെ സന്തോഷത്തിലായിരുന്നു ചില യു.ഡി.എഫിന്റെ പ്രാദേശിക നേതാക്കൾ. അവർ വേഗം നേതാവിനെ അടുത്ത് വിളിച്ചിരുത്തി.സ്റ്റേജിൽ കയറിയിരിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് വിഷയം കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നിലെത്തുന്നത്. ഘടകകക്ഷികളൊന്നും അല്ലല്ലോ, വെൽഫയർ പാർട്ടിയെ മാറ്റി നിർത്തൂ....മുല്ലപ്പള്ളിയുടെ നിലപാടിൽ സന്തോഷിച്ച നിരവധി ലീഗ് പ്രവർത്തകരെ വടകരയിൽ കാണാം.

വെൽഫയർ പാർട്ടിയുടെ പിന്തുണയും എസ്.ഡി.പി.ഐ.യുമായി ലീഗ് നടത്തിയ ചർച്ചയും ലീഗ് പ്രവർത്തകരിലുണ്ടാക്കിയ അലോസരം ചില്ലറയൊന്നുമല്ല. ലീഗിന്റെ മതേതരത്വമുഖത്തിനേറ്റ കനത്ത അടിയായിരുന്നു രണ്ട് സംഭവങ്ങളുമെന്ന് ലീഗ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. രണ്ട് പാർട്ടികളോടും പോണാൽ പോകട്ടും പോടാ എന്ന് പറയാനുള്ള ശക്തി ലീഗിൽ ഇല്ലാതെ പോയോ എന്ന പ്രയാസം ലീഗിന്റെ അടിത്തട്ടിലെ നേതാക്കൾക്ക് ഇപ്പോൾ നല്ല പോലെയുണ്ട്.

എസ്.ഡി.പി.ഐ.ചർച്ച ഇ.ടി.മുഹമ്മദ് ബഷീറിനെ കുരുക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കേന്ദ്രങ്ങൾ നടത്തിയ ആസുത്രിത നീക്കമാണെന്ന് ലീഗിൽ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് വ്യക്തമായ കാര്യമാണ്. നിലപാട് കൊണ്ടും പാർലമെന്റിലെ പ്രവർത്തന മികവ് കൊണ്ടും നല്ല വോട്ട് ലഭിക്കുന്ന സ്ഥാനത്താണ് ലഭിക്കുമായിരുന്ന മതേതര വോട്ടുകൾ എസ്.ഡി.പി.ഐ.യുമായി നടത്തിയ ചർച്ചയിലൂടെ ഇപ്പോൾ കളഞ്ഞ് കുളിച്ചത്. വൻ തോതിൽ സമ്പത്ത് വർധിച്ചതായുള്ള കണക്കുകൾ പോലും ഇ.ടി.യുടെ എഫ്.ബി.പേജിലെ മറുപടിയിൽ എതിരാളികൾ തളർന്ന് പോകുന്ന കാഴ്ചയാണ് കണ്ടത്. പി.വി.അൻവറിന്റെ കളങ്കിത ഇമേജ് ഇ.ടി.ക്ക് നല്ല പോലെ ഗുണം ചെയ്യുന്ന ഘട്ടത്തിലാണ് എസ്.ഡി.പി.ഐ.ചർച്ച തലവേദനയായത്.

മറുഭാഗത്ത് കോളേജുകളിലും പുതിയ വോട്ടർമാരിലും മലപ്പുറത്തെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി സുനീർ തരംഗമാകുന്നുവെന്നത് ലീഗ് പ്രവർത്തകർ പോലും ശരിവെക്കുന്നു. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞാൽ അത് കുഞ്ഞാപ്പയുടെ രാഷ്ട്രീയ ജീവിതത്തിൽ കുറ്റിപ്പുറത്തെ ദുരന്തത്തെക്കാൾ വലിയ ഒരു ദുരന്തമായി മാറുമെന്ന് കുഞ്ഞാപ്പക്ക് വ്യക്തമായി അറിയാം. പി.വി.അബ്ദുൽവഹാബും എം.കെ.മുനീറും കെ.എം.ഷാജിയുമൊക്കെ കരുത്തോടെ മറുചേരിയിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും.

ഗതികേട് കൊണ്ടും നിവൃത്തികേട് കൊണ്ടുമാണ് വെൽഫയർ പാർട്ടി ഇപ്രാവശ്യം യു.ഡി.എഫിനെ പിന്തുണച്ചത്. രാജ്യവ്യാപകമായി വന്ന സർവ്വെയുടെ ഫലം കേരളം യു.ഡി.എഫ് തരംഗമാകുമെന്ന അറിവും തിരിച്ചറിവും കൊണ്ടാണ് പിന്തുണ പതിച്ച് നൽകിയതെന്ന് ലീഗ് നേതാക്കൾ പറയുന്നു. മോദിയെ താഴെ ഇറക്കേണ്ട സമയത്ത് വെൽഫയർ പാർട്ടി പോലെയുള്ള സംഘടനകൾക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നത് തർക്കമില്ലാത്ത കാര്യമാണ്.

ചുരുങ്ങിയ വോട്ടിന് ജയിക്കുന്ന സ്ഥലങ്ങളിൽ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ എം.കെ.മുനീർ, കെ.എം.ഷാജി എന്നിവർ മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ നിലപാട് പറയാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ.യുടെ വോട്ട് വാങ്ങുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുകയാണെന്ന് പരസ്യമായി ഒരു പ്രാവശ്യം പറയാൻ മാത്രമാണ് മുനീറിന് നാവ് പൊങ്ങിയിട്ടുള്ളൂ. കേരളത്തിൽ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും കുട്ടിയാൽ അരലക്ഷം വോട്ട് മാത്രമുള്ള വെൽഫയർ പാർട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തത് രാഷ്ട്രീയമായി കനത്ത തിരിച്ചടി ലഭിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ തന്നെ വിശദീകരിക്കുന്നു.

തീവ്രവാദത്തിന്റെ മാസ്റ്റർ ബ്രെയിനാണ് ജമാഅത്ത് ഇസ്ലാമി എന്ന പഞ്ച് ഡയലോഗ് പത്ത് വർഷം മുമ്പ് അടിച്ചതിന്റെ പേരിൽ മാധ്യമം പത്രത്തിലും മീഡിയ വൺ ചാനലിലും കെ.എം.ഷാജിക്ക് പലപ്പോഴും വേണ്ടത്ര ഇടം ലഭിക്കാറില്ല. എന്നാൽ വെൽഫയർ പാർട്ടിയുടെ പിന്തുണയെയോ നിലപാടിനെ കുറിച്ചോ കത്തിജ്ജ്വലിക്കുന്ന പ്രഭാഷണങ്ങൾ പോലും കെ.എം.ഷാജിയും മുനീറും തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയതായി അറിവില്ല.

വേനൽ ചൂടിനേക്കാൾ കനത്ത രാഷ്ട്രീയ ചൂട് പുറത്ത് നിൽക്കുമ്പോഴും യൂത്ത് ലീഗിന്റെ പ്രസിഡണ്ട് മുനവ്വറലി തങ്ങളിനെയും പി.കെ.ഫിറോസിനെയും എവിടെയും കാണാനില്ലെന്ന് പ്രവർത്തകർ പറയുന്നു. യൂത്ത് ലീഗിന്റെ നേത്യത്വത്തിൽ നടത്തിയത് 'കെ.ടി.ജലിൽ വിരുദ്ധ യാത്ര' എന്ന പേര് ദോഷം ഇപ്പോഴും പ്രവർത്തകർക്കിടയിലുണ്ട്. ജലീലിന്റെ കൊടി വെച്ച കാർ കാണുമ്പോൾ പ്രവർത്തകർക്കിപ്പോൾ അരിശം മുഴുവൻ യൂത്ത് ലീഗ് നേതാക്കളോടാണെന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് നേതാക്കൾ താൽപര്യം കാണിക്കുന്നതെന്ന് പ്രവർത്തകരിൽ അടക്കിപ്പിടിച്ച ചർച്ചയാണ്. തിരുത്തൽ ശക്തിയായി വളർന്ന യൂത്ത് ലീഗ് നേത്യത്വം ശീതീകരിച്ച മുറിയിൽ നേതാക്കളുടെ പുറം ചൊറിയാൻ മാത്രമാണ് ഇപ്പോൾ താൽപര്യപ്പെടുന്നത്. നിലപാടുകളിൽ അശേഷം നട്ടെല്ലില്ലെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐ.ചർച്ചയെ കുറിച്ചോ വെൽഫയർ പാർട്ടിയുടെ പിന്തുണയെ കുറിച്ചോ കമ എന്ന ഒരു അക്ഷരം യൂത്ത് ലീഗ് നേതാക്കൾ ഉരിയാടാത്തതെന്ന് സങ്കടത്തോടെ ചില നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP