Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി രാജിവെക്കണമെന്ന് യൂത്ത് കോൺ​ഗ്രസും യുവമോർച്ചയും; ക്ലിഫ് ഹൗസിന് മുന്നിലും സെക്രട്ടറിയേറ്റ് നടയിലും പ്രതിഷേധം; ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷധം ശക്തമാക്കി പ്രതിപക്ഷം

മുഖ്യമന്ത്രി രാജിവെക്കണമെന്ന് യൂത്ത് കോൺ​ഗ്രസും യുവമോർച്ചയും; ക്ലിഫ് ഹൗസിന് മുന്നിലും സെക്രട്ടറിയേറ്റ് നടയിലും പ്രതിഷേധം; ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷധം ശക്തമാക്കി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾ നടക്കുന്നത്. ക്ളിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നിൽ മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ ക്ളിഫ് ഹൗസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന് മുഖ്യമന്ത്രിയും ശിവശങ്കറും കാവൽക്കാരാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ടക്കനുസരിച്ച് കോവിഡ് ടെസ്റ്റുകൾ കൂട്ടുകയും കുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സർവ്വാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവൽക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും ഇതൊരു അധോലോക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാക്കളും രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജാവ് നഗ്നനായി മാറിയെന്ന് അ​ദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണേണ്ടി വരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. എം ശിവശങ്കറിന്റെ അറസ്റ്റോടുകൂടി പിണറായി വിജയൻ പ്രതിക്കൂട്ടിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ജനവികാരം മാനിച്ച് അദ്ദേഹം രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കിയതോടുകൂടി അടുത്ത അന്വേഷണം വരാൻ പോകുന്നത് പിണറായി വിജയനിലേക്ക് തന്നെയാണ്. ഇതിന്റെ ഒന്നാംപ്രതി പിണറായി വിജയനായി മാറുകയാണ് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ തിരുത്താനുള്ള ആർജവം സിപിഎമ്മിനില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി തന്നെ മകന്റെ കേസുമായി ഉഴലുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തുടക്കം മുതൽ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പ്രിഗ്ളർ വന്നപ്പോൾ ശിവശങ്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങൾ ശിവശങ്കറിനെ മാറ്റിനിർത്തിയില്ലേയെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും'.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പീലാത്തോസിനെ പോലെ കൈ കഴുകാനാകുന്നത്. ശിവശങ്കർ മുഖ്യന്ത്രിയുടെ മനസാക്ഷി സുക്ഷിപ്പുകാരൻ. അതുകൊണ്ടാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടപ്പോഴും മാറ്റാതിരുന്നത്. നേരത്തെ പറഞ്ഞതൊന്നും ഓർമ്മയില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. സ്വപ്നയെ അറിയില്ലെന്ന് ആദ്യം പറഞ്ഞു. ഇനി ശാകുന്തളത്തിലേത് പോലെ മുദ്ര മോതിരം തെളിവായി കാണണമായിരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അടുത്തുവെന്നും ചെന്നിത്തല ആരോപിച്ചു.

താനുന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. ബെവ്ക്യു അഴിമതി, ഇ മൊബീലിറ്റി പദ്ധതി, പമ്പ മണൽക്കടത്ത് അഴിമതി എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. താൻ പറഞ്ഞത് പോകട്ടേ, മുന്നണിയിലെ രണ്ടാമത്തെ കക്ഷി സിപിഐയുടെ സംസ്ഥാന സെക്രട്ടറി നേരിട്ടും കത്തിലൂടെയും ശിവശങ്കറിനെ മാറ്റാൻ ആവശ്യപ്പെട്ടു. അന്നും തയ്യാറായില്ല. അപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയതുകൊണ്ടല്ലേ ശിവശങ്കറെ മാറ്റാതിരുന്നത് എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

മുഖ്യമന്ത്രിയെ തിരുത്താനുള്ള ആർജവം സിപിഎമ്മിനില്ല. പാർട്ടി സെക്രട്ടറി തന്നെ മകന്റെ കേസുമായി ഉഴലുകയാണ്. രണ്ട് മന്ത്രിമാർക്ക് യുഎഇ കോൺസുലേറ്റുമായി അനധികൃത ബന്ധമുണ്ടെന്ന് തെളിഞ്ഞു. കോവിഡ് പറഞ്ഞ് സമരങ്ങളെ അടിച്ചമർത്തുന്നത് ഇനി നടപ്പില്ല. പ്രതിപക്ഷം സമരം തുടരും. വരും ദിവസങ്ങളിൽ പലവിധത്തിൽ സമരം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ എം ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു. രണ്ടാഴ്‌ചത്തെ സമയമാണ് ഇ ഡി ചോദിച്ചതെങ്കിൽ കോടതി ഏഴു ദിവസം ആക്കി ചുരുക്കുകയായിരുന്നു. ഉപാദികളോടെയാണ് ശിവശങ്കറിനെ കോടതി കസ്‌റ്റഡിയിൽ വിട്ടത്. ഓരോ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും, വൈകിട്ട് ആറു മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP