Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരിഫിനെ നോട്ടമിട്ട് കോൺഗ്രസ്; വിട്ടുകൊടുക്കാതിരിക്കാൻ സിപിഎമ്മും; സുധാകരനും ആരിഫും തമ്മിലെ ഭിന്നത പിണറായി വിജയൻ പറഞ്ഞു തീർത്തു; ആലപ്പുഴയിലെ വിഭാഗീയ പ്രശ്‌നങ്ങൾക്ക് താൽകാലിക വെടിനിർത്തൽ

ആരിഫിനെ നോട്ടമിട്ട് കോൺഗ്രസ്; വിട്ടുകൊടുക്കാതിരിക്കാൻ സിപിഎമ്മും; സുധാകരനും ആരിഫും തമ്മിലെ ഭിന്നത പിണറായി വിജയൻ പറഞ്ഞു തീർത്തു; ആലപ്പുഴയിലെ വിഭാഗീയ പ്രശ്‌നങ്ങൾക്ക് താൽകാലിക വെടിനിർത്തൽ

ആലപ്പുഴ: മന്ത്രിസഭയുടെ ഭൂരിപക്ഷം ഒന്നു കുറയുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. യുഡിഎഫിലെ പലരും അങ്ങോട്ടും ഇങ്ങോട്ടും ആടി നിൽക്കുകയാണെന്നും വ്യക്തം. ഈ സാഹചര്യത്തിൽ ഇവിടെ നിന്ന് ആരേയും അങ്ങോട്ട് വിട്ടുകൊടുക്കാൻ സിപിഎമ്മും തയ്യാറല്ല. അതുകൊണ്ട് തന്നെ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരവുമായി. ജി സുധാകരനും എഎം ആരിഫ് എംഎൽഎയും തമ്മിലെ ഭിന്നതകൾ സംസ്ഥാന നേതൃത്വം ഇടപെട്ട് പറഞ്ഞു തീർത്തു. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവർക്ക് അടിക്കാൻ ഒരു അടി കിട്ടാതിരിക്കാൻ കൂടിയാണ് ഇത്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് പരിഹാരമായത്. വിഭാഗീയത ആളിക്കത്തിക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് സുധാകരനോടും ആവശ്യപ്പെട്ടു. പികെ കൃഷ്ണ പിള്ളയുടെ സ്മാരകം തകർത്തത് പാർട്ടിക്ക് ക്ഷീണമായി. ആരിഫ് പിണങ്ങിപ്പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അതുയർത്തിയാകും കോൺഗ്രസ് സിപിഎമ്മിനെ നേരിടുക. അതിനാൽ വിഭാഗീയത ആളിക്കത്തിക്കരുതെന്നും വ്യക്തമാക്കി. ആലപ്പുഴയിലെ പാർട്ടി എല്ലാ പരിഗണനയും നൽകുമെന്ന് ആരിഫിനും പിണറായി ഉറപ്പു നൽകി.

പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ജി സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സിപിഐ(എം) വിടുമെന്ന വാർത്ത അരൂർ എംഎൽഎ എ എം ആരിഫ് തള്ളി. ഇതുസംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരിഫ് പറഞ്ഞു. ജി സുധാകരനുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ജി സുധാകരനുണ്ട്. അദ്ദേഹമാണ് എന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും ആരിഫ് പറഞ്ഞു. അതേസമയം ചില യുവനേതാക്കൾക്ക് അപാകതയുണ്ടായെന്ന് സുധാകരൻ പറഞ്ഞ്. അത് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തത്. ആരിഫിനെ ശാസിച്ചിട്ടില്ല. അദ്ദേഹം പ്രാപ്തിയുള്ള നേതാവാണെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞദിവസം സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറിൽ ആരിഫ് താമസിച്ചെത്തിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് സുധാകരൻ ആരിഫിനെ ശാസിച്ചതായി വാർത്തകളുണ്ടായിരുന്നു. എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കുമെന്ന് ആരിഫ് പറഞ്ഞതായും വാർത്തകളുണ്ടായിരുന്നു. ഇതോടെ ആരിഫിനെ വലവീശിപ്പിടിക്കാൻ കോൺഗ്രസുമെത്തി. ആരിഫ് എംഎൽഎക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ വ്യക്തമാക്കുകയും ചെയ്തു.

സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന സംഘാടകസമിതി യോഗത്തിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. വാക്കേറ്റത്തിനിടെ എഎം ആരിഫ് രാജിഭീഷണി മുഴക്കി. തുടർന്ന് വ്യാഴാഴ്ച ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ ജി. സുധാകരൻ എ.എം. ആരിഫിനെതിരെ രംഗത്തു വന്നു. ആരിഫ് റിസോർട്ട് മാഫിയയുടെ ആളാണെന്നും ആരിഫിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടു. എ.എം ആരിഫ് ഇതിന് മറുപടി പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്നായിരുന്നു രാജി സന്നദ്ധത പ്രഖ്യാപിച്ചത്.

ഈ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴ ഡിസിസി ആരിഫിനെ സ്വാഗതം ചെയ്തത്. അതിനിടെ എ.എം. ആരിഫ് ംഎൽഎയെ ജി. സുധാകരൻ വ്യക്തിപരമായി ആക്ഷേപിച്ചെന്ന് കാട്ടി ജില്ലയിലെ വി എസ് വിഭാഗം നേതാക്കൾ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി. ജില്ലാ കമ്മറ്റിയോഗതതിലെ സുധാകരന്റെ ഈ പരമർശങ്ങൾക്ക് എതിരെയാണ് ആലപ്പുഴയിലെ വി എസ് വിഭാഗം നേതാക്കളായ സി.കെ സദാശിവൻ, സി.എസ് സുജാത, സി.ബി ചന്ദ്രബാബു എന്നിവർ ചേർന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അതൃപ്തി അറിയിച്ചത്.

പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ പ്രതികാര ബുദ്ധിയോടെയുള്ള പ്രവർത്തനമാണ് സുധാകരൻ നടത്തുന്നതെന്ന വിമർശനമാണ് നേതാക്കൾ പിണറായിക്ക് മുന്നിൽ ഉന്നയിച്ചത്. പ്രശ്‌നത്തിൽ പാർട്ടി സംസഥാന നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുണ്ട്. ആരിഫിനെതിരായ സുധാകരന്റെ പരമാർശങ്ങളെച്ചൊല്ലി ഔദ്യോഗിക പക്ഷം നേതാക്കൾക്കിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 20ാംതീയതി പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങാനിരിക്കെയാണ് ജില്ലയിലെ നേതാക്കൾക്കിടയിലുള്ള ചേരിപ്പോര് രൂക്ഷമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP