Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല; മന്ത്രിക്കോ സർക്കാരിനോ പട്ടികയിൽ ആരെയും തിരുക്കികയറ്റാനുള്ള താൽപര്യം ഇല്ല; യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ മന്ത്രി ആർ ബിന്ദു; ചട്ടവിരുദ്ധമായി ഇടപെട്ട മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസും ബിജെപിയും

പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല; മന്ത്രിക്കോ സർക്കാരിനോ പട്ടികയിൽ ആരെയും തിരുക്കികയറ്റാനുള്ള താൽപര്യം  ഇല്ല; യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ മന്ത്രി ആർ ബിന്ദു; ചട്ടവിരുദ്ധമായി ഇടപെട്ട മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നേരത്തെ തന്നെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ മുൻപിൽ ചില പരാതികൾ എത്തിയിരുന്നു. ഇതിൽ ചില ഇടക്കാല കോടതി വിധികൾ ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ടു യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായിട്ടില്ല. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താൽപര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

''പരാതികൾ പരിഹരിക്കാനാണു നിർദ്ദേശിച്ചത്. പ്രിൻസിപ്പൽ നിയമനം സീനിയോറിറ്റി പരിഗണിച്ചാണ്. സെലക്ഷൻ കമ്മിറ്റിയാണ് ഇതിനായി പട്ടിക തയാറാക്കിയത്. സെലക്ഷൻ കമ്മിറ്റി 67 പേരെ തിരഞ്ഞെടുത്തു. 2019ലാണ് യുജിസിയുടെ കെയർലിസ്റ്റ് വന്നത്. അതിനുമുൻപ് പ്രസിദ്ധീകരിച്ച ജേർണലുകൾ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പലരെയും ഒഴിവാക്കി 43 പേരിലേക്കു പട്ടിക ചുരുക്കിയത്. കെയർലിസ്റ്റ് വരുന്നതിനു മുൻപ് ഏത് ജേർണലുകളിലും അങ്ങനെ പ്രസിദ്ധീകരിക്കാം. 67 പേരെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീടത് 43 ആകുമ്പോൾ ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്.

പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദ്ദേശം നൽകിയിരുന്നു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടു. നേരത്തെ തന്നെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി

എല്ലായിടത്തും മുതിർന്ന അദ്ധ്യാപകർ കടന്നു വരികയും തങ്ങളുടെ സീനിയോറിറ്റിയെ ബാധിക്കുന്ന കാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. അത് പരിശോധിക്കേണ്ടത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീതി പൂർവമായ ഇടപെടലാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പരാതി ഉന്നയിച്ചിരുന്നു. സെലക്ഷൻ കമ്മിറ്റി കീഴിൽ സബ് കമ്മിറ്റി രൂപീകരിച്ചത് നിയമപ്രകാരമാണോ എന്നു പരിശോധിക്കണം. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടല്ല സബ് കമ്മിറ്റി രൂപീകരിച്ചത്. പട്ടികയിൽ ആരെയും തിരുക്കികയറ്റാനുള്ള താൽപര്യം എനിക്കോ സർക്കാരിനോ ഇല്ല'' മന്ത്രി ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം: കെ.സുധാകരൻ എംപി

പി.എസ്.സി അംഗീകരിച്ചതും യുജിസി മാനദണ്ഡം അനുസരിച്ച് സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയതുമായ സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.

അർഹരായ 43 പേരുടെ പട്ടികയിൽ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാൻ മന്ത്രി കൈകടത്തിയത്. പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരിൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പിഎസ് സി അംഗീകരിച്ചത്. മന്ത്രിയുടെ ഇഷ്ടക്കാർ പട്ടികയിൽ ഇടംപിടിക്കാത്തതിനാലാണ് ആ പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയെ അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടത് ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കേറ്റ കുത്താണ്.

സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും സമ്മർദ്ദത്തിന് അനുസരിച്ച് പാവയെപ്പോലെ പ്രവർത്തിക്കുന്ന മന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയെ ഈജിയൻ തൊഴുത്താക്കി. പതിനായിരകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഈ സർക്കാർ തുലയ്ക്കുന്നത്. 9 സർവ്വകലാശാലകളിൽ വിസിമാരും 66 കോളേജുകളിൽ പ്രിൻസിപ്പൽമാരുമില്ലാതായിട്ട് നാളെറെയായി. പകരമുള്ള ഇൻ ചാർജ് ഭരണക്കാർ പാർട്ടിയും എസ്എഫ്‌ഐയും പറയുന്നത് ശിരസാവഹിക്കുന്നവരാണ്. കടുത്ത ഇടതുപക്ഷക്കാരായ ഇവരെ ഉപയോഗിച്ച് നിരവധി പാർട്ടിക്കാരെയാണ് അദ്ധ്യാപകരായി പലയിടങ്ങളിലും തിരുകിക്കയറ്റിയത്. ആൾമാറാട്ടം, വ്യാജ സർട്ടിഫിക്കറ്റ്, വ്യാജ ബിരുദങ്ങൾ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സർവകലാശാലകളിലും കോളജുകളിലും ഉണ്ടാകുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തിനില്ക്കുന്നെന്നും സുധാകരൻ പറഞ്ഞു.

മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം: ചെന്നിത്തല

പി എസ് സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം.

പി.എസ്.സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ട്‌കേൾവിയില്ലാത്തതാണ്. പി എസ് സി യുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്ക് മന്ത്രിക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. മന്ത്രി നിയമ വിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ് ? 63 പേരുടെ ലിസ്റ്റ് പി എസ് സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്.

ഇക്കാര്യത്തിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല. ധാർമികതയുടെ ഒരംശമുണ്ടെങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം. ഇഷ്ടക്കാർക്ക് പ്രമോഷൻ കിട്ടാതെ വന്നപ്പോൾ പി എസ് സി നൽകിയ ലിസ്റ്റ് എങ്ങനെ കരട് ലിസ്റ്റായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രിക്ക് നോട്ട് എഴുതാനാവും. ഏത് ചട്ടപ്രകാരമാണ് മന്ത്രി ഇടപെട്ടത് ? തഴയപ്പെട്ടവരെ ഉൾപ്പെടുത്തി ലിസ്റ്റ് അപ്പീൽ കമ്മറ്റിക്ക് നൽകണമെന്ന് എഴുതാൻ എന്ത് അധികാരമാണ് മന്ത്രിക്ക് പി എസ് സിക്ക് മുകളിൽ ഉള്ളത്? സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ

കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദ്ദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സർട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഇടപെടേണ്ട സംസ്ഥാന സർക്കാർ തകർച്ചയ്ക്ക് ആക്കംകൂട്ടുകയാണ്. ഓരോ സർവകലാശാലയിലും ഡിഗ്രിക്കു പോലും പതിനായിരക്കണക്കിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മൗനം വെടിയണം. അദ്ധ്യാപകരുടെയും അടിസ്ഥാന സൗകര്യത്തിന്റെയും കുറവു മൂലം കേരളത്തിലെ ഇരുനൂറോളം മെഡിക്കൽ സീറ്റുകൾ നഷ്ടമായി എന്നതും സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു.

എസ്എഫ് ഐ പോലുള്ള സംഘടനകളുടെ ഗുണ്ടായിസവും ഭീഷണിയുമാണ് വിദ്യാർത്ഥികളെ കേരളം വിടാൻ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സീറ്റിൽ ആളില്ലാതായതോടെ മറ്റൊരു വെള്ളാനയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിന് അയൽ സംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോൾ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന പ്രഖ്യാപിച്ച കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഒരാൾ പോലും എത്തുന്നുമില്ല. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP