Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ; ഇഡി അന്വേഷിക്കുന്നത് മുന്നാറിലെ വില്ല പ്രോജക്ടിൽ അടക്കമുള്ള കള്ളപ്പണം വെളുപ്പിക്കൽ; അന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട് കിട്ടിയാൽ സംഘടനയെ നിരോധിക്കുന്ന ചർച്ചകൾ തുടങ്ങും; ബിജെപിയുടെ 'മിഷൻ കേരളയ്ക്ക്' തുടക്കമായോ?

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ; ഇഡി അന്വേഷിക്കുന്നത് മുന്നാറിലെ വില്ല പ്രോജക്ടിൽ അടക്കമുള്ള കള്ളപ്പണം വെളുപ്പിക്കൽ; അന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട് കിട്ടിയാൽ സംഘടനയെ നിരോധിക്കുന്ന ചർച്ചകൾ തുടങ്ങും; ബിജെപിയുടെ 'മിഷൻ കേരളയ്ക്ക്' തുടക്കമായോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റെ ഉന്നതതലത്തിലുണ്ടായത് 2 മാസം മുൻപാണ്. അതിനുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ 3 ആഴ്ച നിരീക്ഷിച്ച ശേഷമാണ് ഇന്നലെ പുലർച്ചെയോടെ പരിശോധന തുടങ്ങിയത്. അറസ്റ്റിലായവർക്ക് ഉടൻ ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ എൻഐഎ ശ്രമിക്കും. ജാമ്യം കിട്ടിയാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഈ റെയ്ഡ് രാഷ്ട്രീയമായും ചർച്ചയാകും. ആർ എസ് എസിന്റെ രാഷ്ട്രീയ പകയാണ് നടപടിക്ക് പിന്നിലെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.

2006-ൽ കേരളത്തിൽ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡൽഹിയിലാണ്. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നാണ് പി.എഫ്.ഐ. അവകാശപ്പെടുന്നത്. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് പോപ്പുലർ ഫ്രണ്ട് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എന്നാൽ ഇതൊന്നും എൻഐഎ അംഗീകരിക്കുന്നില്ല. വലിയ കുറ്റാരോപണമാണ് ചുമത്തുന്നത്. താലിബാൻ മാതൃകയിലാണ് പ്രവർത്തനമെന്നും പറയുന്നു. റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചതും പൊലീസിലും മറ്റും ചാരന്മാർ ഉണ്ടെന്ന തിരിച്ചറിവിലാണ്.

കേരളത്തിൽ ബിജെപി ചില സംഘടനാ ഇടപെടലുകൾ നടത്തിയിരുന്നു. ബിജെപിയുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറിനെ നിയോഗിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയതും വിശാല ചർച്ചകൾക്ക് ശേഷമാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജിപി നഡ്ഡയും കേരളത്തിലേക്ക് വരുന്നതിന് തൊട്ടു മുമ്പാണ് റെയ്ഡുകൾ. രാഷ്ട്രീയമായി ബിജെപിക്ക് ഇത് എങ്ങനെ ഗുണകരമാക്കാമെന്ന ചർച്ചകൾ വരും ദിനങ്ങളിൽ ചർച്ചയാകും.

അതിനിടെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് പ്രതികരിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുന്നതാണെന്നും എം ടി.രമേശ് പറഞ്ഞു. എന്നാൽ കേരളത്തിലേക്ക് ബിജെപി ചില ലക്ഷ്യങ്ങൾ വയ്ക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ നടപടികളെന്ന വാദവും ശക്തമാണ്. ബിജെപിയെ കേരളത്തിൽ വളർത്തുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്നാണ് സൂചന. ഗവർണ്ണർ-സർക്കാർ പോര് പുതിയ തലത്തിലെത്തുമ്പോഴും കേന്ദ്ര ഏജൻസി കേരളത്തിൽ ഇടപെടൽ നടത്തുന്നത്. കേരളത്തിലും ഓപ്പറേഷനുകൾക്ക് കേന്ദ്ര ഏജൻസികൾക്ക് കഴിയുമെന്നതിന്റെ തെളിവ് കൂടിയാണ് ഇത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), സംസ്ഥാന പൊലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണു പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്. നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു. കൊച്ചി എൻഐഎ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ആസൂത്രണം. 3 ദിവസം മുൻപ് എൻഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു. കോടതികൾക്കും എൻഐഎ ഓഫിസിനും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ 15 നേതാക്കളെയാണ് അന്വേഷണ സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഇവരുടെ പ്രവർത്തനരീതികൾ മാസങ്ങളായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രപ്രദേശിലും പിടിക്കപ്പെട്ടവരുടെ മൊഴികളും നടപടിക്ക് കാരണമായി.

റെയ്ഡ് നടന്ന 12 ഇടങ്ങളിൽ ശക്തമായ പ്രതിഷേധം എൻഐഎ കണക്കുകൂട്ടിയിരുന്നു. ഈ സ്ഥലങ്ങളിലെ ജില്ലാ പൊലീസ് മേധാവികളെ ബുധനാഴ്ച രാത്രി വിവരം ധരിപ്പിച്ചു. കേരള പൊലീസിന്റെ ഉന്നത തലത്തിലും അറിയിപ്പെത്തി. അവധി ദിവസമായ 21നാണു പരിശോധന നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അന്നു കേരളത്തിൽ പൊതു അവധിയായിരുന്നതിനാൽ ഒരു ദിവസം വൈകിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി . കൂടുതൽ പേരെ അറസ്റ്റു ചെയ്യും .

അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ഡൽഹി എൻ ഐ ഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു. എൻഐഎ ഡിജിയുടെ മേൽനോട്ടത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. കൊലപാതകങ്ങളിൽ പിഎഫ്‌ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കും. അതേസമയം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും.പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം അതിൽ ഉൾപ്പെടുത്തും. അതിന് ശേഷം സംഘടനയെ നിരോധിക്കാനുള്ള നീക്കവും സജീവമാക്കും. ഉടൻ നിരോധനത്തിൽ തീരുമാനം വരും.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധമാണ്. പി.എഫ്.ഐ. നേതാക്കൾക്കെതിരേ രണ്ടു കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസാണ് മറ്റൊന്ന്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാർത്ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേർക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുർ റഹ്മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പൻ എന്നിവർക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും പിന്നീട് ഉൾപ്പെടുത്തി.

അബ്ദുൾ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുൾ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജൻസി ആരോപിക്കുന്നു.

പി.എഫ്.ഐ.യുമായി ബന്ധമുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന് യു.എ.ഇ.യിൽനിന്ന് 34 ലക്ഷം രൂപ കൈമാറിയതും എസ്.ഡി.പി.ഐ. പ്രസിഡന്റ് എം.കെ. ഫൈസിക്ക് രണ്ടുലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് അനധികൃത മാർഗങ്ങളിലൂടെ 19 കോടി എത്തിച്ചതും ഇദ്ദേഹമാണെന്നാണ് ഇ.ഡി.യുടെ ആരോപണം. പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസിൽ എൻ.ഐ.എ. പ്രതി ചേർത്ത പി.എഫ്.ഐ. സംസ്ഥാന നിർവാഹക സമിതിയംഗം അഷറഫ് ഖാദിർ അബുദാബിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ദർബാർ റെസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇ.ഡി. ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP