Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

ബിജെപിയും അവരുടെ വ്യാജവാർത്താസംഘങ്ങളും പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകൾ പ്രചരിപ്പിക്കുന്നു; തങ്ങളെ ലക്ഷ്യമിട്ട് ഫാസിസ്റ്റുകൾ നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുമെന്ന് പോപുലർ ഫ്രണ്ട്

ബിജെപിയും അവരുടെ വ്യാജവാർത്താസംഘങ്ങളും പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകൾ പ്രചരിപ്പിക്കുന്നു;  തങ്ങളെ ലക്ഷ്യമിട്ട് ഫാസിസ്റ്റുകൾ നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുമെന്ന്  പോപുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഫാഷിസ്റ്റുകളും അവരുടെ വക്താക്കളും നടത്തുന്ന വ്യാജപ്രചരണങ്ങളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്നും അവയെ ശക്തമായി ചെറുക്കുമെന്നും ചെയർമാൻ ഒ എം എ സലാം അറിയിച്ചു. ബിജെപിയും അവരുടെ വ്യാജവാർത്താസംഘങ്ങളും പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകൾ പ്രചരിപ്പിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് വ്യത്യസ്ത റിപോർട്ടുകളിലൂടെയാണ് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും ഐടി, വ്യാജ വാർത്താ സെല്ലുകളുടെ കൂട്ടായ നീക്കമാണ് ഇതിനായി നടന്നത്. സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലാണ് ഇത്തരം വ്യാജവാർത്തകൾ കുടുതലായി വരുന്നതെന്നത് ഫാസിസ്റ്റ് ശക്തികളുടെ ആസൂത്രണ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇതിലൊന്ന് സംഘടനയ്ക്ക് ചാരിറ്റബിൽ ട്രസ്റ്റെന്ന നിലയിൽ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് റദ്ദാക്കിയതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഐടി വകുപ്പെടുത്ത തീരുമാനമാണിത്. വിഷയത്തിന്റെ രാഷ്ട്രീയ സ്വഭാവം വ്യക്തമായതോടെ സംഘടന ഇക്കാര്യത്തിൽ അന്ന് തന്നെ കോടതിയെ സമീപിച്ചിരുന്നു. ബിജെപി സർക്കാർ തയ്യാറാക്കിയ തിരക്കഥയിൽ ഐടി വകുപ്പിന് റബർസ്റ്റാമ്പിന്റെ റോൾ മാത്രമാണുള്ളതെന്ന് വ്യക്തമാണ്. ഇതുകൂടി കണക്കിലെടുത്താണ് സംഘടന കോടതിയിൽ പോയത്. എന്നാൽ മാസങ്ങൾ പഴക്കമുള്ള വാർത്തയാണ് ഇപ്പോൾ പുതിയതെന്ന രീതിയിൽ ചില മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഇത് സംഘടനയെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം നടത്തുന്ന നീക്കമാണ്.

കൂടാതെ രോഹിങ്യൻ അഭയാർഥികളെ ഉപയോഗപ്പെടുത്തി യുപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സംഘടന ശ്രമിക്കുന്നതായി പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ പുറത്ത് വരുന്നത് യുപിയിൽ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ബിജെപിയുടെ യോഗി ആദിത്യനാഥ് സർക്കാർ പരാജയപ്പെട്ട് നിൽക്കുമ്പോഴാണ്. ഭരണപരാജയവും പ്രതിഛായ നഷ്ടത്തിലും നിരാശപൂണ്ട ബിജെപി, ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്.

കേരളത്തിലെ പത്തനാപുരത്ത് ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ള ആയുധ ശേഖരം കഴിഞ്ഞ ദിവസം പിടിച്ചെടുത്തപ്പോഴും സമാനമായ നീക്കം കാണാൻ കഴിഞ്ഞു. ആയുധശേഖരം കണ്ടെടുത്തത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസും അന്വേഷണ ഏജൻസികളും പറയുമ്പോഴാണ് സംഘപരിവാർ അനുകൂലമാധ്യമങ്ങൾ ഇതിനെ പോപുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്. കുഴൽ പണം, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടി എന്നിവയിൽ അകപ്പെട്ട് സംസ്ഥാന ബിജെപി ഉഴലുകയാണ്. ഈ വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധതിരിച്ച് വിടാൻ പോപുലർ ഫ്രണ്ടിന് മേൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ പരാജയവും ഉത്തർപ്രദേശിൽ ജനങ്ങളുടെ മുന്നിൽ ഭരണനേട്ടമായി പറയാൻ ഒന്നുമില്ലാത്തതും ബിജെപിയെ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തിനും സംഘടനകൾക്കുമെതിരേ അപകീർത്തി പ്രചാരണം നടത്തി ദേശീയ സുരക്ഷാ വിഷയം ജനങ്ങളിലെത്തിച്ച് പ്രതിഛായ നഷ്ടം മറച്ചുവയ്ക്കാമെന്നാണവർ കരുതുന്നത്. എന്നാൽ ഈ പഴയ തന്ത്രത്തിന് വീണ്ടും ഇരയാകണോ അതോ അത് തുറന്നുകാട്ടണോ എന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളുമാണ്. ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചാരണങ്ങളെ മറികടക്കുന്നത് ബിജെപി ഇതര പാർട്ടികളുടെ നിലനിൽപ്പിന് മാത്രമല്ല, ജനാധിപത്യം പോലുള്ള ഭരണഘടനാ മൂല്യങ്ങളുടെ നിലനിൽപ്പിനും പ്രധാനമാണ്. അതിനാൽ സംഘടനയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങളെ നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP