Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു: സിപിഎം കേരള ഘടകത്തിന് പോളിറ്റ് ബ്യൂറോയുടെ വിമർശനം; വിശ്വാസ സമൂഹവും മതന്യൂനപക്ഷവും പാർട്ടിയിൽ നിന്ന് അകന്നുപോയത് തിരിച്ചടിയായെന്ന് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്; അകൽച്ച താൽക്കാലികം മാത്രമെന്ന് വിലയിരുത്തുമ്പോഴും കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് പോളിറ്റ്ബ്യൂറോ; കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിലെ വോട്ടുചോർച്ച പോലും തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന നേതാക്കൾക്കും അതൃപ്തി

തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു: സിപിഎം കേരള ഘടകത്തിന് പോളിറ്റ് ബ്യൂറോയുടെ വിമർശനം; വിശ്വാസ സമൂഹവും മതന്യൂനപക്ഷവും പാർട്ടിയിൽ നിന്ന് അകന്നുപോയത് തിരിച്ചടിയായെന്ന് സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട്; അകൽച്ച താൽക്കാലികം മാത്രമെന്ന് വിലയിരുത്തുമ്പോഴും കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് പോളിറ്റ്ബ്യൂറോ; കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിലെ വോട്ടുചോർച്ച പോലും തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന നേതാക്കൾക്കും അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച തിരിച്ചറിയുന്നതിൽ, കേരള ഘടകം പരാജയപ്പെട്ടുവെന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. കേരളത്തിലെ പരാജയത്തിൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് പൊളിറ്റ് ബ്യൂറോയിൽ വച്ചു. വിശ്വാസ സമൂഹം പാർട്ടിയിൽ നിന്നും അകന്നത് ദോഷം ചെയ്തു. ഇതിനൊപ്പം മതന്യൂനപക്ഷങ്ങൾ അകന്ന് പോയതും തിരിച്ചടിയായി. എന്നാൽ, ഇത് താൽക്കാലികം മാത്രമാണെന്നും റിപ്പോർട്ടിൽ കേരള ഘടകം പറയുന്നു. റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും. നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി.

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ശബരിമല വിഷയം ബാധിക്കുകയാണെങ്കിൽ ബിജെപിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എന്നാൽ പത്തനംതിട്ടയിൽ ഉൾപ്പെടെ ബിജെപി. പിന്നിലായെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ല, ബാധിച്ചെങ്കിൽ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. എന്നാൽ ബിജെപി. സ്ഥാനാർത്ഥി പത്തനംതിട്ടയിൽ പിന്നോട്ടുപോയി. പത്തനംതിട്ടയിൽ വിജയിക്കും എന്നായിരുന്നു അവരുടെ അവകാശവാദം. അത് ഉണ്ടായില്ല. പക്ഷേ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധിയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. ഏത് സർക്കാരാണെങ്കിലും ചെയ്യേണ്ടകാര്യങ്ങളാണ് സംസ്ഥാന സർക്കാരും ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ മോദിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസ് ഭരണത്തിന് നേതൃത്വം നൽകാനാകുമെന്ന് ചിന്തിച്ചു. രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ള ഇവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. ഇതാണ് യു.ഡി.എഫിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ കാരണമായതെന്നും ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായെന്നും രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്ന് ഇടതുപക്ഷം ആദ്യമേ ചൂണ്ടിക്കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് തകർന്നു. ഈ സംസ്ഥാനങ്ങളിൽ ഭരണത്തിലേറി മാസങ്ങളായിട്ടും വിജയിക്കാനായില്ല. കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും ഇത് പലരും മനസിലാക്കിയില്ല. ഈ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും സർക്കാരിന് ജനപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നുപോയതിന്റെ കാരണങ്ങൾ സിപിഎം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അക്രമരാഷ്ട്രീയം ഇതിനു കാരണമായോ, ഇത്ര വലിയ തിരിച്ചടി മുൻകൂട്ടി അറിയാൻ കഴിയാതിരുന്നതെന്തു കൊണ്ട് എന്നീ കാര്യങ്ങൾ പരിശോധിക്കും. യാഥാർഥ്യബോധമില്ലാത്ത കണക്കുകളാണു കീഴ്ഘടകങ്ങൾ നൽകിയത്.

50 ശതമാനത്തിലേറെ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ വോട്ട് വിഹിതം 6.79 % ഇടിഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലായി എൽഡിഎഫ് പ്രതിനിധീകരിക്കുന്ന ഉദുമ, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഒന്നാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, ധർമടം മണ്ഡലങ്ങളിൽ അവർ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ബിജെപി മോദി വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിൽ എൽഡിഎഫ് പ്രചാരണം വിജയം കണ്ടെങ്കിലും അതു വോട്ടായില്ലെന്നാണു വിലയിരുത്തൽ. അതിനുമപ്പുറം പാർട്ടി ഗ്രാമങ്ങളിലെ കുത്തക വോട്ടുകളിൽ പോലും ചോർന്നു. ഇതിനു ശബരിമല കാരണമേയല്ല എന്ന നിലപാടാണു പാർട്ടിക്ക്. എന്നാൽ അക്രമരാഷ്ട്രീയ കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP