Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, ഉപമുഖ്യമന്ത്രി പദവിയും ലീഗ് ആവശ്യപ്പെട്ടിട്ടില്ല; പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധം; മുഖ്യമന്ത്രിയായി ജനപ്രീതി കൂടിയതിൽ അസൂയയില്ല; ബിജെപിക്ക് കേരളത്തിൽ ഒരിക്കലും വേരുറപ്പിക്കാനാകില്ല; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, ഉപമുഖ്യമന്ത്രി പദവിയും ലീഗ് ആവശ്യപ്പെട്ടിട്ടില്ല; പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധം; മുഖ്യമന്ത്രിയായി ജനപ്രീതി കൂടിയതിൽ അസൂയയില്ല; ബിജെപിക്ക് കേരളത്തിൽ ഒരിക്കലും വേരുറപ്പിക്കാനാകില്ല;  നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഇതുവരെ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ പലപ്പോഴും തനിക്ക് ആവശ്യപ്പെടാമായിരുന്നു. എന്നാൽ അങ്ങനെയൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആവശ്യമില്ലാത്തത് ആഗ്രഹിക്കുന്ന ശീലം തനിക്കില്ലെന്നും അത്തരം ആഗ്രഹങ്ങൾ തന്റെ ചിന്തയിൽ തന്നെ വരാറില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ് ഉള്ളതെന്നും വിദ്യാർത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടത്/സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ടുള്ള ചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞു.അവരെയെല്ലാം വിമർശിക്കുമ്പോൾ മാന്യമായ ഭാഷയിലാണ് താനത് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ചാനലിന്റെ തിരഞ്ഞെടുപ്പ് സർവേയിൽ പിണറായിക്ക് വൻ ജനപ്രീതിയെന്ന ഫലം ലഭിച്ച കാര്യത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരണം അറിയിച്ചു.അത് ജനങ്ങളുടെ അഭിപ്രായമല്ലേ. ഒരാൾക്ക് ജനപ്രീതി ശതമാനം കൂടുതലായി കാണുന്നുണ്ടെങ്കിൽ പിണറായി വിജയനും അദ്ദേഹത്തിന്റെ അഭ്യുദയകാംഷികൾക്കും സന്തോഷിക്കാം. തനിക്ക് അക്കാര്യത്തിൽ അസൂയയൊന്നുമില്ല. അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാർട്ടിക്ക് വേരുറപ്പിക്കാൻ സാധിക്കുകയില്ലയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അങ്ങനെ വരണമെന്നുണ്ടെങ്കിൽ ബിജെപിക്ക് അവരുടെ നയങ്ങളും ഘടനയുമെല്ലാം മാറ്റി കോൺഗ്രസിനെ പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന പാർട്ടിയായി മാറേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു പാർട്ടി എങ്ങനെയാണ് കേരളത്തിൽ ക്ലച്ച് പിടിക്കുക. അടുത്തതായി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ മുസ്ലിം ലീഗ് പിടിമുറുക്കുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം നേരത്തെ രാജിവെച്ചിരുന്നു. മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരമാണ് ലോക്‌സഭാംഗത്വം രാജിവെച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP