Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉച്ചയുറക്കം മുടക്കില്ല; പാർട്ടി പരിപാടികൾക്ക് പോവാറില്ല; തലവേദനകൾ ഒന്നും ഏറ്റെടുക്കാറില്ല: സുഖിമാനും മടിയനുമായ പിജെ ജോസഫ് ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇട്ടതിന്റെ പിന്നിലെ രഹസ്യം എന്ത്?

ഉച്ചയുറക്കം മുടക്കില്ല; പാർട്ടി പരിപാടികൾക്ക് പോവാറില്ല; തലവേദനകൾ ഒന്നും ഏറ്റെടുക്കാറില്ല: സുഖിമാനും മടിയനുമായ പിജെ ജോസഫ് ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇട്ടതിന്റെ പിന്നിലെ രഹസ്യം എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മന്ത്രിയാവുക എന്നത് കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വം പേർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. എംഎൽഎ ആകാം എന്നത് പോലും അത്ര അനായാസമായ കാര്യമല്ല. ഫ്രാൻസിസ് ജോർജിന്റെ കാര്യം എടുക്കൂ. ഇത്രയധികം ഇമേജുള്ള എത്ര നേതാക്കൾ കേരളത്തിൽ ഉണ്ട്. എന്നിട്ട് ഇടത് തരംഗം ആഞ്ഞ് വീശിയയിട്ട് പോലും ഫ്രാൻസിസ് ജോർജിന് ഒരു എംഎൽഎ ആകാൻ പറ്റിയില്ല. ജയിച്ചാൽ മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. അതാണ് രാഷ്ട്രീയം. ഒരാൾ എംഎൽഎയും മന്ത്രിയും ആകണം എങ്കിൽ അത്രമേൽ കഷ്ടപ്പാടും ത്യാഗങ്ങളും സഹിക്കണം. പെട്ടന്ന് ഒരു ഗോഡ്ഫാദറുടെ പിന്തുണയോടെ സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങി ജനപ്രതിനിധികൾ ആവുന്നർ ചിലർ എങ്കിലും ഉണ്ട്. എന്നാൽ അവരാരും അത്യന്തികമായി രാഷ്യ്‌രീയത്തിൽ വൻ വിജയങ്ങളായി മാറാറില്ല. നമ്മുടെ രാഹുൽ ഗാന്ധിയെ പോലെ.

ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും അൽപ്പം പോലും കഷ്ടപ്പെടാതെ എംഎൽഎയും മന്ത്രിയും ആകുന്ന ഒരു നേതാവ് കേരളത്തിലുണ്ട്. എത്ര നന്നായി പ്രവർത്തിച്ചാലും അൽപ്പം പിന്നോട്ട് പോയാൽ തോൽപ്പിക്കുന്ന വോട്ടർമാരുള്ള നാട്ടിൽ തന്നെയാണ് ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നത്. അത് മാത്രമല്ല. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഭൂരിപക്ഷം നേടിയ സാക്ഷാൽ പിജെ ജോസഫ് തന്നെയാണ് തൊടുപുഴയുടെ എൽഎഎ ആയി വീണ്ടും ജോസഫ് തെരഞ്ഞെടുക്കപ്പെടുന്നത് 45587 വോട്ട് ഭൂരിപക്ഷം നേടിയാണ്. ഈ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയുടെയും ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് മൂന്നാമതെത്തിയ ബിഡിജെഎസ് സ്ഥാനാർത്ഥിയുടെയും മറ്റ് എല്ലാ സ്ഥാനാർത്ഥികളുടെയും മൊത്തം വോട്ടുകൾ കൂട്ടിയാലും ജോസഫിന് ലഭിച്ച വോട്ടിന് തുല്ല്യം ആകുന്നില്ല എന്നതാണ് സത്യം.

പിജെ ജോസഫ് മടിയനും സുഖിമാനും ആയി തുടങ്ങിയിട്ട് അഞ്ച് വർഷമേ ആയുള്ളൂ. മുൻപ് സ്വന്തമായി ഒരു പാർട്ടി നടത്തിയിരുന്നയാൾ ആണ് ജോസഫ്. വർഷങ്ങളോളം ഇടത് പക്ഷത്തോടൊപ്പം നിന്നു അവർ ഭരിച്ചപ്പോൾ ഒക്കെ മന്ത്രിയായി. ജോസഫിന്റെ അനുയായികളായിരുന്ന പിസി ജോർജും ആന്റണി രാജുവും ആയിരുന്നു അന്ന് കച്ചവടങ്ങൾ നടത്തിയിരുന്നത്. അഴിമതിയോട് വിപ്രതിപത്തിയുള്ള ജോസഫ് കാൽനൂറ്റാണ്ടിൽ അധികം രാഷ്ടയ്‌രീയം കളിച്ച് കയ്യിൽ ഇരുന്ന പണവും ഭൂസ്വത്തിൽ ഒരു ഭാഗവും ഒക്കെ നശിപ്പിച്ചയാൾ ആണ്. അതിനിടയിൽ ചില അസുഖങ്ങൾ കൂടി പിടികൂടിയതോടെ ജോസഫിന് പാർട്ടി മുൻപോട്ട് കൊണ്ടു പോകാൻ വയ്യാതായി. ഒപ്പം നിന്ന് എല്ലാം ഉണ്ടാക്കിയ പിസി ജോർജിനെ പോലെയുള്ളവർ പാർട്ടി വിട്ടു.

ഇനി ഈ പാർട്ടി നടത്തി കൊണ്ട് പോകാൻ ആരോഗ്യം അനുവദിക്കില്ല എന്ന് തോന്നിയപ്പോൾ ഇടത് മുന്നണി വിട്ടു കെഎം മാണിയുടെ കാൽക്കൽ പാർട്ടി വച്ചു കൊടുത്തു. യാതൊരു ഡിമാന്റും ഇല്ലാതെ ആയിരുന്നു ജോസഫ് മാണിക്ക് മുൻപിൽ തന്നെ സ്വന്തം പാർട്ടി കൊണ്ടു വച്ച് കൊടുത്തത്. യുഡിഎഫ് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ മടിച്ചതോടെ ജോസഫിനും മാണിക്കും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ അതൊരു നഷ്ട കച്ചവടമായി മാറി. ജോസഫിന് ആകെ ലഭിച്ചത് നാലു സീറ്റുകൾ ആയിരുന്നു. അതിൽ മൂന്നും ജയിച്ചും അങ്ങനെ അനായാസമായി അഞ്ച് വർഷം കൂടി ജോസഫ് മന്ത്രിയായി.

ഈ അഞ്ച് വർഷക്കാലം ആണ് ജോസഫ് ശരിക്കും മടിയനും സുഖിമാനുമായി മാറിയത്. പാർട്ടി മാണിയെ ഏൽപ്പിച്ചതിന് ശേഷം പാർട്ടി കാര്യങ്ങളിൽ ഒരിക്കലും ജോസഫ് ഇടപെടാതായി. പദവികൾ പങ്ക് വയ്ക്കുന്ന കാര്യത്തിലോ സ്ഥാനാർത്ഥി നിർണ്ണ കാര്യത്തിലോ ഒന്നും ജോസഫ് ഇടപെടാതായി. പാർട്ടിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ടതൊഴികെയുള്ള  പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കുന്ന കാര്യത്തിലും ജോസഫ് വിമുഖത കാട്ടി. ഒരു പാർട്ടി നടത്തി കൊണ്ട് പോകുന്നതിന്റെ തലവേദന ജോസഫ് പൂർണ്ണമായും കയ്യൊഴിഞ്ഞു. ബാർ കോഴയിലും മറ്റും മാണി തലവച്ചപ്പോഴും ജോസഫ് കുലുങ്ങാതിരുന്നത് ഇതുകൊണ്ട് കൂടിയാണ്.

മന്ത്രിയായിരുന്ന അഞ്ച് വർഷവും ജോസഫ് തന്റെ അലസത തുടർന്നു. ഊണു കഴിഞ്ഞ് ഉറങ്ങുകയും സ്ഥിരമായി സിനിമ കാണുകയും മറ്റും ചെയ്യുന്ന കാര്യത്തിൽ ജോസഫ് ഇഷ്ടം പോലെ സമയം കണ്ടെത്തി. അതിനിടയിൽ കൃഷിപ്പണിയും ജോസഫ് തുടരുന്നു. വിവാദങ്ങളിൽ നിന്നും മാറി നിന്നു. ഈ കാലയളവിൽ ജോസഫ് ശ്രദ്ധ നേടുന്നത് മുല്ലപ്പെരിയാർ വിഷയത്തിലെ രണ്ട് പ്രസ്താവനകൾ കൊണ്ടാണ്. ഡാം പൊട്ടുമോ എന്ന് ഭയന്ന് ഉറങ്ങാൻ ആവുന്നില്ല എന്ന പ്രസ്താവനയും പത്രക്കാരുമായി ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആരോ ചോദ്യം ചെയ്തപ്പോൾ ഫ്‌ളോ പോയെന്ന് പററഞ്ഞതും. ഇതും രണ്ടും ആവശ്യത്തിന് ട്രോളിങ് വിധേയമായെങ്കിലും ജോസഫ് പ്രതികരിച്ചില്ല. പത്രസമ്മേളനങ്ങള്ളിൽ നിന്നും മറ്റും ജോസഫ് ഒഴിഞ്ഞു നിന്നു.

മാണിയുടെ ബാർ കോഴ വിഷത്തിൽ പോലും ജോസഫ് മൗനം പാലിച്ചു. മാണിക്കൊപ്പം രാജി വയ്ക്കാനുള്ള ആവശ്യം തിരസ്‌കരിക്കുക മാത്രമാണ് ഇക്കാലയളവിൽ ജോസഫ് ചെയ്ത പ്രധാന കാര്യം. അതുപോല ഇടത് മുന്നണിയിലേക്ക് പോകാനുള്ള മാണിയുടെ നീക്കത്തിനും ജോസഫ് പച്ചക്കൊടി കാട്ടിയില്ല. നിയമസഭാ സമ്മേളനങ്ങൾ നടക്കുമ്പോൾ പോലും ജോസഫ് മിക്കപ്പോഴും ഹാജരാകുമായിരുന്നില്ല. ചോദ്യോത്തര വേള ഉണ്ടായാൽ മാത്രം കൃത്യ സമയത്ത് ഉത്തരം പറയാൻ ജോസഫ് എത്തുമായിരുന്നു. മന്ത്രിസഭ യോഗത്തിൽ വൈകി എത്തുകയും അത്യാവശ്യം മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു മന്ത്രി കൂടി ആയിരുന്നു ജോസഫ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.

എന്നിട്ടും എന്തുകൊണ്ടാണ് ജോസഫിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിച്ചത്? അതും ഒരു കോൺഗ്രസ്സ് മണ്ഡലത്തിൽ. ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടാണ്. എന്നും ഒരു കാരണവശാലും അഴിമതി പണം വാങ്ങില്ല എന്ന ജോസഫിനെ കുറിച്ചുള്ള നാട്ടുകാരുടെ വിശ്വാസം. രണ്ട് ജോസഫ് എന്ന മന്ത്രി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഇടുക്കി ജില്ലകൾ നൂറ്റാണ്ട് പിന്നിൽ തന്നെ കഴിയുമായിരുന്നു എന്ന നാട്ടുകാരുടെ ഉറച്ച ബോധ്യം. ഇതു രണ്ടും മാത്രമാണ് ജോസഫിന്റെ അസാധാരണമായ ഈ വിജയത്തിന്റെ രഹസ്യം.


കേരളത്തിൽ ഏറ്റവും അധികം അവഗണിക്കപ്പെട്ട് കിടന്ന ജില്ലയായിരുന്നു ഇടുക്കി. നല്ലൊരു റോഡ് പോലും ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. ജോസഫ് പൊതുമാരാമത്ത് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് ഇടുക്കിയിലെ റോഡുകൾ നന്നാക്കപ്പെടുന്നതും ഇടുക്കിയിൽ ആവശ്യത്തിന് സ്‌കൂളുകൾ അനുവദിക്കുന്നതും. ചെറുകിട റോഡുകൾ പോലും ജോസഫ് മികച്ച റോഡാക്കി മാറ്റി. തൊടുപുഴ എന്ന ചെറുകിട ടൗണിനെ കേരളത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാക്കി മാറ്റി. ജോസഫ് ഈ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ അറിയണമെങ്കിൽ ഈ നഗരത്തിലൂടെ ഒന്നു കറങ്ങുക തന്നെ വേണം.

അതിനുള്ള നന്ദിയാണ് നാട്ടുകാർ ജോസഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ നൽകുന്നത്. വിമാന യാത്ര വിവാദ കാലത്ത് ജോസഫിനെ ഒരിക്കൽ തോൽപ്പിച്ച കുറ്റബോധം ഈ നാട്ടുകാർക്കുണ്ട്. അതിനുള്ള പ്രായശ്ചിത്തം കൂടിയാണ് ഈ റെക്കോർഡ് വിജയം. ജോസഫ് ഇനി ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങൾക്ക് ജോസഫ് മതി എന്ന ആ ചിന്തയാണ് തൊടുപുഴക്കാർക്ക്. അതിന്റെ പ്രതിഫലനമാണ് കണ്ണൂരിലെ സിപിഐ(എം) കോട്ടകളെ പോലും അത്ഭുതപ്പെടുത്തിയ ഈ വിജയം ജോസഫിന് സ്വന്തം ആയത്. അതും കടുത്ത ഇടത് തരംഗ കാലത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP