Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അന്തരിച്ച സിഎഫിന് പകരം കെസി ജോസഫിനെ മത്സരിപ്പിക്കാൻ ഉറച്ച് കോൺഗ്രസ്; ചങ്ങനാശ്ശേരിക്ക് പകരം പൂഞ്ഞാറോ ഏറ്റുമാനൂരോ ജോസഫിന് നൽകും; മാണി മത്സരിച്ചിരുന്ന കോട്ടയത്തെ അഞ്ചു സീറ്റുകളിൽ ഒന്നിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ്; ജോസ് കെ മാണി പോയതോടെ കോൺഗ്രസും ജോസഫും തമ്മിൽ സീറ്റ് തർക്കം തുടങ്ങി

അന്തരിച്ച സിഎഫിന് പകരം കെസി ജോസഫിനെ മത്സരിപ്പിക്കാൻ ഉറച്ച് കോൺഗ്രസ്; ചങ്ങനാശ്ശേരിക്ക് പകരം പൂഞ്ഞാറോ ഏറ്റുമാനൂരോ ജോസഫിന് നൽകും; മാണി മത്സരിച്ചിരുന്ന കോട്ടയത്തെ അഞ്ചു സീറ്റുകളിൽ ഒന്നിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ്; ജോസ് കെ മാണി പോയതോടെ കോൺഗ്രസും ജോസഫും തമ്മിൽ സീറ്റ് തർക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎഫ് തോമസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന ചങ്ങനാശേരി സീറ്റിനായി യുഡിഎഫിലും എൽഡിഎഫിലും നീക്കം ആരംഭിച്ചു. കോൺഗ്രസും സിപിഎമ്മും കേരള കോൺഗ്രസുകളും ചങ്ങനാശേരിയിലേക്കു കണ്ണെറിഞ്ഞു തുടങ്ങി. കേരള കോൺഗ്രസി(എം)ന്റെ ഇടതു മുന്നണി പ്രവേശനത്തിലും ചങ്ങനാശേരി സീറ്റ് ചർച്ചയാകും. 40 വർഷം സിഎഫ് ജയിച്ച നിയമസഭാ മണ്ഡലമാണു ചങ്ങനാശേരി. ആ സീറ്റ് നിലനിർത്തേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്‌നമാണ്. സിഎഫ് ഇല്ലാത്ത സാഹചര്യത്തിൽ സീറ്റ് പിടിക്കണമെന്ന് എൽഡിഎഫിനും ആഗ്രഹമുണ്ട്. യുഡിഎഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലായിരുന്നു സി.എഫ്.തോമസ്. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭാധ്യക്ഷനുമായ സാജൻ ഫ്രാൻസിസ്, വി.ജെ.ലാലി എന്നിവരുടെ പേരുകൾ ജോസഫ് വിഭാഗത്തിൽ ചർച്ചയിലുണ്ട്.

അടുത്ത തിരഞ്ഞെടുപ്പിൽ ഈ സീറ്റിൽ കോൺഗ്രസ് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. മുന്മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, യുഡിഎഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ എന്നിവരുടെ പേരുകൾ കോൺഗ്രസിലെ ചർച്ചകളിൽ ഇപ്പോൾത്തന്നെ കേൾക്കുന്നു. ഇതിൽ ഇരിക്കൂർ വിട്ട് കെസി ജോസഫിന് ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. കണ്ണൂരിൽ നിന്ന് മധ്യ കേരളത്തിൽ വീണ്ടും സജീവ രാഷ്ട്രീയ ഇടപെടൽ നടത്താനാണ് കെസിയുടെ ആഗ്രഹവും. അതുകൊണ്ട് തന്നെ ജോസഫിന്റെ താൽപ്പര്യം കോൺഗ്രസ് അംഗീകരിക്കാൻ സാധ്യതയില്ല.

ജോസഫ്-മാണി വിഭാഗങ്ങൾ ഒറ്റപ്പാർട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 15 സീറ്റാണു യുഡിഎഫ് നൽകിയത്. പിളർന്ന ഈ കക്ഷികൾ അതേ എണ്ണം യുഡിഎഫിനും എൽഡിഎഫിനും മുന്നിൽ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനെ വിലപേശലായി മാത്രമേ യുഡിഎഫും എൽഡിഎഫും കാണൂ. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അതുണ്ടാകുമെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതിനിടെയാണ് യുഡിഎഫിൽ സീറ്റ് തർക്കം രൂക്ഷമാകുന്നത്..

കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി. സി എഫ് മരിച്ചതോടെ ചങ്ങനാശ്ശേരി വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. പൂഞ്ഞാറോ ഏറ്റുമാനൂരോ പകരം നൽകും. അതായത് തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകൾക്ക് പുറമേ ഒരു സീറ്റ് കൂടി മാത്രമേ കോൺഗ്രസ് ജോസഫിന് നൽകൂ. ബാക്കി സീറ്റിൽ എല്ലാം കോൺഗ്രസുകാർ മത്സരിക്കും.

കാഞ്ഞിരപ്പള്ളിയും പാലായും ജോസഫിന് ഒരു കാരണവശാലും കോൺഗ്രസ് വിട്ടു കൊടുക്കില്ല. ചങ്ങനാശേരിയിൽ സിഫിന്റെ വിയോഗത്തോടെ സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ നീക്കം ജോസഫ് അംഗീകരിക്കില്ല. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി മുൻസിപ്പൽ ചെയർമാുമായ സജാൻ ഫ്രാൻസിന് കൊടുക്കണം എന്നാണ് ജോസഫിന്റെ വാദം. എന്നാൽ കെസി ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് ഇതിനെല്ലാം നൽകുന്ന മറുപടി. അതുകൊണ്ട് തന്നെ ഈ നിർബന്ധത്തിന് ജോസഫ് വഴങ്ങേണ്ടി വരും.

ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. സ്വാഭാവികമായും ആറു സീറ്റുകൾ അവകാശപ്പെടാൻ ജോസഫിന് അർഹതയുണ്ട്. ഉണ്ണിയാടന്റെ സീറ്റ് കൊടുക്കുന്നതും പരിഗണിക്കും. അതിൽ അപ്പുറത്തേക്കൊന്നും കിട്ടില്ല. എന്നാൽ അതുകൊണ്ടു ജോസഫ് വഴങ്ങില്ലെന്നു വ്യക്തം. മാണി വിഭാഗത്തിലെ പലരെയും ഇവിടേക്കു തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും സീറ്റ് അവകാശവാദം കൂടി ലക്ഷ്യമിട്ടാണ്. ഇതിനൊപ്പം ഫ്രാൻസിസ് ജോർജിനും ജോണി നെല്ലൂരിനും പോലും സീറ്റ് കൊടുക്കേണ്ടതുമുണ്ട്. ഇതാണ് ജോസഫിന്റെ കടുംപിടിത്തത്തിന് കാരണം. ഇത് യൂഡിഎഫിൽ വലിയ പ്രതിസന്ധിയായി മാറും.

തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാൽ സാജൻ ഫ്രാൻസിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കൊടുക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. അങ്ങനെ വന്നാൽ ജോണി നെല്ലൂർ, വിക്ടർ തോമസ്, പ്രിൻസ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവളി.

കേരളാ കോൺഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങൾ നിഷേധിക്കപ്പെട്ട് യുഡിഎഫിന് വേണ്ടി പണിയെടുത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഗുണമുണ്ടാകുമെന്നാണ് കോട്ടയത്തെ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ.എം.മാണിയുടെ വലംകൈയായിരുന്നു സിഎഫ്. അതിനാൽ ചങ്ങനാശേരി കൈവിടാൻ കേരള കോൺഗ്രസ് (എം) തയാറല്ല. സംസ്ഥാന സമിതി അംഗം ജോബ് മൈക്കിൾ, ഡോ. ഷാജോ സെബാസ്റ്റ്യൻ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് ജോസ് വിഭാഗത്തിന്റെ ചർച്ചയിൽ. മണ്ഡലത്തിനു പുറത്തുള്ള മറ്റൊരാളും പരിഗണനയിലുണ്ട്.

ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിന് അനുസരിച്ചായിരിക്കും സിപിഎം തീരുമാനം. ചങ്ങനാശേരിയിൽ സിപിഎം പല തരം പരീക്ഷണങ്ങൾ നടത്തിയതാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു. സ്വതന്ത്രനെ രംഗത്തിറക്കി. 2016 ൽ ജനാധിപത്യ കേരള കോൺഗ്രസിനു കൈമാറി. ജോസ് വിഭാഗം ഇടതു മുന്നണിയിലാണെങ്കിൽ ഈ സീറ്റ് സിപിഎം അവർക്കു തന്നെ നൽകാനും സാധ്യതയുണ്ട്. കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിനു നൽകി പകരം ചങ്ങനാശേരി സിപിഐക്കു നൽകാനും ആലോചനയുണ്ട്. സിപിഐ രണ്ടു വട്ടം ചങ്ങനാശേരിയിൽ ജയിച്ചിട്ടുണ്ട്.

സി.എഫ്.തോമസിന്റെ അനുയായികളെ തങ്ങൾക്കൊപ്പം നിർത്താനാണു ജോസഫ്, ജോസ് വിഭാഗങ്ങളുടെ ഇപ്പോഴത്തെ ശ്രമം. സിഎഫിന്റെ സംസ്‌കാര വേളയിൽ ഉടനീളം ഇരുവിഭാഗം നേതാക്കളും പങ്കെടുത്തു. സിഎഫിന്റെ പടം വച്ചു ജോസ് വിഭാഗം ചങ്ങനാശേരിയിൽ ആദരാഞ്ജലി ബോർഡുകൾ സ്ഥാപിച്ചതും രാഷ്ട്രീയ അർഥങ്ങളോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP