Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ബിംബാരാധന' മനുഷ്യത്വമുള്ള നേതാവിനോടുള്ള ഐക്യപ്പെടലാണ്; ആരെതിർത്താലും നെഞ്ചേറ്റാൻ കണ്ണൂരിലെ പാർട്ടിപട്ടാളം ഉണ്ടാവും'; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും കണ്ണൂരിലെ സഖാക്കൾ': ജയരാജന്റെ നേതൃവിശേഷവും മനുഷ്യത്വ മുഖവും വിവരിക്കുന്ന പോസ്റ്റുകളടക്കം നൽകി ഓരോ മണിക്കൂറിലും അപ്‌ഡേറ്റുമായി ഫേസ്‌ബുക്കിൽ പോര് തുടർന്ന് പിജെ ആർമി; ജയരാജൻ തന്നെ വിലക്കിയിട്ടും പാർട്ടി നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും കണ്ണൂരിലെ പാർട്ടിയെ നിയന്ത്രിക്കാനാവാതെ പിണറായിയും കോടിയേരിയും

'ബിംബാരാധന' മനുഷ്യത്വമുള്ള നേതാവിനോടുള്ള ഐക്യപ്പെടലാണ്; ആരെതിർത്താലും നെഞ്ചേറ്റാൻ കണ്ണൂരിലെ പാർട്ടിപട്ടാളം ഉണ്ടാവും'; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും കണ്ണൂരിലെ സഖാക്കൾ':   ജയരാജന്റെ നേതൃവിശേഷവും മനുഷ്യത്വ മുഖവും വിവരിക്കുന്ന പോസ്റ്റുകളടക്കം നൽകി ഓരോ മണിക്കൂറിലും അപ്‌ഡേറ്റുമായി ഫേസ്‌ബുക്കിൽ പോര് തുടർന്ന് പിജെ ആർമി; ജയരാജൻ തന്നെ വിലക്കിയിട്ടും പാർട്ടി നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും കണ്ണൂരിലെ പാർട്ടിയെ നിയന്ത്രിക്കാനാവാതെ പിണറായിയും കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ വി എസ് അച്യുതാനന്ദൻ ഒഴികെ ബാക്കിയെല്ലാവരും കണ്ണൂരുകാരായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കരുത്തായിരുന്നു കണ്ണൂരിലെ സഖാക്കൾ. പാർട്ടിക്ക് വേണ്ടി എന്തും ഏതും ചെയ്യുന്നവർ. വിഎസിന്റെ അനുഗ്രത്തോടെ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി. എന്നാൽ കണ്ണൂരിന്റെ കരുത്തിൽ വിഎസിനെ വെട്ടി പിണറായിയും പാർട്ടിയിലെ അവസാന വാക്കായി. പിണറായി മുഖ്യമന്ത്രിയാകാൻ മാറിയപ്പോൾ കോടിയേരി ബാലകൃഷ്ണനും സെക്രട്ടറിയായി. എന്നാൽ ഇന്ന് കണ്ണൂരിലെ സഖാക്കൾ കോടിയേരിയേയോ പിണറായിയേയോ കേൾക്കുന്നില്ല. അവർക്ക് നേതാവ് പി ജയരാജനാണ്. ജയരാജനാകട്ടെ പിണറായിയുടെ കണ്ണിലെ കരടും.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി സിപിഎം കണ്ണൂർ ജില്ലാ ഘടകത്തിൽ വിഭാഗീയത ശക്തമാകുന്നതിനിടെ പാർട്ടി ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് യോഗം.ആന്തൂർ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയരാനാണ് സാധ്യത.
കണ്ണൂരിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയതയുടെ കനൽ എരിഞ്ഞ് തുടങ്ങിയിട്ട് കാലമേറെയായി.പി.ജയരാജനുമായി ഏറെ അടുപ്പമുണ്ടായിരുന്ന പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയും അനുബന്ധ വിവാദങ്ങളും ആ വിഭാഗീയത് ആക്കം കൂട്ടി. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിൽ നഗരസഭാ അധ്യക്ഷയും പാർട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം. ജയരാജനാണ് സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം. ഇതിനൊപ്പമാണ് പിജെ ആർമിയും കോടിയേരിക്കും പിണറായിക്കും തലവേദനയാകുന്നത്.

ഇക്കാര്യം ആന്തൂരിൽനടന്ന പൊതുയോഗത്തിൽ പി.ജയരാജൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സെക്രട്ടറിയേറ്റ് നിലപാട് തള്ളിയ സംസ്ഥാന നേതൃത്വം പി.ജയരാജനെ ശാസിച്ചു.പിന്നാലെ നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. ഇതെല്ലാം കണ്ണൂരിലെ സിപിഎമ്മിൽ വലിയ ചർച്ചയാണ്. ഇതിനിടെയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃയോഗം ഇന്ന് ആരംഭിക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാവും ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെ ജില്ലാ കമ്മറ്റിയും ചേരുക. ആന്തൂർ വിഷയത്തിൽ സംസ്ഥാന കമ്മറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ ശക്തമായ വിമർശനമുയരുമെന്നാണ് സൂചന. സോഷ്യൽ മീഡിയാ പ്രശ്‌നത്തിൽ ജയരാജനെ പ്രതിക്കൂട്ടിൽ നിർത്താൻ കോടിയേരി ശ്രമിച്ചാൽ അതിന് പ്രതിരോധം തീർക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗവും ഒരുങ്ങുന്നത്. പിജെ ആർമിയുടെ പ്രവർത്തനങ്ങളിൽ പാർട്ടി വിരുദ്ധതയില്ലെന്നാണ് ഇവരുടെ നിലപാട്.

'ബിംബാരാധന' മനുഷ്യത്വമുള്ള നേതാവിനോടുള്ള ഐക്യപ്പെടലാണെന്ന് പരോക്ഷമായി ഓർമിപ്പിച്ചുള്ള പാർട്ടി വിലക്കിനു ശേഷവും 'പി.ജെ.ആർമി' സജീവമാണ്. പി.ജയരാജന്റെ പേരിന്റെ ചുരുക്കവും ഫോട്ടോയും ഉപയോഗിച്ചുതന്നെയാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ജയരാജന്റെ നേതൃവിശേഷവും മനുഷ്യത്വ മുഖവും വിവരിക്കുന്ന പോസ്റ്റുകളടക്കം നൽകി ഓരോ മണിക്കൂറിലും അപ്ഡേറ്റുമായി ഫേസ്‌ബുക്കിൽ പി.ജെ.ആർമിയുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് അവർ. ജരജാനെതിരെ പിണറായിയും കോടിയേരിയും ചേർന്ന് നടക്കുന്ന നീക്കങ്ങളിൽ ഈ ഗ്രൂപ്പ് അസംതൃപ്തിയുമാണ്. 'വെട്ടിയിട്ടു വീണിട്ടില്ല, പിന്നെയാണ് പിന്നിൽനിന്നുള്ള കുത്തിൽ വീഴാൻ', 'കണ്ണിലെ കൃഷ്ണമണി പോലെ കാക്കും കണ്ണൂരിലെ സഖാക്കൾ' തുടങ്ങിയ പോസ്റ്റുകളാണ് കഴിഞ്ഞദിവസം എഫ്.ബി.യിൽ പ്രത്യക്ഷപ്പെട്ടത്. 'ആരെതിർത്താലും നെഞ്ചേറ്റാൻ കണ്ണൂരിലെ പാർട്ടിപട്ടാളം ഉണ്ടാവും' എന്നാണ് മറ്റൊരു പോസ്റ്റ്.

സിപിഎം. സംസ്ഥാനസമിതിയുടെ തിരുത്തൽ നിർദ്ദേശം അംഗീകരിച്ച് ഇത്തരം ഗ്രൂപ്പുകൾക്ക് തന്റെ പേരും ഫോട്ടോയും ഉപയോഗിക്കരുതെന്ന് ജയരാജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്തരമൊരു പിന്മാറ്റത്തിന് പി.ജെ.ആർമി തയ്യാറായിട്ടില്ല. ജയരാജൻ സ്വീകാര്യനാകുന്നതിന്റെ കാരണംകൂടി പേജ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടൻ. അതുകൊണ്ടുതന്നെ, ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു'- പി.ജെ.ആർമി വ്യക്തമാക്കുന്നു. ജയരാജൻ പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല. യഥാർത്ഥ കമ്യൂണിസ്റ്റ് ജയരാജൻ ആണെന്ന് പറഞ്ഞ് അവർ ചർച്ച സജീവമാക്കുന്നു. ഇത് വേദനിപ്പിക്കുന്നത് പിണറായിയെ തന്നെയാണ്. കണ്ണൂരിലെ രാഷ്ട്രീയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് അപ്പുറത്തേക്ക് ജയരാജൻ പിടിമുറുക്കുന്നു. പിണറായിയും കോടിയേരിയും ഇപി ജയരാജനും എംവി ജയരാജനും എം വി ഗോവിന്ദനും മുകളിലാണ് ഇന്ന് കണ്ണൂരിലെ സഖാക്കൾക്കിടയിൽ പിജെ എന്ന പി ജയരാജന്റെ സ്ഥാനം.

ആന്തൂർ സംഭവത്തിനുശേഷം കണ്ണൂരിലെ പാർട്ടി നേതാക്കൾക്കിടയിലുള്ള അസ്വാരസ്യം പി.ജെ.ആർമിയുടെ ഇടപെടലിലൂടെ കൂടുതൽ രൂക്ഷമാകാനിടയുണ്ട്. ജില്ലാ സെക്രട്ടറി പദത്തിൽനിന്ന് മാറിയിട്ടും ജയരാജന്റെ നിലപാടിനൊപ്പം അണികൾ നിൽക്കുന്നുണ്ടെന്നതാണ് 'പി.ജെ.ആർമി' ബോധ്യപ്പെടുത്തുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയപ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇപ്പോൾ പി.ജെ.ആർമി പ്രവർത്തിക്കുന്നത്. അതിനാൽ, ജയരാജനെ പിന്തുണയ്ക്കുന്നതിനൊപ്പം കോടിയേരിക്കും മുഖ്യമന്ത്രിക്കും മറ്റു രാഷ്ട്രീയ പോസ്റ്റുകൾക്കും പേജിൽ ഇടംനൽകുന്നുണ്ട്. 'പാർട്ടി ഒരു കുടുംബമാണ്. ആ കുടുംബത്തിൽപെട്ട ഒരാളോട് അൽപം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്' എന്ന പ്രഖ്യാപനവുമായാണ് പേജ് ഇപ്പോഴും തുടരുന്നത്. ജയരാജന്റെ ചിത്രമാണ് പ്രൊഫൈലായി ചേർത്തിരിക്കുന്നത്. ഈ പേജിന്റെ പേരിൽ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായതിനെ തുടർന്നായിരുന്നു പി ജയരാജൻ പരസ്യമായി തന്നെ പുകഴ്‌ത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടത്.

ജയരാജൻ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കുമ്പോഴാണ് വോട്ട് ഫോർ പിജെ എന്ന പേരിൽ ഫേസ്‌ബുക് പേജ് നിലവിൽ വന്നത്. തിരഞ്ഞെടുപ്പിനു ശേഷം ഇതിന്റെ പേര് പിജെ ആർമി എന്നാക്കി. വ്യക്തി കേന്ദ്രീകൃത വളർച്ചയ്ക്കു ജയരാജൻ ശ്രമിക്കുന്നുവെന്നു പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും സൂചിപ്പിച്ചിരുന്നു. തുടർന്നാണ് പേരു മാറ്റാൻ ജയരാജൻ നിർദ്ദേശിച്ചത്. അതും തള്ളിക്കളയുകയാണ് അവർ. ആന്തൂർ സംഭവവുമായി ബന്ധപ്പെട്ട് ധർമ്മശാലയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഭരണ സമിതിക്ക് വീഴ്ച പറ്റിയെന്നും ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ജയരാജനെ തള്ളി.സംസ്ഥാന സമിതി യോഗത്തിൽ ജെയിംസ് മാത്യു എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. ഇത് ജെയിംസ് മാത്യു പിന്നീട് നിഷേധിച്ചു.

പ്രാദേശിക തലത്തിലും പ്രവർത്തകർ അസ്വസ്ഥരാണ്. കഴിഞ്ഞ ദിവസം ആന്തൂർ നഗരസഭ വൈസ് ചെയർമാനും ബക്കളം ലോക്കൽ കമ്മിറ്റി അംഗവുമായ കെ ഷാജു പാർട്ടി നിലപാടിനെ പരോക്ഷമായി വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. സംസ്ഥാന നേതൃത്വം ശാസിച്ചിട്ടും പി ജെ ആർമി ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ജയരാജന് പരസ്യ പിന്തുണയുമായി സജീവമാണ്.

ജയരാജനെ പുകഴ്‌ത്തി പിജെ ആർമിയിൽ വന്ന പോസ്റ്റ്

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....
അതിനെ പ്രധാനമായും മനുഷ്യ സ്‌നേഹം എന്ന ഒറ്റവാക്കിനാൽ രേഖപ്പെടുത്തുന്നു....
വെറുപ്പിന്റെ രാഷ്ട്രീയ തണലിൽ നിന്ന് കൈയറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്‌നേഹത്തിന്റെ ചെങ്കൊടി നൽകി...
കണ്ണൂരിന്റെ സാന്ത്വന സ്പർശങ്ങൾക്കും ഉണ്ട് സ:പിജെയുടെ കരുതലുകൾ....
പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നു......
ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്‌നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്....
എന്നും അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും.....
ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ......
അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു....
സ്‌നേഹാഭിവാദ്യങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP