Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യശത്രു അമിത്ഷായും ബിജെപിയും തന്നെ! പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും; പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക്; 16ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈകോർത്തു പിടിച്ച് സമരം ചെയ്യും; മന്ത്രിമാരും കക്ഷി നേതാക്കളും ഒരുമിച്ചു സത്യാഗ്രഹ സമരത്തിൽ അണിനിരക്കും; കേന്ദ്ര നിയമത്തിനെതിരെ മുസ്ലിംവികാരം അണപൊട്ടി ഒഴുകുമ്പോൾ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ

മുഖ്യശത്രു അമിത്ഷായും ബിജെപിയും തന്നെ! പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും; പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക്; 16ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈകോർത്തു പിടിച്ച് സമരം ചെയ്യും; മന്ത്രിമാരും കക്ഷി നേതാക്കളും ഒരുമിച്ചു സത്യാഗ്രഹ സമരത്തിൽ അണിനിരക്കും; കേന്ദ്ര നിയമത്തിനെതിരെ മുസ്ലിംവികാരം അണപൊട്ടി ഒഴുകുമ്പോൾ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ആയതിന് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു സംയുക്ത സമരത്തിലേക്ക് നീങ്ങുന്നു. നാളെ ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാറാലി നടത്തുമ്പോൾ തന്നെ കേരളത്തിൽ ഈ വിഷയത്തിൽ സിപിഎമ്മുമായി കൈകോർത്ത് മുന്നോട്ടു പോകാനാണ് നീക്കം. കേരളം ഭരണഘടനാ വിരുദ്ധമായ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയന് പിന്നിൽ ഈ വിഷയത്തിൽ അണി നിരക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബർ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പെട്ടവർ അഭിവാദ്യം അർപ്പിക്കും. നവോഥാന സമിതിയുടെ പ്രവർത്തകരും സമരത്തിൽ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാർലമെന്റിന്റെ ഇരു സഭകളിലും സംഘപരിവാർ അജണ്ടയ്ക്കു വിധേയമായി എൻ.ഡി.എ സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരിൽ പൗരന്മാരെ വേർതിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങൾക്കിടയിൽ വലിയതോതിൽ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയിൽ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയർത്തുന്ന മുദ്രാവാക്യത്തോടും മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സുപ്രിംകോടതിയിൽ കക്ഷിചേരുമെന്നും കേരള സർക്കാരുമായി യോജിച്ച പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വർഗീയ ബില്ലിനെതിരെ നിയമപരമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. സാധ്യമായ എല്ലാ വേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബില്ലിനെതിരെ കടുത്ത മുസ്ലിം വികാരമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയം കൂടിയെന്ന വിമർശനം ഉയരുന്നുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ അടക്കമുള്ളവർക്ക് ഈ നിയമം കൊണ്ട് യാതൊരു പ്രശ്‌നവും ഇല്ലെന്നിരിക്കേയാണ് മുസ്ലിംങ്ങളെ നാട്ടിൽ നിന്നും ഓടിക്കാൻവേണ്ടിയാണ് ഈ സമരമെന്ന് വിധത്തിൽ പ്രചരണം ശക്തമാണ്. പോപ്പുലർ ഫ്രണ്ടും വെൽഫെയർ പാർട്ടിയുമാണ് ഈ വിഷയം സുവർണാവസരമായി കണ്ടിരിക്കുന്നത്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവർ എന്ന വിധത്തിൽ ഈ പാർട്ടികൾ രംഗത്തുണ്ട്. മുസ്ലിംലീഗാകട്ടെ നിയമ പോരാട്ടവുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഎമ്മും കോൺഗ്രസും ഒരുമിച്ചു പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

ഇന്ന് വെള്ളിയാഴ്‌ച്ച ജുമാ കഴിഞ്ഞ ശേഷം മിക്ക പള്ളികളോടും അനുബന്ധിച്ച് പ്രതിഷേധങ്ങൾ നടന്നിരുന്നു. മുസ്ലിംങ്ങളെ രാജ്യത്തു നിന്നും ഇല്ലാതാക്കാൻ വേണ്ടിയുള്ള ബില്ലാണിതെന്നാണ് ഉയരുന്ന ഈ സമരങ്ങളിൽ ഉയർന്ന വിമർശനനവും. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നനന്നത്.

ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് കാന്തപുരം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ മുസ്ലിംകളുടെ അസ്തിത്വം ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് പൗരത്വ ഭേദഗതി നിയമം എതിരാണ്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നൽകേണ്ടത്. ജനാധിപത്യത്തിൽനിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ നാം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം സംബന്ധിച്ച ഒരു നിയമനിർമ്മാണത്തിന് മുസ്ലിം അല്ലാതിരിക്കുക എന്നത് മാനദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. മുസ്ലിംകളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ നിയമം മാറുകയാണ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ പുനരാലോചന നടത്തണം. പൗരത്വ പട്ടികയുടെ പേരിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ അപ്രസക്തമാക്കാൻ ആരും ശ്രമിക്കരുത്. ഇന്ത്യയെ ഇന്ത്യയാക്കിയ ഏതെല്ലാം മൂല്യങ്ങളുണ്ടോ അതിനെ മുഴുവനും തകർക്കുന്ന ആക്ടാണിത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുള്ള ബഹുസ്വര പ്രക്ഷോഭ മുന്നേറ്റമാണ് നമുക്ക് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷനായി. ഇ. സുലൈമാൻ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. സെബാസ്റ്റ്യൻ പോൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, ഇ.എൻ മോഹൻദാസ്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി മുഹമ്മദ് അബ്ദുൽകരീം അസ്ഹരി, അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, മുഹമ്മദ് പറവൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കർ മാസ്റ്റർ പടിക്കൽ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം.എം ഇബ്‌റാഹിം, ആർ.പി ഹുസൈൻ മാസ്റ്റർ സംസാരിച്ചു.

കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ സമ്മേളനവുമായി പോപ്പുലർ ഫ്രണ്ട്

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ പൗരന്മാരോടുള്ള നീതി നിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച നീതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരെ പരിഭ്രാന്തരാക്കുന്ന ബില്ലാണ് ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പുവച്ചിരിക്കുന്നത്. രാജ്യത്തെ റാഫേലടക്കം സുപ്രധാനമായ രേഖകൾ സൂക്ഷിക്കാൻ സാധിക്കാത്ത ഭരണകൂടമാണ് സാധാരണക്കാരായവരോട് പൗരത്വം തെളിയിക്കാനുള്ള രേഖ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും വീടും നാടും നഷ്ടപ്പെട്ട് സാധാരണക്കാർക്കും, കർഷകർക്കും വിദ്യാസമ്പന്നരല്ലാത്തവർക്കും എങ്ങനെയാണ് ഇത്തരം രേഖകൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ സാധിക്കുക- മൗലാനാ മുഹമ്മദ് വലി റഹ്മാനി ചോദിച്ചു.

ബാബരി വിധിയിൽ നീതിപൂർവ്വമായ വിധിയുണ്ടാവാൻ പൊതുജനങ്ങൾ സംഘടിക്കണം. മസ്ജിദിന്റെ പേരിൽ രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിംകളെയും മാനസികമായി അകറ്റി നിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി.പി നാസറുദ്ധീൻ അധ്യക്ഷനായി. ആക്ടിവിസ്റ്റ് ഡോ. ലെനിൻ രഘുവംശി, പ്രൊഫ.പ ി കോയ മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച് നാസർ, എം.കെ ഫൈസി, കെ.ഇ അബ്ദുല്ല, എ.വാസു, എൻ.പി ചെക്കുട്ടി, കെ.കെ ബാബുരാജ്, കെ.കെ റൈഹാനത്ത്, റെനി ഐലിൻ, ഗോപാൽ മേനോൻ, അബ്ദുറഹിമാൻ ബാഖവി, ഇ.അബൂബക്കർ സംസാരിച്ചു. സി.പി മുഹമ്മദ് ബഷീർ സ്വാഗതവും ടി.കെ അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു.

തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂവെന്ന് കണ്ണൻ ഗോപിനാഥൻ

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ മുംബൈയിലെത്തിയ കണ്ണൻ ഗോപിനാഥൻ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പൊലിസ് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ പൊലിസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയതോടെ കണ്ണൻ ഗോപിനാഥനെ പൊലിസ് വിട്ടയക്കുകയായിരുന്നു. തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാർത്ഥികൾ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. അൽപ്പം മുൻപാണ് കണ്ണൻ ഗോപിനാഥനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. മറൈൻ ഡ്രൈവിൽ നടക്കാനിരുന്ന ലോങ് മാർച്ചിൽ പങ്കെടുക്കാനെത്തിയതോടെയാണ് കസ്റ്റഡിയിൽ എടുത്തത്. തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ ഉടനെ കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP