Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വിഴിഞ്ഞത്തേത് സർക്കാരിനെതിരായ നീക്കമല്ല; നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമം; ഏത് വേഷത്തിൽവന്നാലും വികസനം തടയാനാവില്ല; സർക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട; വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല'; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

'വിഴിഞ്ഞത്തേത് സർക്കാരിനെതിരായ നീക്കമല്ല; നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമം; ഏത് വേഷത്തിൽവന്നാലും വികസനം തടയാനാവില്ല; സർക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട; വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല'; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിർത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനാണ് ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, സർക്കാരിന് ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി. അനർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമരക്കാരുടെ എല്ലാം ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു. പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശം നൽകുമെന്നും വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സർക്കാരിനെതിരെയുള്ള നീക്കമല്ല. നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനുള്ള നീക്കങ്ങൾ ഏത് വേഷത്തിൽ വന്നാലും അംഗീകരിക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട. നാല് തെറി പറയാൻ ചിലർക്ക് കഴിയുമായിരിക്കും. അതെല്ലാം സമൂഹം വിലയിരുത്തും. എന്താണ് ദേശീയപാതയ്ക്കും ഗെയിൽ പൈപ്പ് ലൈനും ഇടമൺകൊച്ചി പവർലൈനും സംഭവിച്ചത് അതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നതിലൂടെ തീരശോഷണം സംഭവിച്ചു എന്നാണ് സമരസമിതിയുടെ ആക്ഷേപം. തീരശോഷണത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. തീരശോഷണം സംഭവിച്ചില്ല എന്നാണ് റിപ്പോർട്ടുകളിലുള്ളത്. എങ്കിലും സമരസമിതിയുടെ വാദം അംഗീകരിച്ച് ഒരു പഠനം നടത്താൻ സർക്കാർ തീരുമാനിച്ചു. സമരസമിതി നേതാക്കൾ അനൗപചാരിക സന്ദർശനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. പദ്ധതി നിർത്തിവയ്‌ക്കേണ്ടതില്ല എന്ന നിലപാടിലേക്ക് അവരും വന്നു.

തീരശോഷണം ഉണ്ടായി എന്ന ആശങ്കയുണ്ടെങ്കിൽ നല്ല രീതിയിൽ ഒത്തുതീർപ്പിലേക്ക് എത്തുന്നതിന് പഠനം നടത്താമെന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അറിയിച്ചു. പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയമിക്കാം എന്നും അവരോട് പറഞ്ഞു. അതോടെ സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിക്കുന്ന നിലയുണ്ടായി. ചർച്ച ചെയ്തശേഷം തീരുമാനം പറയാമെന്ന് അവർ പറഞ്ഞു. അതിനുശേഷമാണ് ഇക്കാണുന്നതെല്ലാം ഉണ്ടായത്. സർക്കാരിനു വേറെ ഒന്നും ഇനി ചെയ്യാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

'സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്? എങ്ങോട്ടാണ് കാര്യങ്ങൾ പോകുന്നത്? മറ്റു മാനങ്ങളിലേക്ക് സമരത്തെ മാറ്റാൻ ഉദ്ദേശിക്കുകയാണ്. ഇതെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിൽ മന്ത്രിയായി പ്രവർത്തിക്കുന്ന ആളുടെ പേര് അബ്ദുറഹിമാൻ ആയതിനാൽ ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാൻ ഒരാൾക്ക് കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം. എന്താണ് ഇളക്കി വിടാൻനോക്കുന്ന വികാരം'മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ എല്ലാ രീതിയിലും തടസ്സം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത കക്ഷികൾ എല്ലാകാലത്തും ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം ഗുഢാലോചനയുമായി ഒത്തുകൂടുകയാണ്. നാടിന്റെ ഇന്നത്തെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ മാറ്റാൻ ശ്രമിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങൾ നടത്തുന്നു.

പൊലീസ് ഓഫിസറുടെ കാൽ തല്ലിയൊടിച്ചു. ഭീകരമായ മർദനം നടത്തി. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. ഒരു ഘട്ടത്തിലും സംസ്ഥാനത്ത് നടക്കില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പറയുന്നു. അതിനായി പ്രത്യേകം ആളുകളെ സജ്ജമാക്കുന്നു. കൃത്യമായ പദ്ധതികളോടെ മുന്നോട്ടു പോകുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. പദ്ധതി വേണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സർവകക്ഷിയോഗത്തിൽ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP