Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്; ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ; സേവ് സിപിഎം' ഫോറത്തിന്റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ..അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരിക്കുന്നത്; വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട': വിവാദ വാർത്തകളിൽ പഴയ മാധ്യമ സിൻഡിക്കേറ്റിനെ ഓർമ്മിപ്പിച്ച് പിണറായി വിജയൻ

'ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്; ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ; സേവ് സിപിഎം' ഫോറത്തിന്റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ..അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരിക്കുന്നത്; വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട': വിവാദ വാർത്തകളിൽ പഴയ മാധ്യമ സിൻഡിക്കേറ്റിനെ ഓർമ്മിപ്പിച്ച് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ, പാർട്ടിയിലെ വിഭാഗീയതകൾ കത്തി നിന്ന കാലത്ത് പാർട്ടിക്കെതിരെ ഒരേ സ്വഭാവമുള്ള തുടരൻ വാർത്തകൾ വന്നപ്പോൾ വിശേഷിപ്പിച്ചതാണ് മാധ്യമ സിൻഡിക്കേറ്റ് എന്ന പദപ്രയോഗം. ഇപ്പോൾ, കോവിഡിന്റെ കാലത്ത് സ്പിങ്‌ളർ വിവാദത്തിന്റെ പേരിൽ സർക്കാരിനെ ഇകഴ്‌ത്തി കാണിക്കാൻ വാർത്തകൾ പടച്ചുവിടുന്നുവെന്ന വ്യംഗ്യസൂചന പിണറായി വിജയൻ നൽകി. മാധ്യമസിൻഡിക്കേറ്റ് എന്ന വാക്കുച്ചരിച്ചില്ലെങ്കിലും പരോക്ഷമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അത് ധ്വനിപ്പിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങളാണ് എന്ന് വ്യക്തമാക്കാൻ കൂടിയാണ് തിങ്കളാഴ്ചയും ഇക്കാര്യം പിണറായി ഓർമിപ്പിച്ചത്.

മുമ്പ് പാർട്ടി സെക്രട്ടിയായിരുന്നപ്പോൾ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പിണറായി പ്രതികരിച്ചത് ഇങ്ങനെയാണ്:'ഇതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായതുകൊണ്ടു വന്നുചേർന്നതാണ്. നമ്മളിലൂടെ പ്രസ്ഥാനത്തെ തകർക്കാനായിരുന്നു ശ്രമം. പിണറായി വിജയൻ എന്ന വ്യക്തിയോട് ആർക്കും വിദ്വേഷമില്ല. എനിക്ക് തിരിച്ചും. മുമ്പ് അഴീക്കോടൻ രാഘവന്റെയെല്ലാം പേരിൽ എന്തെല്ലാം ദുരാരോപണങ്ങളാണ് പാർട്ടിവിരുദ്ധർ ഉയർത്തിക്കൊണ്ടുവന്നത്. അഴിമതിക്കോടൻ എന്ന് വിളിച്ചായിരുന്നു അന്ന് അവർ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നത്. പിന്നെ ഞാൻ എപ്പോഴും പറയാറുള്ളപോലെ 'മടിശ്ശീലയിൽ കനമുള്ളവനല്ലേ, വഴിയിൽ പേടിക്കാനുള്ളൂ.'

ഒരിക്കൽ പിണറായി തന്നെ പറഞ്ഞപോലെ 'എന്തൊക്കെയായാലും അവരുടെ സ്ഥിരോൽസാഹം സമ്മതിക്കണം'. മറ്റു വാക്കുകളിൽ പറഞ്ഞാൽ മാധ്യമ മാഫിയ എന്നുതന്നെയാവണം മാധ്യമ സിൻഡിക്കേറ്റ് എന്ന പദം കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. സ്പ്രിങ്‌ളർ വിവാദം ഇന്നും മാധ്യമപ്രവർത്തകർ എടുത്തിട്ടെങ്കിലും ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട ആവശ്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകായായിരുന്നു മുഖ്യമന്ത്രി.

ഇപ്പോ വൈറസിനെ ഒതുക്കാനാണു നോക്കുന്നത്, രാജ്യം അത് അംഗീകരിച്ചിട്ടുണ്ട്, ആ വഴിക്ക് പോകാം ഇപ്പോൾ. ആരോപണങ്ങൾക്ക് മറുപടി പറയാൻ ഇപ്പോൾ നേരമില്ല. ചരിത്രം തീരുമാനിക്കട്ടെ ശരിതെറ്റുകൾ. ഇപ്പോൾ മറ്റു കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. നിങ്ങൾ എന്തൊക്കെ തെളിവുകൾ കൊണ്ടുവന്നാലും ഞാൻ അതിനു തടസമില്ല. മാധ്യമങ്ങൾ ശരിയായി ചിന്തിക്കണം. എല്ലാവരെയും കുറിച്ചല്ല പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.. കോറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിങ്ങളിൽ പലരും നുണ വാർത്തകൾ മെനയുന്നുണ്ടാകും. വർഷങ്ങൾക്ക് മുമ്പ് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ സേവ് സിപിഎം ഫോറം എന്ന പേരിൽ സംഘടന രൂപം കൊണ്ടു. എന്നൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളല്ലേ. എന്നിട്ട് അതിന്റെ സത്യാവസ്ഥ എന്തായി?. മുഖ്യമന്ത്രി സൂചിപ്പിച്ചു. പണ്ടും പല വാർത്തകൾ ഈ രീതിയിൽ ഉയർന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവർക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്.- മുഖ്യമന്ത്രി വ്യക്തമാക്കി.വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട. അങ്ങനെയുള്ള ആളുകൾ ഉന്നയിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോൾ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെ(ചോദ്യം ചോദിക്കുന്നവർക്ക്)ന്തിനാണെന്നും ആരോപണമുന്നയിച്ചവർ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

''നമ്മളിപ്പോൾ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലത്'', എന്ന് മുഖ്യമന്ത്രി. സ്പ്രിംക്‌ളർ വിവാദം ശുദ്ധനുണയാണ്. അതിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം പഴയ 'മാധ്യമസിൻഡിക്കേറ്റ്' വിവാദവും.

''ശുദ്ധമായ നുണ കെട്ടിച്ചമച്ചുണ്ടാക്കുണ്ടാക്കുമ്പോൾ ഞാനിതിന് എന്ത് മറുപടി പറയാൻ? നിങ്ങളുന്നയിച്ചവരോട് പോയി ചോദിക്ക്'', എന്ന് മുഖ്യമന്ത്രി.

''എനിക്കിപ്പോൾ ഇതിനല്ല നേരം. കുടുംബാംഗങ്ങളെ പറഞ്ഞതിലൊന്നും എനിക്കൊന്നും പറയാനില്ല. നോക്കാൻ സമയമില്ല'', എന്ന് മുഖ്യമന്ത്രി.

പിണറായിയുടെ മകൾ വീണ വിജയന്റെ പേരിലുള്ള കമ്പനിയും സ്പ്രിംക്‌ളറുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് രൂക്ഷമായ പരിഹാസമുയർത്തി അദ്ദേഹം. ''ഈ ആരോപണമൊക്കെ ഭയങ്കര ഗുരുതരമായ കാര്യല്ലേ. അതൊന്നും ഇവിടെ പറയാൻ നിക്കണ്ട. അതൊക്കെ നാട്ടുകാർക്ക് മനസ്സിലായിക്കോളും'', എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പിബിക്ക് കേരളഘടകം നൽകിയ റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന റിപ്പോർട്ടിനെയും പിണറായി പരിഹസിച്ചു. ''ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ. 'സേവ് സിപിഎം' ഫോറത്തിന്റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ. അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരുന്നത്. അതുകൊണ്ട് ഇതെന്നെ തളർത്തുമെന്ന് നിങ്ങൾ കരുതണ്ട. എനിക്ക് വേറെ പണിയുണ്ട്'', എന്ന് മുഖ്യമന്ത്രി.

''നിങ്ങള് നേരായ വഴിക്ക് ചിന്തിക്കണം. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തകരാണ് നിങ്ങൾ. വിവാദങ്ങളിലേക്ക് നിങ്ങൾ പോയി. അത് വേണ്ട'', എന്ന് മുഖ്യമന്ത്രി.

പഴയ വിവാദങ്ങൾ

പിണറായി വിജയൻ മുതലാളിത്ത രീതിയിൽ ആഡംബരമായി ജീവിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുന്ന ചില ലേഖനങ്ങളാണ് പിണറായി വേട്ടയുടെ ആദ്യഘട്ടത്തിൽ കണ്ടത്. പിണറായിയുടെ കൊട്ടാര സദൃശ്യമെന്ന്' പറഞ്ഞു പരത്തിയ വീട് വിവാദം. അതേക്കുറിച്ച് പിണറായി പറയുന്നത് നോക്കുക. 'വീട് ഞാൻ പുതിയതായി ഉണ്ടാക്കിയതല്ല. നിലവിലെ വീട് പുതുക്കിപ്പണിതതാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു വിവാദവും ഉണ്ടായിട്ടില്ല. വീടിനുവന്ന ചെലവും ബാങ്ക് വായ്പയും അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടിക്ക് നൽകിയതാണ്. പണ്ട് ഇ.എം.എസ് എന്റെ വീട്ടിൽ വന്നപ്പോൾ അകത്ത് ബാത്ത്‌റൂം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തട്ടുകൾ കയറി മുകളിലൊരിടത്തുപോയാണ് ഇ.എം.എസ് മൂത്രമൊഴിച്ചത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോഴത്തെകാലത്ത് ആരെങ്കിലും ഇതുപോലുള്ള വീട് ഉണ്ടാക്കുമോ എന്നതാണ്. പിന്നീട് ഇതുതന്നെ തിരിച്ചിട്ട് പിണറായിയുടെ വീട് കണ്ട് ഇ.എം.എസ് അത്ഭുതപ്പെട്ടുപോയി എന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി'. പിണറായിയുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകളുടെ എതാണ്ടൊരു രൂപം ഇങ്ങനെയാണ്.

ഒരു മകൻ വിദേശത്ത് പഠിക്കാൻപോയതും മകൾ സ്വാശ്രയ കോളജിൽ പഠിച്ചതുമെല്ലാം ഇങ്ങനെ ഉയർന്നുവന്ന വിവാദങ്ങളാണ്. ലാവലിൻ വിവാദം വന്നതോടെ പിണറായിക്കെതിരെ ആർക്കും എന്തും എഴുതാമെന്ന അവസ്ഥ വന്നു. സിംഗപ്പൂർ കേന്ദ്രമായി കമല എക്‌പോർട്ടിങ് എന്ന കമ്പനിയുണ്ടെന്നും (പിണറായിയുടെ ഭാര്യയാണ് കമല) അത് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും ഇന്ത്യാവിഷനുമൊകെ തട്ടിവിട്ടു. എന്നാൽ, അങ്ങനെയൊരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നായിരുന്നു വസ്തുത. അത് ആരും കൊടുത്തതുമില്ല. ഓരോ വാർത്തയിലും തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ പൊളിയുമ്പോൾ വസ്തുത അറിയിക്കയെന്ന അടിസ്ഥാന പത്രപ്രവർത്തന ദൗത്യവും പത്രങ്ങൾ പാലിക്കാറില്ല. ടെക്‌നിക്കാലിയ എന്ന കൺസൺട്ടൻസ് കമ്പനി പിണറായി വിജയന്റെ ബിനാമി കമ്പനിയാണെന്നായിരുന്നു അടുത്ത ആരോപണം.

പിണറായി വിജയൻ എന്ന വ്യക്തി പറ്റുന്ന അബദ്ധങ്ങൾപോലും വലിയ പ്രത്യയശാസ്ത്ര വിഷയമായും രാഷ്ട്രീയ വിഷയമായും മാറ്റിയെടുക്കാൻ ഇവർക്ക് കഴിയുന്നു എന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് വെടിയുണ്ട വിവാദം. വധഭീഷണിയടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പിണറായിക്ക് സർക്കാൻ അനുവദിച്ച ലൈസൻസുള്ള തോക്കുണ്ട്. ഒരു ദിവസം ചെന്നൈയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം തോക്ക് തന്റെ ബാഗിൽനിന്ന് ഒഴിവാക്കിയെങ്കിലും ഉണ്ടമാറ്റാൻ മറന്നു. സ്വാഭാവികമായും വിമാനത്താവള അധികൃതർ വെടിയുണ്ട കണ്ടത്തെി പിടികൂടി. പിണറായി രേഖകൾ ഹാജരാക്കിയപ്പോൾ വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവമാണ് ആയുധ നിയമപ്രകാരം കേസെടക്കാനുള്ള വകുപ്പുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങൾ പൊലിപ്പിച്ചത്. പിണറായിയുടെ തോക്കിന് ലൈസൻസില്ലെന്നായി ഒരുകൂട്ടർ. എല്ലാം പൊളിഞ്ഞപ്പോൾ ജാള്യത മാറ്റാൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട കമ്യൂണിസ്റ്റുകാർ തോക്കുമായി നടക്കേണ്ടവരാണോ എന്ന് പറഞ്ഞ് കെ.സി. ഉമേഷ്ബാബുവും ഡോ. ആസാദുമൊക്കെ രംഗത്തത്തെി! അപ്പോഴും തങ്ങളുടെ വാർത്തകൾ വസ്തുതാപരമായി തെറ്റായിരുന്നെന്ന് ഒരു മാധ്യമവും പറഞ്ഞില്ല. അങ്ങനെ എത്രയെത്ര നുണകൾ. പറഞ്ഞാൽ തീരില്ല. ലാവലിൽ കേസ് തള്ളിയിട്ടും ലാവലിൻ സലാം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരും കുറവല്ല.

ഗോപാലകൃഷ്ണൻ തൊട്ട് എം.എസ് മണിവരെ ആത്മവിശ്വാസമുള്ളവനെയും സ്വന്തംകാര്യം നോക്കി പോകുന്നവരെയെല്ലാം സംശയത്തോടെ കാണുന്ന ഒരു പ്രവണത മാധ്യമരംഗത്തുണ്ട്. ചില റിയാലിറ്റി ഷോകളിലൊക്കെ കാണുന്നപോലെ അമിതവിനയം നടിച്ച് നടക്കുന്ന ഒരു കൂട്ടത്തെയാണ് കേരളത്തിലെ മാധ്യമങ്ങൾ മാനസികമായി ആഗ്രഹിക്കുന്നത്. പിണറായിയുടെ താൻപോരിമയും തൻേറടവുമെല്ലാം അവർക്ക് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എല്ലാവരും തങ്ങൾക്കുമുന്നിൽ ഓച്ഛാനിച്ച് നിൽക്കണമെന്ന ഹീനമായ മാധ്യമ തന്ത്രത്തെയാണ് പിണറായി ഹനിച്ചത്. ഒരേപോലെ ആലോചിച്ച് നുണക്കഥകൾ എഴുതുന്ന പത്രലേഖകരെ മാധ്യമ സിൻഡിക്കേറ്റെന്ന് പിണറായി വിളിച്ചത് എത്ര സത്യമായിരുന്നെന്ന് ഇന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പോലും സമ്മതിക്കും. മാതൃഭൂമി എഡിറ്റർ ഗോപാലകൃഷ്ണന് നൽകിയ ചുട്ട മറുപടിയുടെ പേരിൽപോലും പിണറായി ഏറെ വിമർശിക്കപ്പെട്ടു. നോക്കുക, ശത്രുക്കൾപോലും പറയാത്ത ആരോപണമല്ലേ പിണറായിക്കെതിരെ ഗോപാലകൃഷ്ണന്റെ ആർഎസ്എസ് മനസ്സ് സൃഷ്ടിച്ചത്. കത്തിയിലൂടെ വളർന്നുവന്ന നേതാവാണ് പിണറായിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം.' എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ' എന്ന ഒന്നാന്തരം മറുപടിയാണ് പിണറായി നൽകിയത്.

വിഎസുമായി അനുനയ പാത തുറന്നാണ് പിണറായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയത്. വിഎസിന്റെ ജനകീയതയും പിണറായിയിലെ സംഘാടകനും ഒത്തു ചേർന്നപ്പോൾ എൽഡിഎഫ് വീണ്ടും ഭരണത്തിലേക്ക് തിരികെയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP