Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി പിണറായി തന്നെ; മാദ്ധ്യമങ്ങൾക്ക് നുണ പ്രചരണം നടത്താൻ സമയം കൊടുക്കാതെ പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ യെച്ചൂരിക്കൊപ്പം പങ്കെടുത്ത് വി എസ് അച്യുതാനന്ദനും; ആറ് മാസം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു എന്ന വാർത്തയെ തള്ളി വിവാദങ്ങളില്ലാതെ സിപിഐ(എം) തീരുമാനം

മുഖ്യമന്ത്രി പിണറായി തന്നെ; മാദ്ധ്യമങ്ങൾക്ക് നുണ പ്രചരണം നടത്താൻ സമയം കൊടുക്കാതെ പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ യെച്ചൂരിക്കൊപ്പം പങ്കെടുത്ത് വി എസ് അച്യുതാനന്ദനും; ആറ് മാസം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു എന്ന വാർത്തയെ തള്ളി വിവാദങ്ങളില്ലാതെ സിപിഐ(എം) തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേൽക്കും. തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും യെച്ചൂരിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നേരത്തെ, മുഖ്യമന്ത്രിയായി പിണറായി വിജയനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് സെക്രട്ടറിയേറ്റ് ഈ തീരുമാനം കൈക്കൊണ്ടത്. തീരുമാനം സിപിഐ(എം) കേന്ദ്രകമ്മിറ്റി വി എസ് അച്യുതാനന്ദനെയും അറിയിച്ചിരുന്നു. തീരുമാനത്തോട് അനുകൂല നിലപാടാണ് വി എസ് സ്വീകരിച്ചത്.

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം പാർട്ടിക്ക് മുന്നിൽ വി എസ് അച്യുതാനന്ദൻ വച്ചുവെന്ന വാർത്ത പുറത്തുവന്നതിനെ പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചതും ഈ വാർത്ത പുറത്തുവിട്ടതും. തീരുമാനത്തെ വി എസ് എതിർത്തില്ലെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് വന്ന വാർത്തകൾ. പാർട്ടി തീരുമാനം അറിയിച്ചതോടെ വി എസ് എതിർപ്പൊന്നും അറിയിക്കാതെ എ കെ ജി സെന്ററിൽ നിന്നു മടങ്ങി. മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം സംസാരിക്കുകയുമുണ്ടായില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിനും ഇതിനോട് അനുഭാവപൂർണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എസ് രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നേരത്തെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് താൻ നൽകിയ സംഭാവന വലുതാണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് വി എസ് ആവശ്യപ്പെട്ടതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

വി എസ് അനുകൂല രാഷ്ട്രീയ നിരീക്ഷകരും ഏഷ്യാനെറ്റിൽ ഇതിന് അനുകൂലമായ നിലപാട് എടുത്തു. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുമായി വി എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാനാണിതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. ഇതോടെ സിപിഎമ്മിൽ ആശയക്കുഴപ്പമായെന്നും വാർത്തയിൽ പറഞ്ഞിരുന്നു. വി എസ് അച്യുതാനന്ദൻ എതിർപ്പൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ ഇനി അദ്ദേഹത്തിന് എന്ത് സ്ഥാനം നൽകുമെന്ന ചോദ്യമാണ് ഉയരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യപ്രചരകന്റെ റോൾ ഇത്തവണ വിഎസിനായിരുന്നു. പാർട്ടിക്ക് വഴങ്ങിക്കൊണ്ടാണ് അദ്ദേഹം സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിന് എത്തിയത്. വിവാദങ്ങൾക്ക് നിൽക്കാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം ഇടതു മുന്നണിക്ക് സമ്മാനിച്ചതും. 91 സീറ്റുകളുമായി എൽഡിഎഫ് നേടുകയും ചെയ്തു. 67 സീറ്റുകളിൽ സിപിഎമ്മിന് വിജയിക്കാൻ സാധിക്കുകയും ചെയ്തു. അസാധ്യമെന്ന് കരുതിയ പല സീറ്റുകളിലും വിജയം നേടാൻ വിഎസിന്റെ വ്യക്തിപ്രഭാവവും ഒരുമയോടെയുള്ള പ്രവർത്തനവും സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഎസിന് ക്യാബിനറ്റ് റാങ്കോടെ എൽഡിഎഫ് ചെയർമാൻ പദവി നൽകുന്ന കാര്യം പാർട്ടിയുടെ പരിഗണിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഈ സ്ഥാനം ഏറ്റെടുക്കാൻ വി എസ് തയ്യാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ധർമ്മടം മണ്ഡലത്തിൽ നിന്നും ധർമ്മടത്ത് നിന്നും 36095 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ അഞ്ചാംതവണ നിയമസഭയിലേക്ക് എത്തുന്നത്. നിലവിൽ പി.ബി അംഗമാണ് പിണറായി വിജയൻ. മൂന്ന് ടേം സംസ്ഥാന സെക്രട്ടറിയായ ശേഷം ആലപ്പുഴ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മുമ്പ് നായനാർ മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ 26ാം വയസിൽ കൂത്തുപറമ്പിൽ നിന്നുമാണ് പിണറായി വിജയൻ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തുടർന്ന് 1977,1991,1996 എന്നീ വർഷങ്ങളിൽ എംഎൽഎയായിരുന്നു. 1996 മുതൽ 1998 വരെയുള്ള കാലയളവിലാണ് നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചത്.

സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ച പിണറായി വിജയൻ 1998 മുതൽ 2015 വരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരെ മുൻ നിർത്തിയായിരുന്നു സിപിഐഎമ്മിന്റെ പ്രചാരണങ്ങൾ നടത്തിയത്. പിണറായിക്ക് വോട്ടു ചോദിച്ച് വി എസ് ധർമ്മടത്ത് എത്തുകയുമുണ്ടായി.

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആരൊക്കെയാകും മന്ത്രിമാർ എന്നതിനെ സംബന്ധിച്ചും തീരുമാനങ്ങൾ കൈകൊള്ളാൻ യോഗം തുടരും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ഇ പി ജയരാജൻ, കെ ക ഷൈലജ തുടങ്ങിയവർ മന്ത്രിയാകുമെന്ന കാര്യം ഏകദേശം ധാരണയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP