Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

ടീസ്ത സെറ്റിൽവാദ്, ആർ ബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള നിയമ നടപടി പിൻവലിക്കണം; കോൺഗ്രസ് ബിജെപിയെ പേടിച്ച് മുട്ടിലിഴയുന്നു; ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തപ്പോൾ എന്ത് ചെയ്തു? കോൺഗ്രസിനെതിരെ പിണറായി വിജയൻ

ടീസ്ത സെറ്റിൽവാദ്, ആർ ബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള നിയമ നടപടി പിൻവലിക്കണം; കോൺഗ്രസ് ബിജെപിയെ പേടിച്ച് മുട്ടിലിഴയുന്നു; ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തപ്പോൾ എന്ത് ചെയ്തു? കോൺഗ്രസിനെതിരെ പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

സംഘപരിവാർ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതിരെ ശബ്ദമുയർത്തിയാൽ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അവർ ഉയർത്തുന്നത്. എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൗനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കാൻ വരുമ്പോൾ കോൺഗ്രസുകാർ ഇത് കൂടി മനസ്സിൽ വെക്കണം. ലീഗിനെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ:


കോൺഗ്രസുകാർ എന്നും മറക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് ഏഹ്‌സാൻ ജഫ്രി. മുൻ കോൺഗ്രസ്സ് എംപിയാണ്. അദ്ദേഹത്തിന്റെ വിധവയാണ് ഇപ്പോൾ എൺപത്തിയഞ്ചു വയസ്സുള്ള സാകിയ ജഫ്രി. അവർ നിയമപോരാട്ടം തുടങ്ങിയിട്ട് പത്തൊൻപത് വർഷത്തിലേറെയായി. ഗുജറാത്ത് വംശഹത്യക്കിടെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ സാകിയയുടെ ഭർത്താവും മുൻ കോൺഗ്രസ്സ് എംപിയുമായ എഹ്‌സാൻ ജഫ്രി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ജെഫ്രിയുടെ വീട്ടിലേക്കാണ് കോളനിവാസികൾ അഭയംതേടിയെത്തിയത്. തുടർന്നുനടന്ന തീവെപ്പിൽ ജെഫ്രിയുൾപ്പെടെ 69 പേരാണ് അന്നവിടെ വെന്തുമരിച്ചത്.

നരേന്ദ്ര മോദിക്കും മറ്റ് അറുപതോളം പേർക്കും ക്ലീൻ ചിറ്റ് നൽകിയ എസ് ഐ ടി റിപ്പോർട്ട് ശരിവെച്ചതിനെതിനെതിരെ സാക്കിയ ജഫ്രി സുപ്രീം കോടതിയിൽ കൊടുത്ത ഹർജി തള്ളിക്കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം കോടതിയുടെ നിർദ്ദേശമായി വന്നത്. എന്നാൽ, സാകിയ ജെഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് ഏതെങ്കിലും ഘട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതുപോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോൺഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുകപോലും ചെയ്തിട്ടില്ല.
ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോൾ സാകിയ ജഫ്രിയെ കാണരുതെന്നാണ് കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോട്ടുകൾ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു കോൺഗ്രസിന്റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ 'ടെംപിൾ ടൂർ' നടത്താൻ സമയം കണ്ടെത്തിയ രാഹുൽ ഗാന്ധി എഹ്‌സാൻ ജാഫ്രിയെപ്പറ്റിയോ ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.

സാക്കിയയുടെ കേസിലെ പെറ്റിഷണർ നമ്പർ 2 ആയ ടീസ്ത സെറ്റൽവാദും ഗുജറാത്ത് മുൻ ഡിജിപിയും മലയാളിയുമായ ആർബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റിൽ സാധാരണ ഗതിയിൽ ജനാധിപത്യ പാർട്ടികൾ എതിർക്കുമല്ലോ? എന്നാൽ കോൺഗ്രസ്സ് പാർട്ടി പ്രതികരിച്ച രീതി കണ്ടാൽ ആ പാർട്ടിയെയോർത്ത് കഷ്ടം തോന്നും. കോൺഗ്രസ്സ് വക്താവ് മനു അഭിഷേക് സിങ്വി തുടങ്ങുന്നത് ഇപ്രകാരമാണ്. െടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നടന്ന വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനു സാധിക്കില്ല'. എന്നാൽ ഈ വിഷയത്തിൽ സിപിഐ എമ്മിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'ഗുജറാത്ത് കലാപത്തിൽ സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവർത്തക തീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരേ ചുമത്തിയ കേസ് പിൻവലിക്കണം. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിലഭിക്കാൻ പോരാടിയ തീസ്തയെ അറസ്റ്റുചെയ്തതിനെ അപലപിക്കുന്നു. വർഗീയസംഘർഷങ്ങളുണ്ടാകുമ്പോൾ ഭരണകൂടത്തിന്റെ പങ്ക് ചോദ്യംചെയ്യരുതെന്ന് ജനാധിപത്യവിശ്വാസികൾക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരാണ്.

സുപ്രീംകോടതി വിധിയിലെ പരാമർശങ്ങളെത്തുടർന്നാണ് ഇവർക്കെതിരേ ഗുജറാത്ത് സർക്കാരിന്റെ നടപടി. കോടതി സ്ഥാപിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളെ കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്നാണ് ഇതിനർഥം. മറിച്ചായാൽ കേസെടുക്കും. ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വസിക്കുന്ന തീസ്തയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തൽ ഹർജിക്ക് സാധ്യതയുള്ള കേസാണിത്'.

വ്യക്തമാണ് രണ്ട് പ്രതികരണവും. ആരാണ് ബിജെപിക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നത്; ആരാണ് എതിരെ ശക്തമായി പ്രതികരിക്കുന്നത് എന്ന് വ്യക്തം.
അറസ്റ്റിനെതിരെ വലുതായൊന്നും വേണ്ട, ചെറുതായി ഒന്ന് പ്രതിഷേധിക്കാൻ പോലും കോൺഗ്രസ്സിന് കഴിയുമായിരുന്നില്ലേ? അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിനമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാർ വിരുദ്ധരെ മുഴുവൻ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാൻ. പരിവാറിനെതിരെ ശബ്ദിച്ചാൽ ഇതൊക്കെയാവും ഫലം എന്ന ഭീഷണി. ആ ഭീഷണിക്കുമുന്നിലാണ് കോൺഗ്രസ്സ് മുട്ടുവിറച്ച് മൗനം പൂണ്ടത്. ബിപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോൺഗ്രസ്സ്. ഇത് ഗൗരവമായി നാം ചിന്തിക്കുന്നത് നന്നാവും. ഞങ്ങൾക്കെതിരെ പറയുന്ന കോൺഗ്രസിന്റെ ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണ്. കോൺഗ്രസിനൊപ്പം നിൽക്കുന്ന ലീഗിനെ പോലുള്ള മറ്റു പാർട്ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP