Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

എൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായി

എൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പു അടുത്തതോടെ എൻഎസ്എസുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ മുഖ്യമന്ത്രി പിണറായി. ഇടതുപക്ഷവും എൻ.എസ്.എസും പരസ്പരം ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസ് എക്കാലവും സമദൂരം അല്ലെങ്കിൽ ശരിദൂരം എന്ന നിലപാടാണ് സ്വീകരിക്കാറ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.

എൻ.എസ്.എസിനെതിരെ പിണറായി എന്ന നിലക്കാണ് ഇന്നലെ വാർത്തകൾ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് എൻ.എസ്.എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്. ഇപ്പോൾ ചോദ്യങ്ങളുടെ കാലമാണല്ലോ. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി അവധിയാക്കാത്തതിനെതിരെയാണ് ഒരു ചോദ്യം. ഇത് സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചതാണ്. നിയമപരമായ തടസമാണ് മുന്നിലുള്ളത്. 15 ദിവസത്തിൽ കൂടുതൽ അവധി നൽകാൻ സർക്കാറിന് സാധിക്കില്ല.

മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല എന്നതാണ് അടുത്ത ചോദ്യം. രാജ്യത്താദ്യമായി മുന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം പ്രാവർത്തികമാക്കിയത് എൽ.ഡി.എഫ് സർക്കാറാണ്. പരമദരിദ്രരായ മുന്നാക്കക്കാർക്ക് സംവരണം വേണമെന്നുള്ളത് നേരത്തെയുള്ള നിലപാടാണ്. നവംബറിൽ മുന്നാക്ക സംവരണം നടപ്പാക്കി ഉത്തരവായി. സമുദായങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. ഉടൻ പ്രസിദ്ധീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിനോട് എൻ.എസ്.എസ് ആവശ്യപ്പെട്ടത് മൂന്ന് കാര്യമാണെന്നും ഈ മൂന്ന് ആവശ്യത്തിലും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് എൻ.എസ്.എസിനെ വിമർശിക്കുന്നവർ വ്യക്തമാക്കണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എൻഎസ്എസ് തുടർച്ചയായി സർക്കാറിനെ കുറ്റപ്പെടുത്തുമ്പോൾ അതിനെതിരെ പ്രതികരിക്കാനാണ് എലൽഡിഎഫിന്റെയും തീരുമാനം. എൻ.എസ്.എസ് നേതൃത്വത്തിന് സമുദായത്തിനുമേൽ സ്വാധീനമില്ലെന്ന വിലയിരുത്തലിൽ സംഘടനയെ അവഗണിക്കാൻ എൽ.ഡി.എഫ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസിന്റെ തുടർച്ചയായ ഇടപെടലിനെതിരെ കാനം രാജേന്ദ്രനും പിണറായി വിജയനും മുതൽ കെ.കെ. ശൈലജ വരെയുള്ള നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തിയത്.

എൽ.ഡി.എഫിന് വൻ തിരിച്ചടിയേറ്റ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കുമൊപ്പം എൻ.എസ്.എസും ശബരിമലവിഷയം ഉയർത്തിയിരുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് സ്വാധീനമുണ്ടെന്ന് കരുതപ്പെട്ട കോന്നി, വട്ടിയൂർക്കാവ്, പാലാ മണ്ഡലങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. തദ്ദേശത്തിലാകട്ടെ വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് കാഴ്ചവെച്ചത്.

ശബരിമലയിൽ ഉൾപ്പെടെ എൻ.എസ്.എസ് സ്വീകരിച്ച നിലപാട് രണ്ട് തെരഞ്ഞെടുപ്പുകളിലും തള്ളപ്പെട്ടു. ഇതോടെയാണ് നേതൃത്വത്തിന്റെ നിലപാടല്ല സമുദായാംഗങ്ങൾ സ്വീകരിക്കുന്നതെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞത്. 'എൻ.എസ്.എസിന്റെ വിമർശനത്തിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്നും നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായർ മനസ്സിലാക്കുന്നത് നല്ലതാണെ'ന്നുമുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തിന്റെ സാഹചര്യം ഇതാണ്.

സമുദായനേതൃത്വത്തിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുന്ന നിലവിലെ എൻ.എസ്.എസ് നേതൃത്വം രാമക്ഷേത്രനിർമ്മാണത്തിന് സംഭാവന നൽകിയതോടെ തീവ്രഹിന്ദുത്വത്തിന്റെ ഭാഗമായെന്നാണ് സിപിഎം വിലയിരുത്തൽ. സമുദായത്തെയല്ല, എൻ.എസ്.എസ് നേതൃത്വത്തെയാണ് അവഗണിക്കുന്നതെന്നാണ് വിശദീകരണം. മുന്നാക്കസംവരണം, ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം ഉൾപ്പെടെ നടപടികൾ സ്വീകരിച്ച എൽ.ഡി.എഫിനോട് സമുദായത്തിന് അകൽച്ചയില്ലെന്നും കരുതുന്നു. പി.കെ. നാരായണ പണിക്കർ വരെയുള്ള മുൻകാല എൻ.എസ്.എസ് നേതൃത്വത്തിൽനിന്ന് ഭിന്നമായി സുകുമാരൻ നായർ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് രമേശ് ചെന്നിത്തലക്ക് വേണ്ടി 'താക്കോൽ സ്ഥാന' ആവശ്യം ഉന്നയിച്ച് നടത്തിയ രാഷ്ട്രീയസമ്മർദം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐക്കും സിപിഎമ്മിനും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP