Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് ഉത്തർപ്രദേശിൽ; കേരളം അതുപോലെയല്ല; യുപിക്കാരായ അതിഥി തൊഴിലാളികളോട് ചോദിച്ചാൽ അറിയാം കേരളത്തിന്റെ മെച്ചം; യോഗി ആദിത്യനാഥിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ

രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് ഉത്തർപ്രദേശിൽ; കേരളം അതുപോലെയല്ല; യുപിക്കാരായ അതിഥി തൊഴിലാളികളോട് ചോദിച്ചാൽ അറിയാം കേരളത്തിന്റെ മെച്ചം; യോഗി ആദിത്യനാഥിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് ഉത്തർപ്രദേശിലാണ്. കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 ശതമാനം പേരും ഉത്തർപ്രദേശുകാരാണ്. യുപിയിൽനിന്നുള്ള അതിഥി തൊഴിലാളികളോട് ചോദിച്ചാൽ കേരളത്തിന്റെ മെച്ചം മനസ്സിലാകുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

രാഹുൽ മാത്രമല്ല, കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കേരളത്തിൽ വന്ന് കുറെ കാര്യങ്ങൾ പറഞ്ഞു. കേരളം എല്ലാകാര്യത്തിലും പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇവിടം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെന്നാണ് അദ്ദേഹത്തിന്റെയൊരു കണ്ടെത്തൽ. രാഹുലും അത് മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്. കേരളം പോലെ സാക്ഷരരും സാംസ്‌കാരിക സമ്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്ന് പറയുന്നവർ ഈ നാടിനെപ്പറ്റി മനസിലാക്കിയിട്ടില്ല എന്ന് ഉറപ്പ്.

അഴിമതി തുടച്ചുനീക്കുന്നതിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഒരു സർക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങൾക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2019ൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസും, ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും, ലോക്കൽ സർക്കിൾസും നടത്തിയ കറപ്ഷൻ സർവ്വേയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎൽഎ തന്നെയാണ്. 2020 ജൂലയിലാണ് ശ്യംപ്രകാശ് എന്ന ബിജെപി എംഎൽഎ ഇത് പറഞ്ഞത്. യുപിയിലെ വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ്മ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് 2021 ജനുവരിയിൽ പറയുകയുണ്ടായി.

കേരളത്തിൽ യുവാക്കൾ ജോലികിട്ടാതെ നാടുവിടുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തൽ. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ ലോകത്തെമ്പാടും തൊഴിൽ തേടി പോകുന്നത് ലോകത്തെവിടെയും തൊഴിൽ ചെയ്യാൻ അവർക്ക് പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 ശതമാനം പേർ ഉത്തർപ്രദേശിൽ നിന്നാണ്. അത് ജോലി കിട്ടാതെ നാടുവിടുന്നതു കൊണ്ടാണോ? അവർക്ക് ഇൻഷുറൻസ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭിക്കുന്നുണ്ട്. അവരോട് ചോദിച്ചാൽ കേരളത്തെപ്പറ്റി മനസ്സിലാക്കാൻ കഴിയും.

ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് സർക്കാർ നോക്കുന്നത് എന്നാണ് യുപി മുഖ്യമന്ത്രിയുടെ മറ്റൊരു പരാമർശം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു വർഗീയ കലാപവും നടക്കാത്ത നാടാണിത്. രാജ്യത്തുതന്നെ മതേതരത്വമൂല്യങ്ങൾക്ക് വിലനൽകുന്ന ഒരു ജനതയാണിവിടെയുള്ളത്. എന്നാൽ, യുപിയിലെ സ്ഥിതി എന്താണ്. എത്ര വർഗീയ കലാപങ്ങളും വിദ്വേഷ പ്രവർത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കൊലപാതങ്ങൾ നടക്കുന്നത് യുപിയിലാണ്.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017ലെ റിപ്പോർട്ട് പ്രകാരം 4324 കൊലപാതങ്ങളാണ് യുപിയിൽ നടന്നത്. ഈയടുത്താണ് ഒരു ഡിഎസ്‌പി അടക്കം എട്ട് പൊലീസുകാർ അവിടെ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എത്രയെത്ര ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് അവിടെ നടക്കുന്നത്. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ക്രൈം രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനം യുപിയാണ്. 2019ലെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തിനിടയിൽ യുപിയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്രമാതീതമായാണ് വർധിച്ചത്. 66.7 ശതമാനമാണ് വർധനവ്.

മൂന്നര കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. യുപിയിലാകട്ടെ 20.5 കോടിയും. കേരളത്തെക്കാൾ ആറിരട്ടി ജനസംഖ്യ കൂടുതൽ. കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ ഇതിനോടകം ഒരു കോടി പത്തുലക്ഷം കഴിഞ്ഞു. കേരളത്തെക്കാൾ ആറിരട്ടി ജനസംഖ്യ കൂടുതലുള്ള യുപിയിലാകട്ടെ കണക്കുകൾ പ്രകാരം ഏകദേശം മൂന്നുകോടി പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. ടെസ്റ്റ് പെർ മില്യൻ നിരക്ക് യുപിയേക്കാൾ ഇരട്ടിയാണ് കേരളത്തിൽ. കോവിഡ് മരണങ്ങളെ തടയുന്ന കാര്യത്തിലും യുപി വളരെ പുറകിലാണ്. 8715 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകൾ. എന്നാൽ, കേരളത്തിൽ 4105 പേരാണ് മരണപ്പെട്ടത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണ്.

കേരളത്തിന് കേന്ദ്രത്തിന്റെ പണം മതി എന്നാണ് മറ്റൊരോപണം. യാഥാർത്ഥ്യമെന്താണ്. കേരളത്തിന് അർഹതപ്പെട്ട നികുതിവരുമാനം പോലും നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏർപ്പെടുത്തിയതിനുശേഷം കേരളത്തിൽ നിന്നും ഒരു രൂപ നികുതി പിരിച്ചാൽ, അതിൽ 50 പൈസ പോലും സംസ്ഥാനത്തിനു ലഭിക്കുന്നില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 2.6 ശതമാനം കേരളത്തിലാണ്. എന്നാൽ, രാജ്യത്ത് മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 1.9 ശതമാനം മാത്രമാണ് കേരളത്തിനു നൽകുന്നത്. ഇതാണ് കേരളത്തിനു കേന്ദ്രം നൽകുന്ന പണത്തിന്റെ അവസ്ഥ. എന്നിട്ടും കിഫ്ബിയിലൂടെ പുതിയ വികസന മാതൃകതന്നെ കേരളം സൃഷ്ടിച്ചു.

സ്‌കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കിഫ്ബി ധനസഹായത്തോടെയാണ് ഇവിടെ യാഥാർത്ഥ്യമാക്കിയത്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 2016 മുതൽ 2020 വരെ മികച്ച ഭരണം കാഴ്ചവെച്ച ഇന്ത്യൻ സംസ്ഥാനമായും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിനെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്തായാലും കേരളം ആ മാതൃകയല്ല പിന്തുടരുന്നത്.

വയനാട് എംപി കൂടിയായ ശ്രീ. രാഹുൽഗാന്ധിക്കും യുപി മുഖ്യമന്ത്രിയായ ശ്രീ. യോഗി ആദ്യത്യനാഥിനും കേരളത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണ്. അതിൽ അവർ വല്ലാതെ ഐക്യപ്പെടുന്നു.

ഇവിടെ ഒരു കാര്യം ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്നു. കേരളം മുന്നോട്ടുപോകുന്നത് ആരുടെയും സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല. ഇന്നാട്ടിലെ ജനങ്ങൾ അതിന് താൽപര്യപ്പെടുന്നുമില്ല. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോൺഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുൽഗാന്ധിയും ആദിത്യനാഥും സംസാരിക്കുമ്പോൾ സ്വാഭാവികമായി ഒരേ സ്വരം ഉയരും.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തിയാൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് ആരും കരുതരുത്.ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്.

ഗുജറാത്തിൽ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ അസാധാരണമായ ഒരു രാഷ്ട്രീയ സംഭവമുണ്ടായി. രണ്ടു സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയില്ല.

ബിജെപിയെ നേരിട്ടുനിന്ന് എതിർക്കാനുള്ള ശക്തിപോലും കോൺഗ്രസിന് നഷ്ടപ്പട്ടിരിക്കുകയാണ്. ജയാപജയം നോക്കിയാണോ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥിയെ നിർത്തുന്നത്? എതിർപ്പ്, വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തിൽ വളരെ പ്രധാനമാണ്. അതിനുപോലും കഴിയുന്നില്ലെങ്കിൽ കോൺഗ്രസിന് എന്താണ് പ്രസക്തിയെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല.

ഇത്തരമൊരു പാർട്ടിയുടെ നേതാവ് കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെ അപവാദം പറയുമ്പോൾ സഹതപിക്കാനേ നിവൃത്തിയുള്ളൂ. കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ നമ്മുടെ നാട്ടുകാരുമുണ്ട്. ഗുജറാത്ത് സംഭവത്തെപ്പറ്റി അവർ എന്തുപറയുന്നു എന്നറിയാൻ താല്പര്യമുണ്ട്.

അത് കഴിഞ്ഞ, പുതുച്ചേരിയിലെ കാര്യം പറയാനുള്ള ബാധ്യതയും അവർക്കുണ്ട്. ഇവിടെ, കോൺഗ്രസ്സിന്റെയും ബിജെപിയുടെയും വലിയ നേതാക്കൾ കേരളത്തിൽ വന്നു, ഇടതുപക്ഷത്തിന്റെയും ഈ സംസ്ഥാനത്തിന്റെയും മെക്കിട്ടു കയറുമ്പോൾ അവർ തമ്മിലുള്ള അന്തർധാര എന്താണെന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഈ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP