Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയെന്ന പിന്നോക്കക്കാരൻ ഉയർത്തിപ്പിടിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെയും കോർപറേറ്റുകളുടെയും താൽപ്പര്യം; ബിജെപിയോട് അടുക്കുന്ന വെള്ളാപ്പള്ളി അറിയാൻ; ഗുരുനിന്ദയുടെ രാഷ്ട്രീയത്തിനെതിരെ ദേശാഭിമാനിയിൽ പിണറായിയുടെ പരമ്പര

മോദിയെന്ന പിന്നോക്കക്കാരൻ ഉയർത്തിപ്പിടിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെയും കോർപറേറ്റുകളുടെയും താൽപ്പര്യം; ബിജെപിയോട് അടുക്കുന്ന വെള്ളാപ്പള്ളി അറിയാൻ; ഗുരുനിന്ദയുടെ രാഷ്ട്രീയത്തിനെതിരെ ദേശാഭിമാനിയിൽ പിണറായിയുടെ പരമ്പര

തിരുവനന്തപുരം: ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂർവം മറന്നാലേ വെള്ളാപ്പള്ളി നടേശൻ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങൾക്കുപോലും ഉൾക്കൊള്ളാനാകൂ- സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നിരീക്ഷണങ്ങളാണ് ഇവ. എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിക്കാനുള്ള ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിനെതിരെ സിപിഐ(എം) പ്രചരണത്തിന് തുടക്കമിടകുയാണ് പിണറായി. ദേശാഭിമാനിയ്ൽ ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ? എന്ന തലക്കെട്ടിൽ ലേഖന പരമ്പര എഴുതിയാണ് സിപിഐ(എം) നിലപാട് വിശദീകരണത്തിന് പിണറായി തുടക്കമിടുന്നത്.

പിന്നാക്ക കാരനായ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്പോൾ ബിജെപിയെ എങ്ങനെ എതിർക്കുമെന്ന വെള്ളാപ്പള്ളിയുടെ ചോദ്യത്തിനുമുണ്ട് മറുപടി. ലേഖനത്തിൽ പിണറായി ഇങ്ങനെ കുറിക്കുന്നു- സവർണ വർഗീയ അപസ്മാരം പടർത്തിയ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൽ തെരുവിൽ കത്തിയമർന്നവരുടെ ചിത്രം മനസ്സുകളിൽനിന്ന് മാറാറായിട്ടില്ല. ആ വിധത്തിൽ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടർത്തിയ, മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ സർക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകൾ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോർക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എൻഡിപി പ്രവർത്തകന് അതിനു സാധിക്കുമോ?

ഹിന്ദുക്കൾ നേരിടുന്ന അവഗണന വലിയ പ്രശ്‌നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു? ഹിന്ദുമതത്തിൽ പ്രമാണിമാരുണ്ട്. അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. വിരുദ്ധങ്ങളായ ഇവരുടെ താൽപ്പര്യങ്ങൾ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താൽപ്പര്യമാകുക? ലക്ഷക്കണക്കിനാളുകൾ തെരുവിലുറങ്ങുന്ന മുംബൈയിൽ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താൽപ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാൻ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താൽപ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? ഹിന്ദുതാൽപ്പര്യം സംരക്ഷിക്കാൻ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോൾ ഇതിൽ ഏതു ഹിന്ദുവിന്റെ താൽപ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം.

അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോർപറേറ്റുകൾക്ക് കോർപറേറ്റ് ടാക്‌സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റിൽത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോദിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താൽ അത് ഹിന്ദുതാൽപ്പര്യ സംരക്ഷണമാകുമോ?-പിണറായി ചോദിക്കുന്നു.

ദേശാഭിനാനിയിൽ പിണറായി എഴുതിയ ലേഖനത്തിന്റെ പൂർണ്ണ രൂപം

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?

വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി ആദ്യവും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി തുടർന്നും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യങ്ങളെ മുഖ്യമായും ആറായി തരംതിരിക്കാം.

പിന്നോക്ക താൽപ്പര്യം സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി, ഹിന്ദുക്കൾ നേരിടുന്ന അവഗണന വലിയ പ്രശ്‌നമാണ്, കമ്യൂണിസ്റ്റുകാർ അധികാരത്തിലിരുന്നപ്പോൾ സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല, ബിജെപി സവർണ പാർട്ടിയല്ല, ബിജെപിയോട് അയിത്തമില്ല, മറ്റു ജാതിസംഘടനകളുടെയും പിന്തുണ ഞാൻ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്നിവയാണവ.

ഇവ ഓരോന്നായി എടുക്കുക. പിന്നോക്ക താൽപ്പര്യം സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി എന്നു വെള്ളാപ്പള്ളി പറയുന്നു. ബിജെപിയുടെ പിന്നോക്കസമുദായ താൽപ്പര്യം 1992ൽ നമ്മൾ നേരിട്ടുകണ്ടതാണ്. പിന്നോക്ക സമുദായക്കാർക്ക് കേന്ദ്രസർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി സിങ്ങിന്റെ നാഷണൽ ഫ്രണ്ട് സർക്കാർ ഉത്തരവിറക്കിയപ്പോൾ അതിനെതിരെ രാജ്യമാകെ പൊതുവിലും ഡൽഹിയിൽ പ്രത്യേകിച്ചും തീപടർത്തുന്ന പ്രക്ഷോഭം നടത്തിയ പാർട്ടിയാണത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കലിൽ അസ്വസ്ഥതപൂണ്ട്, അത് വി പി സിങ് സർക്കാരിനുണ്ടാക്കിക്കൊടുക്കുന്ന ജനപിന്തുണയിൽ വിറളിപിടിച്ച് രഥയാത്ര സംഘടിപ്പിക്കുകയും രഥയാത്രയെ തടഞ്ഞതിന്റെ പേരിൽ കോൺഗ്രസിനൊപ്പംനിന്ന് വോട്ടുചെയ്ത് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ സർക്കാരിനെ മാസങ്ങൾക്കുള്ളിൽ അട്ടിമറിക്കുകയും ചെയ്ത പാർട്ടിയാണ് ബിജെപി. എന്തൊരു പിന്നോക്ക സ്‌നേഹം!

നാഷണൽ ഫ്രണ്ട് മന്ത്രിസഭ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെ തുടർന്നാണ് ഉത്തരേന്ത്യയിൽ പരക്കെ പിന്നോക്ക ജാതി വിഭാഗത്തിൽ വലിയ ഉണർവ് ഉണ്ടായത്. അതിന്റെ തുടർപ്രതിഫലനമായാണ് യുപിയിലും ബിഹാറിലും ഒക്കെ പിന്നോക്ക സമുദായക്കാരുടെ രാഷ്ട്രീയം മേൽക്കൈ നേടുന്നതും മുലായംസിങ് യാദവിനെയും ലാലുപ്രസാദിനെയും ദളിത് സമുദായത്തിൽപ്പെട്ട മായാവതിയെയുംപോലുള്ളവർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ആ പിന്നോക്ക രാഷ്ട്രീയവളർച്ചയിൽ അതിശക്തമായ അസഹിഷ്ണുതയായിരുന്നു ബിജെപിക്ക്. ആ വളർച്ച തടയാൻ ഹിന്ദുവർഗീയ വികാരം ഉപയോഗിക്കുകയെന്ന കുതന്ത്രമാണ് ബിജെപി പിന്നീടിങ്ങോട്ട് എന്നും പ്രയോഗിച്ചത്.

ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂർവം മറന്നാലേ വെള്ളാപ്പള്ളി നടേശൻ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങൾക്കുപോലും ഉൾക്കൊള്ളാനാകൂ. സവർണ വർഗീയ അപസ്മാരം പടർത്തിയ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൽ തെരുവിൽ കത്തിയമർന്നവരുടെ ചിത്രം മനസ്സുകളിൽനിന്ന് മാറാറായിട്ടില്ല. ആ വിധത്തിൽ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടർത്തിയ, മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ സർക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകൾ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോർക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എൻഡിപി പ്രവർത്തകന് അതിനു സാധിക്കുമോ?

ഹിന്ദുക്കൾ നേരിടുന്ന അവഗണന വലിയ പ്രശ്‌നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു? ഹിന്ദുമതത്തിൽ പ്രമാണിമാരുണ്ട്. അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. വിരുദ്ധങ്ങളായ ഇവരുടെ താൽപ്പര്യങ്ങൾ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താൽപ്പര്യമാകുക? ലക്ഷക്കണക്കിനാളുകൾ തെരുവിലുറങ്ങുന്ന മുംബൈയിൽ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താൽപ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാൻ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താൽപ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? ഹിന്ദുതാൽപ്പര്യം സംരക്ഷിക്കാൻ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോൾ ഇതിൽ ഏതു ഹിന്ദുവിന്റെ താൽപ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം. അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോർപറേറ്റുകൾക്ക് കോർപറേറ്റ് ടാക്‌സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റിൽത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോദിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താൽ അത് ഹിന്ദുതാൽപ്പര്യ സംരക്ഷണമാകുമോ?

മറ്റു ജാതിസംഘടനകളുടെയും പിന്തുണ താൻ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന് വെള്ളാപ്പള്ളി പറഞ്ഞതായി കാണുന്നു. മറ്റു ജാതിസംഘടനകൾക്കുവേണ്ടി സംസാരിക്കാനും ഇദ്ദേഹത്തിന് അധികാരമുണ്ടോ? മറ്റു സംഘടനകൾ ഇത്തരമൊരു ദൗത്യം ഇദ്ദേഹത്തെ ഏൽപ്പിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങൾ അവർ വ്യക്തമാക്കട്ടെ.

സിപിഐ എമ്മിനോടാണ് എസ്എൻഡിപി യോഗത്തിന് താൽപ്പര്യം എന്നു വെള്ളാപ്പള്ളി പറയുന്നുണ്ട്, അമിത് ഷായുമായി ചേർന്നുനിൽക്കുമ്പോഴും. ഈഴവസമൂഹത്തിന് സിപിഐ എമ്മിനോട് താൽപ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എൻഡിപി നേതൃത്വത്തിന് കമ്യൂണിസ്റ്റുകാരോട് താൽപ്പര്യമുണ്ട് എന്നു പറഞ്ഞാൽ അത് എത്രമാത്രം ശരിയാകും? എസ്എൻഡിപി നേതൃത്വം കമ്യൂണിസ്റ്റുകാരോട് എന്നെങ്കിലും താൽപ്പര്യം കാട്ടിയിട്ടുണ്ടോ?

1957ൽ കമ്യൂണിസ്റ്റുകാർ മത്സരിച്ചപ്പോൾ യോഗനേതൃത്വം കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായിരുന്നു. 59ൽ വിമോചനസമരം വന്നപ്പോൾ യോഗനേതൃത്വം വിമോചനക്കാരുടെ കൂടെയായിരുന്നു. മന്നംശങ്കർപട്ടംബാഫക്കി എന്നതായിരുന്നു അന്നു മുദ്രാവാക്യം. അതായിരുന്നു അന്നത്തെ സഖ്യം. അന്ന് ശങ്കർ കമ്യൂണിസ്റ്റുകാർക്കെതിരെ നിന്നപ്പോഴും സാധാരണ യോഗം പ്രവർത്തകരുടെ മനസ്സ് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമായിരുന്നു. പിന്നീട് യോഗനേതൃത്വം എസ്ആർപി എന്നൊരു പാർട്ടിയുണ്ടാക്കി. ആ പാർട്ടി ജനിച്ചതും മരിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധ യുഡിഎഫിൽ. യോഗനേതൃത്വത്തിന്റെ ചരിത്രം ഇതാണ്. എന്നാൽ, ഈഴവസമുദായത്തിന്റെ ചരിത്രം ഇതല്ല. ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയർത്തൊഴിലാളികളും ഉൾപ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകൾ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്നിട്ടുണ്ട്.

കമ്യൂണിസ്റ്റുകാർ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശൻ. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയിൽത്തന്നെ തിരിച്ചുചോദിക്കട്ടെ. ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാർഷികബന്ധ നിയമം, ഭൂപരിഷ്‌കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരിൽ മഹാഭൂരിപക്ഷവും ഈഴവസമുദായത്തിൽപ്പെട്ടവരല്ലേ? കർഷകത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ചെറുകിട കർഷകർ, കുടികിടപ്പുകാർ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വർധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ സർക്കാരുമല്ലേ? കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെനൻസി കമീഷന് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ്, ഭൂപരിഷ്‌കരണം കാണക്കൃഷിക്കാരിൽനിന്ന് പാട്ടക്കൃഷിക്കാരുടെ തലത്തിലേക്കിറക്കിക്കൊണ്ടുവരണം എന്നതായിരുന്നു. അധികാരത്തിൽ വന്നപ്പോൾ ഇ എം എസ് മന്ത്രിസഭ ചെയ്തതുമതാണ്. അതിന്റെ ഗുണം ഏറ്റവുമധികമനുഭവിച്ചത് ഈഴവസമുദായമാണെന്നു മനസ്സിലാക്കാൻ വെള്ളാപ്പള്ളി ചരിത്രം ഒന്നു പരതിനോക്കിയാൽമാത്രം മതി. സ്വസമുദായത്തിലെ പാവപ്പെട്ടവരോട് ഒന്നു ചോദിച്ചാലും മതി.

ഈ സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരെക്കൊണ്ട് സമുദായത്തിൽപ്പെട്ടവർക്ക് നേട്ടമുണ്ടായിട്ടില്ല എന്നു പറയാൻ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു? സമുദായത്തിലെ താഴെത്തട്ടുകാർക്ക് ഗുണമുണ്ടായിട്ടുണ്ട്. അതിലെ പ്രമാണിവിഭാഗത്തിന് അതിൽ അസ്വസ്ഥതയുണ്ടായിട്ടുമുണ്ട്. ആ പ്രമാണി വിഭാഗവുമായി കമ്യൂണിസ്റ്റുകാർക്ക് ഇടയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയുമുണ്ടാകും. അതു സ്വാഭാവികമാണുതാനും. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും അതിനു താഴെത്തട്ടിലുള്ളവരും എന്നും പാർട്ടിക്കൊപ്പം നിന്നിട്ടുമുണ്ട്. സമുദായപ്രമാണിമാർക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റിൽ ആരും എഴുതേണ്ടതില്ല. ജാതി പറഞ്ഞാൽ എന്താണു കുഴപ്പം എന്നുചോദിക്കുന്ന വെള്ളാപ്പള്ളി കാർഷികബന്ധ നിയമംകൊണ്ടും കൂലിവർധനകൊണ്ടും നേട്ടമുണ്ടാക്കിയവരുടെ ജാതിതിരിച്ചുള്ള കണക്കെടുത്തുനോക്കട്ടെ. അപ്പോൾ മനസ്സിലാകും താൻ പറഞ്ഞതല്ല സത്യമെന്ന്.

ബിജെപി സവർണപാർട്ടിയല്ല എന്നും പറയുന്നുണ്ട് വെള്ളാപ്പള്ളി. അദ്ദേഹം കർണാടകയിലെ ഉഡുപ്പി ക്ഷേത്രത്തിൽ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനിൽക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണർക്ക്. മറ്റൊന്ന് കീഴ്ജാതിക്കാർക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാൻ ഏറെക്കാലമായി ഒരു പാർട്ടി ലാത്തിച്ചാർജടക്കം നേരിട്ട് സമരം ചെയ്യുന്നുണ്ട്. അതാണ് സിപിഐ എം. സമരനേതാക്കളെ പൊലീസിനെവിട്ട് തല്ലിക്കുന്നതും കേസിൽ കുടുക്കുന്നതും വിഎച്ച്പിയുടെയും ബിജെപിയുടെയും വലിയ നേതാവായ പേജാവർ സ്വാമിയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃനിരയിൽ അശോക് സിംഗാളിനും പ്രവീൺ തൊഗാഡിയക്കും ഒപ്പം സ്ഥാനമുള്ളയാൾ. അവരുടെ തെക്കേ ഇന്ത്യൻ നേതാവ്. പുതിയ ചങ്ങാതിമാരായ പ്രവീൺ തൊഗാഡിയക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവർക്കൊപ്പം ഊണ് കഴിക്കാനിരുന്നാൽ രക്ഷപ്പെടുത്താൻ അവിടെ സമരം ചെയ്യുന്ന സിപിഐ എമ്മുകാരേ ഉണ്ടാകൂ.

തൊട്ടപ്പുറത്ത് മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിൽ 'മഡെ സ്‌നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണർ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയിൽ അവർണ ജാതിക്കാർ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണ്. അവസാനിപ്പിക്കാൻ സമരം ചെയ്യുന്നത് സിപിഐ എമ്മുകാരും. അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശൻ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോൾ അറിയാം, വിഎച്ച്പിയും ബിജെപിയും ഒക്കെ സവർണ പാർട്ടിയാണോ അല്ലയോ എന്ന്.

പിന്നോക്കക്കാരും ദളിത് വിഭാഗങ്ങളും സവർണ വർഗീയശക്തികളാൽ ആക്രമിക്കപ്പെട്ടിടങ്ങളിലൊക്കെ ബിജെപിയും വിഎച്ച്പിയും സംഘപരിവാർ ആകെത്തന്നെയും ആക്രമണം നടത്തിയ സവർണ വർഗീയശക്തികളുടെ ഒപ്പമായിരുന്നു എന്നതും മറന്നുകൂടാ. 2002ൽ ഹരിയാനയിലെ ഝജ്ജറിൽ ഒരു വലിയ ദളിത്വേട്ട നടന്നു. ചമാർ സമുദായത്തിൽപ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ചത്തുപോയ കന്നുകാലികളുടെ തോലുരിച്ച് അതിൽനിന്ന് ചെരിപ്പുണ്ടാക്കി വിൽക്കുന്നത് കുലത്തൊഴിലാക്കിയ സമുദായമാണത്. അതിൽപ്പെട്ട നാലു ചെറുപ്പക്കാർ ഒരു ചത്ത പശുവിനെ തോലുരിക്കാനായി കൊണ്ടുവരികയായിരുന്നു. അപ്പോൾ ബിജെപിവിഎച്ച്പിആർഎസ്എസ് സംഘം ഇവരെ ആക്രമിച്ചു. ക്രൂരമായി മർദിച്ചശേഷം പൊലീസിന് ഏൽപ്പിച്ചുകൊടുത്തു. ലോക്കപ്പിലിട്ടും പൊലീസിനു പുറമെ ഈ സംഘാംഗങ്ങൾ ഇവരെ മർദിച്ചു. അതിന്റെ ഫലമായി നാലുപേരും കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച ആ പ്രദേശത്തെ ദളിത് കുടുംബങ്ങളെയാകെ ഈ സംഘം വേട്ടയാടി. സ്ത്രീകളെ അപമാനിച്ചു, കുടിലുകൾക്ക് തീവച്ചു. ഇവിടെ വിഎച്ച്പിയുടെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വംവരെ കൊല്ലപ്പെട്ട ദളിതുകൾക്കെതിരെയാണ് നിലകൊണ്ടത്. ഗോഹത്യ നടത്തിയവർക്ക് ഇങ്ങനെ വരണമെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാൽ, പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞത് ഇവർ പശുവിനെ കൊന്നിരുന്നില്ല എന്നും ചത്ത പശുവിനെ എടുത്തുകൊണ്ടുവരികമാത്രമേ ചെയ്തിരുന്നുള്ളു എന്നുമാണ്. അന്ന് ബിജെപി പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന ഓംപ്രകാശ് ചൗതാലയോ കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയിയോ ഏതെങ്കിലും തരത്തിൽ ഈ ദളിതുകളുടെ കണ്ണീരൊപ്പാൻ എത്തിയില്ല. മറിച്ച് സവർണ അക്രമകാരികളെ ഭരണാധികാരം വഴിവിട്ട് രക്ഷിക്കുകയും ചെയ്തു.

ഇനി മറ്റൊരു ഉദാഹരണം. 19971998ൽ മഹാരാഷ്ട്രയിൽ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി ദളിത് വേട്ട നടന്നു. മഹാജൻ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതിലുള്ള പ്രതിഷേധം മുൻനിർത്തി അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോൾ ആ മണ്ഡലത്തിലെ ദളിത് സമൂഹം കൂട്ടത്തോടെ മഹാജനെതിരെ വോട്ടുചെയ്തു. അദ്ദേഹം തോറ്റു. മഹാജൻ പിന്നീടൊരിക്കലും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കിൽ മഹാരാഷ്ട്രയ്ക്കു പുറത്തേ ഉണ്ടാകൂ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഇതിലൊക്കെ പ്രകടമാണ് പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് ബിജെപിയോടും ബിജെപിക്ക് ഈ വിഭാഗങ്ങളോടും ഉള്ള മനോഭാവം.

ഒരു 'പിന്നോക്കക്കാരനെ' ഉയർത്തിക്കാട്ടി എന്നതുകൊണ്ട് ബിജെപി ബ്രാഹ്മണാധിപത്യ പാർട്ടിയല്ലാതാകില്ല. അങ്ങനെ ഒരാളെ ഉയർത്തിക്കാട്ടാൻ അവർ നിർബന്ധിതമായതുപോലും മണ്ഡൽ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പിന്നോക്കരാഷ്ട്രീയതരംഗം കൊണ്ടാണ്. ഉയർത്തിക്കാട്ടപ്പെട്ട ആ പിന്നോക്കക്കാരൻ ബ്രാഹ്മണാധിപത്യത്തിന്റെയും കോർപറേറ്റുകളുടെയും താൽപ്പര്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത് എന്നത് വെള്ളാപ്പള്ളി കാണാതിരുന്നുകൂടാ. സിപിഐ എം പൊളിറ്റ് ബ്യൂറോയിൽ ബ്രാഹ്മണനില്ലേ എന്നു ചോദിക്കുന്ന വെള്ളാപ്പള്ളി, ആ വ്യക്തിയാണ് അയിത്താചരണത്തിനെതിരായ സമരനിരയുടെ മുമ്പിൽ ചെന്നുനിന്ന് ബ്രാഹ്മണാധിപത്യത്തെയും അതിന്റെ ജീർണാചാരങ്ങളെയും വെല്ലുവിളിക്കുന്നത് എന്നതും മറന്നുകൂടാ. ബിജെപി ഉയർത്തിക്കാട്ടിയ ആ പിന്നോക്കക്കാരന്റെ തണലിലാണ് മുൻ സൂചിപ്പിച്ചപോലെ പലയിടത്തും അശോക് സിംഗാളുമാരും പേജാവർ സ്വാമിമാരും അയിത്താചരണം നടത്തുന്നത് എന്നതും മറന്നുകൂടാ.

(അവസാനിക്കുന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP