Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായി നടത്തി കടന്നാക്രമണം രഹസ്യകൂടിക്കാഴ്ച മറച്ചുവയ്ക്കാനോ? നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട എസ്എൻഡിപി ജനറൽസെക്രട്ടറിയുമായി പുനലൂർ ടിബിയിൽ മുഖ്യമന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; വെള്ളാപ്പള്ളിയെ കാണാൻ പിണറായി എത്തിയത് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി

വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായി നടത്തി കടന്നാക്രമണം രഹസ്യകൂടിക്കാഴ്ച മറച്ചുവയ്ക്കാനോ? നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട എസ്എൻഡിപി ജനറൽസെക്രട്ടറിയുമായി പുനലൂർ ടിബിയിൽ മുഖ്യമന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; വെള്ളാപ്പള്ളിയെ കാണാൻ പിണറായി എത്തിയത് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എസ്.എൻ.ഡി.പിയെയും, എസ്.എൻ ട്രസ്റ്റിനെയും വേദിയിൽ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് മംഗളം വാർത്ത. ചിത്രം സഹിതമാണ് വാർത്ത മംഗളം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്ന് വിശദീകരിക്കുന്നുമില്ല. മംഗളത്തിന്റെ വാർത്ത പുതിയ ചർച്ചകൾക്ക് ഇടനൽകും. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ചാ വാർത്ത വിവാദമാകുന്നത്.

മംഗളം വാർത്ത ഇങ്ങനെ- പൊലീസിനെയും പാർട്ടി പ്രവർത്തകരെയും ഒഴിവാക്കിയാണ് വെള്ളാപ്പള്ളിയുമായി പുനലൂർ ടി.ബിയിലെ അടച്ചിട്ടമുറിയിൽ പിണറായി വിജയൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു പിണറായി വെള്ളാപ്പള്ളിയെ സന്ദർശിക്കാനെത്തിയത്. പുനലൂർ എസ്.എൻ കോളജിന്റെ ചടങ്ങിൽ അധ്യക്ഷനായ വെള്ളപ്പള്ളിയുടെ പേര് പോലും പരാമർശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല. യോഗത്തിൽ ഒരിക്കൽ പോലും അദേഹവുമായി സംസാരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല. വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ പിണറായി വിജയൻ വേദി വിടുകയും ചെയ്തിരുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി രഹസ്യകൂടിക്കാഴ്ച നടത്തിയതിന് എസ്.എൻഡി.പി. നേതാക്കളും സാക്ഷിയാണ്.

ആരും അറിയാതിരിക്കാനാണ് ഔദ്യോഗിക സംവിധാനങ്ങൾ മുഖ്യമന്ത്രി ഉപേക്ഷിച്ചതെന്ന് സൂചനയുണ്ട്. ബിജെപിയുമായി അടുത്ത് നിൽക്കുന്ന വെള്ളാപ്പള്ളി നടേശനെ പൊതു വേദികളിൽ കടന്നാക്രമിക്കുകയാണ് സിപിഐ(എം). ഇത് തന്നെയാണ് പിണറായിയുടേയും ലൈൻ. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പിണറായിയെ വെള്ളാപ്പള്ളി കുറ്റപ്പെടുത്താറില്ല. വി എസ് അച്യൂതാനന്ദനെ മാത്രമാണ് കടന്നാക്രമണങ്ങൾ നടക്കുന്നത്. വിജിലൻസ് കേസുകൾ അനുകൂലമാക്കാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായി ഇതിനെ വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് മംഗളം വാർത്ത ശ്രദ്ധേയമാകുന്നത്. കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് സ്ഥിരീകരിക്കേണ്ടത് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയുമാണ്. ഫോട്ടോയിൽ സ്ഥലവും തീയതിയും വ്യക്തമാകാത്തതിനാൽ അത് ഉറച്ച തെളിവായി കാണാനുമാകില്ല.

ഗവർണ്ണർ പദവിയും മകൻ തുഷാറിന് കേന്ദ്രമന്ത്രി സ്ഥാനവും മോഹിച്ചാണ് വെള്ളാപ്പള്ളി ബിജെപിയുമായി അടുത്തത്. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി. എന്നാൽ പ്രതീക്ഷകൾ ഒന്നും നടന്നില്ല. കേന്ദ്ര സർക്കാരിൽ നിന്ന് സ്ഥാനമാനമൊന്നും ലഭിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് സിപിഎമ്മുമായി അടുക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തലുകൾ. എന്നാൽ മുഖ്യമന്ത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പോയെന്ന വാർത്ത സ്ഥിരീകരിക്കപ്പെടാതെ ഇത്തരം ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന് മറുവിഭാഗവും പറയുന്നു. സിപിഎമ്മിലെ ഒരുവിഭാഗവും ഇക്കാര്യത്തിൽ പിണറായിയുടെ തുറന്നു പറച്ചിലിനായി കാത്തിരിക്കുകയാണ്. വെള്ളാപ്പള്ളിയെ യാദൃശ്ചികമായി കാണുന്നതിൽ തെറ്റില്ല. എന്നാൽ വെള്ളാപ്പള്ളിയെ കാണാനായി കാറുപക്ഷേച്ച് പോയിട്ടുണ്ടോയെന്നത് നിർണ്ണായകമാണെന്ന് പാർട്ടിയിലെ പിണറായി വിരുദ്ധരും പറയുന്നു.

പിണറായി വിജയനുമായി അടുക്കുന്നതിന്റെ ഭാഗമായിരുന്നു പുനലൂരിലെ കോളേജിലെ ചടങ്ങ്. രാഷ്ട്രീയമായി ഇരു ധ്രുവങ്ങളിലുള്ള പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരേ വേദിയിൽ സുഹൃത്തുക്കളെപ്പോലെ സൗഹൃദം പങ്കുവച്ചത് കൗതുക കാഴ്ചയായുമായി. പുനലൂർ എസ്.എൻ കോളേജിന്റെ കനക ജൂബിലി ആഘോഷ ചടങ്ങാണ് ഇരുവരുടെയും സൗഹൃദ സംഗമ വേദിയായത്. തിങ്ങിനിറഞ്ഞ സദസും ഇരുവരുടെയും കൂടിക്കാഴ്ചയെ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് പിണറായി വിജയനും വെള്ളാപ്പള്ളിയും തമ്മിൽ കണ്ടുമുട്ടുന്നതും വേദി പങ്കിടുന്നതും. മുഖ്യമന്ത്രിയെ ഷാളണിയിച്ച് സ്വീകരിച്ചാണ് യോഗം ജനറൽ സെക്രട്ടറി വേദിയിലേക്ക് ആനയിച്ചത്. ഇതുകണ്ട് നിറഞ്ഞ സദസ് കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

പിന്നീട് വേദിയിൽ എത്തിയ ഇരുവരും അല്പനേരം കുശലാന്വേഷണം നടത്തി. മന്ത്രി കെ. രാജുവും ഇവരുടെ സൗഹൃദ സംഭാഷണത്തിൽ പങ്കാളിയായി. യോഗം നടപ്പിലാക്കിവരുന്ന മൈക്രോ ഫിനാൻസ് പദ്ധതിയടക്കമുള്ളവയെ സംബന്ധിച്ച് ഇടതുമുന്നണിയിലെ ചില നേതാക്കൾ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. യോഗം ജനറൽ സെക്രട്ടറി ഇതിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്തെങ്കിലും വിവാദ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും ഒന്നുമുണ്ടായില്ല. ഉദ്ഘാടനത്തിന് ശേഷം ജനറൽ സെക്രട്ടറിയോട് യാത്ര പറഞ്ഞാണ് മുഖ്യമന്ത്രി വേദി വിട്ടത്. ഇതിന് പിന്നാലെയാണ് രഹസ്യകൂടിക്കാഴ്ചയുടെ വാർത്തയെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP