Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ പൂർണ്ണ പിന്തുണ; പുനർ നിർമ്മാണത്തിന് ആവശ്യമായത് 25000 കോടി രൂപയെന്ന് നിഗമനം; 'ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്' ; സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കൾ ചോദിക്കുമെന്നും പിണറായി; വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമുണ്ടെന്നറിയിച്ച് മോദി

കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ പൂർണ്ണ പിന്തുണ; പുനർ നിർമ്മാണത്തിന് ആവശ്യമായത് 25000 കോടി രൂപയെന്ന് നിഗമനം; 'ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്' ; സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കൾ ചോദിക്കുമെന്നും പിണറായി; വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമുണ്ടെന്നറിയിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും മറ്റ് ഏജൻസികളും നടത്തിയ സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് വേണ്ടി 4796 കോടി രൂപയുടെ അധിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രളയക്കെടുതികളുടെ ഏകദേശ ചിത്രം പ്രധാനമന്ത്രിക്ക് അറിയാവുന്നതാണ്. 481 പേരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. 13 ജില്ലകളെയും പ്രളയം ബാധിച്ചു. 14,50,707 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചത്. 15,000 വീടുകൾ പൂർണ്ണമായും 4,000 ത്തോളം വീടുകൾ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് ഹെക്ടറിൽ കൃഷി നശിച്ചു. ഉരുൾപൊട്ടലിൽ ഭൂമി തന്നെ ഇല്ലാതായി. 10,000 ത്തോളം കിലോമീറ്റർ റോഡുകൾ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നഷ്ടപ്പെട്ട കാര്യവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ്ണതയിലേക്ക് നീങ്ങുമ്പോഴും 700 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആറു ലക്ഷത്തിലേറെ വീടുകളാണ് വൃത്തിയാക്കിയത്. കിണറുകൾ വൃത്തിയാക്കുക, പരിസരം ശുചിയാക്കുക, അണുവിമുക്തമാക്കുക തുടങ്ങി സംഘടിതമായ പ്രവർത്തനങ്ങളാണ് നടന്നത്. പലസ്ഥലങ്ങളിലും ഇപ്പോഴും ഇത് തുടരുന്നു. പ്രളയത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളെ ബാധിക്കുന്നതാണ്. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യർത്ഥിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനം വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ലോകബാങ്ക്, എഡിബി, ഐഎഫ്സി, യുഎൻഡിപി എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങൾ വിലയിരുത്തുകയുണ്ടായി. ഇതുപ്രകാരം 25,000 കോടി രൂപ പുനർനിർമ്മാണത്തിന് വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യുഎൻഡിപിയുടെ വിശദമായ റിപ്പോർട്ട് ഒക്ടോബർ മധ്യത്തോടെ ലഭിക്കും. 80%ത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ പുനരധിവാസ നിർമ്മാണ പ്രവർത്തങ്ങൾ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി കേരളത്തിനില്ല. ഇക്കാരണം കൊണ്ടുതന്നെ നിർലോപമായ കേന്ദ്ര സഹായം ഉണ്ടെങ്കിൽ മാത്രമേ വിവിധ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കാൻ കഴിയൂ.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ജിഎസ്ഡിപി യുടെ 3% എന്നതിൽ നിന്നും 4.5% മായി നടപ്പുസാമ്പത്തിക വർഷം വർധിപ്പിച്ചു നൽകുക, അടുത്ത വർഷം മുതൽ അത് 3.5% മായി നിജപ്പെടുത്തുക എന്നൊരാവശ്യം കേന്ദ്ര ധനവകുപ്പിന്റെ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. രണ്ടുവർഷം കൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധികം വായ്പ ലഭ്യമാക്കാനാണ് ഈ ഇളവ് നമ്മൾ അഭ്യർത്ഥിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ അനുകൂലമായ ഇടപെടൽ നടത്തണെമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭവനരഹിതരായവർക്ക് വീടുവെച്ച് നൽകുക എന്നത് വലിയൊരു വെല്ലുവിളിയാണ്. 2,530 കോടി രൂപയെങ്കിലും ഇതിനായി വേണം. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിൽ 10% വർദ്ധനയെങ്കിലും വരുത്താൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകണം. ഇത് നടപ്പിൽ വരുത്തുകയാണെങ്കിൽ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാകും.

കേന്ദ്ര റോഡു ഫണ്ട് ഇനത്തിലും 2018-19 ലെ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നൽകണം. വ്യാപാരികൾ, ചെറുകിട സംരംഭകർ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികൾ വ്യവസ്ഥകളിൽ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷം പേർക്കും ഇൻഷുറൻസിന്റെയോ മറ്റോ പരിരക്ഷകൾ ഒന്നുംതന്നെയില്ല. ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങി അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. നബാർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ സംസ്ഥാനത്തിന്റെ കാര്യത്തിലുള്ള വായ്പാപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വായ്പക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാൻ കേന്ദ്രം 5,000 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാന്റ് സംസ്ഥാനത്തിന് നൽകണം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പുനർജീവിപ്പിക്കാനും ലക്ഷങ്ങൾക്ക് ജീവിത മാർഗം ഒരുക്കാനും അടിസ്ഥാന മേഖലയിലെ പുനർനിർമ്മാണത്തിനും ഗ്രാന്റ് അനിവാര്യമാണെന്ന് വ്യക്തമാക്കി. ലോകബാങ്ക് ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഒക്ടോബർ ഒന്നിന് സംസ്ഥാന ഗവൺമെന്റിനും കേന്ദ്ര ധനമന്ത്രാലയത്തിനും നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്ന്, അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിന് സംസ്ഥാന ഗവൺമെന്റ് സമഗ്രമായ മെമോറാണ്ടം സമർപ്പിക്കും. സംസ്ഥാനം സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടും കേന്ദ്ര ഗവൺമെന്റിന് ലഭിക്കുമെന്നാണ് അറിയുന്നത്. ഇതുപ്രകാരം ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗൾഫ് രാജ്യങ്ങളുമായി കേരളത്തിന് സവിശേഷ ബന്ധമാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ആ മേഖലയിൽ നിന്നുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് പങ്കുകൊണ്ടു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കേരളത്തെ ഉദാരമായി സഹായിക്കാൻ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സഹായകരമായ നിലപാട് കേന്ദ്രം സ്വീകരിക്കണം.

ഇക്കാര്യത്തിൽ കേന്ദ്രത്തിന് കൂടി സ്വീകാര്യമായ ഒരു സമീപനം ഉണ്ടാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് നമ്മുടെ അഭ്യർത്ഥന. നിരവധി വിദേശരാജ്യങ്ങളിൽ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ജന്മനാടിന്റെ പുനർനിർമ്മാണത്തിൽ പങ്കുകൊള്ളണമെന്നുള്ള വിദേശമലയാളികളുടെ ആഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർ നയിക്കുന്ന സംഘം ബന്ധപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. ഇതിനാവശ്യമായ സഹായങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.

പ്രളയവുമായി ബന്ധപ്പെടാത്ത ഒരു വിഷയവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകുന്ന വിമാനത്താവള പദ്ധതിയുടെ ഭദ്രതയ്ക്ക് അനിവാര്യമായ ഒന്നാണ് വിദേശ എയർലൈനുകളുടെ സാന്നിധ്യം. കണ്ണൂരിലേക്ക് വിദേശ എയർലൈനുകളെ അനുവദിക്കണമെന്ന് മുമ്പ് ഒരുതവണ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു പുരോഗതി ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് വീണ്ടും അദ്ദേഹത്തിന്റെ ഇടപെടൽ തേടിയത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ വിദേശ സഹായം സ്വീകരിക്കുന്നതിനു തടസ്സമുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ പ്രവാസികളിൽ നിന്നു സഹായം സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനം പ്രതീക്ഷ കൈവിടേണ്ടതില്ല. സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോടു മക്കൾ ചോദിക്കും. എന്തുകൊണ്ടു മാറിനിന്നുവെന്നു മക്കളോടു പറയേണ്ടി വരും. കണ്ണൂർ വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങളും അനുവദിക്കുന്നതിനു പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP