Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ

രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് തവണ ടേ നിബന്ധന തിരുത്തേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. അതേസമയം പിണറായിക്കും കോടിയേരിക്കും ഇഷ്ടക്കാരായവർക്കൊന്നും ഈ നിബന്ധന ബാധകമല്ല താനും. തുടർഭരണ സാധ്യത കുറയ്ക്കുമെന്നുള്ള പ്രതിഷേധം ഉയരുമ്പോഴും അതിനൊന്നും ചെവികൊടുക്കാൻ പിണറായിയും കോടിയേരിയും തയ്യാറല്ല. ഇവർ രണ്ടും പേരും തന്നെയാണ് ഈ തീരുമാനം മുന്നോട്ടു വെച്ചത്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളും ഇതിലുണ്ടായിരുന്നു താനും.

പ്രതിഷേധങ്ങളുയരുമ്പോളും തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങൾക്കിടയിലെ ധാരണ. രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി.ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്ടമായത്. ഇതു പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ വലിയ എതിർപ്പിന് വഴിവച്ചിട്ടുണ്ട്. പാർട്ടി കേന്ദ്രനേതാക്കളെ വരെ അണികൾ ഫോണിൽ വിളിച്ച് അതൃപ്തിയറിയിക്കുന്നുണ്ട്. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്. അതേസമയം ചിലപ്പോൾ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളുമുണ്ട്.

തുടർച്ചയായി ജയിച്ചവർ തുടർന്നതാണ് പാർട്ടിക്ക് ബംഗാളിൽ അടിത്തറയിളക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ. പിണറായി വിജയനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബംഗാളിനെ അനുഭവം ഇവിടെ ഉണ്ടാകാതിരിക്കാനാണ് ഈ തിരുത്തലെന്നാണ് പിണറായിയുടെ പക്ഷം. എന്നാൽ, ഏകാധിപത്യ ശൈലി ഉറപ്പിക്കാനും പാർട്ടിയിലെ എതിരാളികളെ ഒതുക്കാനുമുള്ള നീക്കമാണ് ഇതെന്നത് വ്യക്തമാണ്. ബംഗാളിൽ ഒരു നിര നേതാക്കൾ പ്രായമായപ്പോഴേക്കും നയിക്കാൻ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാർട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. താൻ അടുത്ത തവണ ഇല്ലെന്ന് പറയുന്നതോടെ എതിരാളികളുടെ വായടപ്പിക്കയാണ് മുഖ്യൻ.

പാർട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാർട്ടി വിശദീകരിക്കുക. വ്യക്തി വേണോ പാർട്ടി വേണോ എന്ന ഒറ്റ ചോദ്യത്തിൽ ആന്തരികമായി പുകയുന്ന അണികളെ ശാന്തരാക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ ഈ ടേം ബാധമാകാത്ത പി.ജയരാജന് സീറ്റ് നിഷേധിച്ചത് കണ്ണൂരിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക സിപിഎമ്മിന് ബുദ്ധിമുട്ടാണ്. ഈ വിഷയം നാളെ സിപിഎം സെക്രട്ടറിയേറ്റിന്റെ പരിഗണയ്ക്ക് വന്നേക്കും.

പുതിയ ആളുകൾക്ക് അവസരം കൊടുക്കണം എന്നാണു സംസ്ഥാനകമ്മിറ്റി എടുത്ത പ്രധാന തീരുമാനമെന്നാണ് കോടിയേരിയും വിശദീകരിക്കുന്നത്. പുതിയ തലമുറയെ കൊണ്ടുവരണമെങ്കിൽ നിയമസഭയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തിൽ ആർക്കും ഇളവു കൊടുക്കാൻ സാധിക്കില്ല. സംസ്ഥാന കമ്മിറ്റി ഒരു മാസം മുൻപ് ഇക്കാര്യം ചർച്ച ചെയ്തു മാർഗനിർദ്ദേശം കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ ചർച്ചയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം എന്നതിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. ചില സ്ഥലങ്ങളിൽ ഇളവു കൊടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ മാർഗനിർദ്ദേശം കർശനമായി നടപ്പാക്കി സ്ഥാനാർത്ഥികളെ സംബന്ധിച്ച സംസ്ഥാനകമ്മിറ്റി നിർദ്ദേശം ചർച്ച ചെയ്യണം എന്നാണു ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് എട്ടിനു ചേരുന്ന സെക്രട്ടേറിയറ്റ് യോഗമേ അന്തിമ തീരുമാനമെടുക്കൂവെന്നും കോടിയേരി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

രണ്ടു ടേം കർശനമാക്കാതെ വരുമ്പോൾ ഒരു മണ്ഡലത്തിൽ ഒരേ ആൾതന്നെ തുടർച്ചയായി അഞ്ചും ആറും തവണ മത്സരിക്കുന്ന സ്ഥിതിയുണ്ടാകുന്നു. പുതിയ ആളുകൾക്ക് അവസരം അപ്പോൾ കിട്ടില്ല. ഒരു വിഭാഗം സഖാക്കൾ പാർലമെന്ററി പ്രവർത്തനത്തിൽ മാത്രമായി പോകുന്ന സ്ഥിതി വരും. സംഘടനയിൽ ലോക്കൽ സെക്രട്ടറി മുതൽ അഖിലേന്ത്യാ സെക്രട്ടറി വരെയുള്ളവർക്കു മൂന്നു ടേം മാത്രമേ തുടരാൻ കഴിയൂ, അതായത് ഒൻപതു കൊല്ലം. പാർലമെന്ററി രംഗത്തു പക്ഷേ എത്ര കാലവും ആകാം എന്നതിനു മാറ്റം കൂടിയേ തീരൂ എന്നു ഞങ്ങൾ കണ്ടു. അല്ലെങ്കിൽ ഒരു വിഭാഗം എപ്പോഴും പാർലമെന്ററി രംഗത്തും മറ്റൊരു വിഭാഗം എപ്പോഴും സംഘടനാ രംഗത്തും എന്ന അവസ്ഥ വരും. ഇതു രണ്ടും സംയോജിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ട്. പഞ്ചായത്തിലും നിയമസഭയിലും ജയിക്കണമെങ്കിൽ പാർട്ടി സംഘടന ശക്തമാകണം. ഇപ്പോൾ പാർലമെന്ററി രംഗത്തുനിന്ന് ഒഴിവാക്കുന്നവരെ പിന്നീട് പരിഗണിക്കേണ്ടി വരും. എപ്പോഴും മാറി നിൽക്കുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചു.

പുതിയ ടീമിലും വിവിധ കഴിവുകൾ ഉള്ളവർ ഉണ്ടാകും. അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക തയാറാക്കുക. മൊത്തം പട്ടിക നോക്കുമ്പോൾ അതു മികവുറ്റതായിരിക്കും. ഭരണം നടത്താൻ കഴിയുന്നവരായിരിക്കും പട്ടികയിൽ. ഇടതുപക്ഷഭരണത്തിനാണു തുടർച്ച വേണ്ടത്. മന്ത്രിമാരോ എംഎൽഎമാരോ അതേ പടി തുടരുക എന്നല്ല അതിന്റെ അർഥം. ഒരേ ആളുകൾ തുടരുന്നതു ചില സ്ഥലത്തു ഗുണം ചെയ്യും, ചിലയിടത്തു ദോഷവും ഉണ്ടാക്കും. പാർട്ടിക്കു പൊതുവായ തീരുമാനം എടുക്കേണ്ടി വരും. മാനദണ്ഡത്തിൽ ഉറച്ചു നിന്നു കൊണ്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റികൾക്കു നൽകിയ നിർദ്ദേശം. സ്വാഭാവികമായും അത്തരം നിർദ്ദേശങ്ങളേ വരൂ. അതു പാർട്ടി എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. അതിന്റെ അടിസ്ഥാനത്തിലേ തുടർ നടപടികൾ ഉണ്ടാകൂവെന്നും കോടിയേരി വ്യക്തമാക്കി.

രണ്ടു ടേം ജയിച്ചവർക്ക് ഒരു ടേം കൂടി കൊടുക്കുമ്പോൾ മൂന്ന് ആയി. പിന്നെ നാലും അഞ്ചും ആകാം. അപ്പോൾ വേറെ ആർക്കും അവസരം കിട്ടില്ല. ഇതാണു കോൺഗ്രസ് നേരിടുന്ന അവസ്ഥ. തുടർച്ചയായി ഒരേ ആളുകൾ ഒരേ മണ്ഡലത്തിൽ നിന്നതിന്റെ അനുഭവങ്ങൾ ഞങ്ങൾ ബംഗാളിലും നേരിട്ടു. തുടർച്ചയായി വിജയിക്കുന്നത് ഒരു അപാകത അല്ലെന്നും കോടിയേരി വ്യക്തമാക്കി. മാനദണ്ഡം നിശ്ചയിക്കുമ്പോൾ ഏതെങ്കിലും ഒന്നിലേ ഉറച്ചു നിൽക്കാൻ കഴിയൂ. പഴയതു കൂടി മാനദണ്ഡമാക്കിയാൽ ഒരു പാടു പേർക്കു മത്സരിക്കാൻ കഴിയാതെ വരും. അങ്ങനെ എല്ലാവരെയും മാറ്റാൻ തീരുമാനിച്ചാൽ ഉദ്ദേശിക്കുന്നതു പോലെ നല്ല നേതൃനിര ഉണ്ടായില്ലെന്നു വരും. അതുകൊണ്ടാണ് ചിലർക്ക് ഈ ഇളവ് നൽകേണ്ടി വരുന്നതെന്നുമാണ് കോടിയേരിയുട വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP