Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലീഗ് പ്രമേയം യാഥാർത്ഥ്യബോധമില്ലാത്തതെന്ന് പിണറായി വിജയൻ; കോൺഗ്രസ് സഖ്യം വിശ്വാസ്യത ചോർത്തും; വിയോജിപ്പ് സാമ്പത്തിക നയങ്ങളുടെ പേരിൽ

ലീഗ് പ്രമേയം യാഥാർത്ഥ്യബോധമില്ലാത്തതെന്ന് പിണറായി വിജയൻ; കോൺഗ്രസ് സഖ്യം വിശ്വാസ്യത ചോർത്തും; വിയോജിപ്പ് സാമ്പത്തിക നയങ്ങളുടെ പേരിൽ

തിരുവനന്തപുരം: സാമ്പത്തികനയത്തിൽ ബിജെപിയും കോൺഗ്രസും ഒന്നാണെന്ന യാഥാർത്ഥ്യം വിസ്മരിക്കുന്ന മുസ്ലിംലീഗിന്റെ ദേശീയ രാഷ്ട്രീയ പ്രമേയം കാലികമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും അന്ധമായ കോൺഗ്രസ് വിരോധം വെടിഞ്ഞ് മതേതര ഐക്യപാതയിലെത്തണമെന്ന ലീഗിന്റെ പ്രമേയം യാഥാർത്ഥ്യബോധമുള്ളതല്ല. അന്ധമായ വിരോധമല്ല, നയങ്ങളുടെയും ഭരണനടപടികളുടെയും അടിസ്ഥാനത്തിലുള്ള വിയോജിപ്പും എതിർപ്പുമാണ് സിപിഐഎമ്മിനുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവും നരേന്ദ്ര മോദി സർക്കാരിന്റെ ഭരണവും രാജ്യത്തിന് ആപത്താണ്. പക്ഷേ കോൺഗ്രസ് നയിച്ച യുപിഎ ഭരണത്തിന്റെ ജനവിരുദ്ധവും ദേശദ്രോഹപരവുമായ നടപടികളാണ് നരേന്ദ്ര മോദിക്ക് അധികാരത്തിന്റെ വഴി തുറന്നുകൊടുത്തത്. കഴിഞ്ഞ പത്തുവർഷം യുപിഎ സർക്കാർ പിന്തുടർന്ന നവ ഉദാരവൽക്കരണ നയങ്ങളാണ് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായത്. കോൺഗ്രസ് ഭരണത്തിന്റെ ഫലമായുണ്ടായ ജീവിതദുരിതങ്ങളിലും അഴിമതിയിലുമുള്ള ജനങ്ങളുടെ എതിർപ്പിനെയാണ് ബിജെപി പ്രയോജനപ്പെടുത്തിയത്. എന്നാൽ, കോൺഗ്രസിന്റെ അതേ വർഗനയമുള്ള ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസ് നടപ്പാക്കിയ നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ പ്രാവർത്തികമാക്കുകയാണ്. വൻകിട കോർപറേറ്റുകളെയും വിദേശമൂലധനശക്തികളെയും പ്രീണിപ്പിക്കാനുള്ള നടപടികളിലാണ് അവർക്ക് താൽപര്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന, ഭക്ഷ്യവസ്തുക്കൾക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കൽ, കോർപറേറ്റുകൾക്കും വിദേശ മൂലധനശക്തികൾക്കും നികുതിയിളവ് - തുടങ്ങിയ നടപടികളെല്ലാം സ്വീകരിക്കുന്നത് കോൺഗ്രസ് ഭരണത്തിന്റെ അതേ ചട്ടക്കൂടിലാണ്. മോദി ഭരണത്തിന്റെ ഈ കെടുതികൾക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് കോൺഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങളേയും തുറന്നുകാട്ടിയേ മതിയാകൂ.

മോദി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളെ പാർലമെന്റിൽ ഫലത്തിൽ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. രാജസ്ഥാനിൽ അവർ തൊഴിലാളിവിരുദ്ധ നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.അതിനാൽ കോൺഗ്രസ് സഹകരണത്തോടെയുള്ള മതനിരപേക്ഷകക്ഷികളുടെ ഐക്യപ്പെടൽ എന്ന ലീഗിന്റെ ആശയം ജനങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ആഗ്രഹിക്കുന്ന വിഭാഗങ്ങൾക്ക് സ്വീകരിക്കാനാവില്ല. കോൺഗ്രസ്സുമായുള്ള സഹകരണം ബിജെപിയുടെ ഭരണനയങ്ങളെ ചെറുത്തുതോല്പിക്കുന്നതിനുള്ള ജനകീയ പ്രതിരോധ നിരയുടെ വിശ്വാസ്യത ചോർത്തും. മതനിരപേക്ഷതയുടെ മുഖം പ്രദാനം ചെയ്തുകൊണ്ട്കോൺഗ്രസ് നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ജനങ്ങളെ പാപ്പരാക്കി.

ഇന്ന് ഭൂരിപക്ഷ വർഗീയതയുടേതായ ആർഎസ്എസ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന ബിജെപി നടപ്പാക്കുന്ന നവ ഉദാരവൽക്കരണനയത്തെയും വർഗീയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടികളെയും ശക്തമായി ചെറുക്കാൻ കൂടുതൽ ജാഗ്രതയോടെ കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കും. ബിജെപിയും കോൺഗ്രസും പിന്തുടരുന്ന സാമ്പത്തിക നയങ്ങൾക്ക് സമഗ്രമായ ബദൽ സമീപനം മുന്നോട്ടുവച്ചും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചും ജനങ്ങളെ അണിനിരത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP