Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല യുവതി പ്രവേശനം: വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; സർക്കാർ നേരിട്ട് ഒരു നടപടിയുമെടുത്തിട്ടില്ല; നടപ്പാക്കുന്നത് കോടതി വിധി; വിധിയെ ഓർഡിനൻസോ നിയമനിർമ്മാണം കൊണ്ടോ മറികടക്കാനാകില്ല; പ്രക്ഷോഭത്തിനിറങ്ങിയ കോൺഗ്രസിൽ രൂഢമൂലമായത് ആർഎസ്എസ് മനസ്; ശരിയായ നിലപാട് സ്വീകരിച്ചത് എസ്എൻഡിപിയും കെപിഎംഎസും; എൽഡിഎഫിന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; സർക്കാർ നേരിട്ട് ഒരു നടപടിയുമെടുത്തിട്ടില്ല; നടപ്പാക്കുന്നത് കോടതി വിധി; വിധിയെ ഓർഡിനൻസോ നിയമനിർമ്മാണം കൊണ്ടോ മറികടക്കാനാകില്ല; പ്രക്ഷോഭത്തിനിറങ്ങിയ കോൺഗ്രസിൽ രൂഢമൂലമായത് ആർഎസ്എസ് മനസ്; ശരിയായ നിലപാട് സ്വീകരിച്ചത് എസ്എൻഡിപിയും കെപിഎംഎസും; എൽഡിഎഫിന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി

ആർ പീയൂഷ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നേരിട്ട് ഒരുനടപടിയുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. പുത്തരിക്കണ്ടം മൈതാനിയിൽ എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുമായി സർക്കാർ ഏറ്റുമുട്ടലിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ വിവിധ വശങ്ങളും കേസിന്റെ ചരിത്രവും പിണറായി വിജയൻ വിശദീകരിച്ചു. സംസ്ഥാനത്ത് സ്ത്രീപ്രവേശനം ഉണ്ടായിരുന്ന ഒരു അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതാണ്.
സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട കത്തയച്ചത് ഗവർണർ സ്ഥാനത്തിരിക്കുന്ന, നേരത്തെ ബിജെപിയുടെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ്. അന്ന് അദ്ദേഹം ഹിന്ദുമുന്നണി സെക്രട്ടറിയായിരുന്നു. ശബരിമലയിൽ വിവാഹം നടക്കുന്നു, വനിതകളുടെ ഡാൻസ് നടക്കുന്നു, സിനിമാ ഷൂട്ടിങ് നടക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു കുമ്മനത്തിന്റെ കത്ത് തന്ത്രിക്ക്. ഇതെല്ലാം കോടതിയുടെ പരിശോധനയിലുണ്ട്. 1991 ഏപ്രിൽ 5 ന് ഹൈക്കോടതി വിധി. ഇവിടെ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല. സ്ത്രീകൾക്ക് പ്രവേശനനാനുമതി ഇല്ല. നേരത്തെയുണ്ടായിരുന്ന സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി അറുതി വരുത്തുകയാണുണ്ടായത്. 1991 ന് ശേഷം ഇവിടെ അധികാരത്തിൽ വന്ന സർക്കാരുകൾ. ഇടതും വലതും. ആ എല്ലാ സർക്കാരുകളും ചെയ്തത് ഈ വിധിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്താനാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീപ്രവേശനം ഉണ്ടായിരുന്ന ഒരു അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതാണ് സ്ത്രീപ്രവേശന നിഷേധത്തിന്റെ ചരിത്രം.

91 ന് ശേഷമാണ് ശബരിമലയിൽ സ്ത്രീപ്രവേശനം തടയുന്ന നില വന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീംകോടതി വിധി ഇക്കഴിഞ്ഞ സെപ്റ്റംബർ 28 നാണ് ഉണ്ടായത്. സുപ്രീംകോടതിയുടെ വിധി ഒരു ദിവസം പെട്ടെന്നുണ്ടായതല്ല. 91 ൽ ആരംഭിച്ച ഈ സമ്പ്രദായത്തിനെതിരേ 2006 ൽ സുപ്രീംകോടതിയിലേക്ക് റിട്ട് പെറ്റീഷനുമായി ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി പോയി. ഈ സെക്രട്ടറി ഭക്തി പ്രസിതാ സേധി ആർഎസ്എസ് ബന്ധമുള്ളയാളാണ്. ആർഎസ്എസിന്റെ ഭാഗമായി നിൽക്കുന്നയാളാണ് ഇവിടെ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ല എന്നു പറഞ്ഞ് സുപ്രീംകോടതിയിലേക്ക് പോയത്.

2006 എന്നു പറയുമ്പോൾ 12 വർഷം സുപ്രീംകോടതിയുടെ മുമ്പാകെ ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയായിരുന്നു. ഈ കേസിൽ സംസ്ഥാന സർക്കാരിനെ അവർ എതിർകക്ഷിയാക്കി. അതുകൊണ്ട് സർക്കാരിന് സത്യവാങ്ങ്മൂലം നൽകേണ്ട ബാധ്യതയുണ്ടായി. അവിടെയാണ് സർക്കാർ ചിത്രത്തിൽ വരുന്നത്. അപ്പോൾ 2007 ൽ അന്ന് എൽഡിഎഫ് സർക്കാർ സത്യവാങ്ങ് മൂലം നൽകി. അത് കോടതിയുടെ മുന്നിൽ നിൽക്കുകയായിരുന്നു. 2011 ലെ എൽഡിഎഫ് മാറി യുഡിഎഫ് വന്നു. യുഡിഎഫ് സർക്കാർ 11 ൽ അധികാരത്തിലേറിയെങ്കിലും അഞ്ചുവർഷത്തിന്റെ അവസാനം വരെ അതായത് 2016 വരെ നേരത്തെയുള്ള സത്യവാങ്ങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല. 2016 ൽ തെരഞ്ഞെടുപ്പ് നേരിടാനുള്ള സാഹചര്യത്തിൽ കോൺഗ്രസിനുള്ള തെറ്റിദ്ധാരണകളുടെ കൂട്ടത്തിൽ ആളുകളെ സ്വാധീനിക്കാനുള്ള നല്ല മാർഗം ഇതാണെന്ന് കണ്ട് നേരത്തെ എൽഡിഎഫ് സർക്കാരിന്റെ സത്യവാങ്ങ്മൂലം ഉപേക്ഷിക്കുകയാണ് എന്നു പറഞ്ഞ് പുതിയതുകൊടുത്തു. എന്നുപറഞ്ഞാൽ അടിസ്ഥാനപരമായ പ്രശ്നം പുരുഷനും സ്ത്രീക്കും തുല്യാവകാശം ഉണ്ടോ എന്നതാണ്. ഒരു കാര്യത്തിനും സ്ത്രീയുടെ നേരെ വിവേചനം പാടില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കുമുണ്ടാകണം. ഇതാണ് എൽഡിഎഫിന്റെ അടിസ്ഥാന സമീപനം. യുഡിഎഫ് ആ സമീപനത്തിൽ നിന്നുമാറി. എൽഡിഎഫ് 2007 ൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുവെങ്കിൽ ഇവിടെ സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് യുഡിഎഫ് സർക്കാർ എടുത്തത്. അത്തരമൊരു സത്യവാങ്ങ് മൂലമാണ് യുഡിഎഫ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

എല്ലാവർക്കുമറിയാം 2016 ൽ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന്. എൽഡിഎഫ് അധികാരത്തിൽ വന്നു. അതിന് ശേഷം ഈ സത്യവാങ്ങ്മൂലത്തിന്റെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ പുതിയ സത്യവാങ്ങ്മൂലം അംഗീകരിക്കുന്നില്ല. 2007 ൽ സർക്കാർ നൽകിയ സത്യവാങ്ങ്മൂലമുണ്ട്. ഞങ്ങളതിൽ ഉറച്ചുനിൽക്കുന്നു എന്നുപറഞ്ഞ് അത് സുപ്രീംകോടതിക്ക് വീണ്ടും കൊടുത്തു. എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്താണ്. അതിൽ സ്ത്രീപ്രവേശനത്തിന്റേതാണ് പ്രശ്നം. സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല. മാത്രമല്ല ഈ ക്ഷേത്രത്തിൽ മുൻകാലങ്ങളിൽ സ്ത്രീകൾ സന്ദർശിച്ചിട്ടുണ്ട്.

മാത്രമല്ല പ്രായവ്യത്യമാസമില്ലാതെ സ്ത്രീകൾ പോയിട്ടുണ്ട് അത് അനുവദിക്കണം. ഇതാണ് സർക്കാരിന്റെ അഭിപ്രായമെങ്കിലും സർക്കാർ നടപ്പാക്കുന്നത് സുപ്രീംകോടതി വിധിയാണ്. ശബരിമലയിൽ സ്ത്രീകളെ അനുവദിക്കാത്ത നിലപാടാണ് ഇപ്പോൾ സർക്കാർ കൈക്കൊള്ളുന്നത്. ഇത്രയും വ്യക്തമാക്കിയതിന് ശേഷം മറ്റൊരു കാര്യവും കൂടി ആ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് ഹിന്ദു പണ്ഡിതരുണ്ട്, സാമൂഹ്യ പരിഷ്‌കർത്താക്കളുണ്ട്. അത്തരമാളുകളുടെ ഒരു കമ്മീഷനെ കോടതി നിയോഗിച്ച് ഇതുമായി ബന്ധപ്പെട്ട് അവരിൽ നിന്ന് അഭിപ്രായം തേടുന്നത് ഉചിതമാകുമെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്നമായതിനാലാണ് അങ്ങനൊെരു നിലപാട് പറഞ്ഞത്.

ഹൈക്കോടതി വിധിയാണ് നടപ്പാക്കുന്നത്. അത് പറഞ്ഞുകൊണ്ട് സർക്കാർ ഒരുകാര്യം കൂടി പറഞ്ഞു. നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതിയിൽ പറഞ്ഞതാണ്. അവസാനം ഒരുകാര്യം അസന്നിഗ്ധമായി പറഞ്ഞു. എല്ലാം പരിശോധിച്ച് സുപ്രീംകോടതി വിധി എന്താണോ അത് സർക്കാർ നടപ്പാക്കും. ഇത് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്ങ്മൂലമാണ്. ഇക്കാര്യത്തിൽ മറ്റൊരു പ്രത്യേകത. ഈ ഘട്ടത്തിൽ ദേവസ്വം ബോർഡ് നിലവിലുള്ള സ്ഥിതിയെ അനുകൂലിച്ചാണ് വാദിച്ചിരുന്നത്. അതോടൊപ്പം വിവിധ കൂട്ടര് കക്ഷിചേർന്നു. പന്തളം കൊട്ടാരം, തന്ത്രിമാർ, എൻഎസ്എസ്, അയ്യപ്പസേവാസംഘങ്ങൾ അങ്ങനെ പലരും. എന്നാൽ ചേരാത്ത രണ്ടുകൂട്ടരുണ്ട്. ഒന്ന് ബിജെപിയാണ്. ഇപ്പൊ ബിജെപിയോടൊപ്പം നിലപാടെടുത്തുകൊണ്ടിരിക്കുന്ന കോൺഗ്രസും ഇതിനൊപ്പം കക്ഷിചേർന്നിരുന്നില്ല.

ഈ രണ്ടുകൂട്ടരും കോടതിക്ക് പുറത്ത് ഒരു നിലപാട് പരസ്യമായി എടുത്തു. അത് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്നാണ്. ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ കോടതിക്ക് പുറത്ത് കോൺഗ്രസും ബിജെപിയും എടുത്തിരുന്നത്. കോടതിവിധിയുടെ പ്രത്യേകത ശ്രദ്ധിക്കണം. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അതിന്റെ ആറ്റിക്കുറുക്കിയ സത്ത, പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധം. അതാണ് വിധി. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.

മാത്രമല്ല അയ്യപ്പഭക്തന്മാരെക്കുറിച്ച് കോടതിയുടെ നിരീക്ഷണമുണ്ട്. അയ്യപ്പഭക്തന്മാർ ഒരു പ്രത്യേക മതവിഭാഗമല്ല. എല്ലാ ജാതി മതസ്ഥർക്കും പോകാവുന്ന ആരാധനാലയമാണ് ശബരിമല. അതെല്ലാം പരിശോധിച്ചുകൊണ്ടാണ്ഈ വിധിയെ മറ്റൊരു ഓർഡിനൻസ് കൊണ്ടോ നിയമനിർമ്മാണം കൊണ്ടോ മറികടക്കാനാകില്ല. നിയമ വൈദഗ്ധ്യം ഇല്ലാത്തവർക്കു തന്നെ അറിയാം. ഭരണഘടനാ തത്വത്തിന് എതിരായ നിലപാട് നിയമനിർമ്മാണത്തിലൂടെ ഉണ്ടാക്കാനാകില്ല. സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞു ഇത് ഭരണഘടനാ വിരുദ്ധമാണെന്ന്. ഭരണഘടനാ വിരുദ്ധമായ ഒന്ന് പുനഃസ്ഥാപിക്കാൻ, നിയമനിർമ്മാണം നടത്താൻ സാധാരണ നിലയ്ക്ക് കഴിയില്ല. ഇതാണ് ഇതിൽ വ്യക്തമാകേണ്ട ഒരുകാര്യം.

ചിലർ ചോദിക്കുന്ന ഒരു കാര്യമുണ്ട്. പുനപരിശോധനാ ഹർജി നൽകാത്തതെന്തെന്ന്. ഇക്കാര്യത്തിൽ നേരത്തെ തന്നെ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിവിധി എന്താണോ അത് നടപ്പാക്കുമെന്നാണ് സുപ്രീംകോടതിയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ തുല്യാവകാശത്തിന്റെ പ്രശ്നത്തിൽ സ്ത്രീക്ക് പുരുഷനെപ്പോലെ തന്നെ ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്നു തന്നെയാണ് സർക്കാർ കാണുന്നത്. ഇതും നേരത്ത വ്യക്തമാക്കിയ കാര്യമാണ്.നിയമവാഴ്ചയുള്ള രാജ്യത്ത് ഏതു സർക്കാരിനും ഇതേ ചെയ്യാനാകൂ.

സർക്കാരിനെ തെറിപറഞ്ഞതുകൊണ്ടോ വികാരം ഇളക്കിവിട്ടതുകൊണ്ടോ സർക്കാരിനെക്കൊണ്ട് ചെയ്യിക്കാനാകില്ല. നിയമാനുസൃതമായേ സർക്കാരിന് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ. ഒരുകാര്യം സർക്കാർ ചെയ്തു. ബന്ധപ്പെട്ടവരെ വിളിച്ച് ചർച്ച ചെയ്യാമെന്ന് കരുതി. അതിന്റെ ഭാഗമായാണ് ശബരിമലയിലെ തന്ത്രിമാരെയും പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളെയും ചർച്ചയ്ക്കായി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വിളിച്ചത്. പക്ഷെ അവരാ ചർച്ചയ്ക്ക് തയ്യാറായില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെടുത്തത് എന്ന് മനസിലാകുന്നില്ല. അത് തീരുമാനിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഇത്തരം കാര്യങ്ങളിൽ സാധാരണ സ്വീകരിക്കുന്ന സമ്പ്രദായമുണ്ട്. സർക്കാരിന് മുന്നിൽ കാര്യങ്ങൾ പറയാൻ തയ്യാറാവുക. അതല്ല അവർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന് വ്യക്തമാക്കാനുള്ളത്. ഞങ്ങൾ വിശ്വാസികളുമായി ഏറ്റുമുട്ടാൻ തയ്യാറുള്ളവരല്ല. ഭരണമില്ലെങ്കിലും എൽഡിഎഫ് ഇതേ നിലപാടുതന്നെയാണ് സ്വീകരിക്കില്ല.

തങ്ങളുടെ വിശ്വാസമനുസരിച്ച് ഇവിടെ കാര്യങ്ങൾ നടത്താൻ പാടുള്ളൂ. നിങ്ങളുടെ വിശ്വാസം ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് പ്രത്യേക വിഭാഗത്തിൽപെട്ടവരെ ആക്രമിച്ച സമയത്ത് ഞങ്ങൾ അറച്ചിട്ടില്ല. ഞങ്ങൾ മുന്നിൽതന്നെയുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. വിശ്വാസികൾക്ക് ഞങ്ങളെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുമില്ല. സർക്കാരിന് ഭരണഘടനാ ഉത്തരവാദിത്തമുണ്ട്. അതാണ് സുപ്രീംകോടതിവിധി നടപ്പാകൽ. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ല. ഇവിടെ വിധി വന്നപ്പോൾ സർക്കാരിനും എൽഡിഎഫിനുമെതിരേ വമ്പിച്ച പ്രചാരവേലയാണ്. ബിജെപിയും യുഡിഎഫും അഴിച്ചുവിടുന്നത്. ഇക്കാര്യത്തിൽ പല സംഘടനകളെയും ഒന്നിച്ച് ചേർത്തുകൊണ്ടാണ് പ്രക്ഷോഭത്തിന് തയ്യാറാകുന്നത്. ഒരുപാട് വികാരമിളക്കിവിടാനുള്ള ശ്രമം നടക്കുകയാണ്. ഇവിടെ ഓർക്കേണ്ട കാര്യം വിധി വന്നയുടനെ ആർഎസ്എസിന്റെ അഖിലേന്ത്യാ തലപ്പത്തിരിക്കുന്ന ഭയ്യാ ജോഷിയെപ്പോലുള്ളവർ ഇതിനെ അനുകൂലിച്ചാണ് പരസ്യമായി പറഞ്ഞത്. ബിജെപിയുടെ വക്താക്കൾ വിധിയെ തള്ളാത്ത നിലയാണ് ആദ്യം സ്വീകരിച്ചത്. കോൺഗ്രസിന്റെ കാര്യം, കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ചരിത്രപരമായ വിധിയെന്നാണ് രേഖപ്പെടുത്തിയത്.

ഇവിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ വിധിയെ സ്വാഗതം ചെയ്യുന്ന നിലയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് ഈ വിധിയനുസരിച്ച് കാര്യങ്ങളാണ് നടത്തുകയാണ് വേണ്ടത്. നേരത്തെ കൊടുത്ത അഫിഡവിറ്റിനെക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല എന്നൊക്കെ പറഞ്ഞവരാണിവർ. ഇവരൊക്കെ പെട്ടെന്ന് മാറുകയായിരുന്നു. ആ മാറ്റം ആരാണ് ആദ്യം തുടങ്ങിയത്. ഇവർ തമ്മിൽ തർക്കമുണ്ട്. ബിജെപിയും കോൺഗ്രസും തമ്മിൽ തർക്കമുണ്ട്. കോൺഗ്രസിന്റെ നേതാക്കൾ പറയുന്നു ഞങ്ങളാണ് ആ നിലപാട് ആദ്യമെടുത്തത് എന്ന്. പക്ഷെ നാടാകെ കണ്ട ഒരു യാഥാർത്ഥ്യമുണ്ട്. ആർഎസ്എസ് ഈ ഘട്ടത്തിൽ പ്രഖ്യാപിതനിലപാട് മാറ്റി. വിശ്വാസികളെ തങ്ങളുടെ ഒപ്പം നിർത്തി തങ്ങൾക്കു സംഭവിച്ച ദൗർബല്യം പരിഹരിക്കാനാകുമോ എന്ന ശ്രമമാണ് നടത്തിയത്. ആർഎസ്എസ് എല്ലാം മറന്ന് രംഗത്തുവന്നു. അതിശക്തമായ നടപടികളിലേക്ക് നീങ്ങി. പ്രകോപനമുണ്ടാക്കി. സ്ത്രീയെ ചവിട്ടിക്കീറി രണ്ടു കഷണമാക്കി വലിച്ചെറിയും. എന്തെല്ലാമാണ് പറഞ്ഞത്. മാത്രമല്ല സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന ആദരണീയരായ വ്യക്തികളെ പ്രത്യേകിച്ച് മഹിളാ നേതാക്കളെ പുലഭ്യം പറയുന്ന സ്ഥിതി. കോൺഗ്രസ് അതിനൊപ്പം എല്ലാത്തിന്റെയും കൂടെ നിൽക്കുന്ന നില വന്നു. കോൺഗ്രസ് സ്വീകരിച്ച സമീപനം. കോൺഗ്രസുകാർ ഒപ്പം നിന്നു. ഇക്കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധവേണം. കോൺഗ്രസിന് ആർഎസ്എസ് മനസുണ്ടാകാൻ പാടില്ലാല്ലോ. ഈ സംഭവത്തിൽ കോൺഗ്രസിൽ നിന്ന് ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ. എല്ലാവരും സ്ത്രീപ്രവേശനത്തിനെതിരേ എല്ലാവരും ആർഎസ്എസ് പ്രക്ഷോഭത്തിന് കൂടെ. എന്തുകൊണ്ട് വന്നു അത്. കോൺഗ്രസിൽ എത്ര രൂഢമൂലമായി ആർഎസ്എസ് മനസ് രൂപംകൊണ്ടു എന്നാണ് മനസിലാക്കുന്നത്. അതേസമയം സഹതപിക്കുകയും ചെയ്യാം. കോൺഗ്രസ് എന്ന പാർട്ടി ഈ നിലയിൽ അധപതിച്ചു എന്ന സഹതാപം സ്വാഭാവികമായി ഉണ്ടാകുന്നു.

എസ്എൻഡിപി കെപിഎംസ് തുടങ്ങിയ സംഘടനകൾ ശരിയായ നിലപാട് സ്വീകരിച്ചു. ആദിവാസി ഗോത്രമഹാസഭ. അതോടൊപ്പം എൽഡിഎഫിനെയും സർക്കാരിനെയും ആക്രമിക്കാൻ പുറപ്പെട്ടവരുടെ പ്രചാരവേലയിൽ യാഥാർത്ഥ്യമറിയാതെ കുടുങ്ങിപ്പോയ ചിലരുണ്ട്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ്. ആ തെറ്റിദ്ധാരണ സ്വാഭാവികമായും നീങ്ങും. ഇവിടെ നമുക്കൊരു പാരമ്പര്യമുണ്ട്.

എല്ലാറ്റിലുമുപരി വിശ്വാസമാണ്. ഭരണഘടനാ മൂല്യങ്ങളല്ല, നിയമങ്ങളല്ലെന്ന് കോൺഗ്രസും ഇത് പറയുന്നുണ്ട്. ഈ വാദത്തിനൊപ്പം നിൽക്കുന്നവർ അതിന്റെ ആപത്ത് തിരിച്ചറിഞ്ഞിട്ടുണ്ടോ. ലീഗ് നേതാക്കളടക്കം ആവേശപൂർവം അണികൊള്ളുന്നൂ. ഈ വാദമൊന്ന് നീട്ടിക്കൊടുക്ക്, രാമക്ഷേത്രത്തിന്റെ വിഷയത്തിൽ. ഈ ആപത്ത് ശരിയായ വിധത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ. നമ്മുടെ നാട്ടിൽ ഒരു ബാബറി മസ്ജിദിന് മേലിൽ മാത്രമല്ല സംഘപരിവാറിന്റെ അവകാശവാദം. ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങൾക്ക് മേൽ അവരുടെ അവകാശവാദമുണ്ട്. എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായതാണെങ്കിൽ എന്താകും നാളത്തെ ഭാവി എന്ന് സാവകാശം ചിന്തിച്ചാൽ മതി. അതിന് പറ്റുമെങ്കിൽ ചിന്തിക്കുക.

നാംകാണേണ്ട കാര്യം എന്താണ് ഉന്നം. ഗവൺമെന്റിനെ തെറി പറയലോ എൽഡിഎഫിനെ തെറിപറയലോ അല്ല. യഥാർത്ഥ ഉന്നം കേരളത്തിന്റെ മതനിരപേക്ഷ മനസ് തകർക്കലാണ്. നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. എല്ലാവരും മതനിരപേക്ഷ മനസിനെ തകർക്കാൻ ഒറ്റക്കെട്ടായി നിൽക്കണം. ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത് അതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP