Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

പിണറായിയിലെ ചെത്തുകാരന്റെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനനം; ബേക്കറി തൊഴിലാളിയായും നെയ്ത്തുകാരനായും ജോലിയെടുത്ത ദുരിതബാല്യം; ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലത്തിലൂടെ വളർന്നു; ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നേതാവ്; ലാവ്‌ലിനും സ്വർണ്ണ കടത്തും ശബരിമലയും അതിജീവിച്ച ബ്രാൻഡ്; ഇത് ഇഎംഎസിനും നായനാർക്കും വിഎസിനും കഴിയാത്ത നേട്ടം; കേരളത്തിന്റെ ക്യാപ്ടനായി ഇനി മിന്നൽ പിണറായി

പിണറായിയിലെ ചെത്തുകാരന്റെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനനം; ബേക്കറി തൊഴിലാളിയായും നെയ്ത്തുകാരനായും ജോലിയെടുത്ത ദുരിതബാല്യം; ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലത്തിലൂടെ വളർന്നു; ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നേതാവ്; ലാവ്‌ലിനും സ്വർണ്ണ കടത്തും ശബരിമലയും അതിജീവിച്ച ബ്രാൻഡ്; ഇത് ഇഎംഎസിനും നായനാർക്കും വിഎസിനും കഴിയാത്ത നേട്ടം; കേരളത്തിന്റെ ക്യാപ്ടനായി ഇനി മിന്നൽ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

നി ലോകത്തിനു മുന്നിൽ ഇടതുപക്ഷത്തിന് ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് പിണറായി വിജയൻ. 15 വർഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോർഡിട്ട നേതാവ്. ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയും പ്രതീക്ഷയും. വിശേഷണങ്ങൾ ഏറെയുണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന മുണ്ടയിൽ കോരൻ മകൻ വിജയന്. കേരളത്തിൽ തുടർഭരണത്തിലേക്ക് സിപിഎമ്മിനെ നയിച്ച് പിണറായി വീണ്ടും ചരിത്രമെഴുതുന്നു.

വിമർശനങ്ങളും അക്ഷേപങ്ങളും എന്തെല്ലാം ഉണ്ടെങ്കിലും കേരള രാഷട്രീയത്തിലെ സമാനതകൾ ഇല്ലാത്ത ചരിത്രം തന്നെയാണ്, പിണറായി വിജയന്റെ ജീവിതം. പലർക്കും ഇപ്പോഴം ഒരു സമസ്യയാണത്. പിണറായി കൊച്ച് ഓലക്കുടിലിൽ ജനിച്ച വിജയൻ ഇന്ന് കേരളത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന വ്യക്തിയായി വളർന്നിരിക്കയാണ്. കോവിഡുകാലത്ത് നീട്ടിയും കറുക്കിയുമുള്ള പ്രത്യേക ശൈലിയിയിലുള്ള ആ വാക്കുൾ കേൾക്കാൻ ജനം ടെലിവിഷന് മുന്നിൽ കാത്തിരക്കുന്ന കാലം. ഇത് വോട്ടെടുപ്പിലും പ്രതിഫലിക്കുന്നു. അങ്ങനെ വീണ്ടും പിണറായി ക്യാപ്ടനാകുന്നു. സംസ്ഥാനത്തുടനീളം സിപിഎമ്മിന് മുൻതൂക്കം നേടാനായി.

കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ച തന്ത്രം കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും പ്രതിഫലിച്ചു. എറണാകുളത്തും കേരളാ കോൺഗ്രസ് ചതിച്ചില്ല. അങ്ങനെ വീണ്ടും പിണറായി മുഖ്യമന്ത്രിയാകുന്നു. സാക്ഷാൽ ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന കമ്മ്യൂണിസ്റ്റ് ആചാര്യനോ ഇകെ നയനാർ എന്ന ജനകീയനോ വി എസ് അച്യുതാനന്ദനെന്ന പുന്നപ്ര വയലാർ നായകനോ കഴിയാത്തതാണ് പിണറായി നേടുന്നത്. കോട്ടകൾ കാത്ത് ഇടതുപക്ഷത്തിന്റെ കരുത്ത് മറ്റിടങ്ങളിലേക്ക് കൊണ്ടു പോയുള്ള നേട്ടം. പിണറായി അങ്ങനെ കേരളത്തിന്റെ ക്യാപ്ടനാകുന്നു.

മാർക്കറ്റിംഗിലൂടെ പ്രോഡക്ട് സെല്ലു ചെയ്യുന്നതു പോലെ കേരളമെന്ന ബ്രാൻഡും അതിന്റെ നായകൻ താനാണെന്നും അവതരിപ്പിച്ചാണ് പിണറായി ജയിച്ചു കയറുന്നത്. ബംഗാളിൽ സിപിഎം തകർന്നടിയുമ്പോഴാണ് പിണറായിയുടെ നേട്ടം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സിപിഎമ്മിലെ അനിഷേധ്യ നേതാവായി ഈ കണ്ണൂരുകാരൻ മാറും. പാർട്ടിയും പോളിറ്റ് ബ്യൂറോയും സംസ്ഥാന സമിതിയുമെല്ലാം താനാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്.

പിണറായി വിജയന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു യാത്ര.

11പേർ മരിച്ച കുടുംബത്തിലെ അവസാനത്തെ കണ്ണി

കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തു തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി കെ. വിജയൻ 1944 മെയ് 24-ന് ജനിച്ചത്. ഈ ദമ്പതികൾക്ക് 14 മക്കൾ ഉണ്ടായിരുന്നെങ്കിലും 11പേരും ശൈശവത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു. അന്നത്തെ തുഛമായ വരുമാനം വെച്ച് ആ കുടുംബത്തിന് നല്ല ഡോകടർമാരുടെ സേവനം നേടാനുള്ള അവസ്ഥയുണ്ടായിരുന്നില്ല. ആ നാട്ടിൽ തന്നെ വയറ്റാട്ടികളും വിഷവൈദ്യന്മാരുമല്ലാതെ നല്ല ഒരു ഡോക്ടർപോലും ഇല്ലായിരുന്നെന്ന് പിണറായി തന്നെ പിന്നീട് പറഞ്ഞിരുന്നു. ഓലമേഞ്ഞ ആ കുടിലിൽ കഞ്ഞിയും ചമ്മന്തിയുമായിരുന്നു പ്രിയ ഭക്ഷണം. കടുത്തക്ഷാമം നിലനിന്ന കാലത്ത് നല്ല ഒരു ഭക്ഷണവും കഴിക്കാനുള്ള അവസ്ഥ ആ നാട്ടിൽ തന്നെ ഇല്ലായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി തീപ്പൊരിപോലെ മലബാറിൽ എങ്ങും പടന്ന് പന്തലിക്കുന്ന കാലത്തായിരുന്നു പിണറായിയുടെ ബാല്യ കൗമാരങ്ങൾ കടന്നുപോയത്. കമ്യണുസിറ്റ് പാർട്ടി പിറവിയെടുത്ത പിണറായിയിൽ പിന്നെ എന്തു സംഭവിക്കാൻ. ജ്യേഷ്ഠന്മാരായ കുമാരനും നാണുവും കമ്യൂണിസറ്റ് അനുഭാവികൾ ആയിരുന്നു. അവരിലുടെ വളരെ ചെറുപ്പത്തിലേ തന്നെ വിജയനും കമ്യൂണിസ്റ്റായി. വിജയൻ സ്‌കൂളിൽപോയി പഠിക്കണമെന്ന് തീരുമാനമെടത്തതും ഈ സഹോദരങ്ങൾ തന്നെയായിരുന്നു. ശാരദാവിലാസം ലോവർ പ്രൈമറി സ്‌കൂൾ, പെരളശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിജയകരമായി സ്‌കൂൾ വിദ്യാഭ്യാസം. പഠനത്തിൽ ശരാശരിമാത്രം വരുന്ന വിദ്യാർത്ഥിയായിരുന്നെങ്കിലും അക്കാലത്തുതന്നെ അസാധാരണമായ നേതൃഗുണവും തൻേറടവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു വിജയനെന്ന് അക്കാലത്ത് സുഹൃത്തുക്കൾ ഓർക്കാറുണ്ട്. സൃഹൃത്തുക്കൾ തമ്മിൽ ഒരു പ്രശനമുണ്ടായാലോ ഒരു അനീതി കണ്ടാലോ ഉടൻ പ്രതികരിക്കുന്ന സ്വഭാവമായിരുന്നു കുട്ടിയായ വിജയനും.

ദാരിദ്ര്യം അക്കാലത്തും കടുംബത്തെ വിട്ടുമാറിയിരുന്നില്ല. ചക്കര സ്റ്റോറിൽ ചക്കര തൂക്കിക്കൊടുത്തും ഓലമെടയലിൽ സഹായിച്ചുമൊക്കെ വിജയനും അക്കാലത്ത് ജോലിചെയ്യേണ്ടിവന്നു. പെരളശ്ശേരി ഹൈസ്‌കൂൾനിന്ന് എസ്എസ്എൽസി പാസായിട്ടും ഒരു വർഷത്തോളം അദ്ദേഹത്തിന് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം അമ്മാവന്റെ ബേക്കറിയിൽ സഹായിയായി കൂടി. പിന്നീട് നാട്ടിൽ തിരിച്ചെത്തി നെയ്ത്തു തൊഴിലിൽ ഏർപ്പെടുകയുണ്ടായി. കാരണം സാമ്പത്തിക പരാധീനകൾ തന്നെ. അക്കാലത്തും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. ചെറുപ്പകാലത്തെ ഒരു അനുഭവം പിണറായി പിന്നീട് തുറന്നു പറഞ്ഞതും ഇങ്ങനെയാണ്. ' അക്കാലത്ത് മൃതദേഹങ്ങളും മറ്റും എനിക്ക് വലിയ പേടിയായിരുന്നു. ആ പേടി സ്വയം പരിഹരിച്ചു. അത്തരം സാഹചര്യങ്ങളിൽ പോയി സഹായിച്ചും മറ്റുമാണ് പേടി മാറ്റിയത്. തൂങ്ങി മരണം നടന്നിടത്തൊക്കെ മൃതദേഹം താഴെയിറക്കാൻ സഹായിച്ചും മറ്റും'- തനിക്കുള്ള ഓരോ ദൗർബല്യവും
പരിഹരിക്കണമെന്ന് നിർബന്ധ ബുദ്ധിയുള്ള ഒരു മനുഷ്യനെയാണ് ഇവിടെ കാണാൻ കഴിയുക.

പിന്നീട് ഇവനെ പഠിക്കാൻ വിടുന്നില്ലേ എന്ന് ഒരു അദ്ധ്യാപകൻ ചോദിച്ചതോടെയാണ് തലശ്ശേരി ബ്രണ്ണൻ കോളജിൽ ചേർക്കുന്നത്. അതിനുള്ള പണം കണ്ടെത്തിയതും ജേഷ്ഠന്മാരുടെ കഠിന അധ്വാനം ആയിരുന്നു. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയത് സത്യത്തിൽ ബ്രണ്ണൻ കോളജ് ആയിരുന്നു.

ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലം

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ബ്രണ്ണൻ കോളജിൽ അതിശക്തമായ സംഘടനാ സാന്നിധ്യമായിരുന്നു പിണറായി വിജയൻ. പ്രീ യൂണിവേഴ്‌സിറ്റിക്ക് ചേർന്ന അന്ന് തൊട്ട് തുടങ്ങിയ പ്രവർത്തനം അദ്ദേഹത്തെ എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) നേതൃ നിരയിലേക്ക് ഉയർത്തി. ആത്മസുഹൃത്തുമായിരുന്ന പ്രൊഫ. എൻ മുകുന്ദൻ ബ്രെണ്ണനൈറ്റ്‌സ് മാഗസിനിൽ പിണറായിയെക്കുറിച്ച് എഴുതിയ ലേഖനം ഇങ്ങനെയാണ്. 'മുഖ്യസ്ഥനിൽനിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്'. എല്ലാകാര്യങ്ങളിലും ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർക്ക് കൊടുത്തിരുന്ന പേരായിരുന്നു മുഖ്യസ്ഥൻ.

'ഉറച്ച നിലപാടാണ് വിജയന് അന്നും. അപാര ധൈര്യവും. അദ്ധ്യാപകരോട് തികഞ്ഞ ബഹുമാനം. സഹപാഠികളും അംഗീകരിക്കുന്ന പെരുമാറ്റം. തോണിക്കടത്ത് മുടങ്ങുന്നതിനും കൂലിവർധനക്കുമെതിരെ വിദ്യാർത്ഥിസമരം നയിച്ചത് വിജയനായിരുന്നു. അന്നോളം ബ്രണ്ണൺ കോളേജ് കണ്ടിട്ടില്ലാത്തവിധം വലിയ ഒരു റാലിയും നടത്തി. ഞങ്ങൾ അദ്ധ്യാപകർക്കും വിജയനോട് വലിയ മതിപ്പായിരുന്നു' - ബ്രണ്ണൻ കോളിലെ മുൻ അദ്ധ്യാപകൻ ബി മമ്മദുണ്ണി മാസ്റ്റർ പറയുന്നത് ഇങ്ങനെയാണ്.

തോണിക്കടത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭം അയിരുന്നു പിണറായി ആദ്യമായി നേരിട്ട് നയിച്ച ഒരു സമരം. അതോടെയാണ് മുഖ്യസ്ഥൻ എന്ന പേര് ഉറച്ചത്. ബ്രണ്ണൻ കോളജിൽ ആക്രമങ്ങളും പതിവായി നടന്ന കാലമായിരുന്നു അത്. കോൺഗ്രസ് നേതാവ് കെ സുധാകരൻ പറയുന്നത് തങ്ങളുടെ അടി കൊണ്ട് പിണറായി വിജയനൊക്കെ ഓടിയിട്ടുണ്ട് എന്നതാണ്. ശരിയായിരിക്കും. കിട്ടിയ തല്ലുകൾ തന്നെയായിരിക്കണം നിർഭയനായ ഒരു പോരാളിയാക്കി പിണറായി വളർത്തിയത്. അടിച്ചും കൊടുത്തും പ്രസംഗിച്ചും ചർച്ചചെയ്തും പിണറായിയെന്ന രാഷ്ട്രീയ നേതാവിനെ ബ്രണ്ണൻ കോളജ് രൂപപ്പെടുത്തി. ഒന്നാന്തരം ഒരു ബാഡ്മിന്റൻ കളിക്കാരൻ കൂടിയായിരുന്നു പിണറായി എന്ന അന്നത്തെ സുഹൃത്തുക്കൾ ഓർക്കുന്നു. സിനിമയിലും സാഹിത്യത്തിലും തൽപ്പരനായ, തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയും. എന്നാൽ ഇതെല്ലാം മാറ്റിവെച്ചുകൊണ്ട് എവിടെനിന്നോ പൊട്ടിമുളച്ച ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മുരടനായ ഒരു വ്യക്തിയായാണ് മാധ്യമങ്ങൾ ഒരുകാലത്ത് ചിത്രീകരിച്ചിരുന്നത്.

ബ്രണ്ണനിൽ പഠിക്കുമ്പോൾ തന്നെ കെഎസ്വൈഎഫിന്റെ ജില്ലാസെക്രട്ടറിയായി അദ്ദേഹം ഉയർന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായി. ധനതത്വശാസ്ത്രത്തിൽ ബിഎ നേടി ബ്രണ്ണനിൽനിന്ന് പിണറായി പുറത്തുവരുമ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവായി അദ്ദേഹം വളർന്നിരുന്നു. 'പിണറായി വിജയൻ സംസാരിക്കുന്നുവെന്ന്' ബോർഡുകൾ വരാൻ തുടങ്ങിയ കാലം. മന്ത്രി എ കെ ബാലൻ അക്കാലം ഇങ്ങനെ അനുസ്മരിക്കുന്നു. ' പ്രതിഷേധയോഗങ്ങളിൽ പിണറായി പ്രസംഗിക്കുന്നതുകേട്ടാൽ മുഖത്തുനിന്ന് തീ തുപ്പുന്നയതുപോലൊയായിരുന്നു അക്കാലത്ത് തോന്നിയിരുന്നത്'.

വിദ്യാർത്ഥികളെ ക്രൂരമായ മർദിക്കുന്ന പൊലീസുകാരുടെയും മറ്റും പേരെടുത്തു പറഞ്ഞ് വിരൽ ചൂണ്ടി എണ്ണി കണക്കുചോദിക്കും എന്ന് പറഞ്ഞായിരുന്നു വിജയന്റെ പ്രസംഗം. പിന്നീട് ആ അക്രമാസക്തമായ പ്രസംഗ ശൈലി പിണറായി തന്നെ ഒഴിവാക്കി. മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് അത് കാലത്തിന്റെ മാറ്റം എന്നായിരുന്നു.

ഊരിപ്പിടച്ച കത്തികൾക്കിടയിലൂടെ നടന്നുപോയ ഒരാൾ

ഇന്ന് ആർഎസ്എസിന്റെ ഊരിപ്പിടച്ച കത്തികൾക്കിടയിലൂടെ നടന്നുപോയതും, ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാതെ ജീവിച്ചതുമെല്ലാം ഇന്നത്തെ തലമുറക്ക് വെറും തള്ളായി തോന്നാം. പക്ഷേ അത് ചരിത്രമാണ്.ഗഷേഷ് ബീഡി സമരം തൊട്ട് തലശ്ശേരി കലാപംവരെയുള്ള എത്രയോ സംഭവങ്ങൾ. പ്രശ്ന കലുഷിതമായ തലശ്ശേരിയിൽ സിപിഎം മണ്ഡലം സെക്രട്ടറിയാവാൻ പിണറായി നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സിലാണ്.

ജനസംഘവും ആർഎസ്എസ്സും സി.പിഎമ്മിന് കടുത്ത വെല്ലുവിളി ഉയർത്തിയ കാലം. ദിനേശ് ബീഡിയെ തകർക്കാൻ കർണാടകയിൽ നിന്ന് മാംഗ്ലൂർ ഗണേശ് ബീഡിക്കമ്പനി മുതലാളിമാർ ഇറക്കുമതി ചെയ്ത ക്രിമിനലുകൾ സൃഷ്ടിച്ച ഭീകരതയിൽ ഈ പ്രദേശം കിടിലം കൊണ്ടു. ഇതിനെതിരെ പ്രതിരോധം ഉയർത്തുന്നതിലും പിണറായി മുൻപന്തിയിൽ നിന്നു. കത്തിയും വടിയുമായി ആർഎസ്എസുകാർ കാത്തിരക്കുമ്പോഴും പിണറായി അക്ഷോഭ്യനായി നടന്നു. ഈ കൂസലില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും. മുതലാളിമാരോടും ഗുണ്ടകളോടും ഒരുപോലെ പടവെട്ടി കണ്ണൂരിൽ ദിനേശ് ബീഡി സഹകരണ സംഘത്തെ വേരുപിടിപ്പിച്ചതിലും വിജയന്റെ പങ്ക് വിസ്മരിക്കാൻ ആവില്ല.

ഇങ്ങനെയുണ്ടായ ജനപ്രീതി പാർട്ടിക്കും തള്ളിക്കളാൻ ആവില്ലായിരുന്നു. 1970ൽ തന്റെ 26ാംമത്തെ വയസ്സിൽ പിണറായി വിജയൻ കൂത്തുപറമ്പിൽനിന്ന് എംഎൽഎയായി. 1972ൽ ജനവരിയിൽ തലശ്ശേരി കലാബാധിതമായി. തന്റെ വസൂരി ബാധിച്ച് ക്ഷീണിച്ച ശരീരത്തെപ്പോലും അവഗണിച്ച് കത്തിപ്പടരുന്ന വർഗ്ഗീയ കലാപത്തിന്റെ പോർമുഖത്തേക്ക് ഇറങ്ങിച്ചെന്നതും പിണറായിയുടെ കീർത്തി വർധിപ്പിച്ചു. 'ഇന്നും ആ മുഖത്ത് തെളിഞ്ഞ് കാണുന്ന വസൂരിക്കല മനുഷ്യന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ മറന്നു വെച്ചതാണ്. പിണറായിയുടെ മുഖത്തെ വസൂരിക്കലയാണ് സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുന്നതെങ്കിൽ ആ വസൂരിക്കലകൾക്ക് പറയാനുള്ള കഥ മതസൗഹാർത്തിന്റെതാണ്'- മാധ്യമ പ്രവർത്തകനായ കെ എസ് പണിക്കർ ഇങ്ങനെ എഴുതുന്നു.

അന്ന് നിരവധി ജീവനുകൾ ബലികൊടുത്താണ് സിപിഎം പ്രവർത്തകർ തലശ്ശേരിയിലെ പള്ളി സംരക്ഷിച്ചത്. അങ്ങനെ അല്ലായിരുന്നെങ്കിൽ അത് കേരളം കണ്ട എറ്റവും വലിയ കലാപമായി മാറുമായിരുന്നു. കലാപത്തിൽപെട്ടവർക്ക് ഉടുതുണി മുതൽ ചോറ്റരിവരെ എത്തിക്കാൻ പിണറായി വിജയനും കൂട്ടരും യത്‌നിച്ചു.

ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നിയമസഭാ പ്രസംഗം

പിണറായി വിജയൻ കേരളമനസാക്ഷിയുടെ നൊമ്പരമായി മാറിയത് ഒറ്റ നിയമസഭാ പ്രസംഗത്തിലൂടെയാണ്. അടിയന്തരാവസ്ഥക്കാലത്ത് താൻ നേരിട്ട് ക്രൂരമർദനങ്ങളുശട സാക്ഷിപത്രമായി ചോര പുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നിയമസഭാ പ്രസഗം ഇന്ന് ചരിത്രമാണ്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. അടിയന്തിരാവസ്ഥയിൽ പൊലീസ് അദ്ദേഹത്തിന്റെ കാലു തല്ലിതകർക്കുകയും ദേഹമാസകലം ഉരുട്ടിപീഡിപ്പിക്കുകയും ചെയ്തതാണ്. നട്ടെല്ലിൽ ഏറ്റ പരിക്കുകൊണ്ട് ഇപ്പോഴും കടുത്ത വേദന അനുഭവിച്ചാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായി ഇടപെടുന്നത്. ലോകപ്പ് മുറയിൽ പൊലീസുകാർ നിരന്നുനിന്ന് വീഴുംവരെ മർദിക്കയായിരുന്നു. എന്നിട്ടും അതിന് ഇടയാക്കിയ പൊലീസുകാരോട് അദ്ദേഹം വൈരാഗ്യം വെച്ചു പുലർത്തിയില്ല. ജയിലിൽവെന്ന് കണ്ടപ്പോൾ മർദിച്ച ഓഫീസറോട് 'ഇനിയും നിങ്ങൾക്ക് മർദിക്കാം ഇതാ കാല് ശരിയായി എന്നാണ്' അദ്ദേഹം പറഞ്ഞത്. പൊലീസുകാർ കരുണാകരന്റെ വെറും ഉപകരണങ്ങൾ മാത്രമാണെന്നാണ്, പിണറായി പ്രതികരിച്ചത്.

അന്നത്തെ നിയമസഭാ പ്രസംഗത്തിൽ പിണറായി ഇങ്ങനെ പറഞ്ഞു. 'മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മൾ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാൻ ശ്രീ അച്ചുതമേനോന് എഴുതിയ കത്തിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാർക്കും അടക്കി നിർത്താൻ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്‌ററ് പാർട്ടിയിൽ ആർക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പിൽ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നിൽ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാർട്ടിയിൽ നിൽക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തിൽ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാർട്ടിയിൽ നിൽക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏൽപ്പിച്ച് ഒരു സർക്കിൾ ഇൻസ്‌പെക്ടറെകൂടി നിർത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കിൽ അത് അപ്പോൾ ഒതുങ്ങും. പിന്നീട് കൂടുതൽ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു.'- ഈ പ്രസംഗം നടക്കുമ്പോൾ നിയമസഭ സ്തംബ്ധമായി നിൽക്കയായിരുന്നു.

എതിരാളികൾ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ കേന്ദ്ര സർക്കാർ ഉയർന്ന സുരക്ഷാ സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകിയപ്പോൾ വിനയപൂർവം പിണറായി അത് നിരസിച്ചു. സിപി.എം ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയിൽ വെടിവെച്ചു കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാൽ കൊലയാളിസംഘത്തിന്റെ വെടി ഇ പി ജയരാജനാണ് കൊണ്ടത്. അങ്ങനെ എത്രയോ വധഭീഷനികളും വധശ്രമങ്ങളും നേരിട്ട് ശരിക്കും ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ തന്നെയാണ് പിണറായി കടന്നുവന്നത്.

കമല ജീവിത സഖിയാവുന്നു

അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ മർദനത്തിനും ജയിൽവാസത്തിനും ശേഷമാണ് പിണറായി വിവാഹിതനാവുന്നത്. അന്ന് കൂത്തുപറമ്പ് എംഎൽഎയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയിലെ മർദ്ദനങ്ങൾക്കുശേഷം വിവാഹത്തിനു മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നതായി ഭാര്യ കമല വിജയൻ ഓർക്കുന്നു. പാർട്ടി മൂൻകൈയെടുത്താണ് ഇരുകുടുംബങ്ങളെയും ഒന്നിപ്പിച്ചത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലാണ് കല്യാണക്കുറി. 'സ. പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടിമാഷുടെ മകൾ ടി.കമലയും 1979 സെപ്റ്റംബർ 2ാം തീയതി തലശ്ശേരി ടൗൺ ഹാളിൽ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു എന്നാണ്' ലളിതമായ കല്യാണക്കത്തിലെ വാചകങ്ങൾ.

ഒഞ്ചിയം സമരസഖാവായിരുന്നു കമലയുടെ പിതാവ് ആണ്ടിമാഷ്. അന്ന് പിണറായി വിജയൻ എന്ന പേര് താൻ കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കമല പറയുന്നു. വിവാഹത്തിന്റെ മുഖ്യ പരികർമ്മി ഇകെ നായനാരായിരുന്നു. പരസ്പരം മാലയിട്ടുകൊണ്ടായിരുന്നു വിവാഹം. അന്നത്തെ പാർട്ടിയുടെ പ്രമുഖ നേതാക്കളായ ചടയൻ ഗോവിന്ദൻ, എംവി രാഘവൻ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു. ചായയും പലഹാരവുമായിരുന്നു അതിഥികൾക്ക് നൽകിയത്. വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഇന്നും ആർഭാട വിവാഹങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് പിണറായി ഈയിടെയും നിയമസഭയിൽ പറഞ്ഞു. .'ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു തൃശൂരിൽ ഭാര്യയുമൊത്തു പോയി. അവിടെ ചെന്നപ്പോഴാണ് ഏർപ്പാടെല്ലാം ഇവന്റ് മാനേജ്മെന്റ് കമ്പനി വകയാണ് എന്നു മനസിലാകുന്നത്. അവരുടെ ഓരോ നിർദ്ദേശങ്ങൾ ഇടയ്ക്കു വരും.എല്ലാവരും കൈയടിക്കാൻ പറഞ്ഞപ്പോൾ നമുക്കു കയ്യടിക്കുകയോ അടിക്കാതിരിക്കുകയോ ചെയ്യാം. അടുത്തത് എല്ലാവരും എഴുന്നേറ്റു നിൽക്കാനുള്ള നിർദ്ദേശമാണ്. ഹാളിലുള്ള മുഴുവൻ പേരും എഴുന്നേറ്റു നിൽക്കുമ്പോൾ ഞങ്ങളും അതു ചെയ്യണമല്ലോ. അങ്ങനെ എഴുന്നേറ്റു നിന്നപ്പോൾ തന്നെ ''ഇപ്പോൾ, ഇവിടെ നിന്ന് ഇറങ്ങിക്കോണം'' എന്നു ഭാര്യയോടു പറഞ്ഞു. പോരുകയും ചെയ്തു. സദ്യ പോലും കഴിക്കാതെയാണ് അവിടെ നിന്നും ഇറങ്ങിയത്.''- പിണറായി പറഞ്ഞു.

മികച്ച വൈദ്യുതി മന്ത്രി; വികസന നായകൻ

അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടി കിട്ടിയെങ്കിലും 77ൽ പിണറായി കൂത്തുപറമ്പിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ 91ൽ കൂത്തുപറമ്പിൽനിന്നും 96ൽ പയ്യന്നൂരിൽ നിന്നും എംഎൽഎയായി. 96ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയതോടെയാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാംഘട്ടം തുടങ്ങുന്നത്.

വൈദ്യുത മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് പിണറായി കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും പ്രൊഫഷണലിസവും ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. അക്കാലത്ത് ഇന്ത്യാടുഡെ നടത്തിയ സർവേയിൽ നായനാർ മന്ത്രിസഭയിലെ മികച്ച മന്ത്രിയായി തിരഞ്ഞെുടക്കപ്പെട്ടത് പിണറായി ആയിരുന്നു.

1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ നമ്മുടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങൾ എഴുതിയത് നോക്കുക. നായനാർ മന്ത്രിസഭയിൽ നിന്ന് മികച്ച ഒരു മന്ത്രിയെ നഷ്ടപ്പെട്ടെന്നും ഇത് ഫലത്തിൽ കേരള വികസനത്തിന് അങ്ങേയറ്റം ദോഷമാണെന്നും. മിന്നാമിനുങ്ങുപോലെ ബൾബ് കത്തുന്ന, രണ്ടര മണിക്കൂർ ലോഡ് ഷെഡ്ഡിങ്ങുള്ള ഒരു കാലത്തുനിന്ന് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനായി അക്ഷീണമായി പണിയെടുത്തു പിണറായി വിജയനും സംഘവുമെന്ന് അന്നത്തെ പത്രങ്ങൾ ഒരു പോലെ എഴുതി.

കേരളത്തെ എക്കാലവും വിമർശന ബുദ്ധിയാൽ വിലയിരുത്താറുള്ള കാർട്ടൂണിസ്റ്റ് ഉണ്ണി അക്കാലത്ത് പറഞ്ഞത് ഇങ്ങനെ. 'പിണറായി വിജയനെപ്പോലുള്ള ചുരുക്കം ചില നേതാക്കൾക്കുമാത്രമേ കേരള വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളൂ'. അതായത് അന്ന് വികസനനായകനായിരുന്നു പിണറായി. പിന്നീട് ലാവലിൻ കരാർ വിവാദമായതോടെ അദ്ദേഹം വില്ലനുമായെന്നത് ചരിത്രത്തിന്റെ കാവ്യ നീതിയായി.

ചരിത്രം കുറിച്ച വി എസ്- പിണറായി വിഭാഗീയത

സിപിഎമ്മിന്റെ ചരിത്രത്തിൽ ഇന്നവരെ ഇല്ലാത്ത വിഭാഗീയതയുടെ കാലത്തിലൂടെയാണ് പിന്നീട് മൂന്നുവട്ടം പാർട്ടി സെക്രട്ടറിയായ പിണറായി സംഘടനയെ തുഴഞ്ഞുകൊണ്ട് പോയത്. 98ൽ മന്ത്രി സ്ഥാനം ഒഴിയുമ്പോൾ വികസന നായകനായിരുന്ന പിണറായി ക്രമേണെ വില്ലൻ വേഷത്തിലേക്ക് മാറാൻ തുടങ്ങി. അന്ന് ഒട്ടും ജനപ്രിയ മുഖമല്ലാത്ത വി എസ് ജനകീയതയിലേക്കും കടന്നു.

സത്യത്തിൽ വിഎസിന്റെ ശിഷ്യൻ എന്ന് വിളിക്കാവുന്ന രീതിയിലുള്ള വ്യക്തി തന്നെയാണ് പിണറായി. 98ൽ അദ്ദേഹം സെക്രട്ടറിയാവുന്നതും വിഎസിന്റെ പിന്തുണയോടെയാണ്. പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലിനടക്കം മൗനാനുവാദം പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വി എസ് പാർട്ടിക്ക് അതീതനാണെന്ന് വന്നതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. പാർട്ടിയും വിഎസും രണ്ടായി. ഒരുകാലത്ത് വി എസ് അച്യുതാനന്ദൻ നീതിമാൻ പിണറായി വിജയൻ നീചൻ എന്ന ഒരു സമവാക്യം തന്നെ മാധ്യമങ്ങൾ ഉണ്ടാക്കി. പാർട്ടി സീറ്റ് നിഷേധിച്ചതും ജനകീയ പിന്തുണയോടെ വി എസ് അത് നേടി മുഖ്യമന്ത്രിയായതും പിന്നീട് ഉണ്ടായ പാർട്ടിയും ഭരണവും തമ്മിലുള്ള പ്രശ്‌നങ്ങളുമൊല്ലാം എല്ലാം കേരളം ഏറെ ചർച്ച ചെയ്തതാണ്. ഒരുവേള ഇരുവരെയും പോൽറ്റ് ബ്യറോയിൽനിന്ന് കേന്ദ്ര കമ്മറ്റിയിലേക്ക് സിപിഎം തരം താഴ്‌ത്തിയിരുന്നു. പിന്നീട് പിണറായിയെ തിരിച്ച് എടുത്തെങ്കിലും വി എസ് ഇപ്പോഴും പ്രത്യേക ക്ഷണിതാവുമാത്രമായി. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനമൊക്കെ കടുത്ത വിഭാഗീയതയുടെ സമയത്തായരുന്നു. എല്ലാ കുത്തിത്തിരുപ്പുകളെയും അതിജീവിച്ച് വിജയൻ നന്നെ വീണ്ടും സെക്രട്ടറിയായപ്പോൾ മനോരമ പോലും എഴുതി. ' എന്നെന്നും മിന്നൽപ്പിണറായി'.

മാധ്യമങ്ങൾക്ക് അപ്രിയനാവുന്നതോടെ നായകൻ വില്ലനാവുന്നത് എങ്ങനെയാണെന്നതിന്റെ സാംസ്‌കാരിക പഠനമായി പിണറായി വിജയൻ എപ്പിസോഡുകൾ പഠിക്കേണ്ടതാണ്. ക്രമേണ വി എസ് അച്യുതാനന്ദന്റെ സഹായത്തോടെ മാധ്യമങ്ങൾ അദ്ദേഹത്തെ തീർത്തും വില്ലനാക്കി മാറ്റി. അതിനുള്ള കാരണവും പിണറായി പറയുന്നത് ഇങ്ങനെ.' ഇത് എന്നോട് വ്യക്തിപരമായി എന്തെങ്കിലും വിദ്വേഷം ഉള്ളതുകൊണ്ട് ആണെന്ന് കരുതുന്നില്ല. ഏത്കാലത്തും സിപിഎം എന്ന പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ രീതി. അന്ന് ഇഎംഎസും നായനാരും ഉള്ള കാലമാണ്. സ്വാഭാവികമായും വ്യക്തിഹത്യ അവർക്കുനേരെയായിരുന്നു'.

നടന്നത് ഹീനമായ മാധ്യമവേട്ട

പിണറായി പാർട്ടി സെക്രട്ടറിയ ആയ കാലം മുതൽ ഇങ്ങാട്ടുകണ്ടത് ലക്ഷണമൊത്ത മാധ്യമ വേട്ടയാണ്. പിണറായി വിജയൻ മുതലാളിത്ത രീതിയിൽ ആഡംബരമായി ജീവിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുന്ന ചില ലേഖനങ്ങളാണ് പിണറായി വേട്ടയുടെ ആദ്യഘട്ടത്തിൽ കണ്ടത്. മിമിക്രിക്കാർ ജയനെ കൃത്രിമമായി സൃഷ്ടിച്ചതുപോലെ കൃത്രിമമായൊരു പിണറായിയെയും ഈ വിശാരദന്മാർ സൃഷ്ടിച്ചു. അതിൽ ആഡംബരപ്രിയനും സുഖലോലുപനുമായ ഒരു നേതാവാണ് അദ്ദേഹം. എന്നാൽ, വസ്തുതയെന്താണ്. ഭക്ഷണത്തിലൊ, വസ്ത്രത്തിലൊ, സഞ്ചാരത്തിലൊ യാതൊരു നിർബന്ധവും ഉള്ളയാളല്ല പിണറായി എന്നതാണ്.

ഇനി പിണറായിയുടെ 'കൊട്ടാര സദൃശ്യമെന്ന്' പറഞ്ഞു പരത്തിയ വീട് നോക്കുക. കേരളത്തിലെ ഏതൊരു ശരാശരിക്കാരന്റെയും വീടിന്റെ വലിപ്പമേ അതിനുള്ളൂ. അതേക്കുറിച്ച് പിണറായി പറയുന്നത് ഇങ്ങനെയാണ് 'വീട് ഞാൻ പുതിയതായി ഉണ്ടാക്കിയതല്ല. നിലവിലെ വീട് പുതുക്കിപ്പണിതതാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു വിവാദവും ഉണ്ടായിട്ടില്ല. വീടിനുവന്ന ചെലവും ബാങ്ക് വായ്പയും അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടിക്ക് നൽകിയതാണ്. പണ്ട് ഇ.എം.എസ് എന്റെ വീട്ടിൽ വന്നപ്പോൾ അകത്ത് ബാത്ത്‌റൂം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തട്ടുകൾ കയറി മുകളിലൊരിടത്തുപോയാണ് ഇ.എം.എസ് മൂത്രമൊഴിച്ചത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോഴത്തെകാലത്ത് ആരെങ്കിലും ഇതുപോലുള്ള വീട് ഉണ്ടാക്കുമോ എന്നതാണ്. പിന്നീട് ഇതുതന്നെ തിരിച്ചിട്ട് പിണറായിയുടെ വീട് കണ്ട് ഇ.എം.എസ് അത്ഭുതപ്പെട്ടുപോയി എന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി'. പിണറായിയുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകളുടെ എതാണ്ടൊരു രൂപം ഇങ്ങനെയാണ്.

ലാവലിൻ വിവാദം വന്നതോടെ പിണറായിക്കെതിരെ ആർക്കും എന്തും എഴുതാമെന്ന അവസ്ഥ വന്നു. സിംഗപ്പൂർ കേന്ദ്രമായി കമല എക്‌പോർട്ടിങ് എന്ന കമ്പനിയുണ്ടെന്നും അത് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും ഇന്ത്യാവിഷനുമൊകെ തട്ടിവിട്ടു. എന്നാൽ, അങ്ങനെയൊരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നായിരുന്നു വസ്തുത. അത് ആരും കൊടുത്തതുമില്ല. ഓരോ വാർത്തയിലും തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ പൊളിയുമ്പോൾ വസ്തുത അറിയിക്കയെന്ന അടിസ്ഥാന പത്രപ്രവർത്തന ദൗത്യവും പത്രങ്ങൾ പാലിക്കാറില്ല.

ടെക്‌നിക്കാലിയ എന്ന കൺസൺട്ടൻസ് കമ്പനി പിണറായി വിജയന്റെ ബിനാമി കമ്പനിയാണെന്നായിരുന്നു അടുത്ത ആരോപണം. പരിയാരം മെഡിക്കൽകോളജുമായി ബന്ധപ്പെട്ട് എം വി രാഘവൻ കൊണ്ടുവന്ന കമ്പനിയാണിതെന്നുപോലും ഓർക്കാതെയാണ് അവർ ആ നുണപൊട്ടിച്ചത്.ലാവലിൻ കരാറിനെ എതിർത്ത വരദാചാരി എന്ന ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയൻ ഫയലിൽ എഴുതിയെന്നതായിരുന്നു അടുത്ത വെടി. ലാവലിനുമായി ബന്ധപ്പെട്ടല്ല, സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇങ്ങനെ പിണറായി വിയോജനക്കുറിപ്പ് എഴുതിയതെന്ന് പുറത്തുവന്നതോടെ അതും ചീറ്റിപ്പോയി.

പിണറായി വിജയൻ എന്ന വ്യക്തി പറ്റുന്ന അബദ്ധങ്ങൾപോലും വലിയ പ്രത്യയശാസ്ത്ര വിഷയമായും രാഷ്ട്രീയ വിഷയമായും മാറ്റിയെടുക്കാൻ ഇവർക്ക് കഴിയുന്നു എന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് വെടിയുണ്ട വിവാദം. വധഭീഷണിയടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പിണറായിക്ക് സർക്കാൻ അനുവദിച്ച ലൈസൻസുള്ള തോക്കുണ്ട്. ഒരു ദിവസം ചെന്നൈയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം തോക്ക് തന്റെ ബാഗിൽനിന്ന് ഒഴിവാക്കിയെങ്കിലും ഉണ്ടമാറ്റാൻ മറന്നു. സ്വാഭാവികമായും വിമാനത്താവള അധികൃതർ വെടിയുണ്ട കണ്ടത്തെി പിടികൂടി. പിണറായി രേഖകൾ ഹാജരാക്കിയപ്പോൾ വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവമാണ് ആയുധ നിയമപ്രകാരം കേസെടക്കാനുള്ള വകുപ്പുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങൾ പൊലിപ്പിച്ചത്.

പിണറായിയുടെ തോക്കിന് ലൈസൻസില്ലെന്നായി ഒരുകൂട്ടർ. എല്ലാം പൊളിഞ്ഞപ്പോൾ ജാള്യത മാറ്റാൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട കമ്യൂണിസ്റ്റുകാർ തോക്കുമായി നടക്കേണ്ടവരാണോ എന്ന് പറഞ്ഞ് കെ.സി. ഉമേഷ്ബാബുവും ഡോ. ആസാദുമൊക്കെ രംഗത്തത്തെി! അപ്പോഴും തങ്ങളുടെ വാർത്തകൾ വസ്തുതാപരമായി തെറ്റായിരുന്നെന്ന് ഒരു മാധ്യമവും പറഞ്ഞില്ല. അങ്ങനെ എത്രയെത്ര നുണകൾ.

എന്തുകൊണ്ട് പിണറായി മാധ്യമ വിരുദ്ധനാവുന്നു

ഇത്രയും അനുഭവങ്ങളൊക്കെയുള്ള ഒരാൾ കടുത്ത മാധ്യമ വിരുദ്ധനായി പോകുന്നതിൽ എന്താണ് അത്ഭുദം. പിണറായിയുടെ താൻപോരിമയും തൻേറടവുമെല്ലാം അവർക്ക് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എല്ലാവരും തങ്ങൾക്കുമുന്നിൽ ഓച്ഛാനിച്ച് നിൽക്കണമെന്ന ഹീനമായ മാധ്യമ തന്ത്രത്തെയാണ് പിണറായി ഹനിച്ചത്. മാതൃഭൂമി എഡിറ്റർ ഗോപാലകൃഷ്ണന് നൽകിയ ചുട്ട മറുപടിയുടെ പേരിൽപോലും പിണറായി ഏറെ വിമർശിക്കപ്പെട്ടു. കത്തിയിലൂടെ വളർന്നുവന്ന നേതാവാണ് പിണറായിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം.'എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ' എന്ന ഒന്നാന്തരം മറുപടിയാണ് പിണറായി നൽകിയത്.

ഇന്ന് പത്രക്കാർ പറയുന്ന മറ്റൊരു കാര്യമുണ്ട്. വി എസ് പക്ഷക്കാർ തങ്ങളെ ബോധപൂർവം ട്രാപ്പിലാക്കുകയായിരുന്നെന്ന്. കേരളത്തിലെ പത്രങ്ങളുടെയും പത്രപ്രവർത്തകരുടെയും പ്രൊഫഷനൽ മാനദണ്ഡം എത്ര അധപതിച്ചു എന്നുനോക്കുക. മാധ്യമ പ്രവർത്തകർ വി.എസിലേക്ക് ചായാൻ മറ്റൊരുകാര്യം കൂടിയുണ്ട്. കോളജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയുടെയും മറ്റും പുലികളായ പലർക്കും പിന്നീട് ജോലികിട്ടുന്നത്, മുതലാളിമാരോ മത സംഘടനകളോ നടത്തുന്ന മാധ്യമങ്ങളിലാണ്. തങ്ങളുടെ തൊഴിൽപരമായ ഈ നിരാശ ഇല്ലാതാക്കാൻ കൂടി അവർക്ക് യഥാർത്ഥ ഇടതുപക്ഷമെന്ന് തോന്നിപ്പിക്കുന്ന വി.എസിന്റെ ഭാഗത്ത് നിൽക്കേണ്ടി വന്നു. പക്ഷേ അതിന്റെയും അർഥം പിണറായിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ കൊടുക്കാം എന്നാണോയെന്ന് അവർ ആത്മപരിശോധന നടത്തട്ടെ. ഇത്തരത്തിലുള്ള ഒരു മാധ്യമ പ്രവർത്തകനെ ഈയിടെ ഒരു സ്വകാര്യ ചടങ്ങിൽവച്ചു കണ്ടപ്പോൾ പിണറായി പറഞ്ഞു. 'എനിക്ക് നിങ്ങളോട് യാതൊരു പരിഭവവുമില്ല. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം പറ്റുകയല്ലേ' എന്നായിരുന്നു.

ലാവലിന് വിവാദം പ്രതിഛായ തകർത്തുന്നു

പിണറായുടെ പ്രതിഛായ തകർത്ത സംഭവമായിരുന്നു എസ്എൻസി ലാവലിന് വിവാദം. 360 കോടി കട്ടുവെന്നൊക്കെയുള്ള നിറം പിടിപ്പിച്ച നുണകളാണ് അക്കാലത്ത് ഉയർന്നത്. പക്ഷേ ഒടുവിൽ കോടതി എല്ലാം തള്ളുകയായിരുന്നു. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10ാം തീയതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്്. ഇതായിരുന്നു വിവാദത്തിന്റെ ചുരുക്കം.

മൂന്ന് വൈദ്യുതി മന്ത്രിമാരിലൂടെ കടന്നുപോയ ഒരു കരാറിന്റെ എല്ലാ പഴിയും വന്നത് പിണറായിക്കാണ്. പക്ഷേ അവസാനം കോടതി വിചാരക്കുപോലും എടുക്കാതെയാണ് കേസ് തള്ളിയത്. ഇപ്പോഴും സുപ്രീം കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ ലാവലിൻ കേസ് പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനംവരെ തട്ടിയെടുക്കാൻ വി എസ് പക്ഷം കരുനീക്കിയത്. പക്ഷേ വിഎസിന്റെ എല്ലാം നീക്കങ്ങളും പാളുന്നതായാണ് പിന്നീട് കണ്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹം വെറും ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനായി ഒതുങ്ങി. പിണറായി മുഖ്യമന്ത്രിയും.

സെൽ ഭരണമോ സ്റ്റാലിനി്സ്റ്റ് ഏകാധിപത്യമോ?

കഴിഞ്ഞ യുഡിഎഫ് ഭരണത്തെവെച്ചുനോക്കുമ്പോൾ അഴിമതിയും മറ്റും താരമമ്യേന കുറവാണെങ്കിലും ധുർത്തും സ്വജനപക്ഷപാതവും ഏകാധിപത്യ പ്രവണതയുമാണ് പിണറായി വിജയന്റെ ഭരണത്തിലെ പ്രധാന പോരായ്മകൾ. ധൂർത്തിൽ റെക്കോർഡിട്ട സർക്കാറാണ് പിണറായിയുടേതെന്ന് പറയാതെ വയ്യ. ഹെലികോപ്റ്ററും, മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയും തൊട്ട് ഇപ്പോൾ മന്ത്രിമാർക്ക് തൂവാല വാങ്ങാൻ ലക്ഷങ്ങൾ ചെലവിട്ടതുവരെയുള്ള വിവാദങ്ങൾ എഴുതിയാൽ തീരില്ല. 1957ലെ ആദ്യ ഇഎംഎസ് സർക്കാറിനെ തൊട്ട് തുടങ്ങിയ വിമർശനമാണ് ഈ സെൽഭരണം എന്നത്. അതായത് ഉത്തരവാദിത്വപ്പെട്ട എല്ലാ തസ്തികളിലും പാർട്ടിക്കാരെ കുത്തി നിറക്കുക എന്നത്. അത് ഇപ്പോഴും തുടരുന്നു. ഒരു ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഇതിനെല്ലാം കൂട്ടുനിൽക്കുന്നുവെന്നത് അതിശയകരമാണ്. സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചതുതൊട്ട് വേലപ്പൻനായർ വിവാദം തൊട്ട് എത്രയത്ര പാർട്ടി നിയമനങ്ങൾ. എഴുതിയാൽ നിര നീണ്ടുപോകും.

തിരുവായ്ക്ക് എതിർവായില്ലാത്ത രീതയിൽ ശരിക്കും ഏകാധിപതിയായി മാറുകയാണോ പിണറായി എന്ന് ശക്തമായ സംശയം ഇപ്പോൾ ഉയരുന്നുണ്ട്. മന്ത്രിസഭാ അംഗങ്ങൾക്ക് പോലും അദ്ദേഹത്തോട് ഒരു കാര്യം പറയാൻ പേടിയാണ്. ഹെഡ്‌മാസ്റ്ററും കുട്ടികളും എന്ന വിമർശനത്തിൽ ഒരു പാട് വസ്തുകൾ ഉണ്ട്. ഭരണം നിയന്ത്രിക്കേണ്ട പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വിധേയൻ മാത്രം. ഇങ്ങനെ പാർട്ടിയിലും ഭരണവും ഒരു വ്യക്തിയുടെ കൈപ്പിടിയിൽ ഒതുങ്ങിയ കാലം സിപിഎമ്മിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നയാനാർക്കും എന്തിന് ഇഎംഎസിനുപോലും ഇത്രയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ഇതിന്റെ ദൂഷ്യവശമാണ് ശബരിമലയിൽ അടക്കം കണ്ടത്. പിണറായി വിജയന്റെ ഒറ്റ പിടിവാശിയായിരുന്നു ശബരിമലയിലെ സ്ത്രീ പ്രവേശം. പാർട്ടിയിലെ പലർക്കും അത് പറയാൻ പേടിയാണ്. അതിന്റെ വില കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൊടുത്തു കഴിഞ്ഞു. എല്ലാ ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുമ്പോൾ ആ വ്യകതിയുടെ നിലപാട് തെറ്റിയാൽ മൊത്തം പാളുമെന്ന് ഉറപ്പാണ്. സ്റ്റാലിനിസ്റ്റ് ഏകാധിപത്യത്തിന്റെ മറ്റൊരു രുപമാണ് അക്രമരാഷ്ട്രീയം. പെരിയ ഇരട്ടക്കൊലയിലൊക്കെ നാം അതുകണ്ടു. കഴിഞ്ഞ ഒരു വർഷമായി കണ്ണൂർ ശാന്തമാണെന്ന ഒരു ആശ്വാസം മാത്രം ബാക്കിയാണ്.

ഒരു ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായി തീവ്ര കമ്യുണിസ്റ്റ്കാർ വിമർശിക്കുന്നതിലും കഴമ്പുണ്ടെന്ന് നിഷ്പക്ഷമായി കാര്യങ്ങൾ പഠിക്കുന്ന ആർക്കും ബോധ്യപ്പെടും. യൂസഫലി, രവി പിള്ള തൊട്ടുള്ളവർക്ക് ഈ ഭരണത്തിലുള്ള സ്വാധീനം വളരെ വ്യക്തമാണ്. സ്പ്രിംഗളർ വിവാദകാലത്ത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയും വിവാദത്തിലായി. ഇടതുപക്ഷം എക്കാലവും എതിർക്കുന്ന അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജിൽ മകൾക്ക് അഡ്‌മിഷൻ കിട്ടിയ കഥതൊട്ടുള്ള വിവരങ്ങൾ അതോടെ നവമാധ്യമങ്ങളിൽ വീണ്ടും വൈറലായി. അതുപോലെ പിണറായിയുടെ മകൻ ബർമ്മിഹാം യൂനിവേഴ്‌സിറ്റയിൽ പഠിച്ച കാര്യമൊക്കെ നേരത്തെ വിവാദമായതാണ്. ഇവിടെ ചില വ്യക്തികൾക്ക് ഉണ്ടാകുന്ന വീഴ്ചയല്ല ഒരു രാഷ്ട്രീയമാണ് പ്രശ്‌നം. ഒരു ഇടതുപക്ഷ മുഖ്യമ്രന്തി ആരുടെ പക്ഷത്ത് നിൽക്കുന്നുവെന്നതാണ് ചോദ്യം.

പ്രളയവും കോവിഡും ജനപ്രീതി ഉയർത്തി

മുഖ്യമന്ത്രി കസേരിയിൽ ഇരിക്കുമ്പോഴും അത്രമേൽ ജനപ്രിയൻ ഒന്നുമായിരുന്നില്ല പിണറായി. പോളിറ്റി ബ്യൂറോ ബൂത്ത് പിടുത്തത്തിലൂടെ മുഖ്യമന്ത്രിയാക്കിയ വ്യക്തി എന്നെല്ലാമായിരുന്നു പിണറായിക്കെതിരെ വിമർശകൾ എതിരാളികൾ ഉയർത്തിയത്. പിണറായി നേരിട്ട് നയിച്ച് ഒരു തെരഞ്ഞെടുപ്പും വിജയിച്ചില്ലെന്നും അവർ ആരോപിച്ചു. പക്ഷേ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ ഗംഭീര വിജയം ഈ ധാരണകളെ മാറ്റിമറിച്ചു. പിന്നീട് വന്ന പ്രളയവും ഇപ്പോഴൂള്ള കോവിഡും അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തി. അടുത്തവന്ന പല അഭിപ്രായ സർവേകളിലും പിണറായിയുടെ ജനപ്രീതി ഉയർന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. അസുഖ ബാധിതനായിട്ടും മിനസോട്ടയിലെ മായോ ക്ലിനിക്കിലെ ചികിത്സതേടാൻ പോകേണ്ടിയിരുന്നു അദ്ദേഹം ആ യാത്രമാറ്റിവച്ചാണ് പ്രളയകാലത്ത് കേരളത്തിനൊപ്പം നിന്നത്. .എല്ലാദിവസവും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത മാധ്യമങ്ങളെ അകറ്റിനിർത്തുന്ന രാഷ്ട്രീയനേതാവ് എന്ന ആക്ഷേപത്തിന് സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ഉചിതമായ മറുപടി നൽകി. സമാനമായ സംഭവങ്ങളാണ് കോവിഡ് കാലത്തും കണ്ടത്.

ശബരിമലയിൽ പിഴച്ച ജനപ്രീതി കോവിഡിൽ പിണറായി തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു രണ്ടാമൂഴം കൂടി പലരും സ്വപ്നം കാണുന്നുണ്ട്. വലിയതോതിലുള്ള പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഇടതുപക്ഷത്തിന് മുന്നാട്ടുവെക്കാൻ ആകെയുള്ള ഒരു തുറുപ്പു ചീട്ട് പിണറായി മാത്രമാണ്. അധികാര തുടർച്ചയുമായി കേരളത്തിൽ രണ്ടാം തവണ പിണറായി മുഖ്യമന്ത്രിയാകുന്നു. അങ്ങനെ ഇടതുപക്ഷത്തെ ഇന്ത്യയിലെ കരുത്തനായി പിണറായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP