Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരമാവധി പ്രകോപിപ്പിച്ച് പുറത്താക്കൽ ഉറപ്പാക്കാൻ ശ്രമം; ആക്രമണം മുഖ്യ ശത്രു ഉമ്മൻ ചാണ്ടിക്ക് നേരെ; പിള്ളയുടെ ലക്ഷ്യം അഴിമതിയുടെ പേരിൽ രക്തസാക്ഷിയായി ചെങ്കൊടി പിടിക്കുക തന്നെ

പരമാവധി പ്രകോപിപ്പിച്ച് പുറത്താക്കൽ ഉറപ്പാക്കാൻ ശ്രമം; ആക്രമണം മുഖ്യ ശത്രു ഉമ്മൻ ചാണ്ടിക്ക് നേരെ; പിള്ളയുടെ ലക്ഷ്യം അഴിമതിയുടെ പേരിൽ രക്തസാക്ഷിയായി ചെങ്കൊടി പിടിക്കുക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാടിയതിന് തന്നെ യുഡിഎഫിൽ നിന്നും പുറത്താക്കിയാൽ സന്തോഷം. തനിക്കും വി എസ്.അച്യുതാനന്ദനും അഴിമതിക്കെതിരേ പോരാടുന്ന കാര്യത്തിൽ ഇപ്പോൾ ഒരു നിലപാടാണ്. മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയാറാകണം- കേരളാ കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണ പിള്ളയുടെ വാക്കുകളാണ് ഇവ. യുഡിഎഫിൽ തുടരുമെന്നും എന്നാൽ മുന്നണി യോഗത്തിനില്ലെന്നും വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലെ പിള്ളയുടെ വാക്കുകളിൽ എല്ലാം ഉണ്ട്. ഇടത്തോട്ടാണ് കണ്ണ്. പക്ഷേ മുന്നണിയിൽ നിന്ന് പുറത്താക്കണം. എങ്കിലേ അഴിമതിക്കെതിരെ പോരാടിയതിന്റെ രക്ഷ സാക്ഷി പരിവേഷം കിട്ടൂ. ഇടമലയാർക്കേസിൽ തന്നെ ജയിലിലടച്ച വിഎസിനൊപ്പം ഇടതു മുന്നണി യോഗത്തിൽ കസേര പങ്കിടാൻ അത് അനിവാര്യമാകുമെന്ന് പിള്ളയ്ക്ക് അറിയാം.

ഇതിന് തന്നെയാണ് യുഡിഎഫ് നേതൃത്വത്തെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുന്നത്. മുന്നണി മര്യാദ ലംഘിക്കാതെ നിന്നാൽ യുഡിഎഫിൽ തുടരാമെന്നാണ് പിള്ളയ്ക്ക് യുഡിഎഫ് നൽകിയ സന്ദേശം. മുന്നണി താൽപ്പര്യത്തിന് വിരുദ്ധമായി ഒന്നും പറയരുതെന്നും വ്യക്തമാക്കി. ഇതൊന്നും അനുസരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് പിള്ള മാദ്ധ്യമങ്ങളെ കണ്ടത്. മന്ത്രിമാർക്കെതിരെ ആരോപണം തുടരുകയും ചെയ്തു. എല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് നേരിട്ട് പറഞ്ഞെന്നും ആരോപിച്ചു. മുന്നണിയോഗത്തിലും മണിക്കൂറുകൾ അഴിമതിയിൽ പരാതി പറഞ്ഞെന്നും കൂട്ടിച്ചേർത്തു. ബാർ കോഴയിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും പറഞ്ഞു. ഗണേശ് കുമാറിനെ മന്ത്രിയാക്കത്തതിനലെ അതൃപ്തിയും മറച്ചു വച്ചില്ല. ചതിച്ചത് മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കുന്നു.

പിള്ളയുടെ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പരസ്യമായാണ് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വീണ്ടും മുന്നണി നേതൃത്വത്തിനെ വെല്ലുവിളച്ചാൽ നടപടി ഉണ്ടാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ കണക്കുകൂട്ടൽ. അതിന് ശേഷം ഇടതു പക്ഷത്തേക്ക് മാറും. അല്ലാതെ മുന്നണി വിട്ടാൽ അത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പിള്ളയുടെ വിലയിരുത്തൽ. ഗണേശ് കുമാറിനോടും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിനിടെ ഇടതുപക്ഷത്തെ നേതാക്കളുമായി അനൗപചാരിക ചർച്ചയും തുടങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയിലെ കരുത്ത് തിരിച്ചറിഞ്ഞ് സിപിഐയും തങ്ങളുടെ ഇടതു പക്ഷത്തേക്കുള്ള വരവിനെ എതിർക്കില്ലെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ കണക്ക് കൂട്ടൽ. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഒറ്റക്കെട്ടായി തന്നെ സ്വീകരിക്കുമെന്നും പിള്ള കരുതുന്നു.

ബാലകൃഷ്ണ പിള്ളയുടേത് അഴിമതിക്കെതിരായ പോരാട്ടമാണെന്നും യുഡിഎഫ് വിട്ടുവന്നാൽ ആലോചിക്കാമെന്നും പിണറായി വിജയൻ വ്യക്തമാക്കി കഴിഞ്ഞു. ഇടമലയാർ അഴിമതിയിൽ പിള്ളയ്ക്ക് എതിരെ നിയമ പോരാട്ടം നടത്തിയത് വി എസ് അച്യുതാനന്ദനാണ്. അതുകൊണ്ട് തന്നെ വിഎസിനെ പലപ്പോഴും പിള്ള വാക്കുകളിലൂടെ പരിഹസിച്ചിട്ടുമുണ്ട്. എന്നാൽ ബാർ കോഴയിലെ വിവാദത്തിന് ശേഷം ഇരുവരും ഭായി-ഭായി ആണ്.
ബാർകോഴ വിഷയത്തിൽ ആർ ബാലകൃഷ്ണപിള്ളയെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിൽ ആരെയും പരിഗണിക്കുമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. വി എസും പിന്തുണച്ചതോടെയാണ് പിള്ളയെ പുറത്താക്കുന്ന വിഷയത്തിൽ യുഡിഎഫിൽ രണ്ടഭിപ്രായം തുടങ്ങിയത്.

പിള്ളയെ ഇടതു പക്ഷത്തേക്ക് വി എസ് അടുപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് മുന്നണിയിൽ നിന്ന് കേരളാ കോൺഗ്രസ് ബിയെ പുറത്താക്കാനുള്ള ചർച്ച തുടങ്ങിയത്. ഇത് പിള്ളയ്ക്കും അറിയാം. ഈ സാഹചര്യത്തിലാണ് തനിക്കും വി എസ്.അച്യുതാനന്ദനും അഴിമതിക്കെതിരേ പോരാടുന്ന കാര്യത്തിൽ ഇപ്പോൾ ഒരു നിലപാടാണുള്ളതെന്ന് പിള്ള തന്നെ വ്യക്തമാക്കുന്നത്. ഗണേശും യുഡിഎഫുമായി തെറ്റിയപ്പോഴും അനുകൂല പ്രതികരണമാണ് വി എസ് നടത്തിയത്. അതുകൊണ്ട് തന്നെ സിപിഎമ്മിലെ എല്ലാ വിഭാഗങ്ങളും തന്റെ ഇടത് മുന്നണി പ്രവേശനത്തെ അനുകൂലിക്കുമെന്നാണ് പിള്ളയുടെ പ്രതീക്ഷ. സിപിഐയിലെ എതിർപ്പുകൾ തന്ത്രപരമായി മറികടക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

കൊട്ടാരക്കരയിലും പത്തനാപുരത്തും മാത്രമല്ല പുനലൂരും ചടയമംഗലത്തുമെല്ലാം ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഇതെല്ലാം സിപിഐയുടെ സീറ്റുകളാണ്. അതുകൊണ്ട് തന്നെ പിള്ള ഇടതുപക്ഷത്ത് എത്തിയാൽ ഇവിടെയെല്ലാം അനായാസം ജയിച്ചു കയറാമെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പിള്ളയുടെ വരവിനെ എതിർക്കരുതെന്ന് സംസ്ഥാന നേതൃത്വത്തോട് ഒരു വിഭാഗം ആവശ്യപ്പെടും. അങ്ങനെ സിപിഐയുടെ മനസ്സ് അനുകൂലമാക്കാമെന്നാണ് പിള്ളയുടെ വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP