Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എറിഞ്ഞത് ലീഗ് ഓഫീസിന് നേരേയെങ്കിലും കൊണ്ടത് പള്ളിയിൽ; വെട്ടിലായപ്പോൾ കളവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം; കല്ലെറിഞ്ഞത് ആർഎസ്എസുകാരെന്ന് ഇ.പി.ജയരാജൻ തിരിച്ചടിച്ചതോടെ കേസിൽ ജാമ്യം കിട്ടിയ ബ്രാഞ്ച് സെക്രട്ടറിക്ക് സ്വീകരണം; പേരാമ്പ്രയിൽ വർഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന പ്രചാരണത്തിൽ കുടുങ്ങിയപ്പോൾ രക്ഷാമാർഗ്ഗം നോക്കി സിപിഎം

എറിഞ്ഞത് ലീഗ് ഓഫീസിന് നേരേയെങ്കിലും കൊണ്ടത് പള്ളിയിൽ; വെട്ടിലായപ്പോൾ കളവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം; കല്ലെറിഞ്ഞത് ആർഎസ്എസുകാരെന്ന് ഇ.പി.ജയരാജൻ തിരിച്ചടിച്ചതോടെ കേസിൽ ജാമ്യം കിട്ടിയ ബ്രാഞ്ച് സെക്രട്ടറിക്ക് സ്വീകരണം; പേരാമ്പ്രയിൽ വർഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന പ്രചാരണത്തിൽ കുടുങ്ങിയപ്പോൾ രക്ഷാമാർഗ്ഗം നോക്കി സിപിഎം

കെ വി നിരഞ്ജൻ

കോഴിക്കോട്: സംഘപരിവാർ അതിക്രമങ്ങൾ നാട്ടിൽ നടക്കുന്നതിനിടെയായിരുന്നു പള്ളിക്ക് കല്ലെറിഞ്ഞെന്ന സംഭവത്തിൽ സിപിഎം പ്രതിസന്ധിയിലായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനിടയാണ് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലേറുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിച്ച് തിരിച്ചുവരുന്നതിനിടെ ചില സിപിഎം പ്രവർത്തകർ പേരാമ്പ്ര ടൗൺ ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞതോടെയാണ് പാർട്ടി വെട്ടിലായത്. തങ്ങളല്ല എറിഞ്ഞതെന്നും പിന്നീട് മുസ്ലിം ലീഗ് ഓഫീസിന് എറിഞ്ഞപ്പോൾ കല്ല് ദിശ തെറ്റി പള്ളിയിലേക്ക് പോയതാണെന്നുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ടു. ഒടുവിൽ പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ പള്ളിയിലെത്തി കാര്യങ്ങൾ പറഞ്ഞ് മധ്യസ്ഥമാക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. സംഭവത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും മുൻ എസ് എഫ് ഐ ജില്ലാ നേതാവുമായ ചെറുവണ്ണൂർ പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുൽ ദാസ് (23) നെ പേരാമ്പ്ര എസ് ഐ ടി പി ദിനേശ് അറസ്റ്റു ചെയ്തതോടെ സി പി എം പ്രതിരോധത്തിലായി.

ന്യൂനപക്ഷ സംരക്ഷകർ തന്നെ പള്ളി അക്രമിച്ചെന്ന പേരുദോഷം കേട്ടെങ്കിലും ഇനി പ്രശ്നത്തിന് മുന്നിൽ തലകുനിക്കേണ്ടെന്ന് തന്നെയാണ് പാർട്ടി തീരുമാനം. പള്ളിക്ക് കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന വാദവുമായി മന്ത്രി ഇ പി ജയരാജൻ തന്നെ രംഗത്ത് വന്നതോടെ പാർട്ടി പ്രാദേശിക നേതാക്കൾക്കും ആശ്വാസമായി. ആർഎസ്എസ് ബന്ധമുള്ള പൊലീസുകാർ എഫ് ഐ ആറിൽ തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്തതാണെന്നാണ് ജയരാജന്റെ ആരോപണം. ഇതോടെയാണ് കലാപശ്രമം നടത്തിയെന്നതടക്കമുള്ള ഗുരതര വകുപ്പുകൾ ചുമത്തപ്പെട്ട ബ്രാഞ്ച് സെക്രട്ടറി അതുൽദാസിന് ജാമ്യം ലഭിച്ചപ്പോൾ ഡി വൈ എഫ് ഐ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

അറസ്റ്റു ചെയ്യപ്പെട്ട ആൾക്ക് സ്വീകരണം നൽകിയത് മത ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്നും ന്യൂനപക്ഷ സ്നേഹം പറയുന്ന സി പി എമ്മിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നുമുള്ള അഭിപ്രായമാണ് ഉയരുന്നത്. നേരത്തെ തൊട്ടടുത്തുള്ള മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞപ്പോൾ പള്ളിയിലേക്ക് കല്ല് പോയതാണെന്നാണ് സി പി എം തന്നെ വ്യക്തമാക്കിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അതുൽ ദാസിനെ അറസ്റ്റു ചെയ്തത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാതെ ഉത്തരവാദിത്തപ്പെട്ട മന്ത്രി ജയരാജൻ പരാമർശം നടത്തുന്നത് ശരിയാണോ എന്നും വാദങ്ങൾ ശക്തമായിട്ടുണ്ട്.

ഇതേ സമയം അറിയാതെ സംഭവിച്ചുപോയ പിഴവിനെ വർഗ്ഗീയമാക്കുന്ന ചിലരുടെ നീക്കങ്ങൾക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും തീരുമാനം. അതുൽദാസിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ പേരാമ്പ്രയിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നാണ് ഡി വൈ എഫ് ഐ നേതാക്കൾ വ്യക്തമാക്കുന്നത്. കൂടുതൽ സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും സംഘടിപ്പിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം.
എന്നാൽ ലീഗ് ഓഫീസിന് കല്ലെറിഞ്ഞപ്പോൾ ലക്ഷ്യം തെറ്റി പള്ളിയിലേക്ക് പോയെന്നുള്ളതാണ് വാസ്തവം. പക്ഷെ ഇക്കാര്യത്തിൽ തുടക്കം തന്നെ കളവുകൾ പ്രചരിപ്പിക്കുകയാണ് സി പി എം ചെയ്തത്.

പള്ളിക്കെതിരെ കല്ലെറിഞ്ഞിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുക മാത്രമെ ഉണ്ടായിട്ടുള്ളുവെന്നുമായിരുന്നു നേരത്തെ സി പി എം പ്രചരണം. എന്നാൽ പള്ളിയിലേക്ക് കല്ലെറിയുന്നത് വരെ പേരാമ്പ്രയിൽ സി പി എം- യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഹർത്താൽ നടത്തിയ ബിജെപിക്കാരെ നേരിടാനാണ് നൂറു കണക്കിന് സി പി എം പ്രവർത്തകർ ടൗണിൽ സംഘടിച്ച് നിന്നത്. ബിജെപി പ്രവർത്തകരെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു സി പി എം പ്രവർത്തകർ എത്തിയത്. അപകടം മനസ്സിലാക്കിയ ബിജെപിക്കാർ പ്രകടനം നടത്താതെ രംഗം കാലിയാക്കി. തുടർന്നാണ് അറുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്. പൊലീസ് തടഞ്ഞെങ്കിലും ഇവർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ബിജെപിക്കാരെ തല്ലാൻ കൈതരിച്ചു നിൽക്കുന്ന സി പി എം പ്രവർത്തകരാവട്ടെ യൂത്ത് കോൺഗ്രസുകാരെ വളഞ്ഞിട്ടു മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബസ് സ്റ്റാന്റ് വരെ ഓടിച്ച് തിരിച്ചുവരുന്നതിനിടെയാണ് യാതൊരു കാര്യവുമില്ലാതെ സി പി എം പ്രവർത്തകർ പേരാമ്പ്ര- വടകര റോഡ് ജംഗ്ഷന് സമീപത്തുള്ള മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ഓഫീസ് ഗ്ലാസ് തകരുകയും ചെയ്തു. ഇതിനിടയിലാണ് ഏറെ ദൂരത്തല്ലാത്ത ടൗൺ ജുമാ മസ്ജിദിലേക്കും കല്ലുകൾ പതിച്ചത്.

ഈ സംഭവത്തിന് ശേഷമാണ് ആ ദിവസം ലീഗ് പ്രവർത്തകർ സംഘടിച്ച് സി പി എം ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. ഇതിനെത്തുടർന്ന് വീണ്ടും സംഘർഷമുണ്ടാവുകയും ചെയ്തു.കല്ല് പള്ളിയിൽ പതിച്ചെങ്കിലും ചെറിയ പൊട്ടലല്ലേ ഉണ്ടായിട്ടുള്ളുവെന്ന വാദവുമായി ചില സി പി എം പ്രവർത്തകർ വീണ്ടും രംഗത്തെത്തി.എന്നാൽ സി പി എം- ഡി വൈ എഫ് ഐ പ്രകടനത്തിൽ നിന്ന് ഒരു ആരാധനാലയത്തിലേക്ക് കല്ലേറുണ്ടായിട്ട് എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതിന് പകരം ഇത്തരം വാദങ്ങൾ ഉയർത്തുന്നത് ശരിയാണോ എന്ന് ലീഗ് നേതൃത്വം മറുചോദ്യം ഉന്നയിച്ചു.

സംഭവം വിവാദമായതോടെയാണ് സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ളവർ പള്ളിയിലെത്തി പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചത്. ഒടുവിൽ സി സി ടി വി പരിശോധിച്ചാണ് പള്ളിക്ക് കല്ലേറ് നടത്തിയത് അതുൽ ദാസ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ, പേരാമ്പ്രയിലെ സി പി എമ്മുകാരോ നാട്ടുകാരോ പള്ളിക്ക് കല്ലെറിഞ്ഞത് ആർ എസ് എസാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സംഘർഷം ഉണ്ടായതുപോലും സി പി എം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ്. ഇതിനിടയിലാണ് വ്യത്യസ്ത വാദഗതികളുമായി മന്ത്രി ജയരാജൻ രംഗത്ത് വന്നത്. എന്നാൽ പറയുന്ന വാദഗതികളൊന്നും പൊരുത്തപ്പെടാത്ത അവസ്ഥയിലാണ് സി പി എം ഇപ്പോഴുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP