Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പിസി തോമസിനെ കൊണ്ടു വരുന്നതിനോട് മോൻസ് അടക്കമുള്ള നേതാക്കൾക്ക് എതിർപ്പ്; പിസി ജോർജിനെ കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിയും സമ്മതിക്കുന്നില്ല; എന്നിട്ടും ജോസ് കെ മാണിക്ക് ബദലായി രണ്ട് പിസിമാരേയും യുഡിഎഫിൽ എത്തിക്കാൻ സമ്മർദ്ദം തുടർന്ന് ചെന്നിത്തല

പിസി തോമസിനെ കൊണ്ടു വരുന്നതിനോട് മോൻസ് അടക്കമുള്ള നേതാക്കൾക്ക് എതിർപ്പ്; പിസി ജോർജിനെ കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിയും സമ്മതിക്കുന്നില്ല; എന്നിട്ടും ജോസ് കെ മാണിക്ക് ബദലായി രണ്ട് പിസിമാരേയും യുഡിഎഫിൽ എത്തിക്കാൻ സമ്മർദ്ദം തുടർന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി.തോമസിനെയും പി.സി.ജോർജിനെയും യു.ഡി.എഫിലെത്തിക്കുന്നതിന് മുന്നണിക്കുള്ളിലും എതിർപ്പ് ശക്തം. രണ്ടു പേരേയും യുഡിഎഫിലേക്ക് കൊണ്ടു വരുന്നതിന് മുന്നിൽ നിൽക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ജോസ് കെ മാണിക്ക് ബദലായി രണ്ട് പിസിമാരേയും വേണമെന്നാണ് ആവശ്യം.

എൻ.ഡി.എ.സഖ്യത്തിലുള്ള, കേരള കോൺഗ്രസ് ചെയർമാൻകൂടിയായ പി.സി.തോമസ് കുറേനാളുകളായി ബിജെപി. നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. നേരത്തേ മുന്നണി വാഗ്ദാനംചെയ്ത പദവികൾ പാർട്ടി അംഗങ്ങൾക്ക് ലഭിച്ചില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി പി.സി.തോമസ് ചർച്ചകൾ നടത്തിയിരുന്നു. ഫോണിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി. എന്നാൽ കേരളാ കോൺഗ്രസിലാണ് എതിർപ്പ ശക്തം. പി.സി.തോമസിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെത്തിക്കാൻ ചില ആലോചനകൾ നടന്നെങ്കിലും മോൻസ് ജോസഫിനും ജോയ് എബ്രാഹാമിനും ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു. ഇവർ ഇപ്പോഴും എതിർപ്പ് തുടരുകയാണ്. ഇതാണ് യുഡിഎഫിലേക്കും എത്താൻ പിസി തോമസിനുള്ള വെല്ലുവളി.

പി.സി.തോമസ് എത്തിയാൽ ജോസഫ് ഗ്രൂപ്പിന്റെ നേതൃഘടനയിൽ മാറ്റങ്ങൾ വരും. മുന്നണിയിൽ എത്തിയാലും ഭാവിയിൽ കേരളാ കോൺഗ്രസിൽ എത്താൻ സാധ്യതയുണ്ട്. പിജെ ജോസഫിന് പിസി തോമസിനോട് പ്രത്യേക താൽപ്പര്യവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് എതിർപ്പ്. അതിനിടെ പി.സി.തോമസ് സ്വന്തം പാർട്ടിയോടൊപ്പം യു.ഡി.എഫിൽ ചേർന്ന് ഘടകകക്ഷിയാകുന്നതിൽ ഉപാധികൾ പാടില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽനിന്ന് പി.സി.തോമസ് വിഭാഗത്തിന് പങ്ക് നൽകണമെന്ന വാദവും ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഇതും മോൻസ് ജോസഫിനെ ആകലുപ്പെടുത്തുന്നുണ്ട്. ഫ്രാൻസിസ് ജോർജ് വന്നതോടു കൂടി പാർട്ടിയിലെ രണ്ടാമൻ എന്ന സ്ഥാനം മോൻസിന് ഏതാണ്ട് നഷ്ടമായി കഴിഞ്ഞു. പി.സി.ജോർജ്, തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ധാരണയിൽ പോകണമെന്ന ആഗ്രഹത്തിലാണ്. യു.ഡി.എഫ്. ധാരണയുടെ കാര്യത്തിൽ ആലോചനകൾ നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പി.സി.ജോർജ് മടങ്ങിവരുന്നതിനോട് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. ഉമ്മൻ ചാണ്ടിയാണ് ഏറ്റവും എതിരു നിൽക്കുന്നത്. പിസിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പും. ബാർ കോഴയിലും സരിതാ കേസിലും എടുത്ത നിലപാടുകളാണ് ഇതിന് കാരണം.

27-ന് കോട്ടയത്ത് നടക്കുന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ പി.ജെ.ജോസഫും പങ്കെടുക്കും. 28-ന് ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റുധാരണയാണ് വിഷയം. കഴിഞ്ഞതവണ കേരള കോൺഗ്രസ് എം മത്സരിച്ച 11 സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെടും. കോട്ടയത്ത് പി.ജെ.ജോസഫും കോൺഗ്രസുമായി ഉണ്ടാക്കുന്ന ധാരണകൾ മറ്റുജില്ലകളിലെ ഇരുവിഭാഗവുമായുള്ള ചർച്ചകളിൽ നിർണായകമാകും. ഇതിനൊപ്പം പിസി ജോർജിന്റേയും പിസി തോമസിന്റേയും സീറ്റിലും ചർച്ച നടത്തും.

പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ഭാരവാഹി യോഗം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘകാലം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്ന മുതിർന്ന നേതാവ് ഇ.ജെ.അഗസ്തി ജോസഫ് പക്ഷത്തേക്കെന്ന വിവരവും പുറത്തുവന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമായിരുന്നു. അടുത്ത ദിവസം നടക്കുന്ന ജില്ലാ യുഡിഎഫ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണു വിവരം.

പി.സി.തോമസിന്റെ പാർട്ടി യുഡിഎഫിലെത്തുന്നതു സംബന്ധിച്ച് ഏതാനും ആഴ്ചകളായി അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ടെങ്കിലും നിയമസഭാ സീറ്റുകൾ സംബന്ധിച്ചു ധാരണയിലെത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാവൂ എന്നും സൂചനയുണ്ട്. എൻഡിഎ വാഗ്ദാനം ചെയ്ത ഒരു കോർപറേഷൻ ചെയർമാൻ സ്ഥാനവും 5 ബോർഡ് അംഗത്വങ്ങളും നൽകാത്തതിൽ പ്രതിഷേധമുണ്ടെന്നു പി.സി.തോമസ് പറഞ്ഞു. പി.സി.ജോർജിനെ സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫ് ചർച്ച ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP