Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവന്റെ അച്ഛൻ കുഴപ്പക്കാരൻ; അവൻ അതിലും വലിയ കള്ളൻ; ബിജു രമേശിനെ പ്രകോപിപ്പിച്ചും ജോസ് കെ മാണിയെ എതിർത്തും പിസി ജോർജ്ജ്; ചീഫ് വിപ്പിനെ പരസ്യമായി പുച്ഛിച്ച് മാണിയും തള്ളിപ്പറഞ്ഞ് കേരളാ കോൺഗ്രസും

അവന്റെ അച്ഛൻ കുഴപ്പക്കാരൻ; അവൻ അതിലും വലിയ കള്ളൻ; ബിജു രമേശിനെ പ്രകോപിപ്പിച്ചും ജോസ് കെ മാണിയെ എതിർത്തും പിസി ജോർജ്ജ്; ചീഫ് വിപ്പിനെ പരസ്യമായി പുച്ഛിച്ച് മാണിയും തള്ളിപ്പറഞ്ഞ് കേരളാ കോൺഗ്രസും

കോട്ടയം: പ്രത്യക്ഷത്തിൽ മാണി സാറിനാണ് പിന്തുണ. എന്നാൽ ചെയ്യുന്നതെല്ലാം പാർട്ടി ചെയർമാനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങളും. ബാർകോഴയെന്ന ഊരാക്കുടുക്കിൽപ്പെട്ട ധനമന്ത്രി കെഎം മാണിയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് പിസി ജോർജ്ജ് വീണ്ടും. മാണിയുടെ രാജി ജോർജ്ജ് ആവശ്യപ്പെടുന്നില്ല. എന്നാൽ മാണി രാജിവച്ച് ജോസ് കെ മാണിയെ മന്ത്രിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് പരസ്യമായി തന്നെ ജോർജ്ജ് വ്യക്തമാക്കി. കോഴ ആവശ്യപ്പെടുന്ന മാണിയുടെ ശബ്ദരേഖ പുറത്തുവന്നാൽ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ തെളിവ് പുറത്തുവിടാൻ ബിജു രമേശിനെ പ്രേരിപ്പിക്കുന്ന തരത്തിൽ വാർത്താ സമ്മേളനത്തിൽ ബാറുടമാ നേതാവിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുകയും ചെയ്തു. വിവാദങ്ങൾ കേരളാ കോൺഗ്രസിന്റെ പ്രതിശ്ചായയെ ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

അതിനിടെ ബാർ കോഴക്കേസ് കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്ന പി.സി ജോർജിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ.എം മാണി രംഗത്ത് വന്നു. പ്രസ്താവന പുച്ഛിച്ച് തള്ളുന്നുവെന്ന് മാണി വ്യക്തമാക്കിവല്ലവരും വല്ലതും പറഞ്ഞാൽ ഏറ്റുപിടിച്ച് ചർച്ച ചെയ്യേണ്ടതില്ല. ബാർ കോഴയിൽ ആരാപണം ഉന്നയിച്ച് 85 ദിവസം കഴിഞ്ഞിട്ടും ആരും തെളിവ് നൽകിയിട്ടില്ലെന്നും മാണി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. ഇതോടെ ജോർജ്ജും മാണിയും തമ്മിലെ ഭിന്നതയും വ്യക്തമായി. ഇനി ചേരുന്ന പാർട്ടി നേതൃയോഗത്തിൽ ജോർജ്ജിനെതിരെ മാണി രൂക്ഷമായി രംഗത്ത് വരുമെന്നാണ് സൂചന. പാർട്ടി പിടിക്കാനുള്ള ജോർജ്ജിന്റെ നീക്കമാണ് ബാർ കോഴയിൽ നടക്കുന്നതെന്ന് മാണിയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

കേരളാ കോൺഗ്രസ് പാർട്ടിയെന്ന നിലയിലും ജോർജ്ജിനെ തള്ളിപ്പറഞ്ഞു. ജോർജ്ജിന്റെ പരമാർശങ്ങളോട് യോജിപ്പില്ലെന്നും പാർട്ടിയെ ഒറ്റപ്പെടുത്താനും നേതാക്കളെ കരിവാരിതേയ്ക്കാനുമുള്ള ഗൂഡ നീക്കമാണ് നടക്കുന്നതെന്നും കേരളാ കോൺഗ്രസ് നേതൃത്വം അറിയിച്ചു. മാണിയുടെ രാജിയെ കുറിച്ച് പാർട്ടി ആലോചിക്കുന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ പേര് വിലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ഖേദകരമാണെന്നും കേരളാ കോൺഗ്രസ് എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മാണിക്കെതിരെ തെളിവ് പുറത്തുവിടാനാണ് ജോർജ്ജ് ബിജു രമേശിനെ പ്രകോപിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ജോർജ്ജിന്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിലും അതുണ്ടായി. ബിജു രമേശിനേയും അച്ഛൻ രമേശൻ കോൺട്രാക്ടറേയും അമ്മാവൻ ചന്ദ്രസേനനുമെതിരെയെല്ലാം ജോർജ്ജ് ആക്ഷേപം ഉന്നയിച്ചു. കള്ള് കച്ചവടം മോശം തൊഴിലല്ല. എന്റെ അപ്പൻ 40 വർഷക്കാലം കള്ള്ചാരായ ഷാപ്പ് നടത്തിയിരുന്നു. എന്നാൽ ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് മഹാ ഫ്രാഡാണ്. ബിജു രമേശിന്റെ അച്ഛൻ രമേശൻ കൺട്രോക്ടർ വലിയ കുഴപ്പക്കാരനായിരുന്നു. അതിലും വലിയ കള്ളനാണ് ബിജു രമേശ്-ജോർജ്ജ് പറഞ്ഞു.

ചെറ്റക്കുടിലിലായിരുന്നു ബിജു രമേശിന്റെ അച്ഛൻ 40 കൊല്ലം മുമ്പ് താമസിച്ചിരുന്നത്. അധോലോക ബന്ധങ്ങളുമുണ്ട്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിക്കടുത്ത് ഭൂമി കൈയേറി മണ്ണിട്ട് നികത്തി. റവന്യൂ വകുപ്പിലെ ഉന്നതരുടെ സ്വാധീനത്താൽ പരാതി മുക്കിയ വ്യക്തിയാണ് ബിജു രമേശ്. കേരളത്തിലെ ഏറ്റവും വലിയ മദ്യ ദുരന്തമായ വൈപ്പിൻ സംഭവത്തിന് പിന്നിൽ ബിജുവിന്റെ ഭാര്യയുടെ അച്ഛൻ ചന്ദ്രസേനനാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 600 ഓളം വാഹനങ്ങൾക്ക് കമ്പനി പമ്പുടമകൾക്ക് നൽകുന്നതിനേക്കാൽ വിലകുറച്ച് പെട്രോൾ നൽകിയ കക്ഷിയാണ് രമേശൻ കോൺട്രാക്ടർ. സമൂഹ നന്മയ്ക്ക് വേണ്ടിയല്ല ഇപ്പോൾ ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതെന്നും പിസി ജോർജ്ജ് വ്യക്തമാക്കി.

സഹോദരി ഭർത്താവായ പ്രേംശങ്കർ ഐപിഎസിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ വ്യക്തിയാണ് ബിജു രമേശ്. ഇതിന് ദേശാഭിമാനിയിൽ നിന്ന് പുറത്താക്കിയ മാദ്ധ്യമപ്രവർത്തകൻ ജി ശക്തിധരൻ സാക്ഷിയുമാണ്. ശക്തിധരനോട് ചോദിച്ചാൽ എല്ലാം മനസ്സിലാകുമെന്ന് ജോർജ്ജ് വ്യക്തമാക്കി. കോട്ടയത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ശക്തിധരന്റെ ഫോൺ നമ്പറും പിസി ജോർജ്ജ് തന്നെ നൽകി. ബിജു രമേശിനെ പ്രകോപിപ്പിച്ച് ബാർ കോഴയിലെ കൂടുതൽ തെളിവ് പുറത്തുവിടാനുള്ള ജോർജ്ജിന്റെ തന്ത്രമായാണ് കോട്ടയത്തെ ഇന്നത്തെ പത്ര സമ്മേളനത്തെ മാണി അനുകൂലികൾ കാണുന്നത്. ജോസ് കെ മാണിയെ പച്ചിലയെന്നും സിഎഫ് തോമസിനെ പഴുത്തയിലയെന്നും വിശേഷിപ്പിച്ച് മന്ത്രിസ്ഥാനത്തിന് യോഗ്യർ എംഎൽഎമാരിൽ തന്നെയുണ്ടെന്ന് കൂടി ജോർജ്ജ് ആവർത്തിച്ചതോടെ കേരളാ കോൺഗ്രസിലെ ഭിന്നതകളും മറനീക്കി പുറത്തുവന്നു.

ബാർ കോഴയിൽ ആരോപണം ശക്തമായതിനാൽ രാജിവച്ചൊഴിയാനും പകരം മകനും എംപിയുമായ ജോസ് കെ മാണിയെ മന്ത്രിയാക്കാനും കെഎം മാണി തയ്യാറെടുക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ നീക്കത്തെയാണ് രണ്ട് ദിവസം കൊണ്ട് ജോർജ്ജ് പരസ്യമായി എതിർക്കുന്നത്. എംപിയായ ജോസ് കെ മാണി മന്ത്രിയാകേണ്ട സാഹചര്യമില്ല. സിഎഫ് തോമസിനെ പോലെ മുതർന്ന നേതാക്കളുണ്ട്. ടിയു കുരുവിളയും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും റോഷി അഗസ്റ്റിനും ജയരാജുമെല്ലാം മന്ത്രിയാകാൻ യോഗ്യരാണ്. മാണി രാജിവച്ചാൽ അവരിൽ ഒരാൾ മന്ത്രിയാകും. ജോസ് കെ മാണിയുടെ കാര്യം പാർട്ടിയിൽ ചർച്ചയായാൽ തുറന്നെതിർക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി.

ഇത്രയും കാലം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞിട്ട് മാണിയുടെ മകനെ മന്ത്രിയാക്കുന്നത് മാന്യതക്ക് നിരക്കാത്തതും അധാർമികവുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ആരുടേയും കുടുംബസ്വത്തല്ല. മാണിക്ക് പിൻഗാമിയായി സി.എഫ് തോമസ് മൂത്ത് പഴുത്ത് പഴമായി നിൽക്കുന്നുണ്ട്. പാർട്ടിയിലെ എല്ലാ നേതാക്കളും സീനിയറാണ്. പിന്നെ റോഷി അഗസ്റ്റിൻ മുതൽ ജയരാജുവരെയുണ്ട്. തോമസ് ഉണ്ണിയാടനുണ്ട്. നല്ല നായരാണ് അദ്ദേഹം. ജോസഫ് ഗ്രൂപ്പിൽ ടി.യു. കുരുവിളയും മോൻസ് ജോസഫുമുണ്ട്. എന്താ കുഴപ്പം പി.സി ജോർജ്ജ് ചോദിച്ചു. എന്നാൽ മാണിക്ക് ഒപ്പം ചേർന്നത് ജോസ് കെ മാണിക്ക് മുദ്രാവാക്യം വിളിക്കാനല്ലെന്നും ജോർജ്ജ് പറയുന്നു.

കേരളാ കോൺഗ്രസ് നേതാവെന്ന നിലയിൽ മാണിയുടെ രാജി ആവശ്യപ്പെടാനാവില്ല. ആരോപണം വന്നതു കൊണ്ട് മാണി രാജിവയ്‌ക്കേണ്ടതില്ല. രാജിവച്ചാൽ പിന്നെ തിരിച്ചു വരാനാവില്ല. ഒരു കൊല്ലം കൂടിയല്ലേ സർക്കാരിന് ബാക്കിയുള്ളൂ. തന്റെ അഴിമതി വിരുദ്ധ സമിതിയെ രണ്ടു മാസത്തേക്ക് പെന്റിംഗിൽ വച്ചിരിക്കുകയാണ്. ബാർ കോഴ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ബാധിച്ചില്ലെന്ന് പറയുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്നും ജോർജ്ജ് പറഞ്ഞു. മാണി ബജറ് അവതരിപ്പിക്കുമോയെന്ന് ചോദ്യത്തിന് നമ്മളിൽ എത്ര പേർ ബ്ജറ്റ് അവതരണം കാണാൻ ജീവിച്ചിരിക്കും എന്ന് നിശ്ചയമുണ്ടോയെന്ന മറുചോദ്യമായിരുന്നു ജോർജ്ജിന്റെ മറുപടി. അതുപോലെയാണ് മാണി ബജറ്റ് അവതരിപ്പിക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ മാണിയോട് രാജി ആവശ്യപ്പെടുന്നത് മാന്യതക്ക് നിരക്കുന്നതല്ല. ഇനി കോടതിയുടെ കമന്റ് വന്നാൽ രാജി ആവശ്യപ്പെടാം. അത് ധാർമികതയാകും പി.സി പറഞ്ഞു. രാഷ്ട്രീയത്തിൽ ജോസ് കെ മാണിയുടെ ഭാര്യ രാഷ്ട്രീയത്തിലിറങ്ങുമോ എന്നു ചോദിച്ചപ്പോൾ അങ്ങനെയൊരാളും ഈ ഫീൽഡിലുണ്ടോ എന്നായിരുന്നു പ്രതികരണം. കൂടുതൽ ചോദ്യങ്ങൾ വന്നതോടെ എം പിയായി ആ പയ്യൻ ജീവിച്ചോട്ടെ എന്നായിരുന്നു മറുപടി. കേരളാ കോൺഗ്രസ് കുടുംബ വാഴ്ചയുടെ പാർട്ടിയല്ല. എന്റെ മകൻ ഷോൺ, ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയാകുമെന്ന് വാർത്ത വന്നപ്പോൾ താനാണ് എതിർത്തത്. മകനെ മന്ത്രിയാക്കാൻ പറയുന്നത് ന്യായവുമല്ലജോർജ്ജ് വിശദീകരിക്കുന്നു.

എംഎൽഎമാർ മന്ത്രിയായാൽ മതിയെന്നു പാർട്ടിക്കുള്ളിൽ പറയാനും താൻ തയാറാണ്. അതേസമയം, വെറും ആരോപണം വന്നയുടൻ മാണിയുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ല. പക്ഷേ, കോടതിയുടെ പ്രതികരണം വന്നാൽ കാര്യം മാറും ജോർജ് കൂട്ടിച്ചേർത്തു. വിവാദങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിനെ മോശമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി 18 മണിക്കൂർ ദിവസവും പണിയെടുക്കുന്നു. എല്ലാ ആഴ്ചയും ഇത്രയും സമയം ബാക്കിയുള്ള മന്ത്രിമാർ പണിയെടുത്താൽ സർക്കാരിന്റെ പ്രതിശ്ചായ ഉയരും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേരയും മികച്ചതായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാകുന്നില്ല. മോശമാണ് ഭരണമെന്ന ഇമേജാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് ജോർജ്ജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP