Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജു രമേശിനൊപ്പം നിന്ന് അട്ടിമറി നടത്തിയ അടൂർ പ്രകാശിന് പണി കൊടുത്ത് ഐ വിഭാഗം; പഴകുളം മധുവിനെ ഗ്രൂപ്പ് നേതാവാക്കി ചെന്നിത്തല; പത്മജയുടെ പേരിൽ ഗ്രൂപ്പുണ്ടാക്കി കളി തുടരാൻ മുൻ മന്ത്രിയും; പത്തനംതിട്ടയിലെ ഗ്രൂപ്പ് യോഗത്തിൽ സംഘട്ടനം വഴിമാറിയത് തലനാരിഴയ്ക്ക്

ബിജു രമേശിനൊപ്പം നിന്ന് അട്ടിമറി നടത്തിയ അടൂർ പ്രകാശിന് പണി കൊടുത്ത് ഐ വിഭാഗം; പഴകുളം മധുവിനെ ഗ്രൂപ്പ് നേതാവാക്കി ചെന്നിത്തല; പത്മജയുടെ പേരിൽ ഗ്രൂപ്പുണ്ടാക്കി കളി തുടരാൻ മുൻ മന്ത്രിയും; പത്തനംതിട്ടയിലെ ഗ്രൂപ്പ് യോഗത്തിൽ സംഘട്ടനം വഴിമാറിയത് തലനാരിഴയ്ക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വത്തിൽനിന്നും മുന്മന്ത്രി അടൂർ പ്രകാശും ഡിസിസി മുൻഉപാധ്യക്ഷൻ എ ഷംസുദ്ദീനും പുറത്ത്. കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തു. പിളർപ്പ് ഏറെക്കുറെ ആസന്നമായ ഗ്രൂപ്പിൽ പിടിച്ചുനിൽക്കാൻ അടൂർ പ്രകാശ് പത്മജ വേണുഗോപാലിന്റെ പേരിൽ പുതിയ പോർമുഖം തുറക്കുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു അടൂർ പ്രകാശ്. വിദേശ യാത്രാ സമയത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതല പോലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിനായിരുന്നു ചെന്നിത്തല നൽകിയത്. എന്നാൽ ബാർ കോഴയിൽ കോൺഗ്രസിനെ വെട്ടിലാക്കിയ ബിജു രമേശുമായുള്ള അടൂർ പ്രകാശിന്റെ ചങ്ങാത്തം പ്രശ്‌നങ്ങൾ ഉണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇരുവരും അകന്നു. ഉമ്മൻ ചാണ്ടിയുടെ ഇടപടൽ കൊണ്ടാണ് കോന്നിയിൽ അടൂർ പ്രകാശിന് സീറ്റു പോലും കിട്ടിയത്. ഇതോടെ ഐ ഗ്രൂപ്പിൽ നിന്നും അടൂർ പ്രകാശ് അകലം പാലിക്കാനും തുടർന്നു. ഇതാണ് പത്തനംതിട്ടയിൽ ഇപ്പോൾ പ്രതിഫലിക്കുന്നത്.

കൊല്ലം മാതൃകയിൽ ഗ്രൂപ്പിനുള്ളിൽ സംഘട്ടനത്തിനും സാധ്യതയേറി. ഇന്നലെ ഗസ്റ്റ് ഹൗസിൽ ചേർന്ന ഗ്രൂപ്പ്‌യോഗത്തിലേക്ക് വിളിക്കാതെ എത്തിയ എ ഷംസുദീനും കൂട്ടരും എതിരാളികളെ കൈയേറ്റം ചെയ്യാനും മുതിർന്നു. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവ് അടൂർ പ്രകാശ് ആയിരുന്നു. എന്നാൽ, അടുത്ത കാലത്തായി ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ വെട്ടൂർ ജ്യോതിപ്രസാദ്, പഴകുളം മധു എന്നിവരുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിന്റെ ഡി.സി.സി ഭാരവാഹികൾ കെ.ടി.ഡി.സി ഗസ്റ്റ് ഹൗസിൽ ഒന്നിച്ചു ചേർന്നത്. വിവരം മണത്തറിഞ്ഞ് ഷംസുദീനും സംഘവും അവിടെയെത്തി. തങ്ങളെ അറിയിക്കാതെ ആരാണ് ഐ ഗ്രൂപ്പ് യോഗം ചേരുന്നത് എന്ന ചോദ്യം ഇവർ ഉന്നയിച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തുകയുമായിരുന്നു.

ഗസ്റ്റ് ഹൗസിൽ ചേർന്നത് ഗ്രൂപ്പ് യോഗം ആയിരുന്നില്ലെന്ന് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. ഇന്നലെ ഡി.സി.സി നേതൃയോഗം വച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ ഐ ഗ്രൂപ്പ് പ്രതിനിധികൾ ഒന്നിച്ചിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്നതിനാണ് അവിടെ എത്തിയത്.
ഏതാനും ഗ്രൂപ്പുനേതാക്കൾ ഗസ്റ്റ് ഹൗസിന്റെ പരിസരത്ത് നിൽക്കുമ്പോൾ എ. ഷംസുദീന്റെ നേതൃത്വത്തിൽ ഏതാനും പേർ അവിടെ എത്തുകയായിരുന്നു. ഷംസുദീനും അടൂർ പ്രകാശുമില്ലാതെ ഐ ഗ്രൂപ്പിന്റെ യോഗം ചേരേണ്ട എന്നായിരുന്നു ഇവരുടെ ആവശ്യം. ഗ്രൂപ്പിന്റെ നേതാക്കൾ തങ്ങൾ തന്നെയാണെന്നും യോഗം ചേരാൻ അനുവദിക്കുകയില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലേക്കും നീങ്ങി. ഇവിടെ ഗ്രൂപ്പ് യോഗമൊന്നും നടക്കുന്നില്ലെന്ന് പഴകുളം മധു ഷംസുദീനെ അറിയിച്ചു. ഇനി, അഥവാ പരാതിയുണ്ടെങ്കിൽ ഐ ഗ്രൂപ്പിന്റെ സംസ്ഥാന നേതാക്കളോട് പോയി പറയാനും പഴകുളം മധു നിർദേശിച്ചു. ഇതേ തുടർന്നാണ് എല്ലാവരും പിരിഞ്ഞു പോയി.

ഡി.സി.സി പുനഃസംഘടന, പ്രസിഡന്റിന്റെ മാറ്റം എന്നിവ വന്നപ്പോൾ തന്നെ ഗ്രൂപ്പിനുള്ളിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. 28 ഡി.സി.സി ഭാരവാഹികളാണ് ഐ ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതിൽ ഒരു ജനറൽ സെക്രട്ടറിയായ ആർ. ഇന്ദുചൂഡൻ അടുത്തിടെ മരിച്ചു. ഇതോടെ 27 പേരായി അംഗസംഖ്യ ചുരുങ്ങി. ഇത്രയും പേർ ഒറ്റക്കെട്ടായി നിന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തീരുമാനിച്ചെങ്കിലും ഷംസുദീനും അടൂർ പ്രകാശുമടങ്ങുന്ന സംഘം എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് എതിർപക്ഷം ആരോപിച്ചത്. ഇതു കാരണം തങ്ങൾക്ക് അവകാശപ്പെട്ട മണ്ഡലം കമ്മറ്റി ഭാരവാഹിത്വം അടക്കമുള്ളവ എ ഗ്രൂപ്പിന് അടിയറ വയ്ക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം നടപടികൾ തുടർന്നു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഷംസുദീനെയും അടൂർ പ്രകാശിനെയും സുരേഷ് കോശിയെയും അടക്കമുള്ള നേതാക്കളെ ഒഴിവാക്കി പകരം പഴകുളം മധുവിന്റെയും വെട്ടൂർ ജ്യോതിപ്രസാദിന്റെയും നേതൃത്വത്തിൽ ഗ്രൂപ്പ് ശക്തമാക്കാൻ തീരുമാനിച്ചത്.

ഇതിനായി കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്, ലീഡർ സ്റ്റഡി ഫോറം എന്നിങ്ങനെ രണ്ടു സംഘടനകൾ രൂപീകരിച്ചു. കഴിഞ്ഞ ഡി.സി.സിയുടെ കാലത്ത് ജില്ലാ ആസ്ഥാനത്ത് കെ. കരുണാകരന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. ഇതേ തുടർന്നാണ് പഴകുളം മധു ചെയർമാനും വെട്ടൂർ ജ്യോതിപ്രസാദ് ജനറൽ സെക്രട്ടറിയും ജോൺസൺ വിളവിനാൽ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ കരുണാകരൻ അനുസ്മരണ ചടങ്ങിൽ ജില്ലാ ആസ്ഥാനത്ത് കരുണാകരന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. ജേക്കബ് പി. ചെറിയാൻ ചെയർമാനും സുനിൽ പുല്ലാട്ട് ജനറൽ സെക്രട്ടറിയുമായിട്ടാണ് ലീഡർ സ്റ്റഡി സെന്റർ നിലവിൽ വന്നത്. ഈ രണ്ടു സംഘടനകളുടെയും ലക്ഷ്യം ഐ ഗ്രൂപ്പിന്റെ ഏകോപനമായിരുന്നു.

അതേസമയം, പത്മജയുടെ പേരിൽ ഒരു പുതിയ ഐ ഗ്രൂപ്പിനു രൂപം കൊടുക്കാനാണ് ഷംസുദീനും അടൂർ പ്രകാശും തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇതിനായി ലീഡർ ഫൗണ്ടേഷൻ എന്ന സംഘടനയും രൂപീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻരാജ് മാറി ബാബു ജോർജ് വന്നതോടെയാണ് ഗ്രൂപ്പ് പ്രവർത്തനം വീണ്ടും ജില്ലയിൽ ശക്തിയാർജിച്ചിരിക്കുന്നത്. ബാബു ജോർജിനെതിരേ പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് പുതിയ പോർമുഖം തുറക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP