Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസിസിയിൽ യോഗം ചേർന്നപ്പോൾ ഒപ്പം നിൽക്കാമെന്ന് എഴുതി ഒപ്പിട്ടു; തെരഞ്ഞെടുപ്പ് വന്നപ്പോൾ വിട്ടു നിന്നു; പത്തനംതിട്ട നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം യുഡിഎഫിന് നഷ്ടമാക്കി ജോസഫ് വിഭാഗം കൗൺസിലർ; തുല്യ വോട്ടു വീതം വന്നപ്പോൾ നറുക്ക് വീണത് സിപിഎമ്മിലെ ശോഭയ്ക്ക്; പാർലമെന്ററി പാർട്ടിയിൽ നിന്ന് കൗൺസിലർ ദീപുവിനെ പുറത്താക്കി യുഡിഎഫ്

ഡിസിസിയിൽ യോഗം ചേർന്നപ്പോൾ ഒപ്പം നിൽക്കാമെന്ന് എഴുതി ഒപ്പിട്ടു; തെരഞ്ഞെടുപ്പ് വന്നപ്പോൾ വിട്ടു നിന്നു; പത്തനംതിട്ട നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം യുഡിഎഫിന് നഷ്ടമാക്കി ജോസഫ് വിഭാഗം കൗൺസിലർ; തുല്യ വോട്ടു വീതം വന്നപ്പോൾ നറുക്ക് വീണത് സിപിഎമ്മിലെ ശോഭയ്ക്ക്;  പാർലമെന്ററി പാർട്ടിയിൽ നിന്ന് കൗൺസിലർ ദീപുവിനെ പുറത്താക്കി യുഡിഎഫ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പാലായിൽ കേരളാ കോൺഗ്രസുകാരുടെ തമ്മിലടി മൂലം യുഡിഎഫിന് നഷ്ടമായത് ഇമ്മിണി ബല്യ ഒന്നായിരുന്നെങ്കിൽ പത്തനംതിട്ട നഗരസഭയിൽ ഇവർ കാട്ടിക്കൂട്ടിയത് യുഡിഎഫിലെ പിളർപ്പിന് തന്നെ കാരണമായേക്കും. പത്തനംതിട്ട നഗരസഭയിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം യുഡിഎഫിന് നഷ്ടമാക്കിയത് കേരളാ കോൺഗ്രസ് ജോസഫിന്റെ കൗൺസിലർ ദീപു ഉമ്മൻ. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ ജോസ് ഗ്രൂപ്പിലെ ഷൈനി ജോർജിന് കിട്ടേണ്ടിയിരുന്ന ചെയർപേഴ്സൺ സ്ഥാനം നറുക്കിലൂടെ കിട്ടിയത് സിപിഎമ്മിലെ ശോഭ കെ മാത്യുവിനും. അവസാന നിമിഷം പണി പാലുംവെള്ളത്തിൽ നൽകിയ ജോസഫ് ഗ്രൂപ്പിലെ ദീപു ഉമ്മനെ യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി. യുഡിഎഫിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ജോസ് വിഭാഗം പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.

കാലുവാരിയ ദീപുവിനെ ഇനി ഒരു സീറ്റിലും യുഡിഎഫ് പരിഗണിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റായ വിക്ടർ ടി തോമസാണ് പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് ചെയർമാൻ. അദ്ദേഹത്തോട് ആലോചിക്കാതെ ദീപുവിനെ പുറത്താക്കിയത് ജില്ലയിലെ യുഡിഎഫിൽ പിളർപ്പിന് കാരണമാകും. അഞ്ചംഗ സ്റ്റാൻഡിങ് കമ്മറ്റിയിൽ യുഡിഎഫ് -മൂന്ന്, എൽഡിഎഫ്-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മൽസരിച്ച സിപിഎമ്മിലെ ശോഭ കെ മാത്യുവിനും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ഷൈനി ജോർജിനും രണ്ടു വോട്ട് വീതം ലഭിച്ചു. ജോസഫ് ഗ്രൂപ്പിലെ കൗൺസിലർ ദീപു ഉമ്മൻ വിട്ടു നിന്ന് കക്ഷി നില തുല്യമായപ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടി നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം ശോഭയ്ക്ക് അനുകൂലമായിരുന്നു.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജിമോൾ ധാരണ പ്രകാരം ചെയർപേഴ്സൻ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ ചെയർപേഴ്സൺ ഗീതാ സുരേഷ്, ശോഭ കെ മാത്യു, പിവി അശോക് കുമാർ, ഷൈനി ജോർജ്, ദീപു ഉമ്മൻ എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ. യുഡിഎഫ് നഗരസഭയിൽ അധികാരത്തിൽ എത്തിയപ്പോൾ അന്നത്തെ ഡിസിസി പ്രസിഡന്റ് പി മോഹൻരാജിന്റെ മധ്യസ്ഥതയിൽ എടുത്ത ധാരണയാണ് ഇന്നലെ ദീപു ഉമ്മൻ അട്ടിമറിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ദീപു ഉമ്മൻ അടക്കമുള്ള യുഡിഎഫ് കൗൺസിലർമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. യുഡിഎഫിലെ ധാരണ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ബാബു ജോർജ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

അതിന് സമ്മതിച്ച് ഒപ്പിട്ടു മടങ്ങിയ കൂട്ടത്തിൽ ദീപു ഉമ്മനും ഉണ്ടായിരുന്നു. തന്റെ നേതാവായ പിജെ ജോസഫിനൊപ്പം ഷൈനി നിന്നാൽ മാത്രമേ അനുകൂലിച്ച് വോട്ടു ചെയ്യുകയുള്ളൂവെന്ന് ദീപു പിന്നീട് നിലപാട് മാറ്റി. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം ഷൈനി മുദ്രപത്രത്തിൽ എഴുതി നൽകണമെന്നും ആവശ്യപ്പെട്ടു. ഷൈനി ഇതിന് തയാറാകാതെ വന്നതാണ് ദീപു വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമായത്. കേരളാ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി നിൽക്കുന്നതിനാൽ വിപ്പ് നൽകുന്നതിന് യുഡിഎഫിന് സാങ്കേതിക തടസമുണ്ടെന്ന് പാർലമെന്ററി പാർട്ടി നേതാവ് റോഷൻ നായർ പറഞ്ഞു. നിലവിൽ കേരളാ കോൺഗ്രസിന് നാലു കൗൺസിലർമാർ ആണ് ഉള്ളത്. ഇതിൽ പികെ ജേക്കബ്, ബിജിമോൾ മാത്യു, ഷൈനി ജോർജ് എന്നിവർ ജോസ് പക്ഷത്താണ്. തങ്ങൾ ജോസ് കെ മാണിയെ അംഗീകരിക്കുന്നുവെന്ന് മൂന്നു പേരും മൂദ്രപത്രത്തിൽ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഷൈനി അടർത്തിയെടുത്ത് ജോസഫ് ഗ്രൂപ്പിനൊപ്പമാക്കാനുള്ള നീക്കമാണ് ദിപു ഉമ്മൻ നടത്തിയത്. ഷൈനി വഴങ്ങാതെ വന്നതോടെയാണ് ദീപു വിട്ടു നിന്നതും സിപിഎമ്മിന് നറുക്കെടുപ്പിലൂടെ ഭാഗ്യം കൈവന്നതും.

നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ധാരണയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ച ജോസഫ് ഗ്രൂപ്പ് കൗൺസിലർ ദീപു ഉമ്മനെ യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതാവ് അഡ്വ റോഷൻ നായർ പറഞ്ഞു. ഡിസിസിയിൽ നടന്ന യോഗത്തിൽ യുഡിഎഫിനൊപ്പം നിൽക്കാമെന്ന് എഴുതി ഒപ്പിട്ടയാളാണ് ദീപു. എന്നാൽ, രാഷ്ട്രീയ ധാർമികതയില്ലാത്ത പ്രവൃത്തിയാണ് അദ്ദേഹം കാട്ടിയതെന്ന് റോഷൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗമാണ് ദീപുവിനെ പുറത്താക്കിയത്. കേരളാ കോൺഗ്രസ് ജോസ് പാർലമെന്ററി പാർട്ടി നേതാവ് പികെ ജേക്കബാണ് ദീപു ഉമ്മനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതുനുസരിച്ചാണ് അടിയന്തിര യോഗം ചേർന്നത്. പാർലമെന്ററി പാർട്ടിയിൽ നിന്ന് മാത്രമല്ല, യുഡിഎഫിൽ നിന്ന് തന്നെ ദീപു ഉമ്മനെ പുറത്താക്കണമെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ ആയ പികെ ജേക്കബ്, ഷൈനി ജോർജ്, ബിജിമോൾ എന്നിവർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഈ ആവശ്യം ഉന്നയിച്ചത്.

ജില്ലയിലെ യുഡിഎഫ് സംവിധാനത്തിൽ കൺവീനർ പന്തളം സുധാകരനും ചെയർമാൻ വിക്ടർ ടി തോമസുമാണ്. ഏറെ വിവാദ കോലാഹലങ്ങൾക്ക് ശേഷമാണ് വിക്ടറെ ചെയർപേഴ്സൺ സ്ഥാനത്ത് തുടരാൻ കോൺഗ്രസ് അനുവദിച്ചത്. നിലവിൽ ജോസഫ് പക്ഷം ഇടതു മുന്നണിയിലേക്ക് നീങ്ങുകയാണ്. അതു കൊണ്ടാണ് ദീപു ഉമ്മൻ വിട്ടു നിന്നതെന്നും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP