Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐ(എം) പത്തനംതിട്ട ജില്ലാ സമ്മേളനം തുടങ്ങി: വി.എസിന്റെ കോട്ടയിൽ വിള്ളൽ: സെക്രട്ടറിയാകാൻ കടിപിടി; മലപ്പുറത്തും സമ്മേളനം തുടങ്ങി

സിപിഐ(എം) പത്തനംതിട്ട ജില്ലാ സമ്മേളനം തുടങ്ങി: വി.എസിന്റെ കോട്ടയിൽ വിള്ളൽ: സെക്രട്ടറിയാകാൻ കടിപിടി; മലപ്പുറത്തും സമ്മേളനം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിപിഐ(എം) ജില്ലാ സമ്മേളനത്തിന് റാന്നി വേദിയാകുമ്പോൾ പുതിയ സെക്രട്ടറിയാകാൻ കടിപിടി. വി.എസിന്റെ ശക്തമായ കോട്ടയിൽ ഏരിയാ സമ്മേളനത്തിൽ തന്നെ വിള്ളൽ വീഴ്‌ത്താൻ കഴിഞ്ഞ ഔദ്യോഗിക പക്ഷത്തിന് പക്ഷേ, പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

നിലവിലെ ജില്ലാ സെക്രട്ടറി അനന്തഗോപന്റെ കാലാവധി ഈ സമ്മേളനത്തോടെ പൂർത്തിയാവുകയാണ്. വി എസ്. പക്ഷക്കാരനായ അനന്തഗോപൻ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ അവിടേക്ക് മൽസരം തന്നെ നടക്കാനാണ് സാധ്യത. ഒന്നിലേറെപ്പേർ ആ കസേര കണ്ട് പനിക്കുന്നുണ്ട്. മുൻ എംഎ‍ൽഎയും ഇപ്പോഴത്തെ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ. പത്മകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി ഉദയഭാനു എന്നിവർക്കാണ് ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്നത്.

എന്നാൽ, ഇവർ രണ്ടുപേരും സമ്മേളന പ്രതിനിധികൾക്കിടയിൽ അനഭിമതരാണ്. രണ്ടുപേർക്കെതിരെയും മൽസരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിൽ പുറത്തു നിന്ന് ആരെങ്കിലും എത്തുമെന്നാണു കണക്കുകൂട്ടൽ. അതാരാകും എന്നതിനെച്ചൊല്ലിയാണ് ഇപ്പോഴുള്ള തർക്കം. ആറന്മുള മുൻഎംഎ‍ൽഎ കെ.സി രാജഗോപാൽ സെക്രട്ടറിയാകുമെന്നാണ് കണക്കുകൂട്ടൽ.

വി.എസിന്റെ വിശ്വസ്തനായിരുന്ന കെ.സി. രാജഗോപാലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി പക്ഷം പോലും അംഗീകരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവിൽ പക്ഷമൊന്നുമില്ലാതെ നിൽക്കുകയാണ് അദ്ദേഹം. പത്മകുമാർ ആറന്മുള വിമാനത്താവള വിരുദ്ധ സമരം നയിച്ചതു പോലും രാജഗോപാലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി നിർത്തുന്നതിനുവേണ്ടിയായിരുന്നു.

ഇതുവരെ ആ ശ്രമം വിജയിച്ചെങ്കിലും ഉദയഭാനു ചിത്രത്തിൽനിന്ന് മായുന്നതോടെ കെ.സി. രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ അഡ്വ. ആർ. സനൽകുമാർ, പി.ജെ. അജയകുമാർ എന്നിവരുടെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ട്. ഇവരിൽ കെ.സി. രാജഗോപാൽ വരുന്നതിനോടാണ് പിണറായിക്കും താൽപര്യമെന്നാണ് അറിയുന്നത്.

ജില്ലയിലെ 10 ഏരിയാ കമ്മറ്റികളിൽ എട്ടിലും പിണറായി പക്ഷത്തിനാണ് മുൻതൂക്കം. മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളിൽ മാത്രമാണ് വി എസ് പക്ഷം മുന്നിലുള്ളത്. ഇവിടെയും വിഭാഗീയത ശക്തമാണ്. സെക്രട്ടറിയെ സമവായത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, അജയകുമാറിനോ കെ.സി. രാജഗോപാലിനോ രാജു ഏബ്രഹാം എംഎ‍ൽഎയ്‌ക്കോ നറുക്കുവീഴാനാണ് സാധ്യത.

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനും ഇന്ന് തുടക്കമായി. പ്രതിനിധി സമ്മേളനം ഉമ്മർ മാസ്റ്റർ നഗറിൽ (ആർ വി ഓഡിറ്റോറിയം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. മുതിർന്ന ജില്ലാ കമ്മിറ്റിയംഗം വി വി ഗോപിനാഥൻ പതാകയുയർത്തി. പി ജ്യോതിഭാസ് സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവൻ, പി കരുണാകരൻ, ഡോ. തോമസ് ഐസക്, കെ കെ ശൈലജ, എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണാമൂർത്തി, എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കുന്നു. ഇവിടെ കാര്യമായ വിഭാഗീയ പ്രശ്‌നങ്ങളൊന്നുമില്ല. അതിനാൽ ജില്ലാ സെക്രട്ടറിക്ക് മാറ്റമുണ്ടാകില്ല.

16 ഏരിയാ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 279 പേരും 33 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധികൾ. ബുധനാഴ്ച വൈകിട്ട് സമ്മേളനത്തിന് സമാപനംകുറിച്ച് ലക്ഷം പേരുടെ റാലിയും ചുവപ്പ് വളണ്ടിയർ മാർച്ചും നടക്കും. തുടർന്ന് പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP