Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; കെ.സുധാകരൻ പലതും നടത്തി പരിചയമുള്ള ആളാണ്; ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവ്': പാനൂർ സംഭവത്തിലെ ആരോപണത്തിൽ പാനോളി വത്സന്റെ മറുപടി

'ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; കെ.സുധാകരൻ പലതും നടത്തി പരിചയമുള്ള ആളാണ്; ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവ്': പാനൂർ സംഭവത്തിലെ ആരോപണത്തിൽ പാനോളി വത്സന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കെ സുധാകരൻ എം പി വിരൽ ചൂണ്ടിയത് സിപിഎം നേതാവ് പാനോളി വത്സനിലേക്കാണ്. കൊലപാതക ഗൂഢാലോചനക്ക് പിന്നിൽ പാനോളി വത്സൻ ആണെന്നാണ് സുധാകരൻ തുറന്നടിച്ചത്.

സുധാകരന്റെ ആരോപണത്തിന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കൂടിയായ പാനോളി വത്സൻ മറുപടി പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നതെന്നും സംഭവവുമായി സിപിഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ലെന്നും പാനോളി വത്സൻ ചാനൽ പരിപാടിയിൽ പറഞ്ഞു. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

പാനോളി വത്സന്റെ വാക്കുകൾ ഇങ്ങനെ: 'ചിലർ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാർത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാൻ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകൾ സന്ദർശിക്കാനാണ് എൽഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരൻ അങ്ങനെയൊരു കാര്യം പറയുമ്പോൾ നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്.''

'സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ല. സുധാകരൻ പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയിൽ, ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവാണ്. ഇതിൽ അപ്പുറം പരാമർശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ബന്ധമില്ലെന്ന് തന്നെ പാർട്ടി പറയാറുണ്ട്.''

'സംഭവസമയത്ത് ഞങ്ങൾ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരൻ എത്ര ക്രിമിനൽ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.'

നേരത്തെ കൂത്തുപറമ്പ് മേഖലയിൽ വിവിധ അക്രമ കേസുകൾ നടത്തിയ സംഘമാണ് പനോളി വത്സന്റെത്. അതുകൊണ്ടുതന്നെ ഇത്തവണ കുത്തുപറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പനോളി വത്സൻ പരാജയഭീതി കൊണ്ടാണ് അക്രമവും കൊലപാതകവും അഴിച്ചുവിട്ടതെന്ന് കെ.സുധാകരൻ ആരോപിച്ചിരുന്നു.

സിപിഎം ഇനിയും അക്രമം തുടർന്നാൽ യു.ഡി.എഫ് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു. അരിയിൽ ഷുക്കൂർ, എടയന്നുർ ശുഹൈബ് തുടങ്ങി യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച എത്രയെത്ര യുവാക്കളെ ഇവർ കൊന്നും തള്ളിയെന്നും നേരത്തെ കൊലപാതക രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടി സിപിഎം ഓർക്കണമെന്നും സുധാകരൻ പറഞ്ഞു. കണ്ണുർ ജില്ലയിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാമെന്ന എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ തുടർന്നാണ്.

ഗോവിന്ദൻ മാഷെ ആരാണ് മാഷാക്കിയതെന്ന് അറിയില്ല ' അദ്ദേഹം ഡ്രിൽ മാസ്റ്ററാണെന്നാണ് കേട്ടിട്ടുള്ളത്. എന്തു തന്നെയായാലും പരസ്യമായി നിയമ ലംഘനം നടത്താൻ ആഹ്വാനം ചെയ്ത ഗോവിന്ദൻ മാസ്റ്റർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

മുമ്പ് ടി പി വധക്കേസ് അന്വേഷണ ഘട്ടത്തിൽ അടക്കം പറഞ്ഞു കേട്ട പേരായിരുന്നു പനോളി വത്സന്റേത്. അന്ന് കേസ് അന്വേഷണം പുരോഗമിക്കവേ പനോളി വ്ത്സന് പങ്കുണ്ടെന്ന് സമ്മതിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചു രംഗത്തുവന്നത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തന്നെയായിരുന്നു. ഓഫീസ് സെക്രട്ടറി ബാബുവിനെ കസ്റ്റഡിയിലെടുത്ത ഭീകരമായി പൊലീസ് മർദ്ദിച്ചു. പാനോളി വത്സന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യമെന്നും പിണറായി അക്കാലത്ത് കേസിൽ പ്രതിരോധം തീർത്തു കൊണ്ട് പറഞ്ഞിരുന്നു.

ഇങ്ങനെ ടി പി കേസിൽ വാർത്തകളിൽ ഇടംപിടിച്ച നേതാവിനെതിരെയാണ് വീണ്ടും കെ സുധാകരൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, കൊലയിൽ പങ്കില്ലെന്നാണ് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP