Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്

2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്

ജംഷാദ് മലപ്പുറം

മലപ്പുറം: 2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിക്കാനും തന്നെ വിജയിപ്പിക്കാൻ ആഗ്രഹിക്കുകയും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് നിലവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.വി പ്രകാശെന്ന് പി.വി അൻവർ എംഎ‍ൽഎ. ബിജെപിയുമായി പ്രകാശ് വോട്ടുകച്ചവടം നടത്തിയെന്ന അൻവറിന്റെ ആരോപണത്തിന് പ്രകാശ് നൽകിയ മറുപടിക്ക് പകരമായാണ് അൻവർ കോൺഗ്രസിൽ കലാപത്തിനിടയാക്കുന്ന വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

നിലമ്പൂരിൽ ഇത്തവണ അൻവറിനെതിരായ വിവാദങ്ങളൊന്നും പരാമർശിക്കാതെ സൗഹാർദ്ദമത്സരമായിരുന്നു നടന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഇത് 2016ൽ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയതടക്കമുള്ള കാരണങ്ങൾ ചികഞ്ഞുള്ള വാക്‌പോരിലേക്കാണ് വഴിമാറുന്നത്.

അൻവറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇലക്ഷൻ സമയത്ത് തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിജെപിയുമായി നടത്തിയ കൂട്ടുകച്ചവടത്തെ കുറിച്ച് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഒരു വർഗ്ഗീയവാദികളുടെയും ഒരു വോട്ടും എനിക്ക് വേണ്ട എന്നും ഇങ്ങനെ പറയാൻ യു.ഡി.എഫ് സ്ഥാനാർത്ഥി തയ്യാറുണ്ടോ എന്നും വെല്ലുവിളിച്ചിരുന്നു. ഈ വോട്ടുകച്ചവടത്തെ കുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിയുടെ നേതാവും പിന്നീട് വ്യക്തമാക്കിയിട്ടുമുണ്ട്. അന്നൊന്നും വായ തുറക്കാതിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കച്ചവടം കഴിഞ്ഞ ശേഷം ഇന്ന് വായ തുറന്നിട്ടുണ്ട്.

സന്തോഷം..പിന്നെ എനിക്ക് പൊളിറ്റിക്കൽ കറക്ട്നസ്സിനെ കുറിച്ച് അദ്ദേഹം ക്ലാസെടുക്കുന്നതായി കണ്ടു.. അതേ, സുഹൃത്തേ.. ഇക്കാര്യത്തിൽ'കമാന്ന് ഒരക്ഷരം മിണ്ടാൻ അർഹതയില്ലാത്ത ആളാണ് നിങ്ങൾ'എന്ന് ഞാൻ പറയും.. അതിനായി എനിക്ക് മൂന്ന്-നാല് ദിവസം എടുത്ത് ഉപന്യാസം ഒന്നും എഴുതേണ്ട കാര്യമില്ല.. 2016,ഒന്ന് ഓർമ്മിപ്പിച്ചാൽ മാത്രം മതി..
കൂടുതൽ വിശദീകരിക്കുന്നില്ല.. 'അന്ന് എന്നേക്കാൾ,എന്നെ വിജയിപ്പിക്കാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കുകയും ചെയ്ത ആളെന്ന നിലയിൽ കൂടുതൽ വിശദമാക്കാതെ ഇവിടെ നിർത്തുന്നു...'

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ ഭാഗമായി ഒത്തുതീർപ്പ് ഫോർമുലയായി നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെതുടർന്ന് മാറ്റിയതോടെ കഴിഞ്ഞ തവണ കാലുവാരി തോൽപ്പിച്ചടതക്കം പരാമർശിച്ച് ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വാക്‌പോരുകൾക്ക് തുടക്കമിട്ടത്.

പദവികളുടെ പടിവാതിലടച്ച് പുറത്തുനിർത്തിയാലും മതാത്മക രാഷ്ട്രീയത്തിന് മുന്നിൽ മുട്ടിലിഴയാനില്ലെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഷൗക്കത്ത് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കാലുവാരി പരാജയപ്പെടുത്തിയതടക്കം ധ്വനിപ്പിക്കുന്നതായിരുന്നു ഇത്. ഷൗക്കത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'' പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടിവാതിലടച്ച് പുറത്തുനിർത്താം. പദവികൾക്ക് വേണ്ടി മതേതരമൂല്യങ്ങൾ പണയംവെച്ച് മതാത്മകരാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്ക് മുന്നിൽ മുട്ടിലിഴയുന്നവർ അറിയുക ഇനിയും ഒരുപാട് തോറ്റാലും ശരി നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങൾ കാണാനുണ്ട്''.

ഷൗക്കത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉയർത്തികാട്ടി നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപി നേതൃത്വവുമായി രണ്ടു വട്ടം ചർച്ച നടത്തി വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം പി.വി അൻവർ എംഎ‍ൽഎ ഉയർത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിജെപിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു.മണ്ഡലത്തിലെ പ്രമുഖ ബിജെപി നേതാവിന്റെ വീട്ടിൽ വച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയും ബിജെപി നേതൃത്വവും രണ്ട് തവണ നേരിട്ട് ചർച്ചയും നടത്തിയിരുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് അൻവർ നടത്തിയത്.

ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതിരുന്ന വി. വിപ്രകാശ് ഇന്നലെയാണ് ഫോസ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണങ്ങൾ നിഷേധിച്ച് അൻവറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഇതോടെ 2016ൽ തന്നെ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പണിയെടുത്തയാളെന്ന് പ്രകാശിനെ വിശേഷിപ്പിക്കുകയായിരുന്നു അൻവർ.

34 വർഷം ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ 2016ലെ തെരഞ്ഞെടുപ്പിലാണ് അൻവർ അട്ടിമറി വിജയം നേടുന്നത്.കഴിഞ്ഞ തവണ നിലമ്പൂർ സീറ്റ് നിഷേധിക്കപ്പെട്ട വി.വി പ്രകാശ് ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തിരുന്നില്ല. പ്രകാശിന് നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകുകയും ആര്യാടനെതിരെ തെറിവിളിയുമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചതോടെയാണ് പ്രകാശ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തത്. പ്രകാശിന് സീറ്റ് നിഷേധിച്ചതുകൊണ്ടാണ് താൻ മത്സരിക്കുന്നതെന്നാണ് അന്ന് പി.വി അൻവർ അവകാശപ്പെട്ടത്. പ്രകാശാണ് മത്സരിക്കുന്നതെങ്കിൽ താൻ മത്സരരംഗത്ത് നിന്നും പിന്മാറുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് അതേ അൻവർ പ്രകാശ് പോരാട്ടത്തിനാണ് നിലമ്പൂരിൽ കളമൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP