Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ഈ ചോരത്തുള്ളികളാണ് സഖാവേ ഞങ്ങളെ നയിച്ചത്.. പുറത്താക്കലിന് പിന്നാലെ പി എസ് സുപാലിന് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി പ്രവർത്തകർ; ജില്ലാ എക്സിക്യൂട്ടിവിലെ വാക്കേറ്റത്തിൽ ഇസ്മയിൽ പക്ഷത്തെ പി എസ് സുപാലിനും കാനം പക്ഷത്തെ ആർ രാജേന്ദ്രനും രണ്ടു നീതി; ഇതാണോ സഖാവേ സോഷ്യലിസം എന്ന് ചോ​ദിച്ച് സിപിഐ പ്രവർത്തകർ

ഈ ചോരത്തുള്ളികളാണ് സഖാവേ ഞങ്ങളെ നയിച്ചത്.. പുറത്താക്കലിന് പിന്നാലെ പി എസ് സുപാലിന് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി പ്രവർത്തകർ; ജില്ലാ എക്സിക്യൂട്ടിവിലെ വാക്കേറ്റത്തിൽ ഇസ്മയിൽ പക്ഷത്തെ പി എസ് സുപാലിനും കാനം പക്ഷത്തെ ആർ രാജേന്ദ്രനും രണ്ടു നീതി; ഇതാണോ സഖാവേ സോഷ്യലിസം എന്ന് ചോ​ദിച്ച് സിപിഐ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മുൻ പുനലൂർ എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അം​ഗവുമായ പി എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ല നിർവാഹക സമിതിയിലെ വാക്കേറ്റത്തെ തുടർന്നാണ് സിപിഐയിൽ അച്ചടക്ക നടപടി. സംസ്ഥാന കൗൺസിൽ അംഗം പി എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻറ് ചെയ്തതോടൊപ്പം സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രനെ താക്കീത് ചെയ്തിട്ടുമുണ്ട്. കമ്മിറ്റിയിൽ ഇരുനേതാക്കളും പോർവിളി നടത്തിയതിനെ തുടർന്നാണ് നടപടി.

കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം കൊല്ലം ജില്ലയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന അധികാര വടംവലിയുടെ തുടർച്ചയാണ് സുപാലിനെതിരായ നടപടി. സിപിഐക്ക് രാജ്യത്ത് തന്നെ ഏറ്റവുമധികം പാർട്ടി അം​ഗങ്ങളുള്ള ജില്ലയാണ് കൊല്ലം. എന്നാൽ ജില്ലയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വലിയ സ്വാധീനമില്ല. പാർട്ടി ജില്ലെ സെക്രട്ടറി ആകേണ്ടിയിരുന്ന പി എസ് സുപാലിനെ തഴഞ്ഞ് മറ്റ് പലരേയും കാനം ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നു എങ്കിലും ജില്ലാ കമ്മിറ്റി കൂടാൻ പോലും കഴിയാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. കാലങ്ങളായി പൊട്ടിത്തെറിയുടെ വക്കിലായിരുന്ന കൊല്ലം ജില്ലയിലെ സിപിഐയിൽ പുതിയ നടപടി വലിയ പ്രത്യാഘതങ്ങൾ സൃഷ്ടിക്കും.

അതേസമയം, പി എസ് സുപാലിനെതിരായ നടപടിയിൽ പാർട്ടിക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. എംഎൽഎ ആയിരിക്കെ എഐവൈഎഫ് നേതാവായിരുന്ന സുപാൽ നയിച്ച നിയമസഭാ മാർച്ചിനിടെ പൊലീസിന്റെ അടികൊണ്ട് രക്തം ഒലിപ്പിച്ച് കിടക്കുന്ന സുപാലിന്റെ ഫോട്ടോ ഉപയോ​ഗിച്ച് സൈബർ സഖാക്കൾ നേതൃത്വത്തെ പ്രതിഷേധം അറിയിക്കുന്നത്. ഈ ചോരത്തുള്ളികളാണ് സഖാവേ ഞങ്ങളെ നയിച്ചത് എന്ന അടിക്കുറിപ്പോടെയാണ് പ്രതിഷേധം ഉയരുന്നത്.

അന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായിരുന്നു പി എസ് സുപാൽ. അന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന വി എസ് സുനിൽകുമാർ ഇന്ന് മന്ത്രിയാണ്. സുപാലിന്റെ മണ്ഡലമായ പുനലൂരിൽ നിന്നും മത്സരിച്ച കെ രാജു വനം മന്ത്രിയും. അപ്പോഴും സംഘടനാ രം​ഗത്ത് പോലും സുപാൽ തഴയപ്പെട്ടത് കെ ഇ ഇസ്മയിൽ പക്ഷത്ത് ഉറച്ച് നിൽക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു.

പി എസ് സുപാൽ

1996 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയിലെ പി.കെ.ശ്രീനിവാസനായിരുന്നു പുനലൂരിലെ സ്ഥാനാർത്ഥി. ഫലം വന്നപ്പോൾ ശ്രീനിവാസൻ കോൺഗ്രസ് ഐ സ്ഥാനാർത്ഥി പുനലൂർ മധുവിനെ 6698 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. എന്നാൽ മെയ് ഏഴിന് ഫലപ്രഖ്യാപന ദിവസം പുലർച്ചെ ശ്രീനിവാസൻ മരിച്ചു. 1996 ഒക്ടോബർ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ശ്രീനിവാസന്റെ മകൻ പി.എസ്.സുപാലിനെത്തന്നെ രംഗത്തിറക്കി. സഹതാപതരംഗം ആഞ്ഞുവീശിയപ്പോൾ അച്ഛനു കിട്ടിയതിനേക്കാൾ മൂന്നിരട്ടിയിലേറെ ഭൂരിപക്ഷം മകന് നേടാനായി. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഭാരതീപുരം ശശിയെ 21,333 വോട്ടുകൾക്കാണ് സുപാൽ തോല്പിച്ചത്.

പിന്നീട് വിദ്യാർത്ഥി- യുവജന നേതാവായ പി എസ് സുപാൽ കേരളത്തിലാകെ തിളങ്ങി നിന്നു.2003 ജൂലൈ 15 തിങ്കളാഴ്ച എ ഐ എസ് എഫ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിനിടയിലാണ് എംഎൽഎ ആയിരുന്ന പി.എസ്. സുപാലിന് പരിക്കേറ്റത്. പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിനിടയിലാണ് പരിക്കേറ്റതെന്ന് എഐഎസ്എഫ് പ്രവർത്തകർ പറയുന്നു. അതേ സമയം കല്ലേറുകൊണ്ടാണ് സുപാലിന്റെ തലയ്ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വാദം.

തിരുവനന്തപുരത്ത് നടന്ന മാർച്ചിനിടയിലാണ് പി.എസ്. സുപാൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. മാർച്ചിനെത്തിയ പ്രവർത്തകരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത്വച്ച് പൊലീസ് തടഞ്ഞു. ഉടൻ പൊലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറിനിടയിൽ എംഎൽഎമാരായ പി.എസ്. സുപാൽ, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പൊലീസ് വേലിക്കകത്തായി. ഇതിനിടയിൽ കല്ലേറ് രൂക്ഷമായപ്പോൾ പൊലീസ് ലാത്തി വീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. ഇതിനിടയിലാണ് സുപാൽ തലയ്ക്ക് പരിക്കേറ്റ് നിലത്ത് വീണത്.

പക്ഷേ സി കെ ചന്ദ്രപ്പന് ശേഷം കാനം എത്തിയതോടെ തനിക്കൊപ്പം നിൽക്കാത്തവരെ പുകച്ച് ചാടിക്കാനുള്ള ശ്രമങ്ങളായി. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ പുറത്താക്കൽ.

നിശബ്ദത വെടിഞ്ഞ് നേതാക്കളും

അതേസമയം, അച്ചടക്ക നടപടിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ ചോദ്യം ചെയ്തും മുതിർന്ന നേതാക്കൾ രംഗത്തെത്തി. സുപാലിന് സസ്‌പെൻഷനും രാജേന്ദ്രന് താക്കീതും എന്ന രീതി ശരിയല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ വിമർശിച്ചു. നടപടി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനം രാജേന്ദ്രൻ പാർട്ടിയെ എ കെ ജി സെന്ററിന്റെ അടിമയാക്കിയെന്ന് പി സന്തോഷ് കുമാർ തുറന്നടിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സുപാലും രാജേന്ദ്രനും നേർക്കുനേർ വെല്ലുവിളിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ സിപിഐ പ്രതിനിധികളെ നിശ്ചയിക്കാനാണ് കൊട്ടാരക്കരയിൽ ജില്ലാ എക്സിക്യുട്ടീവ് ചേർന്നത്. പാർട്ടിയുടെ ലൈബ്രറി കൗൺസിൽ ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നിർദ്ദേശം മുല്ലക്കര രത്നാകരൻ അവതരിപ്പിച്ചു. 20 വർഷമായി സെക്രട്ടറിയായി തുടരുന്ന സുകേശനെ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തുന്നതിനെതിരെ പി.എസ്. സുപാൽ രംഗത്തെത്തി. ഇതേ യോഗത്തിൽ തന്നെ ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. പിന്നീട് തർക്കം സുപാലും ആർ. രാജേന്ദ്രനും തമ്മിലായി. ഒടുവിൽ അടിപിടിയുടെ വക്കിലെത്തിയപ്പോൾ ജില്ലാ സെക്രട്ടറി മുല്ലക്കര യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം ജില്ലാ എക്സിക്യുട്ടീവ് ഇതുവരെ ചേർന്നിട്ടില്ല.

സംഭവത്തിൽ ഇരുവരോടും പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ കെ ഇ ഇസ്മായിൽ പക്ഷക്കാരനും കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സുപാൽ നൽകിയ വിശദീകരണം തള്ളിയ സംസ്ഥാന കൗൺസിൽ, സംസ്ഥാന കാനം രാജേന്ദ്രന്റെ പക്ഷത്തിനൊപ്പം നിൽക്കുന്ന രാജേന്ദ്രന്റെ വിശദീകരണം സ്വീകരിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാർ എന്നിവരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതായതോടെയാണ് സിപിഐയിൽ വിഭാഗീയത രൂക്ഷമായത്. എൻ അനിരുദ്ധനെ മാറ്റി സിഎംപി മുൻ ജില്ലാ സെക്രട്ടറി കൂടിയായ ആർ. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തെയാണ് ചോദ്യം ചെയ്തതെന്നും നേതൃത്വത്തെയല്ലെന്നുമാണു മറുചേരിയുടെ വാദം. സമവായമില്ലാതായപ്പോൾ മുല്ലക്കര രത്‌നാകരൻ എംഎൽഎയ്ക്കു സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി വോട്ടെടുപ്പ് ഉണ്ടായി. രണ്ടിടത്തും കാനം പക്ഷത്തിനായി തിരിച്ചടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP