Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടക്കിടെ പേടിച്ച് പനി പിടിക്കുന്ന ആളാണ് പിണറായി എന്ന് പറഞ്ഞ മുൻ സിപിഐ ജില്ലാ സെക്രട്ടറി; മന്ദബുദ്ധികളായ ഉപദേശികളേയും തുറന്നു കാട്ടി; ഗവർണ്ണറെ കണ്ടതിനേയും കളിയാക്കി; സിപിഐ കൈവിട്ടതിന് പിന്നാലെ കേസും; ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?

ഇടക്കിടെ പേടിച്ച് പനി പിടിക്കുന്ന ആളാണ് പിണറായി എന്ന് പറഞ്ഞ മുൻ സിപിഐ ജില്ലാ സെക്രട്ടറി; മന്ദബുദ്ധികളായ ഉപദേശികളേയും തുറന്നു കാട്ടി; ഗവർണ്ണറെ കണ്ടതിനേയും കളിയാക്കി; സിപിഐ കൈവിട്ടതിന് പിന്നാലെ കേസും; ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് 2017ൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. രാജു പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ചു. പക്ഷേ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ കടുത്ത വിമർശകനായിരുന്നു രാജു. മന്ദബുദ്ധികളായ ചില ഉപദേശികൾ അദ്ദേഹത്തിനൊപ്പമുണ്ടെന്നും അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ കേരളം കുട്ടിച്ചോറാക്കുമെന്നും രാജു പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. എറണാകുളത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ പി.രാജുവിന്റെ രൂക്ഷവിമർശനമുണ്ടായത്. തിരുത്തിയെങ്കിലും അന്ന് തുടങ്ങിയതായിരുന്നു കഷ്ടകാലം.

മുഖ്യമന്ത്രിയെ വിമർശിച്ച പി രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. പ്രസ്താവനയുടെ കാരണം വ്യക്തമാക്കണമെന്നും രേഖാമൂലം നൽകിയ കത്തിൽ കാനം ആവശ്യപ്പെട്ടു. മുമ്പും ഇത്തരം പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെ പിണറായി സർക്കാരിനെതിരെ കടുത്ത നിലപാട് എടുത്ത രാജുവാണ് ഇന്ന് ഒരു കേസിന്റെ പ്രതിസ്ഥാനത്ത് വരുന്നത്. സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായതോടെ പാർട്ടിയിലും ഒറ്റപ്പെട്ടു. ഈ അവസരം രാഷ്ട്രീയ എതിരാളികളും ഏറ്റെടുക്കുന്നുവെന്നതാണ് വസ്തുത.

മുമ്പ് തിരുവനന്തപുരത്ത് സംഘർഷങ്ങളുണ്ടായപ്പോൾ ഗവർണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയേയും രാജു പരിഹസിച്ചിരുന്നു. എന്നെ കാണണം എന്ന് ഗവർണർ ഒരു തമ്പുരാനെ പോലെ പറയുമ്പോൾ കാണാൻ പറ്റില്ലെന്ന് ആർജവത്തോടെ പറയുവാൻ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നുവെന്ന് രാജു കുറ്റപ്പെടുത്തി. 'താൻ പോയി കുമ്മനത്തെ കാണണം, താൻ പോയി ആർഎസ്എസ് നേതാക്കളെ കാണണം എന്നെല്ലാം ഗവർണർ ആജ്ഞാപിക്കുമ്പോൾ... പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നതെന്നും'' രാജു പറഞ്ഞിരുന്നു. അങ്ങനെ പല വിഷയത്തിലും സർക്കാരിനെ കടന്നാക്രമിച്ച രാജു.

ഈ രാജുവിനെതിരായാണ് കേരളാ പൊലീസ് കേസെടുക്കുന്നത്. പച്ചക്കറി കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് എറണാകുളത്തെ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിച്ചെന്നാണ് യുവാവിന്റെ പരാതി. കൃഷി വകുപ്പ് ഭരിക്കുന്നത് സിപിഐ ആയതിനാൽ ഹോർട്ടി കോർപ്പിൽ സ്വാധീനമുണ്ടെന്നും തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാൽ വൻ ലാഭമുണ്ടാവമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ലാഭവും മുടക്കുമുതലും ഒന്നും കിട്ടാതായതോടെ കൊടുങ്ങല്ലൂർ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകി.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു, ഡ്രൈവർ ധനീഷ്, വിതുൽ ശങ്കർ,സി വി സായ് എന്നിവർക്കെതിരെയാണ് പരാതി. രണ്ട് വർഷം മുമ്പ് ധനീഷ് പറഞ്ഞതു പ്രകാരമാണ് സിപിഐ ഓഫീസിലെത്തി അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിനെ കണ്ടതെന്ന് അഹമ്മദ് റസീൻ പറഞ്ഞു. ഹോർട്ടിക്കോർപ്പിന് പച്ചക്കറി വിറ്റാൽ വൻ ലാഭമുണ്ടാവുമെന്നും ഭരണ സ്വാധീനമുള്ളതിനാൽ പണം കിട്ടാൻ കാലതാമസമുണ്ടാവില്ലെന്നും പി രാജു ധരിപ്പിച്ചു.

തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറി വാങ്ങി ഹോർട്ടികോർപ്പിന് വിൽക്കുന്ന ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു പല തവണകളായി 62 ലക്ഷം രൂപ പി രാജുവിന്റെ നിർദ്ദേശ പ്രകാരം ഡ്രൈവർ ധനീഷിനും സുഹൃത്ത് വിതുലിനും നൽകി. ബാങ്ക് വഴിയാണ് പണം നൽകിയത്. ഇതിൽ 17 ലക്ഷം രൂപ തിരിച്ചു കിട്ടി. ബാക്കി 45 ലക്ഷം രൂപ കിട്ടിയില്ല. അന്വേഷിച്ചപ്പോൾ ഹോർട്ടികോർപ്പിൽ നിന്നും ഇവർക്ക് പണം കിട്ടിയതായി അറിഞ്ഞു. താൻ കൊടുത്ത പണത്തിൽ നിന്ന് 15 ലക്ഷം രൂപ ചെലവിട്ട് പി രാജു ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങിയെന്നും അറിഞ്ഞു. കബളിക്കപെട്ടെന്ന് മനസിലായതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും അഹമ്മദ് റസീൻ പറഞ്ഞു.

എന്നാൽ അഹമ്മദ് റസീനുമായി ബിസിനസ് പങ്കാളിത്തം പോയിട്ട് പരിചയം പോലുമില്ലെന്നാണ് പി രാജു പറഞ്ഞത്. പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് വന്നപ്പോൾ പൊതു പ്രവർത്തകനെന്ന നിലയിൽ ഇടപെടുകയാത്രമാണ് ചെയ്തത്. കാർ വാങ്ങിയത് തന്റെ പണം ഉപയോഗിച്ചാണെന്നും പി രാജു വിശദീകരിച്ചു. ഏതായാലും രാജുവിനെ പൊലീസിന് മുന്നിൽ പരാതി എത്തുകയാണ്. അതിശക്തമായ അന്വേഷണം രാജുവിനെതിരെ ഉണ്ടാകുമെന്നാണ് സൂചന.

പാർട്ടി വിഭാഗീയതയുടെ ഇരയാണ് താനെന്ന് സിപിഐ എറണാകുളം മുൻ സെക്രട്ടറിയായ പി. രാജു നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എല്ലാ സ്ഥാനങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയ പാർട്ടി നടപടിക്കെതിരേ രൂക്ഷ വിമർശനമാണ് പി. രാജു ഉന്നയിക്കുന്നത്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നോടുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും 58 വർഷമായി പാർട്ടിക്കൊപ്പം നടന്ന തനിക്ക് നീതി ലഭിച്ചില്ലെന്നും പി.രാജു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേസും വരുന്നത്.

പാർട്ടി സ്ഥാനങ്ങൾ വഹിക്കേ പി.രാജു ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവിലാണ് പി. രാജുവിനെതിരെ നടപടിയെടുത്തത്. രാജുവിനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി. തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.രാജുവിനെ ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളന കാലയളവിൽ ഇക്കാര്യം ചർച്ചയായിരുന്നു. അതിന് ശേഷം ജില്ലയിൽ തന്നെ ഒരു അന്വേഷണ കമ്മീഷനെ വച്ച് ഇക്കാര്യം അന്വേഷിക്കുകയും റിപ്പോർട്ട് സംസ്ഥാന സമിതിക്ക് നൽകുകയും ചെയ്തു. അതിൽ പി.രാജു ആക്ഷേപമുയർത്തിയതിന് പിന്നാലെ ജില്ലയ്ക്ക് പുറത്തുള്ള ആളെ ഉൾപ്പെടുത്തി പുതിയ അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. ഏകദേശം 73 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് രാജു നടത്തിയെന്നായിരുന്നു ഈ അന്വേഷണക്കമ്മീഷന്റെയും കണ്ടെത്തൽ.

എല്ലാം സിപിഐ വിഭാഗീയതയോ ?

സിപിഐ വിഭാഗിയതയ്‌ക്കെതിരെ അതിശക്തമായി രാജു മുന്നോട്ട് വന്നിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടി എറണാകുളം ജില്ലയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ രക്തസാക്ഷിയാണ് ഞാൻ. ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിച്ചതിൽ പിശകുണ്ടെന്ന് പറഞ്ഞ് കൃത്രിമമായി കണക്കുണ്ടാക്കി അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ജില്ലാ നേതൃത്വം ചെയ്തത്. ഇതിനെതിരായി ഞാൻ സംസ്ഥാന കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. അതന്വേഷിക്കാൻ വിദഗ്ദനായ ഒരാളെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിലെ ഉള്ളടക്കം പരിശോധിക്കുന്നതിനു മുമ്പാണ് പഴയ തീരുമാനപ്രകാരമുള്ള നടപടി എന്റെ മേൽ സ്വീകരിച്ചത്-ഇതാണ് രാജു പറഞ്ഞത്.

പാർട്ടിയിൽ നിന്നെനിക്ക് നീതി ലഭിച്ചിട്ടില്ല. 58 വർഷമായി ഞാൻ പാർട്ടി പ്രവർത്തകനാണ്. ഇത്രയും വർഷം പ്രവർത്തിച്ച എനിക്ക് നീതി നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായില്ല. കണക്കുകൾ പരിശോധിച്ച് എന്നെ ബോധ്യപ്പെടുത്തിയാൽ കുറ്റം അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും അദ്ദേഹത്തിന്റെ മകനും എനിക്കെതിരായി ശക്തമായ നീക്കങ്ങൾ ജില്ലയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു ചിലരും അതിനൊപ്പം ചേർന്നതിന്റെ പരിസമാപ്തിയാണിത്. ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറിയിരിക്കുകയാണ്. അതിന് നേതൃത്വം നൽകുന്നയാളാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ-ഇതായിരുന്നു രാജുവിന്റെ കുറ്റപ്പെടുത്തൽ.

പാർട്ടിയിൽ ജനാധിപത്യപരമായ ഒരഭിപ്രായം പ്രകടിപ്പിക്കപ്പെട്ടാൽ അത് പ്രകടിപ്പിച്ചവനെ ഇല്ലാതാക്കുക എന്നത് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയുടെ പ്രത്യേക കാഴ്‌ച്ചപ്പാടാണ്. ഈ നടപടി തെറ്റാണ്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് എതിരാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മണ്ഡലം സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, എൽ.സി സെക്രട്ടറി, ജില്ലാ സെക്രട്ടറി ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ഒരു നയാപൈസ പോലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അലവൻസ് വാങ്ങാതെ സ്വന്തം അധ്വാനത്തിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് പ്രവർത്തിച്ചിട്ടുള്ളത്. ആ എന്നെയാണ് സമൂഹമധ്യത്തിൽ ആക്ഷേപിക്കാനുള്ള നീക്കവുമായി ഇറങ്ങിയിരിക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധമാണത്. അന്യായം കാണിക്കുന്നവരെയാണ് പാർട്ടിക്ക് ഇന്ന് ആവശ്യമെങ്കിൽ ദിനകരനെയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന ചിലരെയും സംരക്ഷിക്കണം, ന്യായമാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്നെപ്പോലുള്ളവരെ സംരക്ഷിക്കാൻ തയ്യാറാവണം. ഇപ്പോൽ ഞാൻ പാർട്ടിയിലെ സാധാരണ മെമ്പറാണ്. എനിക്കതിൽ പരാതിയില്ല. പാർട്ടി മെമ്പറായി തുടരും. പക്ഷേ, എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കാനുള്ള മാർഗങ്ങൾ എനിക്ക് തേടേണ്ടി വരും', പി. രാജു വ്യക്തമാക്കുന്നു  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP