Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടിയും വിശ്വാസികൾക്ക് ഒപ്പം; ശബരിമല ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണം; വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീൽ പോകാൻ സർക്കാർ തയ്യാറാവണം; സ്വവർഗരതിക്കും ഭാര്യാ ഭർത്താക്കന്മാരുടെ പരലൈംഗികതയ്ക്കും അനുമതി നൽകുന്ന കോടതി വിധികൾ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണെന്നും മുസ്ലീലീഗ് നേതാവ്

ശബരിമല പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടിയും വിശ്വാസികൾക്ക് ഒപ്പം; ശബരിമല ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണം; വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീൽ പോകാൻ സർക്കാർ തയ്യാറാവണം; സ്വവർഗരതിക്കും ഭാര്യാ ഭർത്താക്കന്മാരുടെ പരലൈംഗികതയ്ക്കും അനുമതി നൽകുന്ന കോടതി വിധികൾ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണെന്നും മുസ്ലീലീഗ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ പ്രാർത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത കളഞ്ഞ സുപ്രീം കോടതി വിധിയിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാടുകളാണ് പ്രതിഫലിച്ചത്. ഇക്കാര്യത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീൽ പോകാൻ സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പവിത്രം എന്നു കരുതുന്ന സ്ഥലങ്ങളിൽ അതാരുടേതായാലും അവിടെ ആരു ചെല്ലണമെന്നതും എങ്ങനെ പ്രാർത്ഥിക്കണമെന്നതും അവരുടെ കാര്യമാണ്. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താൽപര്യത്തിന് മുൻഗണന നൽകി ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകിയ എൽ.ഡി.എഫ് സർക്കാർ നീക്കം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്. ദേശീയ പാതയോരത്തെ മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട കോടതി വിധിയെ അന്നു പാതയുടെ പേര് മാറ്റിയും റിവ്യൂ പെറ്റീഷൻ നൽകിയും സർക്കാർ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കണ്ടതാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികതയിൽ വിശ്വസിക്കുന്നവരെന്ന് മേനി പറയുന്നവർ ഈശ്വര വിശ്വാസികൾക്കെതിരെ കോടതി വിധികളുടെ മറവിൽ ധൃതിപിടിച്ച് മുന്നോട്ടു പോകുന്നത് ദുഷ്ടലാക്കാണ്.

സുപ്രീം കോടതി വിധിച്ചതാണെന്ന തരത്തിൽ ശബരിമലയിൽ പ്രായഭേദമന്യെ എല്ലാവരെയും എത്തിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാറിന് വിശ്വാസികളുടെ ചെറുത്തു നിൽപ്പിന് മുമ്പിൽ തിരുത്തേണ്ടിവരും.വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി മുന്നോട്ടു പോകുന്ന ഭരണകൂടങ്ങൾ ബ്രിട്ടീഷുകാരുടെ കാലത്തോ മുമ്പോ ഉണ്ടായിട്ടില്ല. മർക്കട മുഷ്ടി ഒഴിവാക്കി മഹാ ഭൂരിപക്ഷം വിശ്വാസികളെ മുഖവിലയ്ക്കെടുത്ത് ഇക്കാര്യത്തിൽ അപ്പീൽ പോവാൻ സർക്കാർ തയ്യാറാവണം. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം യു.ഡി.എഫ് ചേർന്ന് ചർച്ച ചെയ്യണം. വിശ്വാസത്തിനും ആചാരങ്ങൾക്കുമെതിരെ കടന്നു കയറുന്ന കോടതി വിധികൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

മത വിരുദ്ധരും നിരീശ്വര വാദികളുമായ ന്യൂന പക്ഷത്തിന് അതിൽ ആഹ്ലാദമുണ്ടാവും. സ്വവർഗരതിക്കും ഭാര്യാ ഭർത്താക്കന്മാരുടെ പരലൈംഗികതക്കും അനുമതി നൽകുന്ന കോടതി വിധികൾ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണ്. ഇസ്്ലാമിൽ പള്ളികൾക്ക് പ്രാധാന്യമില്ലെന്ന് വിധിച്ചതിന്റെ പിറ്റേന്ന് ശബരിമലയിൽ വിശ്വാസത്തെക്കാൾ മറ്റുള്ള താൽപര്യങ്ങൾക്കാണ് പ്രാധാന്യമെന്ന് പറയുന്നതും ഗൗരവത്തിൽ കാണണം. വിധിയെ ആദ്യം സ്വാഗതം ചെയ്ത ആർ.എസ്.എസും ബിജെപിയും പിന്നീട് മാറ്റി പറഞ്ഞത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

പള്ളികളിലും അമ്പലങ്ങളിലും ആരെ പ്രവേശിപ്പിക്കണമെന്നത് അവരവരുടെ വിശ്വാസത്തിന്റെ കാര്യമാണ്. നിയമത്തിൽ പോരായ്മകളുണ്ടെങ്കിൽ അതു ചർച്ച ചെയ്യേണ്ടത് പാർലമെന്റും അസംബ്ലികളുമാണ്. നിയമം വ്യാഖ്യാനിക്കേണ്ട ജോലിയാണ് കോടതികൾക്കുള്ളത്. വിശ്വാസ ആചാരങ്ങൾക്കെതിരെ ഭരണകൂട ഇംഗിതങ്ങൾക്ക് അനുസൃതമായി കോടതി വിധികൾ ഉണ്ടാകാൻ പാടില്ല. ഇപ്പോഴത്തെ നീക്കങ്ങൾ തിരശ്ശീലക്ക് പിന്നിൽ നിന്ന് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിരീക്ഷണങ്ങൾ തള്ളിക്കളയേണ്ടതല്ല. മദ്യ നിർമ്മാണ കേന്ദ്രമായ ബ്രൂവറി ഡിസ്റ്റലറികൾ സ്ഥാപിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഒന്നും സുതീര്യമല്ലെന്ന് കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രാഷ്ട്രീയമായോ മന്ത്രിസഭാ തലത്തിലോ ചർച്ചയോ തീരുമാനങ്ങളോ ഇല്ലാതെ പ്രകടന പത്രികയിൽ പറയാത്ത മദ്യവ്യാപന നടപടികൾ ദുരൂഹമാണ്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറി വിഷയത്തിൽ സ്വീകരിച്ച എല്ലാ നിലപാടുകൾക്കും മുസ്്ലിംലീഗ് പിന്തുണ നൽകും. മദ്യ ലഭ്യത കുറക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ പിൻവാതിൽ വഴി വഴിവിട്ട നീക്കമാണ് നടത്തുന്നത്. നയവും ചട്ടവും അറിയുന്ന ഉദ്യോഗസ്ഥർ തള്ളണമെന്ന് നിർദേശിച്ച അപേക്ഷകൾ അപേക്ഷകൾ സ്വകാര്യമാക്കിവെച്ച് ആലപ്പുഴ പ്രളയത്തിൽ മുങ്ങിയ തക്കത്തിൽ ഫയൽ ഒപ്പിടുകയായിരുന്നുവെന്നതാണ് വിവരം.പൂട്ടിയ ബാറുകളെല്ലാം തുറന്ന് മദ്യം ഒഴുക്കുന്നവർ മദ്യ ലഭ്യത ഉറപ്പാക്കാൻ പുതിയ ബ്രൂവറി ഡിസ്റ്റിലറികൾ തുടങ്ങുന്നത് ജനങ്ങളുടെ നന്മക്കയ്ല്ല. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും മന്ത്രിയെ മാറ്റി നിർത്താനും സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP